Thursday, September 3, 2020

നവമാധ്യമങ്ങളിൽ ഇടപെടുന്നത്‌ പി ആർ ഏജൻസികളുടെ തെറ്റായ പ്രചാരവേലകൾ തുറന്നുകാട്ടുവാൻ : എം വി ജയരാജൻ

 കണ്ണൂർ> സമൂഹമാധ്യമങ്ങൾ സിപിഐ എമ്മിനും സർക്കാരിനും  എതിരെ നടത്തുന്ന പി ആർ ഏജൻസികളുടെ തെറ്റായ പ്രചാരവേലകൾ തുറന്നുകാട്ടുവാനാണ്‌ സിപിഐ എമ്മിന്റെ നവമാധ്യമ ഇടപെടലെന്ന്‌ സിപിഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

മട്ടന്നൂരിനടുത്ത് വെള്ളിയാം പറമ്പിലെ  കോണ്‍ഗ്രസ്സ് ഓഫീസ് സിപിഐ എം പൂര്‍ണമായി തകര്‍ത്തു എന്നാണ് ഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അത് പച്ച നുണയാണ്. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് തന്നെ ഡിസിസി പ്രസിഡന്റ് പറഞ്ഞ പച്ചക്കള്ളം ശരിയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫിനും ബിജെപിക്കും വേണ്ടി നവമാധ്യമമേഖലയില്‍ പെയ്ഡ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഒരുകേന്ദ്രത്തില്‍ നിന്ന് തയ്യാറാക്കുന്ന ഒരേ രീതിയിലുള്ള കുറിപ്പുകളാണ് കമന്റുകളായി സിപിഐ എം ന്റെയും നേതാക്കളുടെയും ഫേസ്ബുക്ക് പേജുകളിലെ ലൈവ് പരിപാടികളിലും മറ്റും പ്രതികരണമായി വന്നുകൊണ്ടിരിക്കുന്നത്. ചില പ്രതികരണങ്ങള്‍ കണ്ടാല്‍ തൊഴിലന്വേഷകരാണ് ഇത് ചെയ്യുന്നതെന്നാണ് തോന്നുക. എന്നാല്‍ ആസൂത്രിതമായ തെറ്റിദ്ധരിപ്പിക്കലാണ്.

നേതാക്കളുടെ ഫേസ്ബുക്ക് കുറിപ്പുകളില്‍, അവ തങ്ങളുടെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതാണെങ്കിലും ചിലയാളുകള്‍ മുന്‍നിശ്ചയിച്ച് തയ്യാറാക്കിയ കമന്റുകള്‍ വലിച്ചെറിഞ്ഞ് പോവുകയാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനസമയത്തു പോലും ചിലര്‍ അശ്ലീലപരാമര്‍ശങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു.  ഇത് തുറന്നുകാട്ടുകയും ഗവണ്‍മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാണ് സിപിഐ എമ്മിന്റെ ലക്ഷ്യം.  

ഒരു ഏജന്‍സിയുമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആശയപ്രചരണത്തിന് ഉപയോഗിക്കുന്നത്.  നവമാധ്യമമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ദൈനംദിനരാഷ്ട്രീയപ്രവര്‍ത്തനം ഈ കാലത്ത് മുന്നോട്ടുകൊണ്ടുപോകാനാവൂ.   രാഷ്ട്രീയ എതിരാളികള്‍ പെയ്ഡ് ഏജന്‍സികള്‍ വഴി നടത്തുന്നത് സൈബര്‍ ഗുണ്ടായിസവും അപവാദ പ്രചരണവുമാണ്.  'സൈബര്‍ ബുള്ളിയിങ്ങും' 'വോട്ട് ബ്രിഗേഡിങ്ങും' പോലുള്ള നെറികെട്ട ആയുധങ്ങള്‍ പരീക്ഷിക്കുകയാണ് .

ജനപക്ഷ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നവമാധ്യമങ്ങളെ സിപിഐ എം എന്നും ഉപയോഗപ്പെടുത്തിയിട്ടുള്ളത്.  ജനങ്ങളിലെത്തിക്കാനാണ് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഇതില്‍ ചിലര്‍ക്ക് വിഷമം തോന്നുന്നുണ്ടാകും.  അത് കോര്‍പ്പറേറ്റ് താല്പര്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ്.  ആഗോളവല്‍ക്കരണത്തിന് ബദല്‍ ഇടതുപക്ഷം മാത്രമാണെന്ന തിരിച്ചറിവാണ് സോഷ്യല്‍മീഡിയയിലൂടെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക വഴി ജനങ്ങള്‍ക്കുണ്ടാകുന്നത്.  അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും എം വി ജയരാജൻ പറഞ്ഞു.

No comments:

Post a Comment