ഒരിക്കൽക്കൂടി റിസർവ് ബാങ്ക് തീരുമാനങ്ങൾ പൊതുമണ്ഡലത്തിൽ വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരിക്കുന്നു. വൻകിട കോർപറേറ്റുകൾക്കും ബിസിനസ് കുടുംബങ്ങൾക്കും ബാങ്കുകൾ തുടങ്ങാൻ അനുവദിക്കുന്ന റിസർവ് ബാങ്ക് ആഭ്യന്തരസമിതിയുടെ ശുപാർശകളാണ് ഇക്കുറി കടുത്ത വിമർശങ്ങൾക്ക് വിധേയമായിട്ടുള്ളത്. മുൻ ഗവർണർ രഘുറാം രാജനും ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയും “മോശമായ ആശയം” എന്നാണ് ഈ ശുപാർശയെ വിശേഷിപ്പിച്ചത്. മറ്റൊരു മുൻ ഡെപ്യൂട്ടി ഗവർണറായിരുന്ന എസ് എസ് മുൻഡ്ര ചില ഉൽക്കണ്ഠകൾ ചൂണ്ടിക്കാട്ടി ഇങ്ങനെ പറയുന്നു. ‘‘കോർപറേറ്റ് ഉടമസ്ഥതയിൽ തുടങ്ങുന്ന ബാങ്കുകളെ നിയന്ത്രിക്കാൻ ബാങ്കിങ് നിയന്ത്രണനിയമത്തിൽ ആവശ്യമായ ഭേദഗതികൾ വേണ്ടിവരും എന്ന് സൂചിപ്പിക്കുമ്പോൾത്തന്നെ പിന്നെയും മറ്റു നിയന്ത്രണ സംവിധാനങ്ങളായ സെബി, ഐആർഡിഎഐ എന്നിവയുടെ കൂട്ടായ നിയന്ത്രണങ്ങളും അനിവാര്യമാണ്. പക്ഷേ, എളുപ്പത്തിൽ ഇത് പ്രാവർത്തികമാക്കുക സാധ്യമല്ല. അതിവികസിത സമ്പദ്‌വ്യവസ്ഥകളിൽപ്പോലും നിയന്ത്രണങ്ങളിലൂടെമാത്രം അപകടസാധ്യതകളെ തരണം ചെയ്യാമെന്ന വിശ്വാസം പ്രകടമാകുന്നില്ല.” ഇത് സമ്പൂർണ സ്വകാര്യവൽക്കരണത്തിലേക്കുള്ള നീക്കമാണെന്ന് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫ. ടി ടി രാം മോഹൻ വ്യക്തമാക്കുന്നു.
സ്റ്റാൻഡേർഡ് ആൻഡ് പുവർ ഗ്ലോബൽ റേറ്റിങ് ഏജൻസിയും റിസർവ് ബാങ്ക് ആഭ്യന്തരസമിതിയുടെ ശുപാർശകളുടെ അസാംഗത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നോട്ട്‌നിരോധനം പ്രഖ്യാപിച്ചപ്പോൾ അത് സമ്പദ്ഘടനയുടെ നടുവൊടിക്കുമെന്ന് നൽകിയ മുന്നറിയിപ്പ് ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. പിന്നീട് കേന്ദ്ര സർക്കാരിന്റെ ധനകമ്മി നികത്തുന്നതിന് കരുതൽ ധനത്തിൽ കൈയിട്ടുവാരിയതും വലിയ വിവാദങ്ങൾക്കിടയാക്കി. ഒരു വർഷത്തിനിടയിൽ മൂന്നു ബാങ്കാണ് തകർച്ച നേരിട്ട് മൊറട്ടോറിയത്തിന് വിധേയമായത്. റിസർവ് ബാങ്കിന്റെ ഉത്തരവാദിത്ത നിർവഹണത്തിനെതിരെ നിരവധി ചോദ്യങ്ങളും വിമർശങ്ങളും ഉയരുമ്പോഴാണ് രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങി മറ്റൊരു വിവാദ തീരുമാനമെന്നത് ദൗർഭാഗ്യകരമാണ്.
പഴയ/ പുതിയ നിർദേശങ്ങൾ
2013 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ലൈസൻസിങ് നയത്തിൽ വൻകിട കോർപറേറ്റുകൾക്കും ബിസിനസ് കുടുംബങ്ങൾക്കും ബാങ്ക് തുടങ്ങാൻ ലൈസൻസ് അനുവദിക്കാനുള്ള വ്യവസ്ഥകളുണ്ടായിരുന്നു. അന്ന് നിരവധി വൻകിട കോർപറേറ്റുകൾ അപേക്ഷിച്ചെങ്കിലും ഒരു പ്രത്യേക സമിതിയുടെ പരിശോധനകൾക്കുശേഷം “യോഗ്യരും ശരിയായവരുമായ” അപേക്ഷകരില്ല എന്ന കാരണത്താൽ ബന്ധൻ ഫിനാൻഷ്യൽസ്, ഐഡിഎഫ്സി എന്നീ രണ്ടു സ്ഥാപനത്തിനാണ് അനുമതി നൽകിയത്. 2014ൽ അന്നത്തെ റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ ബിസിനസ് കുടുംബങ്ങൾക്ക് ലൈസൻസ് നൽകേണ്ടതില്ല എന്ന നയം പ്രഖ്യാപിച്ചു. 2008ലെ ആഗോള ബാങ്കിങ് തകർച്ചയുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു നയം മാറ്റം. പ്രത്യേക ലക്ഷ്യങ്ങളോടെമാത്രം പ്രവർത്തിക്കാൻ കഴിയുന്ന “നീഷേ’’ ബാങ്കുകൾ’ എന്ന ഗണത്തിൽപ്പെടുത്തിയാണ് പിന്നീട് പേയ്മെന്റ് ബാങ്കുകൾക്കും സ്മാൾ ഫിനാൻസ് ബാങ്കുകൾക്കും അനുമതി നൽകിയത്. 2016ൽ ബാങ്കിതര ധനസ്ഥാപനങ്ങൾക്ക് വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകി. എന്നാൽ, റിസർവ് ബാങ്ക് നിയമാനുസൃതമായുള്ള ക്യാഷ് റിസർവ് അനുപാതം, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതം എന്നിവ പാലിക്കേണ്ടി വരുമെന്നതിനാൽ പല ബാങ്കിതര ധനസ്ഥാപനങ്ങളും മുന്നോട്ടുവന്നില്ല. ഇപ്പോൾ പ്രഖ്യാപിച്ച പുതിയ നയപ്രകാരം 50000 കോടി രൂപയുടെ അറ്റമൂല്യവും പത്തുവർഷത്തെ പ്രവർത്തന പരിചയവും കോർപറേറ്റ് ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതുമായ ബാങ്കിതര ധനസ്ഥാപനങ്ങൾക്ക് സാർവ ലൗകിക ബാങ്കുകളായി മാറാവുന്നതാണ്. മൂന്നുവർഷം പ്രവർത്തിപരിചയമുള്ള പേയ്മെന്റ് ബാങ്കുകൾക്കും സ്മാൾ ഫിനാൻസ് ബാങ്കുകൾക്കും ബാങ്കുകളായി മാറാം. പ്രമോട്ടറുടെ ഓഹരിപരിധി നിലവിലുള്ള 15 ശതമാനത്തിൽനിന്ന് 26 ശതമാനമായി ഉയർത്തിയിട്ടുമുണ്ട്.
ചങ്ങാത്ത മുതലാളിമാർക്കായി ആസൂത്രിത നീക്കങ്ങൾ
നിലവിൽ പൊതുമേഖലാ ബാങ്കുകൾ, വിദേശ ബാങ്കുകൾ, പഴയ തലമുറയിലും പുതിയ തലമുറയിലുംപെട്ട സ്വകാര്യബാങ്കുകൾ, ഗ്രാമീണബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ‘നീഷേ’ ബാങ്കുകൾ എന്ന ഗണത്തിൽ പേയ്‌മെന്റ് ബാങ്കുകളും സ്മാൾ ഫിനാൻസ് ബാങ്കുകളും അനുവദിച്ചത്. ഇതിൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ 27 എണ്ണമായിരുന്ന പൊതുമേഖലാ ബാങ്കുകളെ അശാസ്ത്രീയമായി, ട്രേഡ് യൂണിയനുകളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് തമ്മിൽ ലയിപ്പിച്ച് 12 എണ്ണമാക്കി ചുരുക്കി. തന്ത്രപ്രധാന മേഖലകളിൽ ഒന്നോ പരമാവധി നാലോ പൊതുമേഖലാസ്ഥാപനങ്ങൾ മാത്രമേ അവശേഷിക്കൂ എന്ന കോവിഡ് പാക്കേജ് പദ്ധതിപ്രകാരം പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നാലായി ചുരുങ്ങും. ലയനങ്ങളുടെ ഫലമായി ആയിരക്കണക്കിന് ശാഖകളാണ് അടച്ചുപൂട്ടപ്പെടുന്നത്. ഇത് സേവനങ്ങളുടെ വാതായനങ്ങൾ പരിമിതപ്പെടുത്തുകയാണ്. ഈയിടത്തേക്കാണ് ഇപ്പോൾ വൻകിട കോർപറേറ്റുകളെ ആനയിച്ചു കൊണ്ടുവരുന്നത്. ഇപ്പോൾത്തന്നെ വലിയ പ്രതിസന്ധികൾ നേരിടുന്ന ബാങ്കിതര ധനസ്ഥാപനങ്ങളെ ജാമ്യത്തിലെടുക്കാൻ നിരവധി പദ്ധതികളാണ് കോവിഡ് പാക്കേജിന്റെ പേരിൽ റിസർവ് ബാങ്കിനെക്കൊണ്ട് പ്രഖ്യാപിപ്പിച്ചത്. എന്നാൽ, അപകടം തിരിച്ചറിഞ്ഞ പൊതുമേഖലാ ബാങ്കുകൾ പലതും കൃത്യമായ ജാഗ്രതയോടെയാണ് പണലഭ്യതാ പദ്ധതിയെ സമീപിച്ചത്. ഇങ്ങനെ പൊതുമേഖലാ ബാങ്കുകൾ മടിച്ചുനിൽക്കുമ്പോൾ ബാങ്കിതര ധനസ്ഥാപനങ്ങൾക്കുതന്നെ സ്വയം ബാങ്കുകളായി മാറാൻ കഴിഞ്ഞാൽ അവരുടെ പ്രതിസന്ധി നിക്ഷേപകരുടെ 140 ലക്ഷം കോടി വരുന്ന ബാങ്ക് നിക്ഷേപങ്ങൾ അമ്മാനമാടിക്കൊണ്ട് പരിഹരിക്കാൻ കഴിഞ്ഞേക്കാം. റിസർവ് ബാങ്ക് ആഭ്യന്തരസമിതിയുടെ ശുപാർശകൾ കേന്ദ്ര ധനമന്ത്രാലയത്തിന്റെ സമ്മർദങ്ങളിൽ രൂപപ്പെട്ടതാണെന്നതിന് മറ്റു സാഹചര്യത്തെളിവുകൾ തേടേണ്ടതില്ല.
കോർപറേറ്റ് ഗവേണൻസ് എന്ന മിഥ്യ
സമ്പത്തിന്റെ പിൻബലം, അതിനൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ പ്രവർത്തനമികവ്, പ്രൊഫഷണലിസം, സർവോപരി ചുറുചുറുക്ക് എന്നീ ഗുണങ്ങളുള്ള ഒരു പുതിയ സെറ്റ് ബാങ്കുകൾകൂടി ബിസിനസ് കുടുംബങ്ങളുടെ ഉടമസ്ഥതയിൽ തുടങ്ങുന്നതിനെ എന്തിനാണ് എതിർക്കുന്നത് എന്നാണ് കോർപറേറ്റ് ബാങ്ക് ലൈസൻസിനെ അനുകൂലിക്കുന്നവരുടെ ചോദ്യം. ഐഎൽഎഫ്എസ് എന്ന വമ്പൻ ബാങ്കിതര ധനസ്ഥാപനത്തിന്റെ ക്രമക്കേടുകളും തകർച്ചയും ഇക്കൂട്ടർ കാണുന്നില്ല. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ–-ഓപ്പറേറ്റീവ് ബാങ്ക് എന്ന ബഹുസംസ്ഥാന ബാങ്ക്, റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലുള്ളത് ക്രമക്കേടുകളും തിരിമറികളും നടത്തി നിക്ഷേപകരെ വഴിയാധാരമാക്കി മൊറട്ടോറിയത്തിലാണ്. നവസ്വകാര്യബാങ്കുകളിലെ നാലാമനായിരുന്ന യെസ് ബാങ്ക് പ്രമോട്ടർ വിഴുങ്ങിയ സഹസ്രകോടികളുടെ ഫലമായി തകർന്നപ്പോൾ പൊതുമേഖലാസ്ഥാപനങ്ങളായ എസ്ബിഐ, എൽഐസി എന്നിവയാണ് താൽക്കാലിക രക്ഷയ്ക്കെത്തിയത്. ഒരു നടപ്പുസ്ഥാപനം എന്ന നിലയിൽ യെസ് ബാങ്കിന് മുന്നോട്ടുപോകാൻ കഴിയുമോ എന്ന ഉൽക്കണ്ഠയാണ് 2020 ലെ ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ 94 വർഷം പഴക്കമുള്ള ചെന്നൈ ആസ്ഥാനമായ ലക്ഷ്മി വിലാസ് ബാങ്ക് എന്ന സ്വകാര്യബാങ്ക് മൊറട്ടോറിയം അവസാനിച്ച് നവംബർ 27 മുതൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പുർ (ഡിബിഎസ്) എന്ന വിദേശ ബാങ്കിന്റെ ഇന്ത്യൻ സബ്സിഡിയറിയായി മാറി. ആ ഓഹരിയുടമകളുടെ പണം പൂർണമായി നഷ്ടപ്പെട്ടു. ടാറ്റാ സൺസ്, ഇൻഡിഗോ വിമാനക്കമ്പനി, കിർലോസ്കർ, റെലിഗേർ ഫിൻവെസ്റ്റ് എന്നീ എത്രയെത്ര സ്വകാര്യസ്ഥാപനങ്ങളാണ് നിയമപോരാട്ടങ്ങളുമായി മുന്നോട്ടുനീങ്ങുന്നത്.
*
സി ജെ നന്ദകുമാർ
(ബെഫി അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകൻ)
No comments:
Post a Comment