കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം അറിയിച്ച് തൊഴിലാളികളും പ്രക്ഷോഭത്തിനിറങ്ങി. ശനിയാഴ്‌ചമുതൽ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭപരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്ന് 10 കേന്ദ്ര ട്രേഡ് യൂണിയനും ജീവനക്കാരുടെ ഫെഡറേഷനുകളും അസോസിയേഷനുകളും അറിയിച്ചു. ഭാരത് ഹർത്താലിനു ലഭിച്ച പ്രതികരണം കർഷകപ്രക്ഷോഭം അഖിലേന്ത്യാടിസ്ഥാനത്തിലുള്ള വിഷയമായി മാറിയതിനു തെളിവാണെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടി.
ശനിയാഴ്‌ചമുതൽ ഡൽഹി–-ജയ്‌പുർ ദേശീയപാത ഉപരോധിക്കും. രാജ്യമെമ്പാടും ടോൾ പ്ലാസകൾ പിടിച്ചെടുത്ത് തുറന്നുകൊടുക്കും. ജിയോ, റിലയൻസ് മാളുകൾ, അദാനി ഫ്രഷ് എന്നിവയടക്കം അംബാനി, അദാനി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കും. സംസ്ഥാന, പ്രാദേശിക തലങ്ങളിൽ പ്രതിഷേധപരിപാടി തുടങ്ങും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, എഐസിസിടിയു, എഐയുടിയുസി, ടിയുസിസി, സേവ, എൽപിഎഫ്, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേരളത്തിലും ശനിയാഴ്‌ചമുതൽ അനിശ്ചിതകാല കർഷകസമരം തുടങ്ങും.
പ്രക്ഷോഭം 17–--ാം ദിനം
പതിനാറ് ദിവസം പിന്നിട്ട, രാജ്യതലസ്ഥാനമേഖലയിലെ സിൻഘു, ടിക്രി, ഗാസിപ്പുർ, പൽവാൽ സമരകേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിനു കർഷകർ പുതുതായി എത്തിച്ചേരുകയാണ്. അമൃതസറില്‍നിന്നും മറ്റുമായി ട്രക്കുകളില്‍ അരലക്ഷത്തോളം പേര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട്ടിൽനിന്നടക്കം വൻതോതിൽ കർഷകർ എത്തി.
നുണക്കഥകളുമായി കേന്ദ്രം
കർഷക സമരത്തിൽ തീവ്രവാദികൾ കടന്നുകയറിയതായി സർക്കാരും ബിജെപിയും നുണപ്രചാരണം തുടങ്ങി. സമരം പൊളിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് പ്രചാരണത്തിന് പിന്നിലെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. സർക്കാർ പ്രസിദ്ധീകരിച്ച ‘പുട്ടിങ് ഫാർമേഴ്‌സ് ഫസ്റ്റ്’ എന്ന ലഘുലേഖ നിറയെ നുണക്കഥകളും ഭാവനാവിലാസവുമാണ്. ചർച്ച കർഷകസംഘടനകൾ ബഹിഷ്‌കരിച്ചെന്ന കൃഷി മന്ത്രി നരേന്ദ്രസിങ് തോമറിന്റെ വാദവും തെറ്റാണ്. നിയമങ്ങൾ പിൻവലിക്കുമോ ഇല്ലയോ എന്നാണ് കർഷകർക്ക് അറിയേണ്ടത്. ഇതിന്മേൽ നിലപാട് അറിയിക്കാമെന്നു പറഞ്ഞിട്ട് മന്ത്രിയിൽനിന്ന് പ്രതികരണം ഉണ്ടായില്ല. ഡൽഹി അതിർത്തികളിൽ കൂടുതൽ സേനാവിഭാഗങ്ങളെ നിയോഗിച്ചു. ഹരിയാന, രാജസ്ഥാൻ അതിർത്തിഗ്രാമങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
ഭാരതീയ കിസാൻ യൂണിയൻ സുപ്രീംകോടതിയിൽ
കർഷകദ്രോഹനിയമങ്ങൾ രാജ്യത്തെ കർഷകരെ കോർപറേറ്റുകളുടെ കാൽക്കീഴിലാക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഭാരതീയ കിസാൻ യൂണിയൻ സുപ്രീംകോടതിയിൽ ഹർജി നൽകി. കർഷകനിയമങ്ങൾക്ക് എതിരെ ഡിഎംകെ എംപി തിരുച്ചിശിവ നേരത്തേ ഫയൽ ചെയ്‌ത ഹർജിയിൽ കക്ഷിചേരാനാണ് കിസാൻ യൂണിയൻ പ്രസിഡന്റ് ഭാനുപ്രതാപ്‌സിങ് ഇടപെടൽ ഹർജി നൽകിയത്.
രാജ്യത്തെ കാർഷികമേഖലയെ കമ്പോളത്തിനും കുത്തകകൾക്കും തീറെഴുതുന്നതാണ് പുതിയ നിയമങ്ങളെന്ന് കിസാൻയൂണിയൻ ഹർജിയിൽ പറഞ്ഞു. കാർഷികവിളകൾക്ക് ന്യായവില തീരുമാനിക്കാൻ കർഷകരുടെ പ്രതിനിധികൾകൂടി അംഗങ്ങളായ കമീഷൻ രൂപീകരിക്കണമെന്നും കിസാൻ യൂണിയൻ ആവശ്യപ്പെട്ടു.
മാസങ്ങൾ പൊരുതാനുറച്ച് കർഷകർ ;സമരഭൂമിയിൽ സജ്ജീകരണങ്ങളേറി
മെഡിക്കൽക്യാമ്പുകൾ, മരുന്ന് വിതരണകേന്ദ്രങ്ങൾ, തുണിയലക്ക് യന്ത്രങ്ങള്‍, അമ്പലങ്ങൾ, ലൈബ്രറികൾ...ഡൽഹി അതിർത്തിയിൽ കർഷകരുടെ പ്രക്ഷോഭവേദികളിൽ അനുദിനം സജ്ജീകരണങ്ങളേറുന്നു. അതിശൈത്യം വകവയ്‌ക്കാതെ റോഡരികില്‍ പ്രതിഷേധിക്കുന്നവര്‍ എത്രമാസം വേണമെങ്കിലും അവിടെത്തുടരാന്‍ ഉറച്ചുതന്നെ. അതിനായുള്ള സജ്ജീകരണങ്ങള്‍ കര്‍ഷകര്‍തന്നെ സ്വരുക്കൂട്ടുന്നു.
സിൻഘു അതിർത്തിയിലെ പ്രക്ഷോഭവേദിയില്‍ ലുധിയാന സ്വദേശി പ്രിൻസ്‌സാധുവിന്റെ പക്കൽ രണ്ട് അലക്ക് യന്ത്രമുണ്ട്. പ്രക്ഷോഭകരുടെ വസ്ത്രങ്ങള്‍ അലക്കി ഉണക്കിനല്‍കും, പ്രായമായവര്‍ക്ക് മുന്‍ഗണന. ‘‘സമരം രണ്ടാഴ്ചയിലേറെ പിന്നിട്ടു. അധികം വസ്‌ത്രങ്ങൾ എടുക്കാതെയാണ് മിക്കവരും വീട്ടില്‍നിന്നിറങ്ങിയത്. അതുകൊണ്ട്, ഞാൻ വീട്ടിലേക്ക് പോയി രണ്ട് വാഷിങ് മെഷീനുമായി തിരിച്ചെത്തി. അതിവിടെ വഴിയരികിൽ വച്ചിട്ടുണ്ട്. ആർക്കും ഉപയോഗിക്കാം. തുണികൾ ഉണക്കിയെടുക്കാനും കഴിയും’’–- പ്രിൻസ് പറഞ്ഞു. പ്രിൻസും സുഹൃത്ത് അമൻപ്രീതും ദിവസവും അഞ്ഞൂറിലധികം വസ്‌ത്രം അലക്കിനൽകുന്നു.
ഊര്‍ജലഭ്യത ഉറപ്പാക്കാന്‍ ചിലര്‍ ട്രക്കുകളിലും മറ്റ് വാഹനങ്ങളിലും സോളാർപാനലുകള്‍ ഘടിപ്പിച്ചു. ഫോണ്‍ ചാർജ് ചെയ്യാനും ബൾബുകള്‍ കത്തിക്കാനും സൗകര്യമായി. പ്രക്ഷോഭവേദികളിൽ 10 മെഡിക്കൽക്യാമ്പും മരുന്ന് വിതരണകേന്ദ്രവുമുണ്ട്. ബസിനുള്ളിൽ ദന്തപരിശോധാക്യാമ്പ് പ്രവര്‍ത്തിക്കുന്നു. മൊഹാലിയിലെ ഡോ. സണ്ണിഅലുവാലിയയും രണ്ട് മെഡിക്കൽ വിദ്യാർഥികളും ഇവിടെ സേവനത്തിനുണ്ട്. എക്‌സ്‌റേ മെഷീനും മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും നിരവധി വിദ്യാർഥികൾ കർഷകർക്ക് സഹായങ്ങളെത്തിക്കുന്നു. ഉത്തർപ്രദേശിലെ ഫത്തേഹാബാദിലെ ഗവേഷകൻ ജസ്‌വീത്‌സിങ് 500 പുസ്‌തകമുള്ള ചെറിയ ലൈബ്രറി തുറന്നു. ആത്മീയത, നിയമം, സാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ പുസ്‌തകങ്ങൾ വായിക്കാം.
നൂറുകണക്കിന് ആളുകൾ പുസ്‌തകങ്ങൾക്കായി ജസ്‌വീതിനെ സമീപിക്കുന്നു. രാത്രികളിൽ ഹാർമോണിയവും തബലയും മറ്റുമെത്തിച്ച് വിദ്യാര്‍ഥികള്‍ പ്രക്ഷോഭവേദി സംഗീതാത്മകമാക്കുന്നു.
No comments:
Post a Comment