Sunday, March 11, 2012

എക്കാലത്തേയും ശബ്ദവും പ്രകാശവുമായി ഒരാള്‍

കാലത്തിന് മുന്നേനടന്ന കമ്യൂണിസ്റ്റ് ആചാര്യന്റെ ജീവചരിത്ര ചിത്രീകരണം തുറക്കുന്നത് പുതിയ ആശയലോകം. പ്രദര്‍ശന നഗരിയില്‍ ഇ എം എസിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള കോര്‍ണറാണ് "സോഷ്യലിസമാണ് ഭാവി" ചരിത്ര പ്രദര്‍ശനത്തിന് പുതിയ മുഖം നല്‍കുന്നത്. ശബ്ദം, ചിത്രങ്ങള്‍ , ലേഖനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇ എം എസിന്റെ ലോകം പുനഃസൃഷ്ടിച്ചിട്ടുള്ളത്.

യോഗക്ഷേമം മാസികയില്‍ 1927 ജൂണ്‍ 22ന് പ്രസിദ്ധീകരിച്ച "ഇന്നത്തെ നില മാറണം" എന്ന ആദ്യലേഖനം അപൂര്‍വ വായനാനുഭവമാണ്. വിപ്ലവം എന്നാല്‍ എന്തെന്ന് വിശദീകരിക്കുന്ന ലേഖനം പുതുതലമുറയ്ക്ക് എന്നും വഴികാട്ടി. "ആയുധ രഹിതമായ കലഹമെന്ന" സംസ്കൃത നിഘണ്ടുക്കളിലെ വിവരണങ്ങള്‍വരെ ഉപയോഗപ്പെടുത്തിയുള്ള ലേഖനം വിപ്ലവമെന്ന ചെറിയ വാക്കില്‍ ഉള്‍ക്കൊണ്ട മഹാര്‍ഥങ്ങളെ വെളിവാക്കുന്നു. നമ്പൂതിരി സമുദായത്തിലെ വാര്‍ധക്യത്തിന്റെ വങ്കത്തരങ്ങളും അവര്‍ പരിപാലിക്കുന്ന അനാചാരങ്ങളും തുടച്ചു നീക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട് ലേഖനത്തില്‍ . നമ്പൂതിരി ജീര്‍ണതകള്‍ക്കെതിരെയുള്ള പടവാളായ "ഉണ്ണിനമ്പൂതിരി"യുടെ ലക്കങ്ങളും പ്രദര്‍ശനത്തിനുണ്ട്. പി കൃഷ്ണപിള്ള, കേരളീയന്‍ , ഉണ്ണിരാജ, പ്രധാനമന്ത്രിമാര്‍ , കുടുംബം എന്നിവരോടൊത്തുള്ള അപര്‍വ ഫോട്ടോകളുമുണ്ട്.

അരനൂറ്റാണ്ടിനുമുമ്പേ ഇ എം എസ് പറഞ്ഞുവച്ച കാര്യങ്ങള്‍ ഇന്നും എന്നും പ്രസക്തമാണ് എന്ന് തെളിയിക്കുന്ന ലേഖനങ്ങളും ഇതിലുണ്ട്. അവസാനമെഴുതിയ തൂക്കു ലോക്സഭകളെക്കുറിച്ചുള്ള ലേഖനവും വിശേഷപ്പെട്ടത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പിന്തുടരുന്ന സാമ്പത്തിക നയങ്ങളെക്കുറിച്ചും ബിജെപിയുടെ വര്‍ഗീയ സമീപനങ്ങളെക്കുറിച്ചുമുള്ള ഇ എം എസ്സിന്റെ പ്രസംഗം കേള്‍ക്കാന്‍കൂടി കഴിയുമ്പോള്‍ അത് ആസ്വാദകര്‍ക്ക് അപൂര്‍വ അനുഭവമായി മാറുന്നു. ശനിയാഴ്ച അയ്യായിരത്തോളം പേര്‍ പ്രദര്‍ശനം വീക്ഷിക്കാനെത്തി. രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം.

deshabhimani 110312

1 comment:

  1. കാലത്തിന് മുന്നേനടന്ന കമ്യൂണിസ്റ്റ് ആചാര്യന്റെ ജീവചരിത്ര ചിത്രീകരണം തുറക്കുന്നത് പുതിയ ആശയലോകം. പ്രദര്‍ശന നഗരിയില്‍ ഇ എം എസിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള കോര്‍ണറാണ് "സോഷ്യലിസമാണ് ഭാവി" ചരിത്ര പ്രദര്‍ശനത്തിന് പുതിയ മുഖം നല്‍കുന്നത്. ശബ്ദം, ചിത്രങ്ങള്‍ , ലേഖനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇ എം എസിന്റെ ലോകം പുനഃസൃഷ്ടിച്ചിട്ടുള്ളത്.

    ReplyDelete