Sunday, December 1, 2013

ചക്കിട്ടപാറ ഖനന വിവാദത്തിന് പിന്നില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധമുന്നണി

ചക്കിട്ടപാറ ഇരുമ്പയിര് ഖനനം മറയാക്കി ക്രിമിനലുകളെ അണിനിരത്തിയുള്ള ആരോപണങ്ങള്‍ക്കും നുണക്കഥകള്‍ക്കും പിന്നില്‍ മാര്‍ക്സിസ്റ്റ്വിരുദ്ധ- വലതുപക്ഷ സഖ്യം. മുന്‍മന്ത്രിയും സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗവുമായ എളമരം കരീമില്‍ തുടങ്ങി പാര്‍ടി നേതൃത്വത്തിലേക്കുവരെ ആരോപണം ഉയര്‍ത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ആര്‍എംപി എന്ന മാര്‍ക്സിസ്റ്റ് വിരുദ്ധസംഘവും കോണ്‍ഗ്രസിലെ ചില നേതാക്കളും ഒരുവിഭാഗം മാധ്യമങ്ങളുമാണ് കള്ളക്കഥകളുടെ ഉല്‍പാദകരും പ്രചാരകരും.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലാക്കാക്കിയാണ് ഖനന വിവാദത്തിന് മാധ്യമ- മാര്‍ക്സിസ്റ്റ് വിരുദ്ധമുന്നണി എണ്ണപകര്‍ന്നത്. രാഷ്ട്രീയ എതിരാളികളുടെ ഉള്‍പ്പടെ മതിപ്പും ആദരവും ആര്‍ജിക്കുന്ന നയവും നിലപാടുകളുമായി കൂടുതല്‍ കരുത്തോടെ നീങ്ങാന്‍ പ്ലീനം സിപിഐ എമ്മിനെ സജ്ജമാക്കിയ ഘട്ടത്തിലാണ് വിരുദ്ധസംഘങ്ങളുടെ രംഗപ്രവേശം. പ്ലീനത്തിന്റെ ആദ്യദിവസമാണ് ഇരുമ്പയിര് ഖനനം സംബന്ധിച്ച വിവാദ വാര്‍ത്ത പുറത്തിറങ്ങിയത്. അഞ്ചുകോടി കോഴയെന്നായിരുന്നു ആരോപണം. വിശ്വാസ്യതയില്ലാത്ത ക്രിമിനല്‍ കേസ് പ്രതിയെ എഴുന്നള്ളിച്ചായിരുന്നു അപവാദങ്ങള്‍ക്ക് അച്ചുനിരത്തിയത്. ഇടനിലക്കാരനെ നിയോഗിച്ച് അഴിമതി നടത്തിയെന്നായിരുന്നു ആരോപണത്തിന്റെ കുന്തമുന. ഇടനിലക്കാരും തട്ടിപ്പുകാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ കയറിനിരങ്ങിയത് പരസ്യമായ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷത്തെ കരിവാരിത്തേക്കാന്‍ കഥ ചമച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരെ നിരവധി അഴിമതിയും തട്ടിപ്പും പുറത്തുവന്നു. മന്ത്രിമാരുടെ പെണ്‍വേട്ടയും ആഭാസത്തരങ്ങളും അറപ്പും വെറുപ്പുമുളവാക്കി. അതേസമയം ആക്ഷേപത്തിന്റെ മുനപോലും ഇല്ലാതെയായിരുന്നു എല്‍ഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിന്റെ എല്ലാ സന്നാഹങ്ങളുമുപയോഗിച്ച് അരിച്ചുപെറുക്കിയിട്ടും എല്‍ഡിഎഫ് സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെയും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ സോളാറും സരിതയും ശാലുവും ജോപ്പനുമെല്ലാമായി അഴിമതിയില്‍ മുങ്ങി അന്ത്യത്തിലേക്ക് നീങ്ങുകയാണ് ഉമ്മന്‍ചാണ്ടി ഭരണം. ഭരണത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പിനായി ക്രിമിനലുകളെ വാടകക്കെടുത്ത് ആയുധമാക്കുകയാണ്. ഈ ഉപജാപത്തിന് മാര്‍ക്സിസ്റ്റ് വിരുദ്ധരുടെ ടിപ്പണിയുമുണ്ട്. കരീമിനെതിരെ പൊലീസ് മുമ്പാകെ ഉന്നയിക്കാത്ത പരാതിയാണ് പൊക്കിക്കൊണ്ടുവന്നത്.

മുക്കം, ബാലുശേരി സ്റ്റേഷനുകളില്‍ നല്‍കിയ പരാതിയില്‍ എളമരം കരീമിന്റെ പേരില്ല. അഞ്ചുമാസത്തിന് ശേഷം നൗഷാദിന്റെ ബന്ധുവെന്ന് പറഞ്ഞ് കഥ ചമയ്ക്കുകയാണ്. പൊലീസില്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകുന്ന വേളയിലാണ് രാഷ്ട്രീയ തേജോവധമെന്നത് ശ്രദ്ധേയമാണ്. ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ പൊലീസ്, വിജിലന്‍സ്, സിബിഐ തുടങ്ങി എല്ലാ ആയുധങ്ങളും ഉപയോഗിച്ചതാണ്. എന്നാല്‍ നീതിപീഠത്തില്‍നിന്നുണ്ടായ വിധി ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കനത്ത പ്രഹരമായി. ലാവ്ലിന്‍ എന്നുച്ചരിക്കാനാവാത്തവിധം യുഡിഎഫാകെ വിധികേട്ട് നിശ്ശബ്ദവുമായി. ഈ സാഹചര്യത്തിലാണ് പുതിയ അപവാദകഥകള്‍ മെനഞ്ഞത്.
(പി വി ജീജോ)

deshabhimani

No comments:

Post a Comment