Sunday, December 1, 2013

കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നു: യെച്ചൂരി

പാലക്കാട്: ജനങ്ങളില്‍നിന്ന് അഴിമതി മറച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും പാര്‍ലമെന്റില്‍ രാഷ്ട്രീയ ഒത്തുകളി നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഇരുവിഭാഗവും തങ്ങളുടെ ഭരണകാലത്തെ അഴിമതി പുറത്തുവരുമെന്ന് ഭയന്ന് പരസ്പര ധാരണയിലെത്തുകയാണ്. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ച ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍പ്പോലും പ്രചാരണത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നില്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് വിവിധ മതേതര കക്ഷികള്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തോടൊപ്പം അണിചേരുന്നത്. ഒക്ടോബര്‍ 30ന് ചേര്‍ന്ന കണ്‍വന്‍ഷന്‍ ഇത് തെളിയിക്കുന്നു. രാജ്യത്ത് യഥാര്‍ഥ രാഷ്ട്രീയ ബദല്‍ സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. കമ്യൂണിസ്റ്റ്പാര്‍ടിയുടെ വളര്‍ച്ച വര്‍ഗശത്രുക്കള്‍ക്ക് അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ട്. അതിനാലാണ് കമ്യൂണിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അതിനെ തളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിത കടന്നാക്രമണം ഉണ്ടാകുന്നത്. കേരളത്തിലും ബംഗാളിലും ഇത്തരം കടന്നാക്രമണമുണ്ടായി. എന്നാല്‍, ഇതില്‍ തളരാതെ ജനങ്ങളെ അണിനിരത്തി കൂടുതല്‍ കരുത്തോടെ കമ്യൂണിസ്റ്റ്പ്രസ്ഥാനം തിരിച്ചുവരികയാണ് ചെയ്തത്.

വിദേശ കുത്തകകളുടെ ലാഭം പരമാവധി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണവര്‍ഗം പ്രവര്‍ത്തിക്കുന്നത്. പണക്കാര്‍ക്ക് നികുതിയിളവ് നല്‍കി സഹായിക്കുമ്പോള്‍ പാവപ്പെട്ടവന്റെ സബ്സിഡികള്‍ ഓരോന്നായി വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് ശരാശരി അഞ്ചുലക്ഷംകോടിരൂപയുടെ നികുതിയിളവാണ് യുപിഎ സര്‍ക്കാര്‍ നല്‍കിയത്. അതേസമയം, രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും വന്‍തോതില്‍ വര്‍ധിച്ചു. 68 ശതമാനം ഗര്‍ഭിണികള്‍ക്ക് ഇരുമ്പിന്റെ കുറവുള്ളതായി കണ്ടെത്തിയിരുന്നു. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് രാജ്യത്തിന് നാണക്കേടാണെന്ന് പ്രധാനമന്ത്രിക്കുതന്നെ സമ്മതിക്കേണ്ടി വന്നു. പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാന്‍ പണമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കല്‍ക്കരി കുംഭകോണം നടന്നില്ലെങ്കില്‍ ആ പണംകൊണ്ട് അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യയിലെ കുട്ടികള്‍ക്ക് പതിനാലുവയസ്സുവരെ സൗജന്യവിദ്യാഭ്യാസം നല്‍കാമായിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് രാഷ്ട്രീയബദല്‍ അനിവാര്യമായിരിക്കുകയാണ്. ഇതിനുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ പ്ലീനത്തില്‍ സിപിഐ എം തീരുമാനിച്ചിട്ടുണ്ട്. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ കരുത്താണ് പോരാട്ടത്തിനുള്ള ആയുധം. ഈ ആയുധം ശക്തിപ്പെടുത്തി ഐക്യത്തോടെയുള്ള ജനകീയ പ്രക്ഷോഭമാണ് സംഘടിപ്പിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

deshabhimani

No comments:

Post a Comment