Saturday, May 8, 2010

വ്യവസായം വേണ്ടെന്നോ?

എല്‍ഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ? 1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്‍ഷമായി ഭൂമി വിനിയോഗിക്കപ്പെട്ടിട്ടില്ല. 30 ഏക്കര്‍ പി ടി ഉഷാ സ്കൂളിന് നല്‍കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ ധാരണയായി. ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തികമാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടുപോയി. എങ്കിലും വ്യവസായസംരംഭം വഴിമുട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചില്ല. ചെറുകിട വ്യവസായികള്‍ സന്നദ്ധതയോടെ രംഗത്തെത്തി. മുപ്പതിലധികം ചെരിപ്പ് വ്യവസായ യൂണിറ്റുകള്‍ അവിടെ അനുവദിക്കാന്‍ തീരുമാനിച്ചു. 5000 പേര്‍ക്ക് ഇതുമൂലം തൊഴില്‍ ലഭിക്കും. കൂടുതല്‍ വ്യവസായികളെ ഇനിയും ആകര്‍ഷിക്കാന്‍ കഴിയും. അതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കണം. അതിനാണ് ജനങ്ങളുടെ സഹകരണത്തോടെ ശ്രമിച്ചുവരുന്നത്.

കോഴിക്കോട്ടുനിന്ന് കിനാലൂര്‍വരെ 28 കിലോമീറ്റര്‍ നാലുവരിപ്പാത നിര്‍മിക്കണം. 20 മീറ്ററാണ് പാതയുടെ വീതി. ഇതിന് കുറച്ച് സ്ഥലം വേണം. പ്രാഥമിക സര്‍വേ നടന്നാലേ വ്യക്തമായ ചിത്രം ലഭിക്കൂ. കോഴിക്കോട് കലക്ടര്‍ മുന്‍കൈയെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. വ്യവസായമന്ത്രി പങ്കെടുത്തു. രാഷ്ട്രീയപാര്‍ടികളുടെ പ്രതിനിധികളെ വിളിച്ചുചേര്‍ത്തു. കോണ്‍ഗ്രസിനുവേണ്ടി സ്ഥലം എംപി എം കെ രാഘവന്‍ പങ്കെടുത്തു. റോഡ് പണിയാന്‍ ധാരണയായി. റോഡിനുവേണ്ടി സ്ഥലം എടുക്കുമ്പോള്‍ ന്യായമായ വില ഉടമയ്ക്ക് നല്‍കുമെന്ന് ഉറപ്പുനല്‍കി. വീട് നഷ്ടപ്പെടുന്നവര്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൌജന്യമായി നല്‍കുമെന്നും അവരെ ബോധ്യപ്പെടുത്തി. വീടും ഭൂമിയും വിട്ടുനല്‍കുന്നവര്‍ക്ക് ന്യായവിലയ്ക്കുപുറമെ വ്യവസായത്തില്‍ അനുയോജ്യമായ ജോലിയും ഉറപ്പുവരുത്തി. സ്ഥലം ഉടമകളില്‍ ബഹുഭൂരിപക്ഷംപേരും സ്ഥലം പൂര്‍ണമനസ്സോടെ വിട്ടുകൊടുക്കാന്‍ തയ്യാറായി. മാത്രമല്ല, വ്യവസായ പാര്‍ക്കിന് സ്വാഗതമോതിക്കൊണ്ട് വീടിനുമുമ്പില്‍ ബോര്‍ഡുവച്ചു. 11 തവണ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചാണ് ധാരണയുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് റോഡിന് സ്ഥലം സര്‍വേ ചെയ്യാന്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സര്‍വേ ഉദ്യോഗസ്ഥരും റവന്യൂ അധികാരികളും സ്ഥലത്തെത്തിയത്.

ഉദ്യോഗസ്ഥരെ തടയുന്നതിനും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട പൊലീസ് മേധാവികളെ ക്രൂരമായി ആക്രമിക്കാനും ഒരു സംഘം ഗൂഢാലോചന നടത്തി. ഉപരോധം സൃഷ്ടിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും മുമ്പില്‍ നിര്‍ത്തി. ഇതാണ് നന്ദിഗ്രാമിലും ചെയ്തത്. കോണ്‍ഗ്രസ്, മുസ്ളിംലീഗ്, സോളിഡാരിറ്റി (ജമാ അത്തെ ഇസ്ളാമിയുടെ പോഷകസംഘടന) എസ്ഡിപിഐ തുടങ്ങിയ പാര്‍ടികളുടെയും സംഘടനകളുടെയും ഏതാനും പ്രവര്‍ത്തകരാണ് രംഗത്തുവന്നത്. വലത്-ഇടത് തീവ്രവാദികള്‍ തികഞ്ഞ യോജിപ്പോടെയാണ് വ്യവസായസംരംഭം തടയാന്‍ ഒരുങ്ങി പുറപ്പെട്ടത്. ഭീകരപ്രവര്‍ത്തന പാരമ്പര്യമുള്ള ചില ഗ്രൂപ്പുകള്‍ക്കും പങ്കാളത്തമുണ്ടെന്ന് വിവരമുണ്ട്.

ചാണകം കലക്കിയ വെള്ളത്തില്‍ ചൂലുമുക്കി പൊലീസിനെ അടിക്കുന്ന സമരമുറ മുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണെങ്കിലും അതും പ്രയോഗിച്ചു. ചാണകം വാരി പൊലീസിനുനേരെ എറിഞ്ഞു. പിന്നെ കല്ലേറാണുണ്ടായത്. കല്ല് മുന്‍കൂട്ടി ശേഖരിച്ചുവച്ചിരുന്നു. മാതൃഭൂമി ലേഖകന്‍ സംഭവത്തെപ്പറ്റി എഴുതിയതിങ്ങനെയാണ്:

"സമരക്കാരെ അറസ്റ്റുചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വെ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരോട് അറസ്റ്റുവരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസിനെതിരെ ചാണകമേറുണ്ടായി. അതോടെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചുനിന്നു. ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. അതിനിടെയാണ് പൊലീസിനെതിരെ കല്ലേറ് വന്നത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ശക്തമായ കല്ലേറാണുണ്ടായത്. ഇതില്‍ ഡിവൈഎസ്പിയടക്കം 25 പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്‍ദിച്ചു''.

ഈ റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും പൊലീസ് അസാമാന്യമായ സംയമനംപാലിച്ചെന്നു വ്യക്തമാകും. കല്ലേറില്‍ പരിക്കേറ്റ 44 പൊലീസുകാരെ ആശുപത്രിയിലെത്തിച്ചു എന്നാണ് മറ്റൊരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ഥത്തില്‍ അവിടെ നടന്നത് നിയമപാലകരായ പൊലീസിനു നേരെയുള്ള യുദ്ധമായിരുന്നു. പൊലീസ് ആത്മരക്ഷാര്‍ഥമായാണ് ചെറിയതോതില്‍ ബലപ്രയോഗം നടത്തിയതെന്ന് വ്യക്തം.

ഈ സമരം എന്തിനാണ്?

കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം തുടങ്ങി എല്ലാരംഗങ്ങളിലും മുമ്പന്തിയിലാണ്. ശിശുമരണനിരക്ക് ഏറ്റവും അധികം ഇന്ത്യയിലാണ്. ഏറ്റവും കുറവ് കേരളത്തിലാണ്. എന്നാല്‍, ദീര്‍ഘനാളത്തെ കേന്ദ്രസര്‍ക്കാരിന്റെ കുറ്റകരമായ അവഗണനമൂലം വ്യാവസായികമായി കേരളം ഏറെ പിന്നിലാണ്. കേരളത്തിലെ ജനസംഖ്യ നാലുശതമാനത്തില്‍ താഴെയാണെങ്കിലും തൊഴിലില്ലായ്മ പത്തുശതമാനത്തിലധികമാണ്. കാര്‍ഷിക-വ്യവസായികമേഖലയില്‍ കുതിച്ചുചാട്ടമുണ്ടായാലേ ഈ ദയനീയാവസ്ഥയ്ക്ക് അറുതിവരുത്താന്‍ കഴിയൂ.

കേരളസംസ്ഥാന രൂപീകരണത്തിന് നാലുമാസംമുമ്പ് ജൂണ്‍ 22-24 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാനസമ്മേളനം കേരളത്തിന്റെ ഭാവിവികസനത്തെപ്പറ്റി വ്യക്തതയുള്ള ഒരു പ്രമേയം അംഗീകരിച്ചു. 94 കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തി. അതില്‍ പത്താമത്തെ പരിപാടി ഇതായിരുന്നു.

"കേരളത്തിലെ വ്യവസായികളും വ്യവസായവികസനത്തില്‍ താല്‍പ്പര്യമുള്ളവരുമായി കൂടിയാലോചിച്ച് സ്വകാര്യമേഖലയില്‍ വ്യവസായങ്ങള്‍ വികസിപ്പിക്കാനുള്ള ഒരു പ്രായോഗികപരിപാടി തയ്യാറാക്കുകയും അതനുസരിച്ച് പുതിയ വ്യവസായ ധനസഹായകോര്‍പറേഷന്‍വഴി ആവശ്യമായ സഹായം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കുകയും ചെയ്ക''.

1957ല്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാര്‍ കുത്തകമുതലാളിയായ ബിര്‍ളയെ ക്ഷണിച്ചുകൊണ്ടുവന്നു. മാവൂരില്‍ റയോസ് ഫാക്ടറി ആരംഭിച്ചു. ആയിരക്കണക്കിനാളുകള്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിച്ചു. നാടിന് അഭിവൃദ്ധിയുണ്ടായി. ഭൂമി സര്‍ക്കാര്‍ പൊന്നുംവിലയ്ക്കെടുത്തുകൊടുത്തതാണ്. വില ഉടമ നല്‍കി. ടണ്ണിന് ഒരു രൂപ വിലയ്ക്ക് സര്‍ക്കാര്‍ വനത്തില്‍നിന്ന് മുള നല്‍കി. ഇടതുപക്ഷം കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ തുടര്‍ച്ചയായ ശ്രമം നടത്തി. ഇപ്പോള്‍ നിക്ഷേപസൌഹൃദസംസ്ഥാനമായി കേരളം മാറി. പൊതുമേഖല വന്‍തോതില്‍ അഭിവൃദ്ധിപ്പെട്ടു. 69 കോടി രൂപ നഷ്ടം 200 കോടി ലാഭമായി മാറി. ഇതൊക്കെ യുഡിഎഫിനും കൂട്ടാളികള്‍ക്കും രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുമെന്നാണ് അവര്‍ കാണുന്നത്.

കേരളം ആര് ഭരിച്ചാലും ഇവിടെ വ്യവസായം വേണം. അത് തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹമാണ്. സാമൂഹ്യദ്രോഹമാണ്. അത് മനസ്സിലാക്കി സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. അതിന് യുവാക്കള്‍ മുന്‍കൈയെടുക്കണം. കിനാലൂരില്‍ സര്‍വേ തടഞ്ഞവരെ രംഗത്തുനിന്നുമാറ്റി അഞ്ചു കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. സര്‍വേ തുടങ്ങണം. വ്യവസായ പാര്‍ക്ക് വരണം. പൊലീസിനെ നിര്‍വീര്യമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസും ഇത്തരം വികസനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവര്‍ക്ക് ദോഷമായി ഭവിക്കുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തിലെ വ്യവസായസംരംഭങ്ങളെ തടയാന്‍ ആരെയും അനുവദിച്ചുകൂടാ.

ദേശാഭിമാനി മുഖപ്രസംഗം 08052010

5 comments:

  1. എല്‍ഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ? 1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്‍ഷമായി ഭൂമി വിനിയോഗിക്കപ്പെട്ടിട്ടില്ല. 30 ഏക്കര്‍ പി ടി ഉഷാ സ്കൂളിന് നല്‍കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ ധാരണയായി. ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തികമാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടുപോയി. എങ്കിലും വ്യവസായസംരംഭം വഴിമുട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചില്ല. ചെറുകിട വ്യവസായികള്‍ സന്നദ്ധതയോടെ രംഗത്തെത്തി. മുപ്പതിലധികം ചെരിപ്പ് വ്യവസായ യൂണിറ്റുകള്‍ അവിടെ അനുവദിക്കാന്‍ തീരുമാനിച്ചു. 5000 പേര്‍ക്ക് ഇതുമൂലം തൊഴില്‍ ലഭിക്കും. കൂടുതല്‍ വ്യവസായികളെ ഇനിയും ആകര്‍ഷിക്കാന്‍ കഴിയും. അതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കണം. അതിനാണ് ജനങ്ങളുടെ സഹകരണത്തോടെ ശ്രമിച്ചുവരുന്നത്.

    ReplyDelete
  2. അവനവന്‍ കാര്യത്തിന്‌ എന്തുണ്ട്‌ ന്യായീകരണം എന്ന തിരച്ചിലിനിടയില്‍ സ്വയം നാറിപ്പോവുന്നു സഖാക്കള്‍....

    ജനശക്തിക്ക്‌,

    സ്ഥലം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നപ്പോള്‍ തന്നെ ഫാരിസ്‌ അബൂബക്കറിന്‌ സൈറ്റ്‌ പ്ലാന്‍ നല്‍കി ചുറ്റുപാടുമുള്ള പ്രദേശം ചുളുവിലക്ക്‌ ഒപ്പിച്ചെടുക്കാന്‍ അവസരമൊരുക്കിക്കൊടുത്തതില്‍ തുടങ്ങുന്നു പാര്‍ട്ടിയുടെടേയും ശിങ്കിടികളുടേയും കളി. അന്നു തുടങ്ങി പാര്‍്‌ട്ടി കാല്‍ പന്തുകള്‍ക്ക്‌ ലക്ഷങ്ങള്‍ സംഭാവന കി്‌ട്ടിതുടങ്ങി..... പി.ടി. ഉഷയെ ക്ഷണിച്ച്‌ അസൗകര്യങ്ങള്‍ ഏറെയുള്ള പ്രദേശത്ത്‌ കുടിയിരുത്തി... അവര്‍ക്കും നല്‍കി ലക്ഷങ്ങള്‍.... തൊഴില്‍ ലഭിക്കുമെന്നൊക്കെയുള്ള സ്ഥിരം ഭരണകൂട വാഗ്‌ദാനങ്ങള്‍ ഏറെ കേട്ടതല്ലെ നമ്മുടെ ജനത. ഉദാഹരണങ്ങള്‍ കേരളീയന്റെ മുന്നില്‍ തന്നെ ഏറെയുണ്ടല്ലൊ.

    'ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധി' എന്ന്‌ ഏറെ വിളിച്ചുകൂവിയ പോലീസ്‌ ഇന്ന്‌ സഖാക്കള്‍ക്ക്‌ പഥ്യമായി മാറിയതിന്‌ കാരണം അനര്‍ഹമായ പണമൊഴുക്കു തന്നെ.

    ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും ഒട്ടും പിന്നിലല്ലാത്തതുകൊണ്ടും അവര്‍ നമ്മെ കൈവിട്ടോ എന്ന പരിഭവം 'ജനശക്തി'ക്കേറെയുണ്ടിപ്പോള്‍.....


    സഖാവേ, പൊതുമേഖലയില്‍ എല്ലാം വേണമെന്നും സ്വകാര്യമേഖലയെ തകര്‍ക്കണമെന്നുമൊക്കെയുള്ള കമ്മ്യൂണിസ്റ്റ്‌ പ്രകടനപരതയൊക്കെ മാറ്റി വെച്ചത്‌ നന്നായി. പക്ഷേ അതു പണ്ട്‌ ഇഎംഎസ്സ്‌ തന്നെ തുടങ്ങി കഴിഞ്ഞിരുന്നു എന്ന്‌ ഏറ്റു പറഞ്ഞത്‌ നന്നായി. കേരളത്തിലെ പ്രകൃതി വിഭവങ്ങള്‍, ദളിതനും അധ:കൃതനും ഉപജീവനത്തിനുപയോഗിച്ച മുള ക്വീന്റലിന്‌ ഒരു രൂപക്ക്‌ ബിര്‍ളക്ക്‌ നല്‍കിയെന്ന ഏറ്റു പറച്ചില്‍ നന്നായി. ..... ചരിത്രത്തിന്റെ ഓരോ ഇളിച്ചു നോട്ടങ്ങള്‍...

    കുറേ ചെരുപ്പു കമ്പനിക്കാര്‍ക്ക്‌, അവര്‍ക്ക്‌ സ്വ്വന്തമായി ഭൂമി കണ്ടെത്താനും വ്യവസായം ആരംഭിക്കാനുമുള്ള അവസരം ഇന്നിവിടെ നിലനില്‍ക്കെ തന്നെ സര്‍ക്കാറെന്തിനാണ്‌ ഇങ്ങിനെ ? ഗ്രാമവാസികളെയും കര്‍ഷകരേയും അടിച്ചമര്‍ത്തിയും ദ്രോഹിച്ചും ... ? സംഗതിയുടെ കിടപ്പ്‌ അതൊന്നുമല്ലല്ലൊ സഖാവേ......

    ReplyDelete
  3. അത്യന്തം മാരകവും ഭീകരവുമായ 'ചാണക വെള്ളം' എന്ന സ്ഫോടക വസ്തു ഉപയോഗിച്ചു എന്നത് തന്നെ കിനാലൂരില്‍ നടന്നത് അന്താരാഷ്‌ട്ര ഭീകര-തീവ്രവാദികളുടെ ആസൂത്രിത ആക്രമണമാണ് എന്നതിന്റെ വ്യക്തമായ തെളിവാണ്. പോലീസ് ഉടന്‍ തന്നെ എല്ലാ തൊഴുത്തുകളും റൈഡ് ചെയ്ത് ഭീകര വാദികള്‍ ഒളിപ്പിച്ചു വെച്ച മുഴുവന്‍ 'ചാണക ശേഖരവും' പിടിച്ചെടുക്കാന്‍ തയ്യാറാവണം. കിനാലൂരിലെ മുഴുവന്‍ പശു, കാള, എരുമ, പോത്ത്, ആട് തുടങ്ങിയ മൃഗങ്ങളുടെയും 'ചാണക നിര്‍ഗമന മാര്‍ഗങ്ങളും' അടച്ചു പൂട്ടുവാന്‍ ആഭ്യന്തര വകുപ്പ് സത്വര നടപടികള്‍ സ്വീകരിക്കണം.

    ReplyDelete
  4. മറ്റു രാഷ്ട്രീയം എല്ലാം തല്‍ക്കാലത്തേക്ക് വിടുക. ഫാരിസ് അബുവിന് അവിടെ എത്ര ഭൂമി ഉണ്ട്,ഏക്കര്‍ തിരിച്ചു അല്ലെങ്കില്‍ ഹെക്റ്റര്‍ കണക്കിന് ? പിന്നെ എത്ര ബിനാമി ഉണ്ട് (കൃത്യമായ തെളിവോടെ).ഇതൊന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു. ഭൂമി മടിയില്‍ തിരുകി വെക്കാന്‍ സാധ്യമല്ലല്ലോ.അതിന്റെ രേഖകള്‍ തീര്‍ച്ചയായും ലഭിക്കും. എങ്കില്‍ തീവ്രമായി എനിക്കും ഈ സമരത്തെ (ഇടതര്‍ നേതൃത്വം നല്‍കുന്നതെങ്കില്‍ കലാപം,അക്രമം എന്നൊക്കെ വിളിക്കും)ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യാമായിരുന്നു.
    അതല്ല വരദാചാരി "തല പരിശോധന" പോലുള്ള കഥയാണെങ്കില്‍ ഇത് പറഞ്ഞു പരത്തുന്നവര്‍ തന്നെ നാറും. ഓര്‍ക്കുക, വീരഭൂമി, അച്ചായന്‍ പത്രം കൌമുദി ഒന്നും തന്നെ "തല പരിശോധന" എന്ന വാക്ക് പോലും പിന്നെ ഉപയോഗിച്ചിട്ടില്ല. അങ്ങനെ വന്നാല്‍ സ്വന്തം പഴയ ലക്കം തന്നെ അവരെ തുറിച്ചു നോക്കി പല്ലിളിക്കും .
    ഇനി സോളിടാരിട്ടി മൊതലാളിമാര്‍ക്ക് ഭൂ ബിനാമിയുണ്ടോ അതല്ല വയനാട് മൊത്തം കയ്യേറി ഭരിക്കുന്ന വീരഭൂമി ഭൂസ്വാമിക്ക് കിനാലൂരില്‍ ബിനാമി ഉണ്ടോ എന്നൊക്കെ ആരെങ്കിലും സംശയം പറഞ്ഞാല്‍ അവരോടു എന്ത് സമാധാനം പറയും. കഥയില്‍ ചോദ്യമില്ലല്ലോ സുഹൃത്തെ.

    ReplyDelete
  5. കങ്കാരു,

    നിയമത്തിന്റെയും ജനങ്ങളുടേയും കണ്ണു മൂടി കെട്ടാനാണല്ലൊ കള്ളന്‍മാര്‍ ആദ്യം പഠിക്കുക. ആ പാഠം നിങ്ങളുടെ സഖാക്കള്‍ക്ക്‌ നന്നായറിയാം. അതു കൊണ്ടു തന്നെ ബിനാമി ഇടപാടുകള്‍ എങ്ങിനെ തെളിയിക്കപ്പെടും. എന്നാല്‍ ജനങ്ങള്‍ക്ക്‌ കാര്യങ്ങളറിയാം. ഇതിനിടയില്‍ പെട്ടുപോയ നീതിബോധമുള്ള ചിലര്‍ക്കും...

    ReplyDelete