സിപിഒ: ഉദ്യോഗാർഥികൾക്ക് അവസരം നഷ്‌ടപ്പെട്ടില്ല ; മനോരമ വാർത്ത തെറ്റ്
കെഎപി ഒന്ന്, കെഎപി അഞ്ച് ബറ്റാലിയനിൽ ഉദ്യോഗാർഥികൾക്ക് അവസരം നഷ്‌ടപ്പെട്ടുവെന്ന മനോരമ വാർത്ത തെറ്റ്. സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയുടെ പേരിലുള്ള നുണപ്രചാരണം പൊളിഞ്ഞപ്പോഴാണ് കോടതി കയറിയ പട്ടികയുടെ മറവിൽ മനോരമയുടെ പുതിയ പ്രചാരണം. റാങ്ക് പട്ടികയുടെ ആയുസ് ഒരു ദിവസമെന്ന കണ്ടുപിടിത്തവുമുണ്ട്. യഥാർഥത്തിൽ ഈ രണ്ട് ബറ്റാലിയനിലും ഒരവസരവും നഷ്‌ടപ്പെടാതെ മുഴുവൻ ഒഴിവും റിപ്പോർട്ട് ചെയ്‌തിരുന്നു. എൻജെഡി വഴിയുള്ള നഷ്‌ടം സംഭവിക്കാതിരിക്കാൻ കൂടുതൽ ഒഴിവും റിപ്പോർട്ട് ചെയ്‌തു. മുൻ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ നൽകിയ കേസിൽ കോടതി വിധി വന്നതാകട്ടെ ജൂൺ 25നും. അതിനാൽ ഒറ്റ ദിവസ ആയുസെന്നത് പച്ചക്കള്ളം.
കെഎപി ഒന്ന് ബറ്റാലിയനിൽ 653 പേരുടെയും അഞ്ചിൽ 671 പേരുടെയും ഒഴിവാണ് റിപ്പോർട്ട് ചെയ്‌തത്. ബറ്റാലിയനുകളിൽ ഒഴിവിന് ഏറ്റക്കുറച്ചിലുണ്ടാകും. എറണാകുളം റൂറലും സിറ്റിയുമാണ് കെഎപി ഒന്നിൽ വരിക. ഇടുക്കി, കോട്ടയം ജില്ലയാണ് കെഎപി അഞ്ചിൽ വരിക. ഈ രണ്ട് ബറ്റാലിയനിലെയും ഒഴിവ് അതത് സമയങ്ങളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌തതാണ്. കേസിൽ വിധി വന്നത് 25നാണ്. 26 മുതൽ പിഎസ്‌സി നിയമന ശുപാർശയും അയച്ചു. എൻജെഡി നഷ്‌ടപ്പെടുകയാണെങ്കിൽ അവ നികത്തനായി കെഎപി ഒന്നിന് 94 തസ്‌തികയും കെഎപി അഞ്ചിന് 116 തസ്‌തികയും അധികമായി അനുവദിച്ചിരുന്നു. ഡെപ്യൂട്ടേഷൻ വഴിയുള്ള ഒഴിവാണ് ഇങ്ങനെ നൽകിയത്. അതിനാൽ ഈ ബറ്റാലിയനുകൾക്ക് ഒരു അവസരവും നഷ്‌ടപ്പെടില്ല. കേസുണ്ടെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് തടസ്സമല്ല. അതിനാൽ എല്ലാ ഒഴിവും പൊലീസ് ആസ്ഥാനത്ത്‌നിന്ന് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കേസിൽ വിധിവരുംവരെ നിയമനശുപാർശ അയക്കുന്നത് മാറ്റിവയ്‌ക്കും. വിധിവന്നാൽ അയക്കും. കെഎപി ഒന്ന്, അഞ്ച് ബറ്റാലിയനുകളുടെ കാര്യത്തിൽ പിഎസ്‌സി അതിവേഗം നിയമനശുപാർശ അയച്ചു.
നിയമനം നടത്തിയാലും കുറ്റമാകുമോ ; ആരോഗ്യവകുപ്പിൽ 40 പേരെ നിയമിച്ചതും വിവാദമാക്കുന്നു
പിഎസ്‌സി നിയമനം നടക്കുന്നില്ലെന്ന വ്യാജ പ്രചാരണത്തിന് പിന്നാലെ ലിസ്റ്റിലുള്ള മുഴുവൻ പേരെയും നിയമിച്ചതും വിവാദമാക്കി ചില മാധ്യമങ്ങൾ. ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (എൻസിഎ–- എസ്‌ടി വിഭാഗം) തസ്തികയുടെ അഭിമുഖ പട്ടികയിലുള്ള 40 പേരെയും നിയമിച്ചതാണ് പുതിയ വിവാദം. ഇതിൽ കണ്ടെയ്‌ൻമെന്റ് സോണിലുള്ള മൂന്നുപേർക്ക് ഓൺലൈൻവഴി അഭിമുഖം നടത്തിയതും കൊടുംപാതകമായി ഇവർ അവതരിപ്പിക്കുന്നു.2013ൽ നടത്തിയ വിജ്ഞാപനത്തിൽ ആവശ്യത്തിന് പട്ടികവർഗ വിഭാഗക്കാർ (എസ്‌ടി) ഉണ്ടായിരുന്നില്ല.
കോവിഡിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് ഇങ്ങനെയുള്ള 89 ഒഴിവ് നികത്താൻ സർക്കാർ പിഎസ്‌സിയോട് ആവശ്യപ്പെട്ടു. പരീക്ഷയില്ലാതെ അഭിമുഖംമാത്രം നടത്തി നിയമിക്കാനായിരുന്നു പിഎസ്‌സി തീരുമാനം.അപേക്ഷിച്ച 57 പേരിൽ 37പേർ അഭിമുഖത്തിൽ ഹാജരാകുകയും ചെയ്‌തു. കണ്ടെയ്‌ൻമെന്റ് സോണിലുള്ള മൂന്നുപേർക്ക് ഓൺലൈനായും അഭിമുഖം നടത്തി. 40പേരെയും ഉൾപ്പെടുത്തി റാങ്ക് പട്ടിക ജൂലൈ 28ന് പ്രസിദ്ധീകരിച്ചു. അവശേഷിക്കുന്ന ഒഴിവുകളിൽ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും.പിഎസ്‌സിയിൽ ഓൺലൈൻ അഭിമുഖം നടത്തുന്നതിന് നിയമതടസ്സങ്ങളില്ല.പരാതി നിലനിൽക്കെയാണ് മുഴുവൻപേരെയും ഉൾപ്പെടുത്തി പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
ഞാൻ ക്വാറന്റൈനിലായിരുന്നു
"കോവിഡ് സമയത്ത് തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു. ഡിഎംഒയുടെ നിർദേശപ്രകാരം കോവിഡ് ഡ്യൂട്ടിക്കായി കാസർകോടേക്ക് പോയി. തിരികെയെത്തി ക്വാറന്റൈനിലായി. അതിനിടയിലാണ് അഭിമുഖത്തിന് എത്തണമെന്ന അറിയിപ്പ് കിട്ടിയത്. തുടർന്നാണ് പിഎസ്‌സിയെ വിവരമറിയിച്ച് ഓൺലൈനിൽ അഭിമുഖത്തിന് പങ്കെടുത്തത്'. മൂന്നാം റാങ്കുകാരി തൃശൂർ സ്വദേശിയുമായ ഡോ. സി എ എലിസബത്ത് ലൗലി പറയുന്നു.
പുറംജോലി കരാറുകൾ : നാവികസേനയിൽ 7845 തസ്‌തിക നിർത്തലാക്കി; ദക്ഷിണ നാവിക കമാൻഡിലെ 715 തസ്‌തികകൾ ഇല്ലാതാകും
പുറംജോലി കരാറുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയിലെ 7,845 തസ്‌തിക നിർത്തലാക്കി. മുംബൈ നാവിക ആസ്ഥാനത്തെയും നാല് കമാൻഡുകളിലെയും പത്തോളം വിഭാഗങ്ങളിലെ തസ്‌തികകളാണ് നിർത്തിയത്. ഈ തസ്‌തികകളിൽ ചിലത് സ്ഥിരമായി ഇല്ലാതാക്കാനും മറ്റുള്ളവയിൽ പുറംജോലി കരാർ നൽകാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവിൽ പറഞ്ഞു. കൊച്ചി ആസ്ഥാനമായ ദക്ഷിണ നാവിക കമാൻഡിലെ 715 തസ്‌തികകൾ ഇല്ലാതാകും.
മുംബൈ ആസ്ഥാനമായ പടിഞ്ഞാറൻ കമാൻഡിലാണ് കൂടുതൽ തസ്‌തിക ഇല്ലാതാകുന്നത്. 4134. കിഴക്കൻ കമാൻഡിൽ 2439ഉം ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡിൽ 294ഉം ഡൽഹിയിൽ 263ഉം തസ്‌തിക ഇല്ലാതാകും. തസ്‌തിക നിർത്തലാക്കലും പകരം സംവിധാനങ്ങളും അടിയന്തരമായി നടപ്പാക്കുമെന്നും ഉത്തരവിൽ പറയുന്നു. നാവികസേനയുടെ വിവിധ പദ്ധതികളുടെ ഭാഗമായുള്ള നിർമാണങ്ങൾ രൂപകൽപ്പന ചെയ്യുന്ന വിഭാഗത്തിലെ ജീവനക്കാർ, കാന്റീൻ ജീവനക്കാർ, വർക്‌ഷോപ്പുകളിലെ സ്‌കിൽഡ്, സെമി സ്‌കിൽഡ് ജീവനക്കാർ, സൂപ്പർവൈസർമാർ, ജലയാനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ തസ്‌തികകളാണ് ഇല്ലാതാകുക. ഈ തസ്‌തികകളിൽ നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കുമോ അതോ മറ്റിടങ്ങളിൽ നിയമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഉത്തരവിൽ ഉൾപ്പെടാത്ത, എന്നാൽ ഒഴിവാക്കേണ്ട തസ്‌തികകൾ വേറെ ഉണ്ടെങ്കിൽ അറിയിക്കാൻ കമാൻഡുകളോട് ആവശ്യപ്പെട്ടു. അങ്ങനെ വരുമ്പോൾ തസ്‌തികകളുടെ എണ്ണം ഇനിയും ഉയരും. നേരത്തെ മിലിറ്ററി എൻജിനിയറിങ് സർവീസിലെ (എംഇഎസ്) 9,304 തസ്‌തിക കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു.
പ്രതിരോധമേഖലയിൽ പുറംജോലി കരാറുകൾ നൽകുന്നതിനെ സിവിലിയൻ ജീവനക്കാരുടെ സംഘടനകൾ ശക്തമായി എതിർക്കുന്നുണ്ട്. ജീവനക്കാരുടെ സംഘടനകളുമായൊന്നും കൂടിയാലോചിക്കാതെയാണ് ഇതെല്ലാം നടപ്പാക്കുന്നതെന്ന് അവർ പറഞ്ഞു.ഒറ്റയടിക്ക് 7,845 തസ്‌തിക നിർത്തലാക്കി പുറംജോലി കരാർ നൽകുന്നതിനെതിരെ ഓൾ ഇന്ത്യാ ഡിഫൻസ് എംപ്ലോയിസ് ഫെഡറേഷൻ പ്രതിഷേധം അറിയിച്ചു.
No comments:
Post a Comment