Saturday, August 8, 2020

കണ്‍സള്‍ട്ടന്‍സി വിരോധമെന്തിന്‌?

 കേരളത്തിൽ "കൺസൾട്ടൻസി രാജ്' ആണെന്നും "കരാർ നിയമനങ്ങൾ' വ്യാപകമാണെന്നും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ആക്ഷേപം ഉന്നയിച്ചു. ആരോപണങ്ങൾക്ക് വസ്തുതകളുടെ പിൻബലമുണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ലാത്ത ആളാണ് അദ്ദേഹം. പത്രവാർത്തകളെയും കേട്ടുകേൾവികളെയും അടിസ്ഥാനമാക്കി, സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് എത്രയോതവണ അദ്ദേഹം പരിഹാസ്യനായിട്ടുണ്ട്.


ഒരു പ്രത്യേക മേഖലയിൽ, വിദഗ്ധ ഉപദേശം ലഭിക്കാൻ വൈദഗ്ധ്യമുള്ള സ്ഥാപനത്തെയോ വ്യക്തികളെയോ നിയോഗിക്കുന്നതാണ് കൺസൾട്ടൻസി. ലോകത്ത് അനുദിനം അറിവിന്റെയും ശാസ്ത്രത്തിന്റെയും ചക്രവാളം വികസിക്കുന്നുണ്ട്. വിജ്ഞാനത്തിൻമേൽ സ്വകാര്യ കുത്തകഅവകാശം സ്ഥാപിച്ച്, ചൂഷണ ഉപാധിയാക്കുന്ന മുതലാളിത്ത വ്യവസ്ഥയെ എതിർക്കുമ്പോഴും നാടിന്റെ വികസനത്തിനായി പുത്തൻ അറിവുകൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കാനാകാത്തതാണ്. ഇത്തരത്തിലുള്ള ഒരു ഉദ്യമമാണ് 1987ലെ നായനാർ സർക്കാർ തുടങ്ങിവച്ച്, പിന്നീട് യാഥാർഥ്യമായ കേരളത്തിന്റെ അഭിമാനമായ ടെക്നോപാർക്ക്.

1957 മുതൽ കമ്യൂണിസ്റ്റ് പാർടിക്ക് നേതൃത്വമുള്ള സർക്കാരുകൾ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള നയങ്ങളാണ് സ്വീകരിച്ചത്. പൊതുമേഖല സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുകയും സാവകാശത്തിൽ ആധുനികവൽക്കരിക്കുകയും ചെയ്യുക, വിദ്യാഭ്യാസം–-ആരോഗ്യം–-സാമൂഹ്യക്ഷേമം–-പൊതുവിതരണം–-അധികാരവികേന്ദ്രീകരണം എന്നീ കാര്യങ്ങളിൽ സമഗ്രവികസനം എന്ന ലക്ഷ്യത്തോടെയാണ്  പ്രവർത്തിച്ചത്. 1956ലെ കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിൽ കേരള വികസനത്തിന് മാർഗദർശനം നൽകുന്ന നിർദേശങ്ങൾ അടങ്ങിയിട്ടുണ്ട്. 1957ൽ ഇ എം എസ് ഭരണത്തിൽ വന്നപ്പോൾ മാവൂരിൽ ബിർളയുടെ കമ്പനി കൊണ്ടുവരാൻ മുൻകൈ എടുത്തത് ഈ കാഴ്ചപ്പാടോടെയായിരുന്നു. പുതിയ തൊഴിലവസരങ്ങളും സാമ്പത്തികവളർച്ചയും നേടാൻ കഴിയാതെ ജനങ്ങൾ നിരാശരാകുകയും കമ്യൂണിസ്റ്റ് പാർടിയുടെ ഭരണം പരാജയമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുക എന്ന ദുഷ്ടലാക്കാണ് എക്കാലത്തും കോൺഗ്രസിന് ഉണ്ടായിരുന്നത്.

പുത്തൻ സാങ്കേതികവിദ്യയും സിപിഐ എം  നിലപാടും

സിപിഐ എം പാർടി പരിപാടി വിദേശനിക്ഷേപത്തെയും പുത്തൻ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനെക്കുറിച്ചും വ്യക്തമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. "ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുംവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിൽ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കും. സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള താൽപ്പര്യത്തിനുവേണ്ടി ഫിനാൻസ് മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും' (പാർടി പരിപാടി 6.6).

പതിനെട്ടാം പാർടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത് ഇപ്രകാരമാണ്. ""കേന്ദ്രത്തിൽ പുത്തൻ ഉദാരവൽക്കരണ നയങ്ങളെ നേരിടേണ്ടിവന്ന ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവൺമെന്റുകൾക്ക് ജനങ്ങൾക്ക് അനുകൂലവും സന്തുലിതവുമായ വികസനം ഉറപ്പുവരുത്തുന്ന നയങ്ങൾ പിന്തുടരുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടിവരും. സ്വകാര്യ നിക്ഷേപത്തിന് പ്രോത്സാഹനം നൽകുന്ന അവസരത്തിൽത്തന്നെ നിർണായക മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നു. സാമൂഹ്യമേഖലയിലെ പൊതുനിക്ഷേപത്തെ സംരക്ഷിക്കുകയും കഴിയുമെങ്കിൽ വർധിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാർ അനുവർത്തിച്ചുവരുന്ന നയങ്ങൾമൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദരിദ്രവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി നയങ്ങൾ ഉയർത്തിക്കാണിക്കുന്നു''. ഈ കാഴ്ചപ്പാടുകളുടെകൂടി അടിസ്ഥാനത്തിലാണ് 2016ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക എൽഡിഎഫ് തയ്യാറാക്കിയത്.

അതനുസരിച്ച് സംസ്ഥാനത്തിനനുയോജ്യമായ വികസന പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു. മുടങ്ങിയതും ഒരിക്കലും സാധ്യമാകുമെന്ന് കരുതാത്തതുമായ നാഷണൽ ഹൈവേ വികസനം  നടപ്പാക്കിവരുന്നു. സ്ഥലമേറ്റെടുപ്പ് ഏറെക്കുറെ പൂർത്തിയായി. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയാകാറായി. വ്യവസായങ്ങൾക്കുള്ള ചെലവുകുറഞ്ഞ ഊർജസ്രോതസ്സാണിത്. വൈദ്യുതി പ്രസരണം ആധുനികവൽകരിക്കാനും സോളാർ പവർ ഉൽപ്പാദനം വർധിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ടെക്നോപാർക്കിൽ ഈ സർക്കാർ വന്നശേഷം 52.44 ലക്ഷം സ്ക്വയർഫീറ്റ് ഐടി സ്പേസ് വർധനയുണ്ടായി. 29,510 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചു. 292 പുതിയ കമ്പനി വന്നു. പ്രവാസികൾ അയക്കുന്ന പണം  കമ്പോളം വികസിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നു. റിയൽ എസ്റ്റേറ്റ് വികസന സാധ്യതകളെ ഇത് ത്വരിതപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തും സാങ്കേതികവിദ്യാഭ്യാസ രംഗത്തും പുതിയ സാധ്യതകൾ തുറക്കുന്നു.

അന്തർദേശീയ നിലവാരമുള്ള സാങ്കേതികവിദ്യയും സംരംഭങ്ങളും കേരളത്തിലെത്തിക്കാൻ പരമ്പരാഗത രീതിയിലൂടെതന്നെ സഞ്ചരിച്ചാൽ മതിയോ? നമുക്കനുയോജ്യമായ പദ്ധതികൾക്കായി അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ? പ്രസ്തുത ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് പിണറായി സർക്കാർ ചെയ്തത്. എല്ലാ കാര്യത്തിലും നാം സർവജ്ഞരല്ല. നമുക്ക് അറിയാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. അവയിൽ നമുക്ക് അനുയോജ്യമായത് തേടിപ്പിടിച്ച്, സംസ്ഥാന സർക്കാരിനെ ഉപദേശിക്കാൻ, പദ്ധതികൾ തയ്യാറാക്കാൻ, ഓരോ രംഗത്തും അറിവും അനുഭവവും പ്രവർത്തന മികവുമുള്ള കൺസൾട്ടൻസികളെ നിയോഗിക്കേണ്ടിവരും. ഒരു പ്രത്യേക മേഖലയിൽ വിദഗ്ധ ഉപദേശം നൽകുന്ന പ്രൊഫഷണൽ ഏജൻസികളാണ് കൺസൾട്ടൻസികൾ. കേന്ദ്ര സർക്കാരും മുമ്പത്തെ യുപിഎ സർക്കാരും മിക്ക സംസ്ഥാന സർക്കാരുകളും നൂതന പദ്ധതികൾക്കായി കൺസൾട്ടൻസികളെ നിയോഗിക്കാറുണ്ട്. ഇതിനുമുമ്പുള്ള സർക്കാരുകളും നിയോഗിച്ചിട്ടുണ്ട്.

ഇലക്ട്രിക് ബസ് നിർമാണം,  കെ ഫോൺ, ഐടി  നൂതന പദ്ധതികൾ തുടങ്ങിയവയ്ക്കാണ്  സർക്കാർ കൺസൾട്ടൻസികളെ നിയോഗിച്ചത്. ഇത്തരം പദ്ധതികളിൽ ലോകോത്തര സാങ്കേതികവിദ്യക്കുപകരം  19–-ാം നൂറ്റാണ്ടിലേതുമായി പോയാൽ മതിയോ?  പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ, കൺസൾട്ടൻസിയെ നിയോഗിച്ചാൽ നിശ്ചിത കാലത്തേക്ക് അവർക്ക് പ്രവർത്തിക്കേണ്ടിവരും. അനുയോജ്യരായ വിദഗ്ധരെ അവർക്ക് നിയമിക്കേണ്ടിവരും. അതെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്ന് ശഠിക്കാൻ പറ്റുമോ? സർക്കാർ സർവീസിൽ ഒരു സ്ഥിരം തസ്തിക സൃഷ്ടിച്ച ശേഷമല്ലേ പിഎസ്‌സി വഴി നിയമനം നടത്താൻ പറ്റൂ.

തുടർച്ചയായ പ്രകൃതിദുരന്തങ്ങളും ജിഎസ്ടി നടപ്പാക്കിയതും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ ഇടിവുണ്ടാക്കി. ലക്ഷ്യംവച്ച വളർച്ച കൈവരിക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാർ, റവന്യു വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം മാറ്റിവച്ചും കമ്പോളത്തിൽനിന്ന് വായ്പയെടുത്തും  "കിഫ്ബി' എന്ന സംവിധാനമുണ്ടാക്കി.  കിഫ്ബിയെ ഏതെല്ലാം വിധത്തിലാണ് പ്രതിപക്ഷം ആക്ഷേപിച്ചത്?

എൽഡിഎഫ് സർക്കാരിൽ കൺസൾട്ടൻസി രാജാണ് എന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷനേതാവിന്റെ മുന്നണിഭരണത്തിൽ കൺസൾട്ടൻസിയെ നിയോഗിച്ചിരുന്നു എന്ന സത്യം അവർ മറച്ചുവയ്‌ക്കുന്നു. യാഥാർഥ്യം എന്താണെന്നു നോക്കൂ.

1) 2014ൽ നോളജ് സിറ്റിയുടെ കൺസൾട്ടന്റായി  അക്‌സൻചർ സർവീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം. ഫീസ് 25 ലക്ഷം രൂപ. 24.4.2014ലെ ജിഒ (എംഎസ്) നമ്പർ 2019/2014.

2)പൊലീസ് ക്രൈം ആൻഡ്‌ ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് സിസ്റ്റം. ടാറ്റ കൺസൾട്ടൻസി സർവീസ് 40.38 കോടി രൂപ ചെലവ്. 30.1.2012ലെ സർക്കാർ ഉത്തരവ് നമ്പർ 10/2012/ആഭ്യന്തരം.

3)28.03.2015ൽ 279–-ാം നമ്പർ ചോദ്യത്തിന് നിയമസഭയിൽ സാമൂഹ്യനീതി മന്ത്രി എം കെ മുനീർ പറഞ്ഞത്–- ജൻഡർ പാർക്കിന്റെ കൺസൾട്ടന്റായി സ്പേസ് ആർട്ട് എന്ന സ്ഥാപനത്തെ നിയമിച്ചു.

4)01.12.2014ന് 19–-ാം നമ്പർ ചോദ്യത്തിന് തുറമുഖമന്ത്രി കെ ബാബു നിയമസഭയിൽ പറഞ്ഞത്–-തീരദേശ കപ്പൽ ഗതാഗത പദ്ധതി "ഡിലോയിറ്റ്' എന്ന കൺസൾട്ടൻസിയെ നിയമിച്ചു.

5)30.11.2015ന് 30–-ാം നമ്പർ ചോദ്യത്തിന് മന്ത്രി കെ ബാബു നിയമസഭയിൽ പറഞ്ഞത്–- കണ്ണൂർ വിമാനത്താവളത്തിന്റെ കൺസൾട്ടന്റായി "എയ്കോം ഏഷ്യ കമ്പനി'യെ നിയമിച്ചു.

6)30.11.2015ൽ 25–-ാം നമ്പർ ചോദ്യത്തിന് ഉമ്മൻചാണ്ടി നിയമസഭയിൽ നൽകി മറുപടി. എയർ കേരള പദ്ധതിയുടെ കൺസൾട്ടന്റായി "ഏണസ്റ്റ് ആൻഡ്‌ യങ്' എന്ന കമ്പനിയെ നിയോഗിച്ചു.

7)വൈദ്യുതിബോർഡ് 2014–-2015ലെ വരുമാന അനുമാനത്തിനായി പിഡബ്ല്യുസിയെ കൺസൾട്ടന്റായി നിയമിച്ചു. 21.01.2014ലെ 1063 നമ്പർ ഉത്തരവ്.ഈ കൂട്ടരാണ്, എൽഡിഎഫ് സർക്കാർ കൺസൾട്ടൻസിയെ നിയമിച്ചതിനാക്ഷേപിക്കുന്നത്.

മുമ്പുള്ള എൽഡിഎഫ്‌ സർക്കാരും ചില പ്രൊജക്‌ടുകൾക്കായി കൺസൾട്ടൻസിയെ നിയോഗിച്ചിട്ടുണ്ട്‌.

1)കെൽട്രോൺ–- വിഷ്വൽ പ്ലാൻ –-2009 ഏണസ്റ്റ് ആൻഡ്‌ യങ്.

2)മോഡണൈസേഷൻ ഓഫ് പിഎസ്യുസ് –- 1998 എഎഫ് ഫർഗൂസൻ ആൻഡ്‌ കമ്പനി.

3)കേരള ഇൻഡസ്ട്രിയൽ റിവൈറ്റലൈസേഷൻ ഫണ്ട് ബോർഡ് (കെഐആർഎഫ്ബി) 1998 എസ്ബി ബില്ലിമോറിയ.

4)ഹൈസ്പീഡ് റെയിൽ പദ്ധതി 2010 ഡിഎംആർസി

5)കൊച്ചിൻ–-കോയമ്പത്തൂർ ഇൻഡസ്ട്രിയൽ കോറിഡോർ (ഇൻകൽ)–- മഹീന്ദ്ര കൺസൾട്ടന്റ്സ്.

6)കോഴിക്കോട്–-കിനാലൂർ റോഡ് പദ്ധതി–-വിൽബർസ്മിത്ത്.

7)ഇസ്ലാമിക് ബാങ്ക് –-ഏണസ്റ്റ് ആൻഡ്‌ യങ്.

പൊതുമേഖലാ സംരക്ഷണം

പുതിയ തലമുറ വ്യവസായ പദ്ധതികൾക്കായി ശ്രമിക്കുമ്പോൾ  പരമ്പരാഗത–-ചെറുകിട വ്യവസായങ്ങളെയും പൊതുമേഖലാ വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. കയർ പുനഃസംഘടനാ പദ്ധതി നടപ്പാക്കി. സ്കൂൾ യൂണിഫോം തുണി ഉൽപ്പാദനം കൈത്തറി മേഖലയെ ഏൽപ്പിച്ചത് കൈത്തറിക്ക് പുത്തൻ ഉണർവേകി. തോട്ടം മേഖലയെ സംരക്ഷിക്കാൻ ജസ്റ്റിസ് കൃഷ്ണൻനായർ കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കി. കെഎസ്ആർടിസിയെ പൊതുമേഖലയിൽ സംരക്ഷിച്ച് നിലനിർത്തുന്നു. പൊതുമേഖലാ വ്യവസായങ്ങൾ ലാഭകരമാക്കി. കേന്ദ്രം വിറ്റഴിക്കാൻ ശ്രമിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ്‌ സംസ്ഥാനം.

കോട്ടയം ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, പാലക്കാട് ഇൻസ്ട്രുമെന്റേഷൻ എന്നിവ ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. കാസർകോട് കെൽ ടെൽ സംയുക്തസംരംഭത്തിൽനിന്ന് ഭെൽ പിൻമാറിയപ്പോൾ അവരുടെ ഷെയർ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. ബിപിസിഎല്ലിന്റെ കൊച്ചിൻ റിഫൈനറി, ഹിന്ദുസ്ഥാൻ ലൈഫ് കെയർ കമ്പനികളും സ്വകാര്യവൽക്കരണം അനുവദിക്കില്ലെന്ന ശക്തമായ നിലപാട് സർക്കാർ കൈക്കൊണ്ടു.

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്ക് ജനപക്ഷ ബദൽ ഉയർത്തുന്ന ഏക സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഈ സർക്കാരിനെ തകർക്കാൻ വലതുപക്ഷ രാഷ്ട്രീയകക്ഷികൾ ഒന്നിക്കുന്നത്, അവരുടെ വർഗനിലപാട് വ്യക്തമാക്കുന്നു.

*

എളമരം കരീം

No comments:

Post a Comment