Wednesday, August 5, 2020

രാമക്ഷേത്രനിർമ്മാണം : ചരിത്രം ഇവർക്കൊന്നും ഒരിക്കലും മാപ്പ് നൽകില്ല

ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്താണ് നാളെ ആഗസ്ത് 5 ന് രാമക്ഷേത്രനിർമ്മാണത്തിനുള്ളപണിയാരംഭിക്കുന്നത്.രാജ്യത്തിൻ്റെ പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന് ശിലാന്യാസം നടത്തുന്നതെന്നത് ഇന്ത്യൻ മതനിരപേക്ഷതയുടെ  ദുരന്ത പതനമാകാം .... രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യ ഘടനക്കു നേരെ ഉയർന്നു വരുന്ന മതരാഷ്ട്രവാദത്തിൻ്റെ ആസന്ന ഭീഷണി.രാമക്ഷേത്രത്തിന് ട്രസ്റ്റുണ്ടാക്കി അതിൻ്റെ നേതൃത്വത്തിൽ ക്ഷേത്രം പണിയാനാണ് കോടതി നിർദ്ദേശിച്ചത്.എന്നാൽ കേന്ദ്ര സർക്കാർ ഹിന്ദുത്വ ആഘോഷമാക്കി ന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷതക്കുമെതിരായ വിജയാഹ്ലാദമാക്കി നിർമ്മാണ പ്രവർത്തനങ്ങളെ മാറ്റുകയാണ്. രാജ്യത്തെ ഭയപ്പെടുത്തുകയാണ്...

ഹിന്ദു രാഷ്ട്ര സംസ്ഥാപനത്തിനുള്ള നിർണ്ണായക ചുവട് വെപ്പായി ആർ എസ് എസ് നേതാക്കൾ ക്ഷേത്ര നിർമ്മാണത്തെ കൊണ്ടാടുകയാണ്. ഭൂമിപൂജയും ശിലാന്യാസവുമായവർ ഹിന്ദു രാഷ്ട്രത്തിനായുള്ള വിളംബര പ്രഖ്യാപനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്.  ബി ജെ പിക്കാരോടൊപ്പം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിൽ ആവേശപ്രകടനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണെന്നത് ഇന്ത്യൻ മതനിരക്ഷേതയുടെ പതനഗതിക്ക് വേഗം കൂട്ടുന്നതിൻ്റെ സൂചനകളാവാം.

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അവർ അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത വിളിച്ചു പറഞ്ഞു നമ്മുടെ മതനിരപേക്ഷ സംസ്കാരത്തെയും ചരിത്രത്തെയും അപഹസിക്കുകയാണ്. ബി ജെ പിയിലെയും കോൺഗ്രസിലെയും വരേണ്യരും ഹിന്ദുത്വവാദികളും ഇരു പാർടിയിലാണെങ്കിലും ഒരു പോലെ രാമക്ഷേത്ര നിർമ്മാണ ജ്വരം പടർത്തകയാണ്.

ജനങ്ങളുടെ മതവിശ്വാസത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മതഭ്രാന്തന്മാരായ ഭരണവർഗ്ഗ നേതാക്കൾ ബാബറി മസ്ജിദിൻ്റെ താഴികകുടങ്ങൾ തകർത്തിട്ട അതേ മണ്ണിൽ തന്നെ ഇന്ത്യൻ മതനിരപേക്ഷതക്ക് ശവക്കുഴി തീർത്ത് രാഷ്ട്രശരീരത്തെ കാർന്നുതിന്നുന്ന വർഗീയവൈറസുകളെ പ്രജനനം ചെയ്യിക്കുകയാണ്...

ചരിത്രം ഇവർക്കൊന്നും ഒരിക്കലും മാപ്പ് നൽകില്ല .

കെ ടി കുഞ്ഞിക്കണ്ണൻ 

വിഗ്രഹം ഒളിച്ചുകടത്താനും കോൺഗ്രസ്‌ കാവൽ ; രാമക്ഷേത്രത്തിന്‌ കോൺഗ്രസ്‌ 11 വെള്ളി ഇഷ്ടിക നൽകും

ബാബ്‌റി മസ്‌ജിദിനുള്ളിൽ ബാലരൂപത്തിലുള്ള ശ്രീരാമവിഗ്രഹം ഒളിച്ചുകടത്താൻ സഹായമൊരുക്കിയതും കോൺഗ്രസിലെ  യാഥാസ്ഥിതികവാദികൾ. 1949 ഡിസംബർ 22ന്‌ രാത്രിയിലാണ്‌ മസ്‌ജിദിലേക്ക്‌ വിഗ്രഹം ഒളിച്ചുകടത്തിയത്.‌ 1943 ഡിസംബർ 23ന്‌ അയോധ്യാ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ അഭിറാം ദാസ്‌ എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ വിഗ്രഹം കൊണ്ടുവച്ചതെന്ന്‌ വ്യക്തമാക്കുന്നു.

ഹിന്ദു മഹാസഭ, ആർഎസ്‌എസ്‌ തുടങ്ങിയ തീവ്രഹിന്ദുത്വ സംഘടനകളായിരുന്നു‌ അഭിറാം ദാസിനുപിന്നില്‍. നിയമനടപടിയില്‍  സംരക്ഷണമൊരുക്കിയത്‌ അന്ന്‌ ഐക്യ പ്രവിശ്യകൾ എന്നറിയപ്പെട്ടിരുന്ന ഉത്തർപ്രദേശ്‌ മേഖലയിൽ പ്രധാനമന്ത്രിയായ കോൺഗ്രസ്‌ നേതാവ്‌ ഗോവിന്ദ്‌ വല്ലഭ്‌ പന്ത്‌. മാധ്യമപ്രവർത്തകരായ കൃഷ്‌ണ ഝായും ധീരേന്ദ്ര കെ ഝായും ചേർന്നെഴുതിയ പുസ്തകം ‘അയോധ്യ–- ദി ഡാർക്ക്‌ നൈറ്റ്‌’  ഐക്യ പ്രവിശ്യകളിലെ കോൺഗ്രസ്‌ സർക്കാർ എങ്ങനെയെല്ലാം അയോധ്യാ വിഷയത്തിൽ സംഘപരിവാരത്തെ സഹായിച്ചെന്ന് വെളിപ്പെടുത്തുന്നു‌.

മസ്‌ജിദിന്റെ അകത്തളത്തിനു പുറത്ത് രാംചബൂത്ര എന്ന ഉയർത്തിക്കെട്ടിയ തറയിൽ ക്ഷേത്രം നിർമിക്കണമെന്നായിരുന്നു ഒരു വിഭാഗം സന്ന്യാസിമാർ തുടക്കത്തിൽ ആവശ്യപ്പെട്ടത്. 1949 ഡിസംബറിൽ വിഗ്രഹം സ്ഥാപിച്ചതോടെ പള്ളി നിൽക്കുന്നിടത്ത്‌ അമ്പലമെന്ന ആവശ്യം പരിവാർ സംഘടനകൾ ഉയർത്തി‌.  വിഗ്രഹം സ്വയംഭൂവായെന്ന പ്രചാരണം‌  പിന്നീടുണ്ടായി. എന്നാൽ, പൊലീസ്‌ എഫ്‌ഐആറിൽ അഭിറാം ദാസ്‌ അടക്കമുള്ളവരുടെ ചെയ്തി വിശദമാക്കുന്നു. ഐക്യപ്രവിശ്യയിലെ കോൺഗ്രസ്‌ സർക്കാരും ഫൈസാബാദ്‌ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന കെ കെ നായരടക്കമുള്ള ഉദ്യോഗസ്ഥപ്രമുഖരും കുഴപ്പക്കാർക്ക്‌ അനുകൂല നിലപാട്‌ സ്വീകരിച്ചു. 

ഗാന്ധിവധംമുതൽ 1950ൽ സർദാർ വല്ലഭായ്‌ പട്ടേൽ മരിക്കുംവരെ കോൺഗ്രസിനുള്ളിൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ മതനിരപേക്ഷ വാദികളും പട്ടേലിന്റെ നേതൃത്വത്തിൽ യാഥാസ്ഥിതികരും തമ്മിൽ രൂക്ഷമായ ചേരിപ്പോര്‌ നിലനിന്നു. പട്ടേൽ പക്ഷത്തോടൊപ്പമായിരുന്നു ജി ബി‌ പന്ത്‌‌. ഐക്യപ്രവിശ്യയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിന്‌ വർഗീയസംഘടനകളുടെ പിന്തുണയും സഹായവും പന്ത്‌ നിർലോഭം നേടി.

അമ്പതുകളുടെ അവസാനത്തോടെ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ വാദികൾ കോൺഗ്രസിൽ മേൽക്കൈ നേടി.  വര്‍ഷങ്ങള്‍ക്കുശേഷം ശിലാന്യാസ് അടക്കം അനുവദിച്ച രാജീവ്‌ ഗാന്ധി സർക്കാരിന്റെ വഴിവിട്ട നടപടി മസ്‌ജിദ്‌ തകർക്കുന്നതിന്‌ വഴിവച്ചു.

രാമക്ഷേത്രത്തിന്‌ കോൺഗ്രസ്‌ 11 വെള്ളി ഇഷ്ടിക നൽകും

രാമക്ഷേത്ര നിർമാണത്തിന്‌ മധ്യപ്രദേശ്‌ കോൺഗ്രസ്‌ യൂണിറ്റ്  വെള്ളികൊണ്ടുണ്ടാക്കിയ പതിനൊന്ന്‌ ഇഷ്‌ടിക നൽകുമെന്ന്‌ പാർടി അധ്യക്ഷൻ കമൽനാഥ്‌. ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രനിർമാണത്തെ സ്വാഗതം ചെയ്ത കമൽനാഥ്‌ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയാണ്‌ ഇതിന്‌ തുടക്കം കുറിച്ചതെന്നും പറഞ്ഞു. 1989ൽ ക്ഷേത്രത്തിന്‌ തറക്കല്ലിട്ടത്‌ രാജീവ്‌ ഗാന്ധിയാണ്‌. വെള്ളിക്കട്ടകൾ നൽകുന്നതുസംബന്ധിച്ച്‌  കൂടുതൽ വിവരങ്ങൾ കമൽനാഥ്‌ പുറത്തുവിട്ടില്ല. തങ്ങൾ എന്തെങ്കിലും ചെയ്യുന്നത്‌ ബിജെപിക്ക്‌ മുഷിപ്പുണ്ടാക്കുന്നുവെന്ന്‌ പറഞ്ഞ കമൽനാഥ്‌  ബിജെപിക്ക്‌ ഏതെങ്കിലും മതത്തിൽ കുത്തകാവകാശമുണ്ടോയെന്നും ചോദിച്ചു.

എം പ്രശാന്ത‌്

കോവിഡ്‌ മാനിക്കാതെ ആഘോഷം ; അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമിപൂജ ആഘോഷമാക്കുന്നു

കോവിഡ്‌ മഹാമാരി സൃഷ്ടിച്ച ആരോഗ്യപ്രതിസന്ധി വകവയ്ക്കാതെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമിപൂജ ആഘോഷമാക്കുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ കോവിഡ്‌ മാനദണ്ഡപ്രകാരം മതപരമായ സമ്മേളനങ്ങൾ പാടില്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കം 175 പേർ ബുധനാഴ്‌ച ഭൂമിപൂജയില്‍ പങ്കെടുക്കും. ഇവരിൽ 135 പേർ പുരോഹിതരും മതനേതാക്കളും‌. ക്ഷേത്രനിർമാണച്ചുമതല ട്രസ്റ്റിനെ ഏൽപ്പിക്കാനാണ്‌ സുപ്രീംകോടതി ഉത്തരവ്‌. ട്രസ്റ്റ്‌ നിലവിലുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ മുന്നിട്ടാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്‌ച അയോധ്യയിൽ താൽക്കാലിക രാമക്ഷേത്രത്തിലെ പുരോഹിതനും 15 പൊലീസുകാർക്കും കോവിഡ്‌ സ്ഥിരീകരിച്ചെങ്കിലും സംസ്ഥാനമന്ത്രി കമലറാണി വരുൺ കോവിഡിന് ഇരയായെങ്കിലും ചടങ്ങില്‍ മാറ്റംവരുത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്‌ച രാവിലെ പ്രത്യേകവിമാനത്തിൽ ലഖ്‌നൗവിൽ എത്തും. ഹെലികോപ്‌റ്ററിൽ അയോധ്യയിലെത്തും. ഹനുമാൻക്ഷേത്രത്തിലും രാംലല്ലയിലും പ്രാര്‍ഥിക്കും. 40 കിലോ വരുന്ന വെള്ളിശിലയിട്ടാണ്‌ പ്രധാനമന്ത്രി ക്ഷേത്രനിർമാണത്തിന്‌ തുടക്കംകുറിക്കുക. ചടങ്ങ് ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യും. ബാബറി മസ്‌ജിദ്‌ നിലനിന്ന 2.77 ഏക്കറിലാണ് ക്ഷേത്രമുയരുക.

പ്രധാനമന്ത്രി നരേന്ദ്ര മോഡി 2019ലെ തെരഞ്ഞെടുപ്പില്‍ അയോധ്യവിഷയം ഉന്നയിക്കുകയോ സ്ഥലം സന്ദർശിക്കുകയോ ചെയ്‌തില്ല. പുൽവാമ ഭീകരാക്രമണവും ബാലക്കോട്ട്‌ വ്യോമാക്രമണവും ഉയർത്തിയാണ്‌ ധ്രുവീകരണം സൃഷ്ടിച്ചത്‌. രണ്ടാംതവണ അധികാരത്തിൽ വന്നശേഷം സാമ്പത്തികമാന്ദ്യം രാജ്യത്ത്‌ ശക്തമായതോടെയാണ്‌ മോഡിസർക്കാർ കശ്‌മീരും അയോധ്യയും വിഷയമാക്കിയത്‌. രാമക്ഷേത്രനിർമാണത്തിനുള്ള ചാലകശക്തിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നതായി നവംബറിൽ സുപ്രീംകോടതി വിധിയോട്‌ മോഡി പ്രതികരിച്ചു.

No comments:

Post a Comment