Wednesday, August 5, 2020

കശ്‌മീർ ; കനലൊളിപ്പിച്ച താഴ്‌വര

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്‌ക്കുമൊപ്പം 2019 ആഗസ്‌ത്‌ ഒമ്പതിന്‌ ശ്രീനഗറിൽ വിമാനമിറങ്ങുമ്പോൾ കശ്‌മീർ താഴ്‌വര ചാരത്താൽ മൂടപ്പെട്ട കനലിന്‌ സമാനം. പുറമേയ്‌ക്ക്‌ ശാന്തമെങ്കിലും പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരായ പ്രതിഷേധച്ചൂട്‌ എവിടെയും നിറഞ്ഞു. ആഗസ്‌ത്‌ അഞ്ചിന്‌ രാജ്യസഭയിലെ അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ 370–-ാം വകുപ്പ്‌ റദ്ദാക്കുന്നതിന്‌ മുമ്പായിത്തന്നെ  ഭരണകൂടം  കശ്‌മീരിനെ വലിയൊരു ജയിലറയാക്കിമാറ്റി. അതുകൊണ്ടുമാത്രം പ്രത്യക്ഷപ്രതിഷേധം കാര്യമായുണ്ടായില്ല. 

ഒരുക്കം മുമ്പേ തുടങ്ങി

370–-ാം വകുപ്പ്‌ റദ്ദാക്കുന്നതിനുള്ള ഒരുക്കം രാജ്യസഭയിലെ അമിത്‌ ഷായുടെ പ്രഖ്യാപനത്തിന്‌ ദിവസങ്ങൾക്ക്‌ മുമ്പുതന്നെ ആരംഭിച്ചു. അമർനാഥ്‌ യാത്ര നിർത്തി. ലഡാക്കിൽനിന്നും മറ്റും പതിനായിരക്കണക്കിന്‌ സൈനികരെ താഴ്‌വരയിലിറക്കി. രാഷ്ട്രീയനേതാക്കളെയെല്ലാം കരുതൽതടങ്കലിലാക്കി. കർഫ്യൂ പ്രഖ്യാപിച്ചു. ശ്രീനഗർ അടക്കം പ്രധാന മേഖല സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഫോണും ഇന്റർനെറ്റുമടക്കം എല്ലാ വാർത്താവിനിമയ ബന്ധവും വിച്‌ഛേദിച്ചു. ടിവി ചാനലുകളും റേഡിയോകളും നിശ്‌ചലം. പത്രഓഫീസുകൾ അടച്ചു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനാകാതെ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലും വിദേശത്തും കഴിയുന്നവര്‍ ആകുലരായി.

സര്‍‌വം നിശ്ചലമായ ദിവസങ്ങള്‍

തരിഗാമി അടക്കമുള്ള പാർടി സഖാക്കളുടെ വിവരമറിയാനാണ്‌ യെച്ചൂരിയും രാജയും ഡൽഹിയിൽനിന്ന്‌ പുറപ്പെട്ടത്‌‌. പ്രത്യേകപദവി എടുത്തുകളഞ്ഞശേഷം പുറത്തുനിന്ന്‌ താഴ്‌വരയിൽ‌ എത്തുന്ന ആദ്യ മാധ്യമപ്രവർത്തകനെന്ന സവിശേഷതയോടെയാണ്‌ നേതാക്കൾക്കൊപ്പം ശ്രീനഗറിൽ വിമാനമിറങ്ങിയത്‌‌. എന്നാൽ, നഗരത്തിലേക്ക്‌ നീങ്ങാൻ യെച്ചൂരിക്കും രാജയ്‌ക്കും അനുമതിയുണ്ടായില്ല. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചയച്ചു. പൊലീസ്‌ തടഞ്ഞപ്പോൾ അവർക്കൊപ്പം നീങ്ങാതെ വിമാനത്താവളത്തിൽനിന്ന്‌ പുറത്തുകടന്നു. കണക്‌ഷനില്ലാതെ മൊബൈൽ നിശ്‌ചലമായി. എങ്ങോട്ട്‌ പോകണം ആരെ കാണണം എന്നറിയാതെ പതറിയ നിമിഷം.

ആദ്യം കണ്ട ടാക്‌സിയിൽ കയറി. ഡൽഹിയിൽ നിന്നുള്ള മാധ്യമപ്രവർത്തകനെന്ന്‌ അറിയിച്ചപ്പോൾ നഗരത്തിൽ കുഴപ്പങ്ങളാണെന്നും മടങ്ങുന്നതാണ്‌ നല്ലതെന്നും ഉപദേശം. നിർബന്ധിച്ചപ്പോൾ സമീപമുള്ള ഹോട്ടലിൽ എത്തിച്ചു. ഒരാഴ്‌ചയോളം താഴ്‌വരയിൽ. ശ്രീനഗർ പൂർണമായും നിശ്‌ചലം. റോഡുകളിൽ പട്ടാളവണ്ടികൾമാത്രം. എവിടെയും ബാരിക്കേഡുകളും മുള്ളുവേലികളും. കടകളും മറ്റും പൂർണമായും അടഞ്ഞുകിടന്നു. തുടർന്നുള്ള ദിവസങ്ങളിൽ യാത്രയ്‌ക്കും മറ്റും ഏറെ ബുദ്ധിമുട്ടി. ലാൽചൗക്കിലെ പത്രംഓഫീസുകളിലും മറ്റും പോയി വിവരങ്ങളെടുത്തു. വീട്ടുതടങ്കലില്ലാത്ത ചില പൊതുപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും കണ്ടു. താഴ്‌വരയിൽ ഇനി എന്തും സംഭവിക്കാമെന്ന ആശങ്കയാണ്‌ അവർ പങ്കുവച്ചത്‌. 

തരിഗാമിയുടെ വസതിയിലെത്തിയെങ്കിലും കാണാനായില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലേറും മറ്റും നടക്കുന്നതായി വിവരം ലഭിച്ചു. സൈന്യം വ്യാപകമായി പെല്ലറ്റ്‌ തോക്കുകൾ പ്രയോഗിച്ചു.  വിമാനത്താവളത്തിന്‌ സമീപം ചുരുക്കം ലാൻഡ്‌ഫോണുകൾ പ്രവർത്തിച്ചതിനാൽ വാർത്തകൾ പുറത്തേക്ക്‌ എത്തിക്കാനായി. ബലിപെരുന്നാൾ ദിവസത്തിൽപ്പോലും ശ്രീനഗർ ശോകമൂകമായിരുന്നു. ഇപ്പോൾ മറ്റൊരു ബലിപെരുന്നാൾകൂടി ആഘോഷങ്ങളില്ലാതെ കടന്നുപോയി. താഴ്‌വര അസ്വസ്ഥമായിത്തന്നെ തുടരുന്നു.

എം പ്രശാന്ത്‌

ജമ്മു കശ്‌മീര്‍, ലഡാക്ക്‌ ; നഷ്ടങ്ങളുടെ 12 മാസം

പിന്നിട്ടത് ജമ്മു- കശ്‌മീരിനും ലഡാക്കിനും നഷ്ടങ്ങള്‍മാത്രം സമ്മാനിച്ച 12 മാസം. 2019 ആഗസ്‌ത്‌ അഞ്ചിന് നിലച്ച 4ജി ഇന്റർനെറ്റ്‌ സേവനം ഇനിയും തിരിച്ചെത്തിയിട്ടില്ല. ഓൺലൈൻ വാണിജ്യ–-സേവന മേഖല ആകെ തളര്‍ന്നു. പഴം, കരകൗശലവസ്‌തു വ്യാപാരം മന്ദഗതിയില്‍.

വീഡിയോ കോളുകൾ മുറിയുന്നു.  ജിഎസ്‌ടി റിട്ടേൺ ഫയലിങ്‌ അടക്കം തടസ്സപ്പെടുന്നു.  കൊറിയർ കമ്പനികളെയും ഇന്റർനെറ്റ്‌ നിരോധനം വളരെ മോശമായി ബാധിച്ചു. പ്രതിദിനം ശരാശരി 10,000ൽപ്പരം ഉൽപ്പന്നങ്ങൾ കൊറിയർ കമ്പനികൾ കൈകാര്യം ചെയ്‌തിരുന്നു. 4ജി സേവനം  കിട്ടാത്തതിനാൽ ഇത്‌ 1000–-2000 വരെയായി ഇടിഞ്ഞുവെന്ന്‌ കശ്‌മീർ കൊറിയർ അസോസിയേഷൻ പ്രസിഡന്റ്‌ സഹൂർ ഖ്വാരി പറഞ്ഞു. 

ഇന്റർനെറ്റ്‌  സേവനം തടയുന്നത്‌ ജമ്മു- കശ്‌മീരിൽ പതിവാണെങ്കിലും ഒറ്റവര്‍ഷം കഴിഞ്ഞും തുടരുന്ന നിരോധനം ആദ്യം. ദുരുപയോഗം ഭയന്നാണ്‌ 4ജി അനുവദിക്കാത്തതെന്ന്‌ ജമ്മു -കശ്‌മീർ ലഫ്‌. ഗവർണർ ജി സി മുർമു പറയുന്നു. 4ജി നിരോധനം ആഗസ്‌ത്‌ 19 വരെ നീട്ടി. സുപ്രീംകോടതിയിൽ  വിവിധ സംഘടനകളുടെ ഹർജികളിന്മേൽ വാദം തുടരുന്നു. കേസ്‌ ഏഴിന്‌ പരിഗണിക്കും.

തൊഴിലില്ലായ്‌മ 16 ശതമാനം

ഒറ്റ തൊഴിലവസരംപോലും പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു. അതേസമയം, ആയിരക്കണക്കിനുപേർ തൊഴിൽരഹിതരായി. വിനോദസഞ്ചാര, കരകൗശല, ഹോട്ടിക്കൾച്ചർ, ഖനന, താൽക്കാലിക തൊഴിൽ മേഖലകളിൽ വൻതോതിൽ നഷ്ടമുണ്ടായി–-തരിഗാമി ചൂണ്ടിക്കാട്ടി. സർക്കാർ സർവീസിലെ അരലക്ഷം ഒഴിവുകൾ നികത്തുമെന്ന പ്രഖ്യാപനം നടപ്പായില്ല. 16 ശതമാനമാണ്‌ തൊഴിലില്ലായ്‌മാ നിരക്ക്‌. ബിരുദാനന്തരബിരുദമുള്ള തൊഴിൽരഹിതരുടെ എണ്ണം മൂന്ന്‌ ലക്ഷം‌.

അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിലും വാഗ്‌ദാനങ്ങൾ നിറവേറ്റാൻ കേന്ദ്രസർക്കാരിന്‌ കഴിഞ്ഞില്ല. സമാധാനം പുനഃസ്ഥാപിക്കുമെന്ന്‌ കേന്ദ്രം അവകാശപ്പെട്ടുവെങ്കിലും രക്തച്ചൊരിച്ചിലിന്‌ അറുതിയില്ല. തീവ്രവാദആക്രമണങ്ങൾ പതിവായി നടക്കുന്നു. കോവിഡ്‌ വ്യാപനം തടയുന്നതിലും‌ ഗുരുതര വീഴ്‌ച. 400ൽപ്പരം മരണം. ദിവസവും ആയിരക്കണക്കിന് രോ​ഗികള്‍.

കോടതിയിൽ തീർപ്പാകാതെ ഹർജികൾ

കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ ചോദ്യംചെയ്യുന്ന ഹർജികളിൽ ഇനിയും തീർപ്പുകൽപ്പിക്കാതെ സുപ്രീംകോടതി. വേഗത്തിൽ തീർപ്പുവേണമെന്ന് അപേക്ഷിച്ചെങ്കിലും ജനുവരിക്കുശേഷം അവ പരിഗണിച്ചിട്ടില്ല. ജസ്‌റ്റിസ്‌ ആർ വി രമണ്ണയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ്‌ 23 ഹർജി പരിഗണിക്കുന്നത്‌. കേസ്‌ വിപുലമായ ബെഞ്ചിന്‌ വിടണമെന്ന ആവശ്യം കോടതി തള്ളി.

നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെതിരായ നിരവധി ഹേബിയസ്‌കോർപസ് ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്‌. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിക്കായി സമർപ്പിക്കപ്പെട്ട ഹർജിയിൽ കോടതി ഇടപെട്ടിരുന്നു.  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ ശ്രീനഗർ സന്ദർശിക്കാനും തരിഗാമിയെ കാണാനും അനുമതി നൽകി.  യെച്ചൂരി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തരിഗാമിക്ക്‌ ഡൽഹി എയിംസിൽ ചികിൽസയ്‌ക്ക്‌ കോടതി സൗകര്യമൊരുക്കി. ഭരണകൂടത്തിന്റെ വിലക്കുകൾ ഭേദിച്ച്‌ വീട്ടുതടങ്കലിൽനിന്ന്‌ ആദ്യം പുറത്തുകടക്കാനായ നേതാവാണ്‌ തരിഗാമി. തുടർന്ന്‌, മെഹ്‌ബൂബ മുഫ്‌തി, ഒമർ അബ്‌ദുള്ള തുടങ്ങിയവർക്കായും ഹേബിയസ്‌ സമർപ്പിക്കപ്പെട്ടു.

ഇന്റർനെറ്റ്‌ വിച്‌ഛേദിക്കൽ അടക്കമുള്ള സർക്കാർ നടപടികളെ ചോദ്യംചെയ്‌തുള്ള ഹർജികളിലും കോടതി ഇടപെട്ടു. തുടർന്ന്‌, മൊബൈൽ സേവനം പുനഃസ്ഥാപിച്ചു.

No comments:

Post a Comment