എൽഡിഎഫ് ഭരണത്തിൽ യുപി അധ്യാപകനിയമനം അഞ്ചിരട്ടിയിലേറെ ; യുഡിഎഫ് കാലത്ത് നിയമനശുപാർശ അയച്ചത് വെറും 802 പേർക്ക്
തിരുവനന്തപുരം > യുപി സ്‌കൂൾ അസിസ്‌റ്റന്റ തസ്തികയിലേക്കുള്ള നിയമനം എൽഡിഎഫ് ഭരണത്തിൽ അഞ്ചിരട്ടിയിലേറെ. അവസാന രണ്ട് റാങ്ക്‌ലിസ്‌റ്റിൽ നിന്നായി എൽഡിഎഫ് സർക്കാർ 4446 പേർക്ക് നിയമനം നൽകിയപ്പോൾ യുഡിഎഫ് കാലത്ത് നിയമനശുപാർശ അയച്ചത് വെറും 802 പേർക്ക്.
കാറ്റഗറി നമ്പർ 389/2008 റാങ്ക്‌ലിസ്‌റ്റ് വിവിധ ജില്ലകളിൽ 2012–-13ലാണ് നിലവിൽവന്നത്. ഏറെക്കുറെ രണ്ടര വർഷത്തോളം യുഡിഎഫ് ഭരണത്തിൽ 802 പേർക്ക് മാത്രമാണ് അഡ്വൈസ് അയച്ചത്. 2016ൽ എൽഡിഎഫ് വന്നശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ഇതേ ലിസ്‌റ്റിൽനിന്ന് 1543 പേർക്ക് നിയമനം നൽകി. അടുത്ത റാങ്ക്‌ലിസ്‌റ്റ് (കാറ്റഗറി നമ്പർ 386/2014) 2018 ഡിസംബറിലും 2019 ജനുവരിയിലുമായി വന്നു. 3969 പേരുടെ മെയിൻലിസ്‌റ്റുള്ള പട്ടികയിൽനിന്ന് ഈ സർക്കാർ 2903 പേർക്ക് നിയമനം നൽകി.
ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യിക്കാൻ സർക്കാരും നിയമനശുപാർശ അയക്കാൻ പിഎസ്‌സിയും തയ്യാറായതാണ് ഇത്രയേറെ നിയമനം സാധ്യമാക്കിയത്.
സിവിൽ പൊലീസ് ഓഫീസർ നിയമനം : എൻജെഡി ഒഴിവിൽ നിയമിച്ചത് 585 പേരെ
സിവിൽ പൊലീസ് ഓഫീസർ നിയമനത്തിന്റെ പേരിൽ കള്ളപ്രചാരണം നടത്തുന്നവർ പുറത്തുവിടുന്ന എൻജെഡി (നോട്ട് ജോയിനിങ് ഡ്യൂട്ടി) ഒഴിവുകളുടെ കണക്ക് വളച്ചൊടിച്ചത്. ജൂൺ 30ന് കാലാവധി അവസാനിപ്പിച്ച റാങ്ക് പട്ടികയിലെ 585 നിയമനം എൻജെഡി ഒഴിവിലാണ്. എന്നാൽ, വിവിധ കാരണങ്ങളാൽ (പഠനം, ശാരീരിക പ്രശ്‌നം) ജോലിയിൽ പ്രവേശിക്കാനുള്ള കാലാവധി നീട്ടി ചോദിച്ചവരുടെ എണ്ണവും എൻജെഡി വിഭാഗത്തിൽപെടുത്തിയാണ് ചിലർ തെറ്റായ കണക്ക് പെരുപ്പിക്കുന്നത്.
നിയമന ശുപാർശ കിട്ടിയശേഷം ജേയിൻ ചെയ്യുന്നില്ലെന്ന് വകുപ്പിന് എഴുതിക്കൊടുക്കുന്നതുമാത്രമാണ് എൻജെഡി.
പഠനം, ആരോഗ്യം തുടങ്ങിയ കാരണങ്ങളാൽ നിയമന ശുപാർശ കിട്ടിയ ചിലർ സാവകാശം ചോദിക്കും. സർവീസ് ചട്ടപ്രകാരം സീനിയോറിറ്റി നഷ്ടപ്പെടുത്തി ജോലിയിൽ പ്രവേശിക്കാൻ അവർക്ക് കാലാവധി നീട്ടി നൽകും. ഇവ ഒരിക്കലും എൻജെഡിയല്ല. അവർ പിന്നീട് ജോലിയിൽ പ്രവേശിക്കും.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കേന്ദ്രീകൃത സംവിധാനം
കേരള പൊലീസിൽ ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നത് കേന്ദ്രീകൃത സംവിധാനംവഴി. ഇതിനുമാത്രമായി പൊലീസ് ആസ്ഥാനത്ത് ഒരു സെക്‌ഷനുണ്ട്. ഇവരുടെ നിരന്തര ശ്രമഫലമായാണ് 2018 ജനുവരി 11നും 2020 ജൂൺ 30നും കാലവധി അവസാനിച്ച സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽനിന്ന് കൂടുതൽ പേർക്ക് നിയമനം നൽകാനായത്. നേരത്തേ ബറ്റാലിയൻ ആസ്ഥാനത്തിനായിരുന്നു ഇതിന്റെ ചുമതല. നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ഇത്. അയാപ്‌സ് പോർട്ടൽവഴിയാണ് ഒഴിവുകൾ കണ്ടെത്തുന്നത്.
റഷീദ‌് ആനപ്പുറം
No comments:
Post a Comment