Friday, August 7, 2020

പാര്‍സല്‍ സംബന്ധിച്ച് 'മാതൃഭൂമി' പടച്ചുവിടുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്ത; നടപടി സ്വീകരിക്കും: ജലീല്‍

 തിരുവനന്തപുരം> യുഎഇ കോണ്‍സുലേറ്റില്‍ എത്തിയ പാര്‍സല്‍ സംബന്ധിച്ച് തനിക്കെതിരെ  കഴിഞ്ഞ ദിവസം (6.7.2020) 'മാതൃഭൂമി'  ദിനപത്രത്തിന്റെ  തിരുവനന്തപുരം  എഡിഷനില്‍  വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് മന്ത്രി കെടി ജലീല്‍. വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ബോധപൂര്‍വം പടച്ചുണ്ടാക്കിയതാണ് ഇതെന്ന് വ്യക്തമാണെന്നും നടപടി സ്വീകരിക്കുമെന്നും  ജലീല്‍ പ്രതികരിച്ചു.

യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി കെടി ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ്  കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ എന്ന് തുടങ്ങുന്ന വാര്‍ത്തയില്‍ കോണ്‍സുലേറ്റില്‍ ഇതുവരെ വന്ന പാര്‍സലില്‍ മതഗ്രന്ഥങ്ങള്‍ ഉള്ളതായി രേഖകളില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും മാതൃഭൂമി ഇന്നലെ നല്‍കിയ വ്യാജ വാര്‍ത്തയില്‍ പറയുന്നു. ഇതിനെതിരെയാണ്  മന്ത്രിയുടെ പ്രതികരണം.

 യുഎഇ കോണ്‍സുലേറ്റ് അയച്ച ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകള്‍, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിക്കുന്നുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാള്‍, പന്താവൂര്‍ അല്‍-ഇര്‍ഷാദ് - 9037569442 . ആലത്തിയൂര്‍ ഖുര്‍ആന്‍ അക്കാദമി - 9746941001).

  ഭക്ഷണക്കിറ്റുകളും ഖുര്‍ആന്‍ കോപ്പികളും ഉണ്ടെന്നും അവ നല്‍കാന്‍ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് യുഎഇ  കോണ്‍സല്‍ ജനറല്‍ മെയ് 27 ന് മന്ത്രിക്കയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ജലീല്‍  പുറത്തുവിട്ടു

 പച്ചക്കള്ളം അടിച്ചു വിടുന്നത് മാതൃഭൂമി ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പത്രധര്‍മ്മത്തിന് ചേര്‍ന്നതാണോ എന്ന്

അവരാലോചിക്കുന്നത് ഉചിതമാകുമെന്നും ജലീല്‍ വ്യക്തമാക്കി.

സി ആപ്റ്റില്‍ നിന്ന് പോയ പെട്ടിയില്‍ ഉണ്ടായിരുന്ന ഖുര്‍ആന്‍ കോപ്പികളുടെയും അതുവെച്ചിരുന്ന പെട്ടിയുടെയും എല്ലാം ചിത്രങ്ങള്‍   ഉണ്ട്‌ . അറബി ഭാഷ അറിയുന്ന ആരെക്കൊണ്ടെങ്കിലും വായിപ്പിച്ചാല്‍ ഇവയെല്ലാം ഔദ്യോഗികമാണോ അല്ലയോ എന്ന് മനസ്സിലാക്കാമെന്നും ജലീല്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി

No comments:

Post a Comment