Thursday, August 6, 2020

നുണകൾ നിറച്ച നിയമന വിവാദം

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ നയതന്ത്രബാഗിൽ സ്വർണക്കടത്ത് നടത്തിയ കേസിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ പ്രചാരണങ്ങൾ ഏൽക്കുന്നില്ലെന്ന്‌ വന്നപ്പോഴാണ് മാധ്യമങ്ങൾ പുതിയ വിഷയം കണ്ടെത്തിയത്. ‘കേരളത്തിലെ സർക്കാർ അർഹമായ തൊഴിൽപോലും നൽകാതെ തൊഴിൽരഹിതരെ വഞ്ചിക്കുന്നു. പിഎസ്‌സി ലിസ്റ്റിൽ വരുന്നവർക്കുപോലും ജോലി കിട്ടുന്നില്ല’ തുടങ്ങിയ പ്രചാരണങ്ങളാണ് നടക്കുന്നത്. സിപിഐ എം പ്രതിനിധികൾ പങ്കെടുക്കാതെ വന്നതോടെ വൈകുന്നേര ചർച്ചകളുടെ വിപണിമൂല്യം ഇടിഞ്ഞു എന്നുകണ്ട ‘പ്രമുഖചാനലാ’ണ്‌ തുടക്കമിട്ടത്. ഇപ്പോൾ മറ്റുള്ളവരും  അത് ഏറ്റെടുത്തു.

തൊഴിൽ നിഷേധിക്കാൻ സർക്കാരുകൾ പലരീതികൾ സ്വീകരിക്കാറുണ്ട്. നിയമനനിരോധനമാണ് ഒന്ന്. കേരളത്തിൽ ഒരു വകുപ്പിലും നിയമനവിലക്കുള്ളതായി ശത്രുക്കൾപോലും പറയുന്നില്ല. നിലവിലെ ജീവനക്കാരുടെ പെൻഷൻപ്രായം ഉയർത്തിയാലും ഒഴിവുകൾ കുറയ്ക്കാം.അങ്ങനെ ഒരു ആലോചനപോലും ഇല്ലെന്ന്‌ ധനമന്ത്രി ആവർത്തിച്ച്‌ വ്യക്തമാക്കുന്നു. പബ്ലിക് സർവീസ് കമീഷനിലേക്ക് ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാതിരിക്കലും ഉള്ള ഒഴിവുകളിൽ നിയമനം നടത്താതിരിക്കലുമാണ് മൂന്നാമത്തെ വഴി. ഇങ്ങനെ സർക്കാർ ചെയ്തു എന്ന മട്ടിലാണ് പ്രചാരണം.

ഇത്തരം ഒരു ആരോപണത്തിന്‌ മറുപടി കണക്കുകൾമാത്രമാണ്. ആ കണക്കുകൾ ആർക്കും ലഭിക്കുന്നതുമാണ്. സർക്കാർ സർവീസിലെ ഒഴിവുകൾ എല്ലാക്കാലത്തും ഒരുപോലെ ആകണം എന്നില്ല. എല്ലാവർഷവും ഒരേപോലെ വിരമിക്കലും സ്ഥാനക്കയറ്റവും ഉണ്ടാകണം എന്നില്ല. എങ്കിലും ഈ സർക്കാർ വന്നശേഷമുള്ള നാലുവർഷം പിഎസ്‌സി വഴി നടന്ന നിയമനവും മുൻ സർക്കാരിന്റെ ആദ്യ നാലുവർഷക്കാലത്തെ നിയമനക്കണക്കും താരതമ്യം ചെയ്യാവുന്നതാണ്. യുഡിഎഫ് ഭരണത്തിൽ ആദ്യനാലുകൊല്ലം പിഎസ്‌സി വഴി ആകെ നടന്നത് 1,23,000 നിയമനമാണ്. എൽഡിഎഫ് വന്നശേഷം ആദ്യ നാലുവർഷം 1,33,000 നിയമനവും. അതായത്, ഇടത് സർക്കാർ ഉമ്മൻ‌ചാണ്ടി സർക്കാരിനേക്കാൾ 10,000 നിയമനം കൂടുതൽ നടത്തി എന്ന് വ്യക്തം. ഈ കണക്ക് ഒളിപ്പിച്ചാണ് പ്രചാരണം. ഇങ്ങനെ കണക്കുകൾ ഉദ്ധരിച്ചാൽ പൊളിയും എന്നതിനാൽ നിയമനം കിട്ടാത്തവരുടെ വൈകാരികതമാത്രം മുതലെടുത്ത്‌ വാർത്ത സൃഷ്ടിക്കാനാണ് ഇപ്പോൾ ശ്രമം.

4965 തസ്തികയും ഈ കാലയളവിൽ പൊലീസിൽ പുതുതായി സൃഷ്ടിച്ചു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ സ്വീകരിച്ച സീറോ വേക്കൻസി സമീപനമാണ് സർക്കാർ ഇപ്പോഴും തുടരുന്നത്. അതായത്, 2021 ഡിസംബർവരെയുള്ള ഒഴിവുകൾ കണക്കാക്കി ഇപ്പോഴേ നിയമനം നടത്തുന്നു

പൊലീസിലെ നിയമനം സംബന്ധിച്ചാണ് മുഖ്യപ്രചാരണം. ഇവിടെയും കണക്കുകൾ താരതമ്യപ്പെടുത്തി സംസാരിക്കാൻ മാധ്യമങ്ങൾ തയ്യാറല്ല. യുഡിഎഫ് കാലത്ത് ആകെ 4796 ഒഴിവിൽ നിയമനം നടന്ന സ്ഥാനത്ത് എൽഡിഎഫ് സർക്കാർ ഇതുവരെ നടത്തിയത് 11,268 നിയമനമാണ്. ഇരട്ടിയിലേറെ. എന്നിട്ടും പൊലീസിൽ നിയമനമില്ല എന്നാണ്‌ നുണ പ്രചാരണം.

ആകെ അമ്പതിനായിരത്തിൽ താഴെ സിവിൽ പൊലീസ് ഓഫീസർമാർമാത്രമുള്ള സേനയിലാണ് പതിനായിരത്തിലേറെ നിയമനം എന്നതും കാണണം. 4965 തസ്തികയും ഈ കാലയളവിൽ പൊലീസിൽ പുതുതായി സൃഷ്ടിച്ചു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ സ്വീകരിച്ച സീറോ വേക്കൻസി സമീപനമാണ് സർക്കാർ ഇപ്പോഴും തുടരുന്നത്. അതായത്, 2021 ഡിസംബർവരെയുള്ള ഒഴിവുകൾ കണക്കാക്കി ഇപ്പോഴേ നിയമനം നടത്തുന്നു. ഇങ്ങനെ വരുന്നവർ പരിശീലനം പൂർത്തിയാക്കുമ്പോഴേക്ക് അവരെ നിയമിക്കാനുള്ള ഒഴിവുകൾ സജ്ജമാകും. ആ ഒഴിവുകളിൽ അവർക്കും യൂണിഫോം ധരിച്ച്‌ പ്രവേശിക്കാനാകും. ഇത്ര ജാഗ്രതയോടെ നിയമനം നടക്കുന്ന മേഖലയെപ്പറ്റിയാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്.

പൊലീസിലെ പിഎസ്‌സി ലിസ്റ്റിൽ ചിലർ കൃത്രിമം നടത്തി കയറിയതായി കേസ് ഉണ്ടായിരുന്നു. കേസ് കാലയളവിൽ നിയമനം നടക്കാത്തതുകൊണ്ട്‌ കുറെ പേർക്ക് ജോലി കിട്ടാതെ പോയി എന്നും പ്രചരിപ്പിക്കുന്നു. അതും വസ്തുതാവിരുദ്ധമാണ്. കാരണം, ലിസ്റ്റ് ‘മരവിച്ച’ കാലയളവിൽ ഉണ്ടായ ഒഴിവിലടക്കം ഇപ്പോൾ നിയമനം നടന്നുകഴിഞ്ഞു. അതുകൊണ്ട് ആർക്കും അവസരം നഷ്ടമായിട്ടില്ല.

തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും ഗുരുതര പ്രശ്നമാണ്. ഉള്ള തൊഴിലുകൾകൂടി ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ

ഇത്തരത്തിൽ കണക്കുകൾ മറുപടിയാകുന്ന വിഷയങ്ങൾ വിട്ട് വൈകാരികത മുതലാക്കാൻ വ്യക്തിഗത പരാതികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ മാധ്യമങ്ങൾ. ഒരു ലിസ്റ്റിലും എല്ലാവർക്കും നിയമനം കിട്ടില്ല. റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഒഴിവിന്റെ മൂന്നിരട്ടിവരെ പേരെ ഉൾപ്പെടുത്തിയാണ് പല റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കുന്നത്. പൊലീസ് റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിലെ മൂന്നിൽ രണ്ടുപേർക്കും നിയമനം കിട്ടി. എങ്കിലും കിട്ടാത്തവർ മൂന്നിലൊന്നു വരും. അവർക്ക് വിഷമവും നിരാശയും ഉണ്ടാകും. അതുപോലെ തീരെ ചെറിയ എണ്ണം ഒഴിവുകൾമാത്രം വരുന്ന തസ്തികകളിൽ ആദ്യ റാങ്കുകാർക്ക് ഒഴികെ നിയമനം കിട്ടിയില്ലെന്നും വരാം. ചില ഭിന്നശേഷിക്കാരുടെ നിയമനത്തിലും ആ വിഭാഗത്തിലെ എല്ലാ ഉപവിഭാഗത്തിലും പെട്ടവർക്ക് എപ്പോഴും കിട്ടണം എന്നില്ല. ഒഴിവുണ്ടെങ്കിലും അർഹരായ ഭിന്നശേഷിവിഭാഗം ആ റാങ്ക് ലിസ്റ്റിൽ ഇല്ലാതെ വന്നാൽ ആ ഒഴിവ്‌ നികത്തുക അടുത്ത റാങ്ക് ലിസ്റ്റിൽനിന്നാണ്. ഇതാണ് നിയമം. ഇങ്ങനെയുള്ള കേസുകൾ അസാധാരണവും സർക്കാർ വഞ്ചനയും എന്ന മട്ടിൽ ചിത്രീകരിക്കാനാണ് നോക്കുന്നത്.

തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും ഗുരുതര പ്രശ്നമാണ്. ഉള്ള തൊഴിലുകൾകൂടി ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്താകെ കഴിഞ്ഞവർഷം കേന്ദ്രസർക്കാർ നേരിട്ട് നിയമിച്ചത് 14,000 പേരെ മാത്രമാണ്. റെയിൽവേപോലെ കൂടുതൽ നിയമനം നടക്കേണ്ട സ്ഥാപനങ്ങളിൽ നിയമനവിലക്കും. പൊതുമേഖലാ ബാങ്കുകളിലും നിയമനം നിലച്ചു. ഈ സാഹചര്യത്തിലും പരമാവധിപേർക്ക് തൊഴിൽ നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

നേരത്തേ പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കുംവിധം ആ ഭരണഘടനാസ്ഥാപനത്തിനുനേരെ ചെളിവാരി എറിയാനായിരുന്നു മാധ്യമങ്ങൾ ഒന്നിച്ച്‌ ശ്രമിച്ചത്. ആ നീക്കം വിജയിച്ചില്ല. ഇപ്പോൾ സംസ്ഥാന സർക്കാർ യുവാക്കൾക്ക് എതിരാണെന്ന് വരുത്താൻ പിഎസ്‌സി വഴിയുള്ള നിയമനങ്ങളെ മറയാക്കാൻ കഴിയുമോ എന്നാണ് നോട്ടം. അതും വിഫലമാകും. കാരണം, കണക്കുകളിൽ തെളിഞ്ഞുനിൽക്കുന്ന സത്യം മറിച്ചാണ്.

deshabhimani editorial 06082020

No comments:

Post a Comment