Thursday, August 6, 2020

ബിജെപിയുടെ ‘പ്രിയങ്ക’ര ഭജനസംഘം

വില്യം ഷേക്സ്പിയറുടെ വിഖ്യാത നാടകമായ ജൂലിയസ് സീസറിലെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്. തന്റെ കൊലയാളിക്കൂട്ടത്തിൽ ആത്മമിത്രം ബ്രൂട്ടസിനെ കണ്ട സീസർ ചോദിച്ചതാണിത്. യു ടു ബ്രൂട്ടസ്!
മതനിരപേക്ഷതയിൽ അടിയുറച്ചതും ബിജെപിയെ ചെറുക്കാൻ പോന്നതുമായ പാർടിയാണ് കോൺഗ്രസെന്ന് ഇതുവരെ തെറ്റിദ്ധരിച്ച ശുദ്ധാത്മാക്കളുടെയെല്ലാം മനസ്സിൽ സമാനമായ ചോദ്യം ഇപ്പോൾ ഉയരുന്നുണ്ടാകും. 

അയോധ്യയിൽ സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനത്തിന് പിന്തുണ പ്രഖ്യാപിക്കാൻ മത്സരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ചേർന്നിരിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. ദിഗ്‌വിജയ് സിങ്ങുമുതൽ കമൽനാഥുവരെയുള്ളവർ  ഭൂമിപൂജയ്‌ക്ക് പിന്തുണയുമായി ഹനുമാൻ ചാലിസയും ഭജനയുമായി അണിനിരന്നപ്പോൾ മുസ്ലിംലീഗ് ദയനീയമായി ഉറ്റുനോക്കിയത് സോണിയ ഗാന്ധിയിലേക്കാണ്. ഒരു പ്രമുഖ ലീഗ് നേതാവ് സോണിയയുടെ പ്രതികരണം ആവശ്യപ്പെട്ടിരുന്നു.

യഥാർഥത്തിൽ അയോധ്യയിലെ നിർമാണത്തെ പിന്തുണച്ചതിലൂടെ പ്രിയങ്ക സ്വന്തം പിതാവിലൂടെ കോൺഗ്രസ് തുടങ്ങിവച്ച ദൗത്യം പൂർത്തീകരിക്കുകമാത്രമാണ് ചെയ്യുന്നത്. ജവാഹർലാൽ നെഹ്റുവിന്റെ കാലംമുതൽ അരനൂറ്റാണ്ട്‌ തർക്കം ഒഴിവാക്കാൻ അടച്ചിട്ട സ്ഥലം 1989ൽ  വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസത്തിന് തുറന്നുകൊടുത്തതിലൂടെ ബാബ്റി മസ്ജിദ് തകർക്കാൻ വഴിയൊരുക്കിയ രാജീവ് ഗാന്ധിയുടെ മകൾ മസ്ജിദ് പൊളിച്ച സ്ഥലത്ത് സംഘപരിവാർ ഇപ്പോൾ നടത്തുന്ന നിർമാണത്തെ എങ്ങനെ പിന്തുണയ്‌ക്കാതിരിക്കും

അതായത്, അയോധ്യയെ മുൻനിർത്തിയുള്ള സംഘപരിവാർ പരിശ്രമങ്ങൾ ഇതുവരെ കൈവരിച്ച എല്ലാ വിജയത്തിലും കോൺഗ്രസിന്റെ നിർണായക സംഭാവനയുണ്ട്. ഇനിയുള്ള ദൗത്യത്തിന് കോൺഗ്രസ് സഹായം ആവശ്യമില്ല. രാജീവുമുതൽ റാവുവരെ ചെയ്തുകൊടുത്ത സഹായങ്ങളുടെ  ഉപകാരസ്മരണ തങ്ങളോട് കാണിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നുമുള്ള പരിഭവം പറഞ്ഞ് കോൺഗ്രസ് നേതാക്കൾ നിർലജ്ജം അവരുടെ പിന്നാലെ പോയി കേഴുന്ന കാഴ്ച എത്ര ദയനീയമാണ്

പ്രിയങ്ക പറയുന്നത് ‘രാമക്ഷേത്രം' ദേശീയ ഐക്യത്തിന്റെ മുഹൂർത്തമാകുമെന്നാണ്. ഏത് ദേശീയതയെക്കുറിച്ചാണ് പ്രിയങ്ക പറയുന്നത്? മഹാത്മാ–-- നെഹ്റുമാരുടെ കാലത്ത് ഉയർത്തിപ്പിടിച്ച, സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയായ, എല്ലാവരെയും ഉൾക്കൊള്ളുന്ന മതനിരപേക്ഷ ദേശീയതയല്ലെന്നുറപ്പ്. അതിനെ റദ്ദ് ചെയ്യുകയും ഗോൾവാൾക്കർ നിർവചിച്ച മതദേശീയതയുടെ വക്താവായി പ്രിയങ്കയും കോൺഗ്രസും അധഃപതിക്കുകയും ചെയ്തിരിക്കുന്നു എന്നർഥം.

ക്ഷേത്രമാണെങ്കിൽ അതുണ്ടാക്കുന്നിടത്ത് സർക്കാരുകൾക്ക് എന്ത് കാര്യം? ട്രസ്റ്റ് ചെയ്യേണ്ട ജോലി ഇവരെന്തിന് ഏറ്റെടുക്കണം? ആ ചോദ്യത്തിനുള്ള ഉത്തരം ബിജെപി എംപി തേജസ്വി സൂര്യ നൽകിയിട്ടുണ്ട്. "ഭരണകൂട നിയന്ത്രണം ഹിന്ദുക്കളിലായിരിക്കണമെന്ന പാഠത്തിന്റെ പ്രാധാന്യമാണ് അയോധ്യയിലെ ശിലാസ്ഥാപനം പഠിപ്പിക്കുന്നത്’ എന്നാണ് അയാളുടെ ട്വീറ്റ്. ഇതിന്റെ അർഥം മോഡി നടത്തുന്നത്  ക്ഷേത്രത്തിന്റെയല്ല മതരാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണ് എന്നത്രേ. അതിനെയാണ് പ്രിയങ്ക പിന്തുണച്ചത്!

സ്വന്തം പിതാവിന്റെ വാക്ക് പാലിക്കാൻ അധികാരം ഉപേക്ഷിച്ച് 14 സംവത്സരം വനവാസത്തിനുപോയ രാമന്റെ പേര് അധികാരം കൈയടക്കാനുള്ള കലാപങ്ങൾക്ക് എക്കാലവും ദുരുപയോഗിച്ചവരാണ് ബിജെപി. സർവാധികാരങ്ങളും ത്യജിച്ച ശ്രീരാമന്റെ പാരമ്പര്യം, വിലയ്‌ക്കെടുത്തും വെട്ടിപ്പിടിച്ചും എല്ലായിടത്തും അധികാരമുറപ്പിക്കുന്ന മോഡിക്കും സംഘപരിവാറിനും എങ്ങനെ അവകാശപ്പെടാനാകും? പ്രിയങ്കയ്‌ക്കുമാത്രം ഈ തിരിച്ചറിവൊന്നുമില്ല! നിയമവിരുദ്ധവും അപലപനീയവുമെന്ന് പള്ളിപൊളിക്കലിനെ സുപ്രീംകോടതി അയോധ്യ വിധിയിൽ വിശേഷിപ്പിച്ചതും പ്രിയങ്കയ്ക്ക് പ്രശ്നമല്ല. 

ചരിത്രത്തിലുടനീളം ആർഎസ്എസുമായി അവിശുദ്ധ വിനിമയങ്ങളിലേർപ്പെട്ടവരാണ് എന്നത്‌ മനസ്സിലാക്കിയാൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകളിൽ ഒട്ടും അത്ഭുതംതോന്നേണ്ട കാര്യമില്ല. 1949 ഒക്ടോബർ ഏഴിന്, വിദേശത്തായിരുന്ന നെഹ്റുവിന്റെ അഭാവത്തിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ആർഎസ്എസ് പ്രവർത്തകർക്ക് കോൺഗ്രസ് അംഗത്വം കൊടുക്കാൻ തീരുമാനിച്ച ചരിത്രമുണ്ട്. തിരിച്ചെത്തിയ നെഹ്റു നവംബർ ഏഴിന് ആ തീരുമാനം റദ്ദാക്കുകയായിരുന്നു. പട്ടേലായിരുന്നു ആർഎസ്എസിന് വാതിൽ തുറക്കാനുള്ള തീരുമാനത്തിനു പിന്നിൽ. ഒരു വർഷംമുമ്പ്, 1948 ഒക്ടോബർ 27ന് നെഹ്റു പട്ടേലിന് എഴുതിയ കത്തിൽ ഗോൾവാൾക്കറെയും ആർഎസ്എസിനെയും കുറിച്ച് ഗാന്ധിജി നൽകിയ മുന്നറിയിപ്പ് പങ്കുവയ്‌ക്കുന്നുണ്ട്. ‘മൂന്നാമത്തെ കൂടിക്കാഴ്ചയ്‌ക്കുശേഷം ഗാന്ധിജി ഗോൾവാൾക്കറിനും ആർഎസ്എസിനുമെതിരായ ശക്തമായ എതിരഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഈ കത്തിടപാടുകൾ എന്നോർക്കണം. ആർഎസ്എസിന്റെ നിരോധനം പിൻവലിച്ചതും ഗോൾവാൾക്കർ–- പട്ടേൽ ഒത്തുതീർപ്പിന്റെ ഫലമായിരുന്നു. ഒത്തുതീർപ്പിന് നെഹ്റുവിനും വഴങ്ങേണ്ടിവന്നു.

നെഹ്റുവിന്റെ മകൾ ഇന്ദിരയാകട്ടെ എന്നും ആർഎസ്എസുമായി ഗാഢമായ ഒരു അന്തർധാര നിലനിർത്തി. അടിയന്തരാവസ്ഥയെ പരസ്യമായി എതിർക്കുമ്പോഴും ഇന്ദിര ഗാന്ധിയുമായി ആർഎസ്എസ് ആശയവിനിമയം നടത്തി. ജയിലിലായിരുന്ന ആർഎസ്എസ് മേധാവി ദേവറസ് ഇന്ദിര ഗാന്ധിക്ക് 1977 ആഗസ്‌ത്‌ 22ന് ഒരു കത്തെഴുതി. ഇന്ദിരയുടെ "സന്തുലിതവും ഉചിതവുമായ സ്വാതന്ത്ര്യദിന പ്രസംഗ'ത്തിനായിരുന്നു സർ സംഘ്‌ ചാലകിന്റെ പ്രശംസ. ദേവറസ് ഒരു അഭ്യർഥനകൂടി മുന്നോട്ടുവച്ചു. ആർഎസ്എസിനുമേലുള്ള നിരോധനം നീക്കണമെന്നും ജയിലിലുള്ള സ്വന്തം പ്രവർത്തകരെ മോചിപ്പിക്കണമെന്നുമായിരുന്നു അപേക്ഷ. 1976 ജൂലൈ 16ന് മറ്റൊരു കത്തിൽ ‘ചൈനയും പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ദിരയുടെ ശ്രമങ്ങൾ’ക്കാണ് പ്രശംസ. പിന്നീട് സഞ്ജയ് ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനത്തെ ആവേശപൂർവം സ്വാഗതം ചെയ്യാൻ മുന്നിട്ടുനിന്നത് ആർഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ (1975 ജൂലൈ 21 ലക്കം) മായിരുന്നു. 1980ലെ തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയുടെ വിജയത്തിനും തിരിച്ചുവരവിനും അവർ നൽകിയ സഹായം രഹസ്യമല്ല.

ഇന്ദിരയുടെ കാലത്ത് ശക്തിപ്പെട്ട കൊടുക്കൽ വാങ്ങലുകളുടെ തുടർച്ചയായിരുന്നു രാജീവ് ഗാന്ധി അയോധ്യയിൽ ശിലാന്യാസത്തിന് അനുമതി കൊടുത്തത്. ബൊഫോഴ്സ് അഴിമതിയാരോപണങ്ങളുടെ ചെളിക്കുണ്ടിലായ രാജീവ് ഗാന്ധി 1989ലെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ആർഎസ്എസ് പിന്തുണ തേടി. രാജീവ് ഗാന്ധി മുൻ കേന്ദ്രമന്ത്രിയും ഗോവ ഗവർണറുമായിരുന്ന ഭാനു പ്രകാശ് സിങ്ങിനെ തന്റെ രഹസ്യദൂതനായി ദേവറസിനടുത്തേക്ക് അയച്ചു. അയോധ്യയിൽ ശിലാന്യാസം അനുവദിക്കാമെന്നും പകരം  തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിക്കുമെന്നും ഏകദേശ ധാരണയായി. പിന്നീട് ഡൽഹിയിൽവച്ച്  ധാരണ ഉറപ്പിച്ചു.

പരിവാർ അജൻഡയുമായി എക്കാലത്തും കോൺഗ്രസ് പുലർത്തിവന്ന അന്തർധാരമൂലമാണ് അയോധ്യയിലെ നിർമിതി  ‘ദേശീയ  ഐക്യത്തിന്റെ' മുഹൂർത്തമാണെന്നൊക്കെ മടിയില്ലാതെ പ്രിയങ്ക പറയുന്നത്.  ബിജെപിയുള്ളപ്പോൾ അതിന്റെ തനി പകർപ്പായി കോൺഗ്രസിന്റെകൂടി ആവശ്യമെന്താണ്. ഈ ഭജനസംഘം ഫാസിസ്റ്റ് സംഘപരിവാറിനെ ചെറുക്കുമെന്ന് ഇനിയും പറയുന്നതിനേക്കാൾ ദുരന്തഫലിതം വേറെന്തുണ്ട്?

എം ബി രാജേഷ്‌

No comments:

Post a Comment