തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ നാടിന് പ്രിയപ്പെട്ടവരായ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ കോൺഗ്രസിന്റെ ക്രിമിനൽ സംഘം വെട്ടിക്കൊന്ന നടുക്കുന്ന വാർത്ത കേട്ടാണ് തിരുവോണനാൾ കേരളം ഉണർന്നത്. ഡിവൈഎഫ്‌ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ്, തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് എന്നിവരെ രാത്രി വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ ബൈക്ക് തടഞ്ഞ് തലങ്ങും വിലങ്ങും വെട്ടിയരിയുകയായിരുന്നു. ഇവർ മരിച്ചുവെന്ന് ഉറപ്പാക്കിയാണ് കോൺഗ്രസ് ക്രിമിനലുകൾ മടങ്ങിയത്. സാമൂഹ്യപ്രതിബദ്ധതയുള്ള രണ്ട് ചെറുപ്പക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടതുണ്ട്.
കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന തേമ്പാംമൂട് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റമാണ് ആക്രമണത്തിന് കാരണം. ജനങ്ങളുടെ ഏത് പ്രശ്‌നത്തിലും ഓടിയെത്തുന്ന ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും ഇല്ലാതാക്കി ഡിവൈഎഫ്‌ഐയുടെയും സിപിഐ എമ്മിന്റെയും വളർച്ച തടയാം എന്ന് അക്രമികൾ കരുതി. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഫൈസലിനെ കഴിഞ്ഞ പെരുനാൾ തലേന്ന് വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഘമാണ് ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളത്ത് സിപിഐ എം പ്രവർത്തകൻ സിയാദിനെ കോൺഗ്രസ് കൊന്നതിന്റെ ചോരയുണങ്ങും മുമ്പാണ് വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം.
രാഷ്‌ട്രീയ എതിരാളികളോട് അസഹിഷ്‌ണുത പുലർത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ രാഷ്‌ട്രീയ സംസ്‌കാരമാണ്. ഡൽഹിയിലെ സിഖ് കൂട്ടക്കൊലയടക്കം എത്രയോ സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടാം. കേരളത്തിൽ മൊയാരത്ത് ശങ്കരനും കുഞ്ഞാലിയുമടക്കം എത്രയോ ഇടതുപക്ഷക്കാർ കോൺഗ്രസിന്റെ കൊലക്കത്തിക്കിരയായി. ഗ്രൂപ്പ് പോരിൽ സ്വന്തം പാർടിക്കാരെ കൊന്നുതള്ളിയ ചരിത്രവും കോൺഗ്രസിനുണ്ട്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന് ജനപിന്തുണ വർധിക്കുന്നത് കോൺഗ്രസിനെ അസഹിഷ്‌ണുക്കളാക്കുകയാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവുമെല്ലാം സർക്കാരിനെതിരെ നടത്തുന്ന അധിക്ഷേപങ്ങൾ ഇതിന് തെളിവാണ്. സിപിഐ എം വിരോധവും അസഹിഷ്‌ണുതയും കുത്തിവച്ച് അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് അവർ. വെഞ്ഞാറമൂട് സംഭവം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്‌തമായിക്കഴിഞ്ഞു. പിടിയിലായവരെല്ലാം കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണ്. തേമ്പാംമൂട്ടിലെ ക്രിമിനലുകളെ സഹായിക്കാൻ അടൂർ പ്രകാശ് എംപി ഇടപെട്ടതിന്റെ ശബ്‌ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. സമഗ്രമായ അന്വേഷണത്തിലൂടെ കൊലപാതകത്തിന് പിന്നിലെ ഉന്നതരെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്.
സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടാൽ രാഷ്‌ട്രീയമില്ലെന്ന് മാധ്യമ പിന്തുണയോടെ പ്രചരിപ്പിക്കുന്നത് കോൺഗ്രസിന്റെ പതിവാണ്. കൊല്ലപ്പെട്ടവരെ അധിക്ഷേപിക്കാനും അവർക്ക് മടിയില്ല. ഒളിയാക്രമണത്തിലൂടെ ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് തിരിച്ചറിയണം. കൊലക്കത്തി താഴെവച്ച്, സിപിഐ എം വിരോധവും അസഹിഷ്‌ണുതയും അവസാനിപ്പിച്ച് സാമൂഹ്യപ്രതിബദ്ധതയോടെ രാഷ്‌ട്രീയ പ്രവർത്തനം നടത്താൻ അവർ തയ്യാറാകണം.
പ്രളയത്തിലും ദുരിതത്തിലും രോഗത്തിലും ഓടിയെത്തുന്ന നിസ്വാർഥരായ ഡിവൈഎഫ്‌ഐ പ്രവർത്തകർ എല്ലാ നാട്ടിലുമുണ്ട്. ഒരു കൊലക്കത്തിക്കും കെടുത്താൻ കഴിയാത്ത ഊർജമാണ് ഈ ചെറുപ്പക്കാരുടെ കൈമുതൽ. ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും സിയാദിന്റെയും രക്തസാക്ഷിത്വം പാഴാകില്ലെന്നതിന് കേരളത്തിന്റെ ഈ പൊരുതുന്ന യൗവനമാണ് ഉറപ്പ്.
deshabhimani editorial 02092020
No comments:
Post a Comment