തിരുവനന്തപുരം > പട്ടികവർഗക്കാർക്ക് എൽഡിഎഫ് സർക്കാർ 29,710 വീട് പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 11,000 വീട് ലൈഫ് പദ്ധതിയിലാണ് പണിതത്. അയ്യായിരത്തോളം വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഭൂരഹിതരായ 10,790 പട്ടികവർഗ കുടുംബത്തിൽ 4682 പേർക്ക് 3787 ഏക്കർ ഭൂമി നൽകി. ബാക്കിയുള്ള 6108 കുടുംബത്തിന് ഭൂമി ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികവർഗക്കാരായ കുട്ടികൾ സ്കൂളുകളിൽനിന്ന് കൊഴിഞ്ഞുപോകുന്നത് തടയാൻ ഗോത്രഭാഷ അറിയുന്ന 269 അധ്യാപകരെ അട്ടപ്പാടിയിലും വയനാട്ടിലും നിയമിച്ചു. പട്ടികവർഗ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സുരക്ഷയും പ്രധാനം ചെയ്യുന്നതിന് ‘ഗോത്ര വാത്സല്യനിധി’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം 2073 കുട്ടികൾക്ക് ലഭിക്കുന്നു. വിദ്യാസമ്പന്നരായവർക്ക് നൈപുണ്യവികസന പരിശീലനം നൽകി; 1140 പേർക്ക് തൊഴിൽ ഉറപ്പാക്കി. പരിശീലനം ലഭിച്ചവർ 54 സ്വയംസഹായ സഹകരണ സംഘം ആരംഭിച്ച് സർക്കാരിന്റെ വിവിധ നിർമാണ ജോലികൾ ഏറ്റെടുത്ത് നടത്തുന്നു. പൊലീസ്, എക്സൈസ് എന്നീ വിഭാഗങ്ങളിൽ പ്രത്യേക റിക്രൂട്ട്മെന്റുവഴി 100 പേരെ നിയമിച്ചു. 125 പേർക്കുകൂടി ഉടൻ നിയമനം നൽകും.
സ്വർണക്കടത്ത് കേസിൽ വിദേശത്തുള്ളവരെ ചോദ്യം ചെയ്യണം; പറ്റുന്നില്ലങ്കിൽ അക്കാര്യം തുറന്നുപറയണം: മുഖ്യമന്ത്രി
തിരുവനന്തപുരം > സർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തുള്ളവരെ ചോദ്യംചെയ്യാൻ അന്വേഷണസംഘംതന്നെ നടപടി സ്വീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറ്റുന്നില്ലങ്കിൽ അക്കാര്യം അവർ തുറന്നുപറയണം. അത്തരം ആളുകളിൽനിന്ന് തെളിവെടുക്കണമെന്നുതന്നെയാണ് നാട് കരുതുന്നത്. കോൺസുലേറ്റിൽ ഉള്ളവരെ ചോദ്യംചെയ്യണ്ടതുതന്നെയാണ്. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകേണ്ടതുണ്ട്.
സംസ്ഥാനത്ത് സ്‌ത്രീസുരക്ഷ നല്ലരീതിയിൽത്തന്നെ നിലനിൽക്കുന്നുണ്ടെന്നും അതിക്രമങ്ങൾക്കെതിരെ സ്വാഭാവികമായും കർക്കശമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖം നോക്കാതെയുള്ള നടപടിയാണ് എല്ലാ ഘട്ടത്തിലും സ്വീകരിച്ചിട്ടുള്ളത്. എല്ലാക്കാലത്തും സ്‌ത്രീകളുടെ സംരക്ഷണത്തിനായി നിലകൊണ്ട പാർടിയാണ് സിപിഐ എം. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നതിന് പാർടി മുന്നിൽനിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചോദ്യത്തോട് പ്രതികരിച്ചു.
തീവ്രവാദവുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്യുന്നത് നാട്ടിൽ പതിവുള്ള കാര്യമല്ല. അത് പിന്നീട് വ്യക്തമാകേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലേത് അതിവ്യാപന വൈറസ്; ജനിതകവ്യതിയാനം സംഭവിച്ചവ കാണപ്പെടുന്നുവെന്ന് വിദഗ്ധ പഠനത്തിന്റെ നിഗമനം
തിരുവനന്തപുരം > കോവിഡ് രോഗവ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതൽ രൂക്ഷമായി രാജ്യത്ത് പ്രകടമാകാൻ പോകുന്നതായാണ് റിപ്പോർട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിച്ച വ്യാപനശേഷിക്ക് കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തിൽ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനം.
ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണീകരണം നടത്തി. അവയുടെ വംശാവലി സാർസ് കൊറോണ–- 2ന്റെ ഇന്ത്യൻ ഉപവിഭാഗമായ എ2എ (A2a) ആണെന്ന് നിർണയിക്കാൻ കഴിഞ്ഞു.വിദേശ വംശാവലിയിൽപ്പെട്ട രോഗാണുക്കൾ കണ്ടെത്താൻ കഴിഞ്ഞില്ല. വടക്കൻ ജില്ലകളിൽനിന്ന് എടുത്ത സാമ്പിളിൽനിന്ന് ലഭിക്കുന്ന വിവരപ്രകാരം ഒഡിഷ, കർണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്.
അയൽ സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തിൽ വലിയ ആഘാതം സൃഷ്ടിച്ചേക്കാം. നേരിയ അലംഭാവംപോലും വലിയ ദുരന്തം വരുത്തിവച്ചേക്കാവുന്ന ഘട്ടത്തിലാണ് നമ്മൾ. പ്രതിരോധ നടപടികൾ കൂടുതൽ കർശനമായി പാലിക്കപ്പെടേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിൽ എല്ലാവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറിയേ തീരൂ–- മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment