Sunday, September 20, 2020

അൽ ഖായ്ദ ഭീകരരുടെ അറസ്റ്റ്‌: എൻഐഎയ്‌‌ക്കൊപ്പം പൊലീസും എടിഎസും

 കൊച്ചി > എൻഐഎയും സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്‌) വെള്ളിയാഴ്‌ച രാത്രി പന്ത്രണ്ടിന്‌ ആരംഭിച്ച ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്‌ ശനിയാഴ്‌ച പുലർച്ചെ അഞ്ചോടെ. മുർഷിദിനെയും മുസറഫിനെയും  യാക്കൂബിനെയും കസ്‌റ്റഡിയിലെടുക്കാൻ എൻഐഎ കൊച്ചി യൂണിറ്റിന്‌ ഡൽഹിയിലെ ആസ്ഥാനത്തുനിന്ന്‌ നിർദേശം ലഭിച്ച്‌ മണിക്കൂറുകൾക്കുള്ളിൽ ഇവരെ പിടികൂടാൻ സഹായിച്ചത്‌ എറണാകുളം റൂറൽ, സിറ്റി പൊലീസിന്റെ പഴുതടച്ച നീക്കം.

ഡൽഹിയിൽ സെപ്‌തംബർ 11നാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. അന്വേഷണ വിവരങ്ങൾ എൻഐഎ സംസ്ഥാന ഡിജിപിയെയും ധരിപ്പിച്ചു. സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പ്രതികളെ നിരീക്ഷിക്കുകയായിരുന്നു.  വെള്ളിയാഴ്‌ച ഡൽഹിയിൽനിന്ന്‌ എത്തിയ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘവും കേരള പൊലീസിന്റെയും എടിഎസിന്റെയും ഉദ്യോഗസ്ഥരും കൂടിയാലോചിച്ച്‌ അർധരാത്രിയോടെ റെയ്‌ഡ്‌ നടത്താൻ തീരുമാനിച്ചു. 

ശനിയാഴ്ച പുലർച്ചെ ഒരേസമയം ഇവരുടെ താമസസ്ഥലം വളഞ്ഞു. ഒമ്പതംഗ സംഘം മുസാറഫ് ഹുസൈനെ മുടിക്കലിലെ വീട്ടിൽനിന്ന്‌ പിടികൂടി. യാക്കൂബ് ബിശ്വാസ് കണ്ടന്തറയിലുണ്ടെന്നായിരുന്നു ആദ്യ നിഗമനം.   പക്ഷെ അവിടെ കണ്ടെത്താനായില്ല. തുടർന്ന് ഇയാളുടെ സുഹൃത്തിന്റെ സഹായത്തോടെ പെരുമ്പാവൂരിലെത്തന്നെ മറ്റൊരു സ്ഥലത്തുനിന്നാണ്‌ പിടിച്ചത്‌.  പാതാളത്ത്‌ റെയ്‌ഡ്‌ നടത്തി മുർഷിദിനെയും കസ്‌റ്റഡിയിലെടുത്തു.

പിടിയിലായവർ സ്ലീപ്പർ സെല്ലിന്റെ ഭാഗം; നിരീക്ഷണത്തിലുണ്ടെന്ന് പൊലീസ് കേന്ദ്രഇന്റലിജൻസിനെ നേരത്തേ അറിയിച്ചു

കൊച്ചി > കൊച്ചിയിൽ പിടിയിലായ അൽ ഖായ്ദ പ്രവർത്തകർ കേരളത്തിൽ കഴിഞ്ഞത് സ്ലീപ്പർ സെല്ലായി. ഇത്തരം സെല്ലുകൾ സംസ്ഥാന പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇക്കാര്യം കേരള പൊലീസ് കേന്ദ്ര ഇന്റലിജൻസിനെയും അറിയിച്ചിരുന്നു. എൻഐഎയുടെ ഓപ്പറേഷന് കേരള പൊലീസിന് ആവശ്യമായ സഹായം ചെയ്യാനായത് ഈ ജാഗ്രത കാരണമാണ്.

അൽ ഖായ്ദ പ്രവർത്തകർക്കുവേണ്ടിയുള്ള  അന്താരാഷ്ട്ര പരിശോധനയുടെ ഭാഗമാണ് കേരളത്തിലുണ്ടായത്. തീവ്രവാദ സംഘടനകളിൽപെട്ടവർ അക്രമത്തിനുശേഷം മാറിനിൽക്കുന്നതിനാണ് സ്ലീപ്പർ സെൽ ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേന്ദ്രങ്ങളുണ്ട്. വിവിധ ജോലിക്കാർ എന്ന നിലയിലാകും അവർ താമസിക്കുക.

ഭീകരർ തങ്ങിയത്‌ നിർമ്മാണ തൊഴിലാളികളായി; മുർഷിദ്‌ ഹസ്സൻ എത്തിയത്‌ 2 മാസം മുന്നേ

കൊച്ചി> ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ എറണാകുളത്തു നിന്നു അറസ്റ്റ് ചെയ്ത 3 അൽ ഖ്വയ്‌ദ  ഭീകരർ കേരളത്തിൽ താമസിച്ചിരുന്നത്‌ നിർമ്മാണ തൊഴിലാളികളായി. പെരുമ്പാവൂരിലും  പാതാളത്തുമായി നിരവധി വീടുകളിൽ  ഇവർ മാറിമാറി താമസിച്ചിട്ടുണ്ട്‌. കുറച്ചുനാളുകളായി ഇവർ എൻഐഎയുടെ നിരീക്ഷണത്തിൽ ആയിരുന്നു.

ബംഗാൾ സ്വദേശികളായ മുർഷിദ്‌ ഹസൻ, യാക്കൂബ്‌ ബിശ്വാസ്‌, മുസാറഫ്‌ ഹുസൈൻ എന്നിവരാണ്‌ പിടിയിലായത്‌. യാക്കൂബ്‌ ബിശ്വാസ്‌ അടിമാലിയിലെ ചപ്പാത്തിക്കടയിലും ജോലി ചെയ്‌തതായി പറയുന്നു. മുർഷിദ്‌ ഹസ്സനെ പാതാളത്തുനിന്നാണ്‌ പിടികൂടിയത്‌. ഇയാൾ രണ്ട്‌മാസം മുന്നേയാണ്‌ പാതാളത്തെത്തിയത്‌. ഇവരെ അറസ്‌റ്റ്‌ ചെയ്‌ത വിവരം എൻഐഎയും ആലുവ റൂറൽ എസ്‌ പിയും സ്‌ഥിരീകരിച്ചു.

രാജ്യത്ത്‌ 11 ഇടങ്ങളിലായി നടത്തിയ റെയ്‌ഡിന്റെ ഭാഗമായാണ്‌ പെരുമ്പാവുരിലും പാതാളത്തും റെയ്‌ഡ്‌ നടത്തിയത്‌. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ഇവർ ആക്രമണത്തിന്‌ പദ്ധതിയിട്ടതായി പറയുന്നു. ഇവരിൽനിന്ന്‌ ആയുധങ്ങളും മറ്റ്‌ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്‌.

ഭീകരരുടെ അറസ്റ്റ്‌; അമ്പരപ്പ്‌ മാറാതെ നാട്ടുകാരും സഹപ്രവർത്തകരും

കൊച്ചി > ഇന്നലെവരെ തങ്ങൾക്കൊപ്പമുണ്ടായിരുന്നയാൾ ഭീകര സംഘടനയിൽപ്പെട്ടയാളാണെന്നു വാർത്തവന്നതിന്റെ ഞെട്ടലിൽനിന്ന്‌ ഇനിയും മുക്തമായില്ല ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്തെ തുണിക്കട ഉടമയും തൊഴിലാളികളും. പത്ത്‌ വർഷത്തിലേറെയായി മുസാറഫ് ഹുസൈൻ പെരുമ്പാവൂരിലെത്തിയിട്ട്‌. പുതിയ പ്രൈവറ്റ് ബസ്‌ സ്റ്റാൻഡ്‌ പരിസരത്തെ തുണിക്കടയിൽ ഏഴുവർഷമായി ജോലി ചെയ്യുകയാണ്‌. സമീപത്തെ വ്യാപാരികൾക്കും ഏറെ പരിചിതമായ മുഖം. മലയാളം നല്ലപോലെ സംസാരിക്കും. സ്ഥാപന ഉടമയ്‌ക്കോ സമീപത്തെ വ്യാപാരികൾക്കോ ഒരു സംശയത്തിനും ഇടനൽകാതെയുള്ള പെരുമാറ്റം. രാവിലെ കൃത്യസമയത്തെത്തി കട തുറക്കുന്നതും രാത്രി എട്ടോടെ കട അടയ്‌ക്കുന്നതുമെല്ലാം ഇയാളാണ്‌.

കുടുംബസമേതം പള്ളിക്കവലയിൽ താമസിച്ചിരുന്ന മുസാറഫ് രണ്ടുമാസം മുമ്പാണ്‌ മുടിക്കൽ പ്രദേശത്തേക്ക് താമസം മാറിയത്. കൃത്യമായി വാടക നൽകുകയും നല്ല പെരുമാറ്റവുമായിരുന്നെന്നും വീട്ടുടമ പറയുന്നു. വാടക കരാറും തിരിച്ചറിയൽ രേഖകളും പരിശോധിച്ചശേഷമാണ് ജോലി നൽകിയതെന്ന്‌ കടയുടമയും പറഞ്ഞു.

രണ്ടുമാസം മുമ്പാണ് യാക്കൂബ് പെരുമ്പാവൂരിലെത്തിയത്. കണ്ടന്തറയിലെ ചപ്പാത്തിക്കടയിലെ തൊഴിലാളിയായി. അവിടെ അടുത്തുതന്നെ മറ്റ്‌ അതിഥിത്തൊഴിലാളികൾക്കൊപ്പമായിരുന്നു താമസം. എന്നാൽ, അവർക്കാർക്കും ഇയാളെക്കുറിച്ച്‌ കൂടുതൽ അറിയില്ല.  ഇവിടെ വരുംമുമ്പ്‌ അടിമാലിയിൽ നിർമാണത്തൊഴിലാളിയായിരുന്നു എന്നാണ്‌ പറഞ്ഞിരുന്നത്‌. ഇയാളെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്‌ പൊലീസ് വ്യക്തമാക്കി.

രണ്ടുമാസം മുമ്പ്‌ ഏലൂർ പാതാളത്ത്‌ താമസിക്കാനെത്തിയ മുർഷിദ് ഹസ്സൻ മറ്റുള്ളവരിൽനിന്ന്‌ എപ്പോഴും അകലം പാലിക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന്‌ നാട്ടുകാർ. ഏറെ സമയം ഫോണിൽ സംസാരിച്ചിരുന്നു. ബംഗാൾ സ്വദേശികളുടെ കടയിൽ മാത്രമാണ് ഭക്ഷണം കഴിക്കാൻ കയറിയിരുന്നത്‌. പാതാളം കാഞ്ഞിരത്തിങ്കൽ നാസറിന്റെ കെട്ടിടത്തിലാണ്‌ താമസിച്ചിരുന്നത്‌. പത്തു വർഷത്തിലേറെയായി എടയാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളിയാണ് ഇയാളെ നാസറിന് പരിചയപ്പെടുത്തിയത്. ആധാർ കാർഡിന്റെ പകർപ്പ്‌ വാങ്ങിയാണ്‌ താമസിക്കാൻ അനുവദിച്ചത്‌. ഇതേവീട്ടിൽ നാസറിന്റെ കടയിലെ ജീവനക്കാരനുൾപ്പെടെ മൂന്നുപേർ വേറെയും താമസമുണ്ട്‌.

എൻഐഎയിലെയും ലോക്കൽ പൊലീസിലെയും എടിഎസിലെയും ഉയർന്ന ഉദ്യോഗസ്ഥരടക്കം വൻ സംഘമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. എൻഐഎ ഡൽഹി യൂണിറ്റ്‌ എസ്‌പി ശങ്കർ റായ്‌മെദിയുടെ നേതൃത്വത്തിലാണ്‌ എൻഐഎ സംഘമെത്തിയത്‌.

സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌  ഡിഐജി അനൂപ്‌ കുരുവിള ജോണിന്റെയും റൂറൽ എസ്‌പി കെ കാർത്തികിന്റെയും നിർദേശപ്രകാരം രണ്ടു വിഭാഗത്തിലെയും ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള സംഘം എൻഐഎ സംഘത്തിനൊപ്പം ചേർന്നു.

ഡിവൈഎസ്‌പി ബിജുമോൻ, പെരുമ്പാവൂർ എസ്‌ഐ ജയകുമാർ എന്നിവരും 35 സിവിൽ പൊലീസ്‌ ഓഫീസർമാരും ഉൾപ്പെട്ട സംഘം പെരുമ്പാവൂരിലെ റെയ്‌ഡിൽ പങ്കെടുത്തു. ഏലൂർ എസ്‌ഐ സാബു കെ പീറ്ററും ചേരാനല്ലൂർ എസ്‌ഐ രൂപേഷും  പാതാളത്ത്‌ റെയ്‌ഡിന്‌ നേതൃത്വം നൽകി. ഡിവൈഎസ്‌പി വി കെ അബ്‌ദുൾഖാദറുടെ നേതൃത്വത്തിലായിരുന്നു എടിഎസ്‌ സംഘം.


No comments:

Post a Comment