Thursday, September 3, 2020

കുടുംബ പാർടിയിലെ വാഴ്‌ത്തുകൾ

 ‘നോൻസെൻസ്' (അസംബന്ധം) എന്ന പദപ്രയോഗം മൻമോഹൻസിങ്ങിനെ ഉന്നംവച്ച്  പരസ്യമായി പറഞ്ഞത് രാഹുൽ ഗാന്ധിയായിരുന്നു. 2013 സെപ്തംബർ 23  മൻമോഹൻസിങ് ഓർക്കാൻ മടിക്കുന്ന ദിനമാണ്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകാനായി വ്യഗ്രത പൂണ്ടുനിൽക്കുന്ന സമയം. ക്രിമിനൽ കേസുകളിൽ പാർലമെന്റ്‌–- നിയമസഭാംഗങ്ങൾ രണ്ടു വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ അംഗത്വം റദ്ദാകുമെന്ന് സുപ്രീംകോടതി വിധിച്ചു. വിധി മറികടക്കുന്നതിനായി അന്നത്തെ മൻമോഹൻസിങ്‌ സർക്കാർ ഒരു ഓർഡിനൻസ്‌  കൊണ്ടുവന്നു. രാഹുലിന് ഒന്ന് ഫോൺ ചെയ്താൽ മാത്രംമതി ഓർഡിനൻസിലെ ‘അസംബന്ധം' മൻമോഹൻസിങ്‌ നീക്കം ചെയ്യുമെന്ന് ഉറപ്പാണ്. എന്നാൽ, രാഹുലിന് അതുപോരാ. നെഹ്‌റു കുടുബത്തിന്റെ അധികാരപ്രമത്തത കാണിക്കണമെങ്കിൽ മൻമോഹൻസിങ്ങിനെ പരസ്യമായി അവഹേളിക്കണം. സിങ്ങിന്റെ അമേരിക്കൻ സന്ദർശനവേള തന്നെ ഇതിനായി തെരഞ്ഞെടുത്തു. അന്നത്തെ യുഎസ് പ്രസിഡന്റ്‌ ബറാക് ഒബാമയുമായി മൻമോഹൻസിങ്‌ കൂടിക്കാ‍ഴ്ച നടത്തുന്നതിന് തൊട്ടുമുമ്പുള്ള സമയംതന്നെ രാഹുൽ ഇതിനായി തെരഞ്ഞെടുത്തു. ഓർഡിനൻസിനെ ന്യായീകരിക്കാനായി കോൺഗ്രസ് വക്താവ് അജയ്‌ മാക്കൻ നടത്തുന്ന വാർത്താസമ്മേളനത്തിലേക്ക്‌  രാഹുൽ ഇരച്ചുകയറിവന്നു; മൻമോഹൻസിങ്ങിനെതിരെ ആഞ്ഞടിച്ചു. ‘തികഞ്ഞ അസംബന്ധമാണ് ഈ ഓർഡിനൻസ്. കഷണങ്ങളാക്കി കീറിയെറിയണം'.

ഇന്ന് മോഡിയെ പ്രകീർത്തിക്കാൻ മത്സരിക്കുന്ന ദേശീയ മാധ്യമങ്ങൾ അന്ന് രാഹുലിന്റെ ആർജവത്തെ വാനോളം  പുക‍ഴ്ത്തി. ആത്മാഭിമാനമുണ്ടെങ്കിൽ രാജിവച്ചൊ‍ഴിയേണ്ടിയിരുന്ന മൻമോഹൻസിങ്‌ ആകട്ടെ വെള്ളത്തിൽ നനഞ്ഞ പൂച്ചയെപ്പോലെ പേടിച്ചുവിറച്ച് രാഹുലിനെ തൃപ്തിപ്പെടുത്തുംവിധം നിയമത്തിൽ മാറ്റങ്ങൾ വരുത്തി. ഇതേ മൻമോഹൻസിങ്‌ ആകട്ടെ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്  രാജിസന്നദ്ധത അറിയിച്ചതാണ്.  നെഹ്റു കുടുംബത്തിനോട് ഉള്ളതിനേക്കാൾ കടപ്പാട് മൻമോഹൻസിങ്ങിന് അമേരിക്കൻ ഭരണകൂടത്തോടുണ്ട്.

രാഹുൽ ഗാന്ധിയുടെ അപമാനത്തിന് മൻമോഹൻസിങ്‌ ഇരയായതുപോലെ 1982 ഫെബ്രുവരിയിൽ രാജീവ് ഗാന്ധിയുടെ അപമാനത്തിന് ഇരയായ ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ആഞ്ചെയ്യ. രാജീവ് ഗാന്ധിയെ സ്വീകരിക്കാനായി ആഞ്ചെയ്യ കുറെ കോൺഗ്രസ് പ്രവർത്തകരുമായി  ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. കോൺഗ്രസുകാരുടെ ആർപ്പുവിളിയും ആഹ്ലാദാരവവും കണ്ടപ്പോൾ രാഷ്‌ട്രീയത്തിൽ കുടുംബപൈതൃകം മാത്രം കൈമുതലായുള്ള രാജീവിന് നിയന്ത്രണം തെറ്റി. പരസ്യമായി ആഞ്ചെയ്യക്കുനേരെ പൊട്ടിത്തെറിച്ചു. ഇത്‌ ആഞ്ചെയ്യയേക്കൾ  തെലുങ്കരുടെ ആത്മാഭിമാനത്തിനായിരുന്നു കൂടുതൽ പോറലേറ്റത്. ഈ കനലിൽനിന്നാണ് എൻ ടി രാമറാവു എന്ന നേതാവും തെലുങ്കുദേശം എന്ന പാർടിയും രൂപംകൊണ്ടത്. ഇന്ന് ആന്ധ്രയിലും തെലങ്കാനയിലും സുക്ഷ്മദർശിനി വച്ചുനോക്കിയാൽ പോലും കാണാത്ത ഒന്നുണ്ട് കോൺഗ്രസ്.

ബ്രഹ്മചാരി പറയും; ഇന്ദിര തീരുമാനിക്കും

മോത്തിലാൽ നെഹ്റുവാണ് നെഹ്‌റു കുടുംബത്തിലെ ആദ്യ രാഷ്ട്രീയക്കണ്ണി. 1919ലും 1928ലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന  മോത്തിലാലിന്റെ പൈതൃകം തീർച്ചയായും രാഷ്ട്രീയത്തിൽ നെഹ്റുവിനെ  സഹായിച്ചിട്ടുണ്ട്. എന്നാൽ, മോത്തിലാലിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു നെഹ്റുവിന്റെ രാഷ്ട്രീയ ചിന്താധാര. നെഹ്‌റുവിന്റെ മരണത്തിന് മുമ്പോപിമ്പോ അദ്ദേഹം കുടുംബരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണെന്ന് ആരും ആരോപിച്ചിട്ടില്ല. എന്നാൽ, ഇതേ നെഹ്‌റു 1959ൽ പുത്രി ഇന്ദിര ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് അവരോധിച്ചുകൊണ്ട് കുടുംബരാഷ്ട്രീയത്തിന് തറക്കല്ലിട്ടു. അന്ന് ഇന്ദിരയ്ക്ക് 42 വയസ്സ്‌. അച്ഛൻ പ്രധാനമന്ത്രി; മകൾ കോൺഗ്രസ് അധ്യക്ഷ. ഈ കുടുംബാധിപത്യത്തിന്റെ ആദ്യ ഇര കേരളത്തിലെ ആദ്യ ജനകീയ സർക്കാരായിരുന്നു. മകളുടെ ‘നിർബന്ധം' സഹിക്കവയ്യാതെ അച്ഛൻ  ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടു.

ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനുശേഷം ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ചുക്കാൻപിടിച്ചത് അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ കാമരാജ് ആയിരുന്നു. ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെതിരെ മുതിർന്ന നേതാവ് മൊറാർജി ദേശായി രംഗത്തുവന്നു. ഭിന്നത രൂക്ഷമായി. 1966 ജനുവരി 19ന് കോൺഗ്രസ് പാർലമെന്ററി പാർടിയിൽ വോട്ടെടുപ്പ് നടന്നു. 169ന് എതിരെ 355 വോട്ടിന്‌ മൊറാർജി  ദേശായിയെ തോൽപ്പിച്ചാണ് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായത്. ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ടതിന്റെ അനുരണങ്ങളാണ് ബാങ്ക് ദേശസാൽക്കരണം, നാട്ടുരാജാക്കൻമാർക്കുള്ള പ്രിവിപേഴ്സ് നിർത്തലാക്കൽ തുടങ്ങിയ ചരിത്രപരമായ  നിലപാടുകളിൽ കണ്ടത്. എന്നാൽ, വളരെ പെട്ടെന്ന് ഇന്ദിര ഗാന്ധി കോൺഗ്രസിനെ കുടുംബവൽക്കരിച്ചു. സഞ്‌ജയ് ഗാന്ധിയും കിച്ചൻ ക്യാബിനറ്റും അധികാരം ഏറ്റെടുത്തു.

ശാസ്ത്രവും പുരോഗമനചിന്തയുമാണ്  നെഹ്‌റുവിനെ നയിച്ചിരുന്നതെങ്കിൽ അന്ധവിശ്വാസങ്ങളുടെ ചങ്ങലക്കെട്ടിൽ ഇന്ദിര ഗാന്ധി ബന്ധനസ്ഥയായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനം മുതൽ ബ്ലൂ സ്റ്റാർ ഓപ്പറേഷൻ വരെ സുപ്രധാനമായ എല്ലാ നടപടിക്കുംമുമ്പ്  ജോത്സ്യൻമാരുടെ ഉപദേശങ്ങൾ ആരാഞ്ഞിരുന്നു. കുടുംബകാര്യങ്ങളിലും ഇന്ദിരയുടെ അവസാന വാക്ക് ജോത്സ്യൻ വീരേന്ദ്ര ബ്രഹ്മചാരിയുടേതായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മരണത്തിനുശേഷം ആ സ്ഥാനത്തേക്ക് ഉയർന്നുവരാൻ ഭാര്യ മനേകാഗാന്ധി ആഗ്രഹിച്ചിരുന്നു. എന്നാൽ, മനേകയെ ഏ‍ഴയലത്ത് അടുപ്പിക്കരുതെന്ന ഉപദേശമാണ് അന്ന് വീരേന്ദ്രബ്രഹ്മചാരി  ഇന്ദിരയ്‌ക്ക്‌ നൽകിയത്. കുടുംബത്തിലെ ആഭ്യന്തരപ്രശ്നങ്ങളുടെ  അടിസ്ഥാനകാരണം ബ്രഹ്മചാരിയുടെ  വ‍ഴിവിട്ട ഉപദേശങ്ങൾക്കനുസരിച്ച്  ഇന്ദിര ഗാന്ധി തുള്ളിയതുകൊണ്ടാണെന്ന് സോണിയ ഗാന്ധിയുടെ  ജീവചരിത്രമായ ‘റെഡ് സാരി'യിൽ ഗ്രന്ഥകർത്താവ് ജാവിയർ മൊറോ നിരീക്ഷിക്കുന്നുണ്ട്.

പ്രിയങ്ക ഗാന്ധി ആന്തമാനിലേക്ക്‌  

നേതൃസ്ഥാനത്തുനിന്ന് സോണിയ ഗാന്ധി ഒ‍ഴിയണമെന്ന്  ആവശ്യപ്പെട്ട് 23 പ്രമുഖരായ കോൺഗ്രസ് നേതാക്കൾ കത്തയച്ചതിനു പിന്നാലെയാണ് നെഹ്‌റു കുടുംബത്തിനു പുറത്തുള്ളവർ കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കണമെന്നും അത്തരമൊരു അധ്യക്ഷനു കീ‍ഴിൽ ആന്തമാനിൽ പോയി പ്രവർത്തിക്കാൻ തയ്യാറാണെന്നും പ്രിയങ്ക ഗാന്ധി  പ്രസ്താവിച്ചത്. പക്ഷേ, ആ പദവി ഏറ്റെടുക്കാൻ ആർക്കും താൽപ്പര്യമില്ല. കാരണം നെഹ്റു കുടുംബത്തിന്റെ ആശീർവാദത്തോടെ നിർണായക ചുമതലകൾ ഏറ്റെടുത്ത നരസിംഹറാവുവിന്റെയും സീതാറാം കേസരിയുടെയും ദുരനുഭവങ്ങൾ ആരും മറന്നിട്ടില്ല. മരണാനന്തരം  നരസിംഹ റാവുവിന്റെ  മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കാൻ പോലും സോണിയ ഗാന്ധി തയ്യാറായില്ല. 13–-ാം വയസ്സിൽ സ്വാതന്ത്ര്യസമരത്തിലേക്ക്‌ ഇറങ്ങുകയും ദീർഘകാലം ജയിൽവാസം അനുഭവിക്കുകയും ചെയ്ത സീതാറാം കേസരിയെ അവഹേളിച്ചാണ് എഐസിസി അധ്യക്ഷപദവിയിൽനിന്ന് ഇറക്കിവിട്ടത്.

സോണിയ ഗാന്ധിക്ക് ജയ് വിളിച്ചവർ സീതാറാം കേസരിയുടെ വാഹനം അടിച്ചുതകർത്തു. അക്രമികൾക്കെല്ലാം പിന്നീട് സംരക്ഷണവും സ്ഥാനമാനങ്ങളും  നൽകി.മൻമോഹൻസിങ്ങിനെ ‘നോൻസെൻസ്'എന്നുവിളിച്ച് അവഹേളിച്ചും പ്രണബ് മുഖർജിയെ രാഷ്ട്രപതി ഭവനിലേക്ക്‌ നാടുകടത്തിയും രാഹുൽ ചെയ്തത് പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ സഞ്ചാരം സുഗമമാക്കുകയായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണമായതിനെ തുടർന്ന് എല്ലാം മറ്റുള്ളവരുടെ തലയിലിട്ട് രാഹുൽ മാളത്തിലൊളിച്ചു. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായാൽ കൊട്ടുംകുരവയുമായി രാഹുൽ മടങ്ങിയെത്തും. അതുവരെ ഭാരം ചുമക്കാൻ നെഹ്‌റുകുടുംബത്തിലെ വിശ്വസ്തരായ ആരെങ്കിലുമെല്ലാം വേണം. ആ പണിക്കായി രാഹുൽ കണ്ടുവച്ചിരുന്ന ഗ്വാളിയോർ രാജാവ് ജ്യോതിരാദിത്യസിന്ധ്യ ഇന്ന്  ബിജെപിയിലാണ്.

കോൺഗ്രസിനെ രക്ഷപ്പെടുത്താനായി കച്ചകെട്ടി ഇറങ്ങിയ വിമത പക്ഷത്തിന്റെ നോട്ടവും അധികാരക്കസേരയിൽ മാത്രമാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ നടപടിയെ ബിജെപി നേതാക്കളേക്കാൾ ആവേശത്തോടെ ന്യായീകരിച്ച ശശി തരൂരാണ്  വിമതപക്ഷത്തിനുവേണ്ടി സോണിയ  ഗാന്ധിക്കെതിരായ കത്ത് തയ്യാറാക്കിയത്. അയോധ്യയിൽ പ്രധാനമന്ത്രി  രാമക്ഷേത്രത്തിന് ശിലയിടുന്നതിനെ പ്രിയങ്ക വാനോളം പുക‍ഴ്‌ത്തിയപ്പോൾ അതിനെതിരെ ശബ്ദിക്കാൻ കപിൽ സിബലോ ആനന്ദ് ശർമയോ ഗുലാം നബിയോ  തയ്യാറായില്ല. എന്നാൽ, നെഹ്റു അങ്ങനെയായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം ഗുജറാത്തിൽ പുനർനിർമിക്കപ്പെട്ട സോമനാഥക്ഷേത്രം ഉദ്ഘാടനം ചെയ്യാനായി  അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ക്ഷണിക്കപ്പെട്ടപ്പോൾ ഒരിക്കലും ക്ഷണം സ്വീകരിക്കരുതെന്ന് അഭ്യർഥിച്ച് നെഹ്‌റു രാജേന്ദ്രപ്രസാദിന് കത്തെ‍ഴുതിയിരുന്നു.  ആ  പാരമ്പര്യം ഇന്ന് കോൺഗ്രസിന് ഇല്ല. അതില്ലാത്തിടത്തോളം കാലം കോൺഗ്രസ് അധ്യക്ഷപദവിയിൽ ആര്‌ ഇരുന്നാലും തിരിച്ചുവരവ് അസാധ്യമാണ്.

*

കെ രാജേന്ദ്രൻ

No comments:

Post a Comment