Thursday, September 3, 2020

രാജ്യത്ത്‌ 4 മിനിറ്റിൽ ഒരു ആത്മഹത്യ

 ന്യൂഡൽഹി: കഴിഞ്ഞവർഷം രാജ്യത്ത്‌ നാല്‌ മിനിറ്റിൽ ഒരാൾവീതം ജീവനൊടുക്കിയെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ (എൻസിആർബി) റിപ്പോർട്ട്‌. 2018നെ അപേക്ഷിച്ച്‌ 2019ൽ ആത്മഹത്യ 3.4 ശതമാനം വർധിച്ചു. സാമ്പത്തികത്തകർച്ചയാണ്‌ ജീവനൊടുക്കാന്‍ മുഖ്യപ്രേരണ. ജീവനൊടുക്കിയവരില്‍  67 ശതമാനം പേരുടെയും പ്രതിമാസവരുമാനം 8300 രൂപയിൽ താഴെ‌.  കൃഷിക്കാരും കൂലിപ്പണിക്കാരുമായ 42,480 പേർ ജീവനൊടുക്കി.

രാജ്യത്ത്‌ 2019ല്‍ ജീവനൊടുക്കിയ 1,39,123 പേരില്‍ 41,493 സ്‌ത്രീകളും 17 ട്രാൻസ്‌ജെൻഡറുകളുമുണ്ട്. ആത്മഹത്യയുടെ 49.5 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്‌, കർണാടകം, പശ്ചിമബംഗാൾ, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍. മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 18,916 പേർ.

2018ൽ 1,34,516 ആത്മഹത്യ. 2018നെ അപേക്ഷിച്ച്‌ ആത്മഹത്യയില്‍ വന്‍ വര്‍ധനയുണ്ടായത്‌  ബിഹാറിലാണ്‌– -44.7 ശതമാനം. പഞ്ചാബിൽ 37.5 ശതമാനവും വർധിച്ചു. കേരളത്തിൽ വർധന 3.9 ശതമാനം‌. 8556 പേര്‍ ജീവനൊടുക്കി‌; 2018ൽ 8237 പേരും.

പത്ത്‌ ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ചെന്നൈ– -2461, ഡൽഹി–- 2423, ബംഗളൂരു– -2081, മുംബൈ– -1229 എന്നിങ്ങനെയാണ്‌ കണക്ക്. ആത്മഹത്യചെയ്‌ത ദരിദ്രരുടെ എണ്ണത്തിലും തമിഴ്‌നാട്‌ മുന്നിൽ– -9723 പേർ. ബിരുദധാരികളായ 4447 പേർ സ്വയം ജീവനൊടുക്കി;  എംബിഎ അടക്കമുള്ള ഉന്നത ബിരുദധാരികളായ 335 പേരും. 2008ന്‌ ശേഷം രാജ്യത്ത്‌ 16 ലക്ഷം പേരാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ റിപ്പോർട്ടിൽ പറഞ്ഞു.

സാജൻ എവുജിൻ

No comments:

Post a Comment