Thursday, September 3, 2020

താക്കീതായി കേരളമനസ്സ്‌ ; കരിദിനത്തിൽ അണിനിരന്നത്‌ ലക്ഷങ്ങൾ

 കേരളത്തെ കണ്ണീരിലാഴ്‌ത്തി‌ തിരുവോണ തലേന്ന്‌ രാത്രി വെഞ്ഞാറമൂട്ടിൽ കോൺഗ്രസ്‌ അക്രമികൾ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും അരുംകൊല ചെയ്‌തതിനെതിരെ നാടാകെ പ്രതിഷേധം. കോൺഗ്രസ്‌ നേതാക്കളുടെ അറിവോടെ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ സിപിഐ എം ആഹ്വാനംചെയ്‌ത കരിദിനാചരണത്തിലും ബ്രാഞ്ചുതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണയിലും ലക്ഷങ്ങൾ അണിനിരന്നു. കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.  കറുത്ത ബാഡ്‌ജ്‌ ധരിച്ച്‌ വൈകിട്ട്‌ നാലുമുതൽ ആറുവരെയായിരുന്നു ധർണ. ഒരു കേന്ദ്രത്തിൽ അഞ്ചുപേരിൽ കൂടരുതെന്ന നിർദേശം പാലിച്ച്‌  ബ്രാഞ്ചുകളിൽ നിരവധി കേന്ദ്രത്തിലായിരുന്നു പ്രതിഷേധം. നിയമസഭയിൽ സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്ന്‌ നാണംകെട്ട്‌ പ്രതിസന്ധിയിലായ കോൺഗ്രസ്‌ ജനശ്രദ്ധ തിരിച്ചുവിടാൻ നരവേട്ട നടത്തിയതിൽ രാഷ്ട്രീയ ഭേദമെന്യേ നാട്‌ ഒറ്റമനസായി പങ്കുചേർന്നു.

എറണാകുളം രാജേന്ദ്രമൈതാനത്തിനു സമീപം ഗാന്ധി പ്രതിമയ്‌ക്കുമുന്നിൽ ധർണ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിലും കെ രാധാകൃഷ്ണൻ കോർപറേഷൻ ജനറൽ ആശുപത്രിക്കുമുന്നിലും വൈക്കം വിശ്വൻ കോട്ടയം തിരുനക്കരയിലും ഉദ്‌ഘാടനം ചെയതു. പി കരുണാകരൻ നീലേശ്വരത്തും പി കെ ശ്രീമതി പാപ്പിനിശേരിയിലും എം വി ഗോവിന്ദൻ കണ്ണൂർ കാൽടെക്സിലും എളമരം കരീം കോഴിക്കോട്‌ മാനാഞ്ചിറ എസ്‌ കെ പ്രതിമയ്ക്കു മുന്നിലും ധർണ ഉദ്‌ഘാടനംചെയ്‌തു.

സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ എൻ ബാലഗോപാൽ തിരുവനന്തപുരം പാളയത്തും ആനത്തലവട്ടം ആനന്ദൻ ആറ്റിങ്ങൽ കച്ചേരി ജങ്‌ഷനിലും  ഉദ്‌ഘാടനം ചെയ്‌തു.

ഒളിയിടം ഒരുക്കിയത്‌ കോന്നിയിൽ ; കോൺഗ്രസ്‌ ബന്ധം കൂടുതൽ വെളിപ്പെടുന്നു

വെഞ്ഞാറമൂട്ടിൽ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കോൺഗ്രസുകാർക്ക്‌ ഒളിയിടം ഒരുക്കിയത്‌ അടൂർ പ്രകാശ്‌ എംപിയുടെ തട്ടകമായ കോന്നിയിൽ. ഇവിടേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ മഹിളാ കോൺഗ്രസ്‌ പ്രവർത്തക പ്രീജയെയും മുഖ്യ പ്രതികളായ  സജീവ്‌, സനൽ എന്നിവരെയും ചൊവ്വാഴ്‌ച പിടികൂടിയത്‌. ഇവരെ കോടതി റിമാൻഡ്‌ ചെയ്‌തു.  അതിനിടെ പ്രതികളെ രക്ഷിക്കാൻ അടൂർ പ്രകാശ്‌ എംപി പരസ്യമായി രംഗത്തെത്തി.  പ്രതികളെ ന്യായീകരിച്ച എംപി കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരെ അക്രമികളായാണ്‌ മാധ്യമങ്ങളോട്‌ ചിത്രീകരിച്ചത്‌. ഒപ്പം സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ആരോപണങ്ങളുന്നയിച്ച്‌ ഭീഷണിപ്പെടുത്താനും അടൂർ പ്രകാശ്‌ ശ്രമിക്കുന്നു.

പ്രതികളെ സഹായിച്ച അടൂർ പ്രകാശിന്റെ അടുപ്പക്കാരനും മാണിക്കൽ പഞ്ചായത്ത്‌ തലയിൽ വാർഡ്‌ അംഗവുമായ ഗോപന്റെ പങ്കിനെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം തുടങ്ങി. തലയിൽ ഗോപന്റെ അടുപ്പക്കാരനാണ് ഒളിവിലുള്ള പ്രധാനപ്രതി ഉണ്ണി‌. ഗോപൻ തിരുവോണദിവസം പുലർച്ചെ മൂന്നരയ്‌ക്കും ആറരയ്‌ക്കും ഉണ്ണിയുടെ വീട്ടിൽ എത്തിയിരുന്നു.  സനലിന്റെ വീടും സന്ദർശിച്ചിരുന്നു‌.   സംഭവം പുറത്തുവന്നതോടെ ഇയാൾ ഫോൺ സ്വിച്ച്‌ ഓഫാക്കി മുങ്ങി. ബുധനാഴ്‌ച ഉച്ചയോടെയാണ്‌ ഫോൺ ഓണാക്കി ചില മാധ്യമങ്ങളുമായി സംസാരിച്ചത്‌. ഇക്കാര്യം പൊലീസ്‌ വിശദമായി അന്വേഷിക്കുന്നുണ്ട്‌. കോൺഗ്രസ്‌, ഐൻഎൻടിയുസി നേതാവായ ഉണ്ണിക്കായി തെരച്ചിൽ ഊർജിതമാക്കി‌.‌

വസ്‌ത്രങ്ങളും ആയുധങ്ങളും കണ്ടെടുത്തു

പ്രതികളുടേതെന്നു കരുതുന്ന വസ്‌ത്രങ്ങളും വെട്ടാനും കുത്താനും ഉപയോഗിച്ച ആയുധങ്ങളും പൊലീസ്‌ കണ്ടെടുത്തു. നെടുമങ്ങാട്‌ ആനാടിന്‌ അടുത്തുള്ള മൊട്ടക്കാവിലെ റബർ തോട്ടത്തിൽനിന്നാണ്‌ രണ്ട്‌ ഷർട്ട്‌ കണ്ടെടുത്തത്‌. ഇവ പ്രതികൾ ഉപയോഗിച്ചതെന്നാണ്‌  നിഗമനം. ഇവ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയക്കും. ആയുധങ്ങൾ ചൊവ്വാഴ്‌ചയാണ്‌ കണ്ടെടുത്തത്‌.

പ്രതികളുടെയും ചില കോൺഗ്രസ്‌ നേതാക്കളുടെയും മൊബൈൽ ഫോൺ വിളികളുടെ വിശദവിവരം (സിഡിആർ) പൊലീസ്‌  പരിശോധിച്ചുവരികയാണ്‌. ആയിരത്തിലധികം ഫോൺ രേഖയാണ്‌ പരിശോധിക്കുന്നത്‌. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്‌ വിശദമായ അന്വേഷണവും തെളിവെടുപ്പും നടത്തും.

പ്രതികളെ കടത്താൻ സ്വർണം പണയംവച്ചു

പ്രതികളായ ഉണ്ണിയുടെയും സനലിന്റെയും   ബന്ധുവാണ്‌ പ്രീജ. ഇവരുടെ അമ്മ കോന്നിക്കാരിയാണ്‌. ഉണ്ണിയുടെ നിർദേശ പ്രകാരമാണ്‌ സനലിനെയും സജീവിനെയും മാരുതി സ്വിഫ്‌റ്റ്‌ ഡിസയറിൽ കോന്നിയിലേക്ക്‌ കടത്താൻ ശ്രമിച്ചത്‌. ഇതിനായി സ്വർണം പണയംവച്ച പണവും  നേരത്തെ തന്നെ പ്രീജ കരുതിയിരുന്നു.  13,500 രൂപ വാഹനത്തിൽനിന്ന്‌ പൊലീസ്‌ പിടിച്ചെടുത്തു. എംസി റോഡിലേക്ക്‌ കടക്കുംമുമ്പാണ്‌ കാർ പിന്തുടർന്ന്‌ പൊലീസ്‌ പിടികൂടിയത്‌

No comments:

Post a Comment