Thursday, September 3, 2020

അവിടെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകന്റെ ജീവൻ തിരിച്ചുപിടിക്കാൻ ഡിവൈഎഫ്‌ഐ

 കോഴിക്കോട്‌: തിരുവോണത്തലേന്ന്‌ തേമ്പാംമൂടിൽ യൂത്ത്‌ കോൺഗ്രസുകാരുടെ‌  രാഷ്‌ട്രീയ വൈര്യത്തിൽ രണ്ടു ചെറുപ്പക്കാർ വെട്ടേറ്റുവീണപ്പോൾ,  കക്കയത്ത്‌  യൂത്ത്‌ കോൺഗ്രസുകാരന്റെ ജീവൻ നിലനിർത്താനായി  പണം പിരിക്കുന്നതിലുള്ള തിരക്കിലായിരുന്നു ഒരുപറ്റം ഡിവൈഎഫ്‌ഐ പ്രവർത്തകർ. കോഴിക്കോട്‌ കൂരാച്ചുണ്ടിൽ  ഇരുവൃക്കയും തകരാറിലായ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകന്റെ ചികിത്സ‌ക്കായാണ്‌ ഉത്രാടനാളിൽ യൂത്ത്‌ ബ്രിഗേഡ്‌ വളന്റിയർമാർ കൊടിയുടെ നിറംനോക്കാതെ പണം സമാഹരിച്ചത്‌.

ഓണാഘോഷം ഒഴിവാക്കി, കക്കയം അങ്ങാടിയിലും മറ്റും  ബക്കറ്റ്‌ കലക്‌ഷനിലൂടെ നാൽപ്പതിനായിരം രൂപയാണ്‌ സമാഹരിച്ചത്‌. കക്കയം പന്നിവെട്ടുപറമ്പിൽ ജിനു ജോണിന്റെ വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്ക്ക്‌ പണം കണ്ടെത്താനാണ്‌ ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ രംഗത്തിറങ്ങിയത്‌‌. 60 ലക്ഷം രൂപ ചെലവ്‌ വരുന്ന ചികിത്സക്കായി  രണ്ടാഴ്‌ച മുമ്പാണ്‌ പഞ്ചായത്തംഗവും കോൺഗ്രസ്‌ നേതാവുമായ ആൻഡ്രൂസ്‌ കട്ടിക്കാന ചെയർമാനും സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി ആന്റണി വിൻസെന്റ്‌ കൺവീനറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ച്‌ ധനശേഖരണം തുടങ്ങിയത്‌. തിരുവോണത്തിന്‌ രണ്ടുദിവസംമുമ്പ്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരു ഡോക്‌ടറുടെ വൃക്ക ജിനുവിന്‌ അനുയോജ്യമായി‌. ഇതോടെ ശസ്‌ത്രക്രിയ വേഗത്തിലാക്കുകയായിരുന്നു. ആറ്‌ ലക്ഷം രൂപ ആശുപത്രിയിൽ ഉടൻ കെട്ടിവെക്കേണ്ടതായും വന്നു. ഇതറിഞ്ഞാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ പണം സ്വരൂപിക്കാനിറങ്ങിയത്‌.  

  ഞായറാഴ്‌ച രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ അഞ്ചുവരെ 23 പ്രവർത്തകർ കൂരാച്ചുണ്ട്‌ അങ്ങാടിയിലും കടകളിലും എത്തുന്നവരിൽനിന്നാണ്‌  പണം പിരിച്ചെടുത്തത്‌. ലഭിച്ച 40,010 രൂപ ജനകീയ സമിതി കൺവീനർക്ക്‌ കൈമാറിയതായി യൂത്ത്‌ ബ്രിഗേഡ്‌ ചീഫ്‌ അഡ്വൈസർ മുജീബ്‌ കക്കയം പറഞ്ഞു. വൃക്ക മാറ്റിവച്ച ജിനു ജോൺ ആസ്‌റ്റർ മിംസ്‌ ആശുപത്രിയിൽ സുഖം പ്രാപിക്കുകയാണ്‌.

No comments:

Post a Comment