ഇരുമെയ്യാണെങ്കിലും ഇവരൊന്നാണേ...! പ്രതിസന്ധി മറച്ചുവയ്‌ക്കാൻ കുപ്രചാരണം ആയുധമാക്കി യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും
യുവാക്കളുടെ ഇരട്ടക്കൊലപാതകവും സ്വർണക്കടത്ത് അന്വേഷണം തിരിഞ്ഞുകൊത്തിയതും യുഡിഎഫിനെയും ബിജെപിയെയും കടുത്ത പ്രതിസന്ധിയിലാക്കി. ഇത് മറികടക്കാനാണ് സർക്കാരിനും സിപിഐ എമ്മിനും എതിരെ നിരന്തരം കുപ്രചാരണം അഴിച്ചുവിടുന്നത്. ആദ്യം ബിജെപിയാണ് വാർത്താ സമ്മേളനം നടത്തുന്നതെങ്കിൽ അതേ വിഷയത്തിൽ മിനിറ്റുകൾക്കുള്ളിൽ പ്രതിപക്ഷ നേതാവ് രംഗത്ത് വരും. യുഡിഎഫ് നേതാക്കൾ ആദ്യം മാധ്യമങ്ങൾക്ക് മുമ്പിലെത്തിയാൽ പിന്നാലെ ബിജെപിയും. ഇഴപിരിച്ചെടുക്കാൻ കഴിയാത്തതാണ് ഈ കൂട്ടായ്‌മ. കോൺഗ്രസ്, ലീഗ്, ബിജെപി നേതാക്കളുടെ വിഡ്‌ഢിത്തങ്ങളടക്കം ഏറ്റുപിടിച്ച് ചില മാധ്യമങ്ങളുമുണ്ട്. കുമിളയുടെ ആയുസ്സുപോലുമില്ലാത്ത ആരോപണങ്ങളിൽ നിഴലിച്ചത് യുഡിഎഫും ബിജെപിയും ഒരുമെയ്യാണെന്നാണ്.
രാഷ്‌ട്രീയമായും ഭരണപരമായും സർക്കാരിനെ നേരിടാൻ കഴിയില്ലെന്ന് വന്നപ്പോഴാണ് പുതിയ അച്ചുതണ്ടായി പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും കൂട്ടായത്. വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് അരിഞ്ഞുവീഴ്‌ത്തിയ രണ്ട് യുവാക്കളുടെ കുടുംബങ്ങളുടെ വിലാപങ്ങളും തേങ്ങലും അടങ്ങുംമുമ്പ് സർക്കാരിനെതിരെ വിവാദത്തിന് വഴിതേടാനുള്ള വ്യഗ്രതയാണ് ഇവർ പ്രകടമാക്കിയത്. മുഖ്യമന്ത്രി വ്യാജ ഒപ്പിട്ടെന്ന ആരോപണവും നാർക്കോട്ടിക് കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ ഒരാളുമായുള്ള ബിനീഷ് കോടിയേരിയുടെ സൗഹൃദവും സർക്കാരിനെതിരെ ആയുധമാക്കാനാണ് ശ്രമം. അരുംകൊല നടത്തിയ കോൺഗ്രസ് ക്രൂരത മറച്ചുപിടിച്ച് വിവാദങ്ങൾക്ക് എരിവ് പകരാനാണ് മാധ്യമങ്ങളുടെ ശ്രമം.
ഇരട്ടക്കൊലയേക്കാൾ കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചെന്ന പ്രചാരണമാണ് ചില മാധ്യമങ്ങൾ ഏറ്റെടുത്തത്. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളെപ്പോലും വിസ്‌മരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണങ്ങൾക്കാണ് മുൻതൂക്കം നൽകിയത്. പെരിയ ഇരട്ടക്കൊലയിൽ ഒരു നീതിയും ഇവിടെ മറ്റൊന്നും. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ മാത്രമല്ല സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളിലും മാധ്യമങ്ങളുടെ പക്ഷപാതിത്വം പ്രകടമാണ്.
ഇരട്ടക്കൊലയിലും അതിനു പിന്നിൽ നടന്ന ഗൂഢാലോചനയിലും മറുപടി പറയേണ്ട സ്ഥിതിയിലാണ് കോൺഗ്രസ് നേതൃത്വം. പെരിയ കൊലപാതകം വലിയ ആഘോഷമാക്കിയവർ ഇപ്പോൾ തിരിഞ്ഞുനിന്ന് അതേ ആരോപണം ഉയർത്തുകയാണ്. കോൺഗ്രസ് എംപിക്ക് കൊലപാതക ഗൂഢാലോചനയിലെ പങ്ക് സംബന്ധിച്ച് സൂചനകളും പുറത്തുവരുന്നു. അതെല്ലാം മറച്ചുപിടിക്കാനുള്ള വ്യഗ്രതയാണ് കോൺഗ്രസ് നേതൃത്വം കാട്ടുന്നത്.
സ്വർണക്കടത്ത് കേസിൽ അണികളും നേതാക്കളും ഒന്നൊന്നായി അറസ്റ്റിലായതിന്റെ അസഹ്യതയാണ് മുസ്ലിംലീഗിന്. കസ്റ്റംസിന് സ്വപ്‌ന സുരേഷ് നൽകിയ മൊഴി ബിജെപി നേതൃത്വത്തിനെതിരെയാണ്. ജനം ടിവി ചാനൽ മുൻ കോ–- ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തതും ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കി. ഇതിൽനിന്ന് കരകയറാനുള്ള തത്രപ്പാടാണ് ആരോപണ പരമ്പരയ്‌ക്കു പിന്നിൽ.
കെ ശ്രീകണ‌്ഠൻ
No comments:
Post a Comment