തിരുവനന്തപുരം> സസ്‌പെന്‍ഷനിലൂടെ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ മൂഢ സ്വര്‍ഗ്ഗത്തിലാണെന്ന് കെകെ രാഗേഷ് എംപി. എളമരം കരീം, കെ.കെ.രാഗേഷ് ഉള്‍പ്പെടെ 8 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ജനാധിപത്യ വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്ന നീക്കങ്ങള്‍ സുഗമമായി നടത്തികൊണ്ട് പോകാമെന്ന് ധരിക്കരുത്. ഈ പോരാട്ടങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല.
കാര്‍ഷിക മേഖലയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്ന് പടിയിറക്കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിട്ടുള്ളത്. അത് രാജ്യത്തിലെ കര്‍ഷകരുടെ മരണ മണി മുഴക്കുന്ന നിയമമാണ്.
രാജ്യത്തെ കാര്‍ഷിക മേഖലയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരായിട്ടാണ് ഞാനുള്‍പ്പെടെയുള്ള പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധിച്ചത്. ഓര്‍ഡിനന്‍സുകള്‍ക്കെതിരെയുള്ള നിരാകരണ പ്രമേയവും ഇന്നലെ അവതരിപ്പിക്കയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന ഭരണപക്ഷത്തിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം നല്‍കുമ്പോള്‍ അതിനെ പാര്‍ലമെന്റില്‍ നിരാകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശമാണ് നിരാകരണ പ്രമേയം അവതരിപ്പിക്കാനുള്ള അനുമതിയിലൂടെ ലഭിച്ചത്.
പിന്നീട് ചര്‍ച്ചക്ക് ശേഷം വോട്ടിംഗിലേക്ക് കടന്നപ്പോള്‍ ഏറ്റവും ആദ്യം വോട്ടിംഗ് നടക്കേണ്ടത് നിരാകരണ പ്രമേയത്തിന്‍മേലാണ്. വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോള്‍ വോട്ടെടുപ്പിലേക്ക് കടക്കാതെ ശബ്ദ വോട്ടോടെ നിരാകരണ പ്രമേയം തള്ളിയതായി ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഖ്യാപിക്കുകയാണുണ്ടായത്. അതിന് ശേഷം ഈ കര്‍ഷക ദ്രോഹ ബില്ല് സെലക്ട് കമ്മിറ്റിയുടെ സ്‌ക്രൂട്ടിനിക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ പ്രമേയ അവതരണത്തിന് നിഷേധിക്കുകയാണുണ്ടായത്.
പതിനൊന്നോളം ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു, അതും അവതരിപ്പിക്കാന്‍ അനുമതി നല്‍കിയില്ല. എല്ലാം വായിച്ച് പാര്‍ലമെന്റി നടപടി ക്രമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധം കര്‍ഷകദ്രോഹ ബില്ല് പാസാക്കിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അതിനെതിരായാണ് താനുള്‍പ്പെടെ പ്രതിഷേധിച്ചത്.അങ്ങിനെ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.
ഇതില്‍ ഏറെ അഭിമാനിക്കാവുന്ന ഒരു കാര്യം, ഈ പോരാട്ടത്തിന് നേതൃത്വം കൊടുത്തിട്ടുള്ളത് അംഗസംഖ്യയില്‍ ചെറുതെങ്കിലും കെ.കെ.രാഗേഷും എളമരം കരീമും ഉള്‍പ്പെടുന്ന ഇടത് പക്ഷമാണ്.കര്‍ഷകരുടെ അവകാശ പോരാട്ടം ഇനിയും തുടരുക തന്നെ ചെയ്യും. ഇന്ന് രാജ്യത്താകെ അതിശക്തമായ കര്‍ഷക പ്രക്ഷോഭം ഉയര്‍ന്ന് വരികയാണ്.പ്രതിപക്ഷ കക്ഷികളെല്ലാം ആ സമരത്തിന്റെ സമ്മര്‍ദ്ദത്തിന് വിധേയമായിക്കൊണ്ട് ആ സമരത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുകയാണ്.
ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആടികളിക്കുകയാണുണ്ടായത്. ഒരു നിരാകരണ പ്രമേയം പോലും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഒരു ഭേദഗതി പോലും നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായില്ല. ശക്തമായ കര്‍ഷക സമരം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ചില ഭേദഗതി നിര്‍ദ്ദേശിച്ചു എന്നല്ലാതെ അവര്‍ പാര്‍ലമെന്റിലെ പോരാട്ടത്തിന്റെ മുന്നിലില്ല. അവരുടെ നേതാക്കളെ പാര്‍ലമെന്റിലെ പോരാട്ടത്തില്‍ കാണാനില്ല.
കര്‍ഷകരുടെ ഇടയില്‍ രൂപപ്പെട്ടിട്ടുള്ള പ്രതിപക്ഷ ഐക്യം രാജ്യത്താകെ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ അവരുടെ പാര്‍ട്ടിയും നേതാക്കന്‍മാരും ഈ പോരാട്ടത്തിന്റെ മുന്നിലില്ല.എന്നാല്‍ ഈ സമരത്തിന്റെ മുമ്പില്‍ രാജ്യത്തിലെ ഇടത് പക്ഷപ്രസ്ഥാനങ്ങളുണ്ട്. യഥാര്‍ത്ഥ പോരാട്ടം നടക്കുന്നത് പാര്‍ലമെന്റിന് പുറത്താണ്. സപ്തംബര്‍ 25 ന് കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ രാജ്യത്താകെ കര്‍ഷകപ്രക്ഷോഭ പരിപാടി നടക്കുകയാണ്.ജനാധിപത്യ ധ്വംസനകള്‍ക്കെതിരായും ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും കര്‍ഷകവിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരെയും ഇനിയും അതി ശക്തമായ സമരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
ആ പോരാട്ടങ്ങള്‍ പാര്‍ലമെന്റിലും എത്ര സസ്‌പെന്‍ഷന്‍ ഉണ്ടായാലും പ്രതിഫലിപ്പിക്കാനും ഇനിയും ഉണ്ടാവുമെന്നും കെകെ രാഗേഷ് വ്യക്തമാക്കി.
കര്‍ഷക ബില്‍ പാസാക്കിയ പാര്‍ലമെന്റ് രീതി ഞെട്ടിക്കുന്നത്; ചട്ടവും കീഴ്വഴക്കവുമെല്ലാം അട്ടിമറിക്കപ്പെട്ടു: പി രാജീവ്
തിരുവനന്തപുരം> കര്‍ഷക ബില്‍ 'പാസാക്കിയ ' പാര്‍ലമെന്റ് രീതി ഞെട്ടിക്കുന്നതായിരുന്നുവെന്ന് സിപിഐ എം സെക്രട്ടറിയറ്റ് അംഗവും മുന്‍ രാജ്യസഭാ എംപിയുമായ പി രാജീവ്. സഭയില്‍ ഏതെങ്കിലും ഒരംഗം ഡിവിഷന്‍ ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പ് നടത്തണമെന്നതാണ് ചട്ടം. രാജ്യസഭയുടെ 252 മുതല്‍ 254 വരെയുള്ള ചട്ടങ്ങള്‍ ശബ്ദ വോട്ടിന്റേയും ഡിവിഷന്റേയും നടപടി ക്രമങ്ങള്‍ വിശദീകരിക്കുന്നതാണ്. നിയതമായ രീതിയില്‍ ഒരു പ്രശ്‌നത്തില്‍ സഭ വിഭജിച്ച് (divide ) അഭിപ്രായം രേഖപ്പെടുത്തുന്നതാണ് ഡിവിഷന്‍.
ഇപ്പോള്‍ അത് ഇലക്ട്രോണിക് മെഷീന്‍ വഴിയാണ് . ഭരണഘടന ഭേദഗതി ഉള്‍പ്പെടെയുള്ളവയില്‍ ഭരണഘടനാ പ്രകാരം തന്നെ ഡിവിഷന്‍ നിര്‍ബന്ധമാണ്. മറ്റു ബില്ലുകളില്‍ ശബ്ദ വോട്ടേടുപ്പ് ആയാലും മതിയാകും. എന്നാല്‍, ഏതെങ്കിലും ഒരംഗം സീറ്റില്‍ നിന്നും എഴുന്നേറ്റ് ഡിവിഷന്‍ ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കലാണ് ചെയര്‍മാന്റ ചുമതല. അംഗങ്ങളുടെ അവകാശം സംരക്ഷിക്കലാണ് ചെയര്‍മാന്റെ ഉത്തരവാദിത്തമെന്നും രാജീവ് പറഞ്ഞു.
ഡിവിഷന്‍ ആവശ്യപ്പെട്ടാല്‍ വോട്ടിങ്ങിനുള്ള നടപടി ആരംഭിക്കാന്‍ ചെയര്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടും. അതിനെ തുടര്‍ന്ന് ലോബി ക്ലിയര്‍ ചെയ്യാന്‍ പറയും. നീണ്ട മണി മുഴങ്ങും. പിന്നീട് വാതിലുകള്‍ അടയ്ക്കും . അതു കഴിഞ്ഞാല്‍ വരുന്ന അംഗങ്ങള്‍ക്ക് അകത്തു കയറാന്‍ കഴിയില്ല.ഞങ്ങള്‍ എത്രയോ തവണ സഭയില്‍ ഡിവിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ബില്ലുകളില്‍ സി പി ഐ എമ്മിന് നയപരമായ എതിര്‍പ്പുണ്ടാകും. അത് രേഖപ്പെടുത്തേണ്ടത് പാര്‍ടിയുടെ ആവശ്യമായിരിക്കും.
പലതിലും ഇടതുപക്ഷം ഒറ്റക്കായിരിക്കും . എങ്കിലും ചെയര്‍ ഡിവിഷന്‍ ആവശ്യം അംഗീകരിക്കും . അതാണ് പാര്‍ലമെന്ററി രീതി. ആരു ചെയറിലിരുന്നാലും ആ ചട്ടം പിന്തുടരും. ചില ബില്ലുകള്‍ വോട്ടിനിടുന്ന നടപടി തുടങ്ങുമ്പോള്‍ ഞങ്ങളെ നോക്കി ഡിവിഷന്‍ ഇല്ലേ എന്ന് തമാശ രൂപത്തില്‍ ചോദിക്കും. പക്ഷേ, അവകാശം ലംഘിക്കില്ല . ഹമീദ് അന്‍സാരി ചെയര്‍മാനായിരുന്ന സന്ദര്‍ഭത്തില്‍ ചര്‍ച്ച കൂടാതെ ഒരു ബില്ലും പാസാക്കാന്‍ അനുവദിക്കാറില്ലായിരുന്നു; രാജീവ് പറഞ്ഞു
ചില ബില്ലുകള്‍ ഡിവിഷനിലേക്ക് പോയാല്‍ പരാജയപ്പെടുമെന്ന് തോന്നിയാല്‍ വോട്ടെടുപ്പ് ആവശ്യം നിഷേധിക്കുകയല്ല ചെയ്യാറുള്ളത്. ഭരണ കക്ഷി നേതൃത്വം മറ്റു കക്ഷി നേതാക്കളമായി ചര്‍ച്ച ചെയ്ത് ചില ഭേദഗതികള്‍ക്ക് തയ്യാറായി പാസാക്കാന്‍ ശ്രമിക്കും
മോഡി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ പ്രസിഡന്റിന്റെ നയപ്രഖ്യാപന ചര്‍ച്ചയില്‍ നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തില്‍ സീതാറാം യെച്ചൂരിയും താനും ഭേദഗതികള്‍ അവതരിപ്പിച്ചിരുന്നു. ഡിവിഷന്‍ ഒഴിവാക്കാന്‍ ഭരണകക്ഷി ശക്തമായി ശ്രമിച്ചു. എന്നാല്‍, ഞങ്ങള്‍ ഡിവിഷന്‍ ആവശ്യത്തില്‍ ഉറച്ചു നിന്നു. ചെയര്‍ അനുവദിച്ചു. ഞങ്ങള്‍ അവതരിപ്പിച്ച ഭേദഗതി വിജയിച്ചു . അത് ചരിത്രത്തില്‍ ഇടം തേടി.
എന്നാല്‍, ചട്ടവും കീഴ്വഴക്കവുമെല്ലാം ഇന്നലെ രാജ്യസഭയില്‍ അട്ടിമറിക്കപ്പെട്ടു. ഉപാധ്യക്ഷന്‍ ഹരിവംശ് സിങ്ങ് ഡിവിഷന്‍ ആവശ്യങ്ങള്‍ കേട്ടതായി നടിച്ചില്ല. പൊതുവെ മാന്യനായ , ഹരിവംശ് സിങ്ങ് എന്ന എം പിയെ ഒന്നിച്ച് പ്രവര്‍ത്തിച്ച കാലത്ത് പരിചയമുണ്ട്, എന്നാല്‍, ഇന്നലെ ലൈവില്‍ ചെയറില്‍ കണ്ടത് ആ ഹരിവംശ് സിങ്ങ് ആയിരുന്നില്ല . ബി ജെ പിയുടെ കൂടെ ചേര്‍ന്നാല്‍ ജനാധിപത്യവാദിയും ഏകാധിപത്യ പ്രവണതയുടെ നടത്തിപ്പുകാരനാകാമെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി
കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ ഹൃദയത്തെ തകര്‍ക്കുന്ന ബില്‍ പാസാക്കാന്‍ സ്വീകരിച്ച രീതി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഭീകര ദിനമാണ്. we the people of India എന്ന വാക്കുകളോടു കൂടി തന്നെയല്ലേ നമ്മുടെ ഭരണഘടനയുടെ ആമുഖം ഇപ്പോഴും തുടങ്ങുന്നത്? പാര്‍ലമെന്ററി സംവിധാനം തന്നെയല്ലേ ഇപ്പോഴും രാജ്യത്തുള്ളത്?; രാജീവ് ചോദിച്ചു
കരാർ കൃഷിക്ക് പകരം സഹകരണ കൃഷി; ബദലുമായി കേരളം
തിരുവനന്തപുരം > കോർപറേറ്റ് കമ്പനികൾക്ക് സഹായകമായ കരാർ കൃഷിക്ക് ബദലായി കർഷകർക്ക് ഗുണകരമായ സഹകരണ കൃഷി സംസ്ഥാനത്ത് വ്യാപിപ്പിക്കാൻ തീരുമാനം.
കാർഷിക മേഖലയുടെയും സഹകരണപ്രസ്ഥാനത്തിന്റെയും ശാക്തീകരണം വഴി കുത്തക ഭീമൻമാരുടെ ചൂഷണത്തിൽനിന്നും കേരളത്തിലെ കർഷകരെ രക്ഷിക്കാനാണിതെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തും. കൃഷി, തദ്ദേശം, വ്യവസായം, ഫിഷറീസ്, സഹകരണം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് വിത്തുമുതൽ വിപണിവരെ ശക്തമായ ഇടപെടൽ നടത്തും.
ഏത് സാങ്കേതികവിദ്യ നടപ്പാക്കണം, ഏതൊക്കെ സേവനം കർഷകർക്ക് വേണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലാതാക്കുന്നതാണ് പുതിയ ബിൽ. ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷി അടിച്ചേൽപ്പിക്കപ്പെടാനും ബില്ല് വഴിവച്ചേക്കാം. ചെറുകിടനാമമാത്ര കർഷകർ പുറന്തള്ളപ്പെടാനും സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment