Sunday, September 20, 2020

യുഎഇയെ കുഞ്ഞാലിക്കുട്ടി കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുന്നു; പ്രവാസി മലയാളികളെ കൊലക്ക്‌ കൊടുക്കുന്നതിന്‌ തുല്യം, മാപ്പ്‌ പറയണം: സിപിഐ എം

 തിരുവനന്തപുരം > ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്‌ മലയാളികളുടെ ജീവന്‍കൊണ്ട്‌ പന്താടുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ഏറ്റവും കൂടല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ്‌ യുഎഇ ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക്‌ അയച്ചതാണ്‌ ഖുറാനും ഈന്തപ്പഴവും. ഇത്‌ കേന്ദ്രസര്‍ക്കാറിന്റെ കസ്റ്റംസ്‌ ക്ലിയറന്‍സ്‌ ചെയ്‌തതുമാണ്‌.

അതില്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന്‌ പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തില്‍ കുരുവിന്‌ പകരം സ്വര്‍ണ്ണമാണെന്ന ധ്വനിയില്‍ ആരോപിക്കുകയും ചെയ്‌തു. കോണ്‍സുലേറ്റിലേക്ക്‌ യുഎഇ സര്‍ക്കാര്‍ അയച്ച ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണ്ണം കടത്തിയെന്ന്‌ ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി ആ രാജ്യത്തെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌.

നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ഇത്‌ സംബന്ധിച്ച തെളിവുകള്‍ അടിയന്തിരമായി എന്‍ഐഎക്ക്‌ കൈമാറാന്‍ കുഞ്ഞാലിക്കുട്ടി തയ്യറാകണം. അല്ലെങ്കില്‍ ഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്‌താവനയ്‌ക്ക്‌ കുഞ്ഞാലിക്കുട്ടി മാപ്പ്‌ പറയണം. രണ്ട്‌ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന പ്രസ്‌താവന നടത്തിയ പാര്‍ലിമെന്റ്‌ അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക്‌ എതിരെ കേസ്‌ എടുക്കുകയും വേണം.

കേരളത്തോടുള്ള പ്രത്യേക താല്‍പര്യത്തിന്റെ ഭാഗമായാണ്‌ തിരുവനന്തപുരത്ത്‌ യുഎഇ കോണ്‍സുലേറ്റ്‌ ആരംഭിക്കുന്നത്‌. നയതന്ത്ര ബാഗേജ്‌ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച്‌ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരേണ്ടതാണ്‌. എന്നാല്‍ അതൊന്നും ചെയ്യാതെ യുഎഇ എന്ന രാജ്യത്തെതന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലക്ക്‌ കൊടുക്കുന്നതിന്‌ തുല്യമാണ്‌.

ബിജെപിക്കുവേണ്ടി ഏതറ്റംവരേയും പോകാന്‍ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി അപകടകരമായ നീക്കങ്ങളാണ്‌ നടത്തുന്നത്‌. നേരത്തെ സംഘപരിവാര്‍ വാദം ഏറ്റുപിടിച്ച്‌ ഖുറാനെ അധിക്ഷേപിച്ചു, ഇപ്പോള്‍ യുഎഇ യെ കള്ളക്കടത്ത്‌ രാജ്യമായും പ്രഖ്യാപിച്ചു. ഇടതുപക്ഷ വിരുദ്ധതയും അധികാരമോഹവും മുസ്ലിം ലീഗിനെ എത്രമാത്രം അധപതിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്‌. സാമുദായിക സംഘടനകളുള്‍പ്പെടെ എതിര്‍ത്തിട്ടും ഖുറാന്‍ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചത്‌ ബിജെപി വിധേയത്വത്തിന്റെ ആഴം തുറന്നുകാണിക്കുന്നു. ലീഗ്‌ - കോണ്‍ഗ്രസ്സ്‌ - ബിജെപി കൂട്ടുക്കെട്ടിന്റെ ദേശവിരുദ്ധ ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ തയ്യറാവണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു - പ്രസ്‌താവനയിൽ പറഞ്ഞു.

യുഎഇ സർക്കാർ ഈന്തപ്പഴത്തിൽ സ്വർണം കടത്തിയെന്ന ആരോപണവുമായി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം > യുഎഇ സർക്കാർ നയതന്ത്ര ബാഗേജ്‌ വഴി ഈന്തപ്പഴത്തിൽ ഒളിപ്പിച്ച്‌ കേരളത്തിലേക്ക്‌ സ്വർണം കടത്തിയെന്ന ദുസ്സൂചനയുമായി മുസ്ലിം ലീഗ് നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി. ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്ന്‌ കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതല്‍ ആയിരുന്നുവെന്നും അതിനകത്ത്‌ യുഎഇ സർക്കാർ അവിടെനിന്ന്‌ അയച്ച സ്വർണമായിക്കൂടെ എന്നും  കുഞ്ഞാലിക്കുട്ടി പറയുന്നു. തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണ വിധേയരായ വ്യക്തികള്‍ പല സാധനങ്ങളും നയതന്ത്ര ചാനല്‍ ഉപയോഗിച്ച് കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ബിജെപിയുടെ അംബാസഡർ: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം > ഫാസിസത്തിനെതിരെ പോരാടാൻ പാർലമെന്റിലേക്ക്‌ പോയ പി കെ കുഞ്ഞാലിക്കുട്ടി ബിജെപിയുടെ അംബാസഡറായാണ്‌ തിരിച്ചെത്തിയതെന്ന്‌ ഡിവൈഎഫ്‌ഐ. അദ്ദേഹത്തെ ബിജെപി ബ്ലാക്ക്‌മെയിൽ ചെയ്ത്‌ കേരളത്തിൽ സ്വന്തം അജൻഡ നടപ്പാക്കാൻ ഉപയോഗിക്കുകയാണ്‌.

മാറാട്‌ കേസിൽ സിബിഐ അന്വേഷണവും ഐസ്‌ക്രീം കേസിലെ രണ്ട്‌ പെൺകുട്ടികളുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായതും കുഞ്ഞാലിക്കുട്ടിയുടെ കീഴടങ്ങലിന്‌ പിന്നിലുണ്ട്‌. ബിജെപിയുടെയും യുഡിഎഫിന്റെയും ഇടനിലക്കാരനാണ്‌ കുഞ്ഞാലിക്കുട്ടിയെന്നും  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വർണക്കടത്തിൽ മുസ്ലിംലീഗിനും കുഞ്ഞാലിക്കുട്ടിക്കും ഒളിക്കാനുണ്ട്‌. ലീഗിന്റെ ദേശീയ വിനോദമാണ്‌ സ്വർണക്കടത്ത്‌. ഖമറുദ്ദീൻ എംഎൽഎയുടെ ജ്വല്ലറി തട്ടിപ്പിൽ അന്വേഷണം നടക്കുകയാണ്‌. നിരവധി ലീഗ്‌ നേതാക്കൾ സ്വർണക്കടത്തുകേസിൽ ജയിലിൽ കിടന്നിട്ടുണ്ട്‌.

ഇപ്പോഴത്തെ സംഭവവികാസങ്ങളോടെ ലീഗിന്റെ കടത്തും കച്ചവടവും പ്രതിസന്ധിയിലാണ്‌. അന്വേഷണം വഴിതെറ്റിക്കാനാണ്‌ സാങ്കൽപ്പിക കുറ്റവാളിയെ സൃഷ്ടിച്ച്‌ സമരാഭാസവുമായി ഇറങ്ങിയത്‌. കേരളത്തിന്റെ സമരചരിത്രത്തിന്‌ അപമാനമാണ്‌ മഷിക്കുപ്പി സമരം.

വി മുരളീധരൻ രാജിവയ്‌ക്കണം

രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്തുകേസ്‌ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്ന വിദേശ സഹമന്ത്രി വി മുരളീധരൻ  രാജിവയ്‌ക്കണമെന്നും റഹീം ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തി തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ച റാക്കറ്റിൽ രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ള നേതാക്കൾ പ്രവർത്തിച്ചെന്നാണ്‌ എൻഐഎയുടെ വിശദീകരണം. മുരളീധരനെക്കുറിച്ച് ഇതിലും നന്നായി എങ്ങനെയാണ് പറയുന്നത്.

വിദേശ സഹമന്ത്രിയായി മുരളീധരൻ തുടരുന്നിടത്തോളം കേസന്വേഷണം ശരിയായ രീതിയിൽ നടക്കില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ നാടുകടത്തുന്നതും ഫൈസൽ ഫരീദിനെ കൂട്ടിക്കൊണ്ടുവരാൻ വിദേശ മന്ത്രാലയം മുൻകൈയെടുക്കാത്തതും എന്തുകൊണ്ടാണ്. അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി മുരളീധരൻ ഏകപക്ഷീയമായി പ്രസ്താവിച്ചത് എന്തിനാണ്‌. നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച് പറഞ്ഞ അദ്ദേഹം അനിൽ നമ്പ്യാരെ കൊണ്ട് കോൺസുലേറ്റ് ജനറലിന് വ്യാജ രേഖ ഉണ്ടാക്കാൻ ഉപദേശവും കൊടുത്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ സ്വർണക്കടത്തിന്റെ അറ്റത്ത് മുരളീധരനും ബിജെപിയുമാണ് എന്നുള്ളതിന്റെ ലക്ഷണമൊത്ത തെളിവാണിത്. വി മുരളീധരന്റെ രാജിക്കാര്യത്തിൽ എന്തുകൊണ്ട് യുഡിഎഫ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

No comments:

Post a Comment