തിരുവനന്തപുരം> കെട്ടിച്ചമച്ച കഥകളുടെ പേരില്‍ മന്ത്രി കെടി ജലീല്‍ രാജിവക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി.ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ ടി ജലീല്‍ വഖഫ് ബോര്‍ഡിന്റെ മന്ത്രി കൂടിയാണ്. റമദാന്‍ കാലത്ത് മതഗ്രന്ഥം വിതരണം ചെയ്യുന്നതും സക്കാത്ത് കൊടുക്കുന്നതും ഒരിടത്തും കുറ്റകരമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ യുഎഇ കോണ്‍സുലേറ്റ് ജലീലിന്റെ സഹായം സ്വീകരിക്കുകയായിരുന്നു.
യുഎഇ കോണ്‍സുലേറ്റ് വഴിയാണ് ഖുറാന്‍ എത്തിയത്. അതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷണ ഏജന്‍സി കെടി ജലീലിനോട് ചോദിച്ചു മനസിലാക്കി എന്നാണ് അറിയുന്നതെന്നും അതിനപ്പുറം മറ്റ് വലിയ കാര്യങ്ങള്‍ അതിലില്ലെന്നുമാണ് മനസിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍സുലേറ്റിന്റെ സന്ദേശം വന്ന കാര്യം ജലീല്‍ തന്നെ വ്യക്തമാക്കി. എല്ലാം അദ്ദേഹം തുറന്ന് പറഞ്ഞു. അതില്‍ എന്ത് കുറ്റമാണുള്ളത്. അദ്ദേഹത്തിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. ഇത്തരമൊരു കാര്യത്തില്‍ ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീല്‍. സാധാരണ നടക്കുന്ന കാര്യം നടന്നു എന്ന് മാത്രം. അങ്ങനെ മാത്രമെ കാണേണ്ടതുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കെട്ടുകഥകള്‍ വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസില്ല; അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്: ജലീല്‍
കൊച്ചി> കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്കു മനസില്ലെന്ന് മന്ത്രി കെടി ജലീല്‍. മറച്ചുവെക്കേണ്ടത് മറച്ചുവെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്.
എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.
ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു.അത് നടത്തി.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നുവെന്നും ജലീല്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു
നോട്ടീസ് രഹസ്യമാക്കി വെയ്‌ക്കാൻ ഇഡി നിർദേശിച്ചു: ജലീൽ
തിരുവനന്തപുരം> എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് തന്റെ മലപ്പുറത്തെ മേൽവിലാസത്തിലാണ് ലഭിച്ചതെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും പറഞ്ഞു. അതാണ് സ്വകാര്യ വാഹനത്തിൽ പോയത്. താൻ രണ്ടര മണിക്കൂർ അവിടെ ചെലവഴിച്ചു.
എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടറുടെ നേതൃത്വത്തിലാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മാധ്യമ പ്രവർത്തകർ ഇക്കാര്യം അറിയാത്തതിന് താൻ എന്ത് പിഴച്ചു–- ജലീൽ ചോദിച്ചു.വളരെ സൗഹാർദപരമായാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം. കോൺസുലേറ്റിൽനിന്ന് സമ്മാനം കൈപ്പറ്റിയിട്ടുണ്ടോയെന്നും ചേദിച്ചു. ഒരിക്കൽ അവിടെ പോയപ്പോൾ ചായ കുടിച്ചതല്ലാതെ മറ്റൊന്നും വാങ്ങിയിട്ടില്ലെന്ന് മറുപടിയും നൽകി. വഖഫ് ചുമതലയുള്ള മന്ത്രി എന്ന നിലയിൽ കോൺസുലേറ്റുമായും ഉദ്യോഗസ്ഥരുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.
മലപ്പുറത്ത് 19.5 സെന്റ് സ്ഥലവും വീടുമുണ്ട്.
അത് ഈടുവച്ച് വീട് നന്നാക്കാൻ അഞ്ച് ലക്ഷം രൂപ വായ്‌പ എടുത്തിട്ടുണ്ട്. ഒന്നര ലക്ഷം തിരിച്ചടയ്‌ക്കാനുമുണ്ട്. എന്റെ പേരിൽ 3.25 ലക്ഷം രൂപയും അധ്യാപികയായ ഭാര്യയുടെ പേരിൽ 13 ലക്ഷം രൂപയും ട്രഷറി അക്കൗണ്ടിലുണ്ട്. ഞങ്ങൾ രണ്ട് പേരുടെ പക്കലും ഒരു തരി സ്വർണമില്ല. മക്കളും സ്വർണം ധരിക്കാറില്ല–- ഇഡി ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങളെല്ലാം അറിയിച്ചതായും മന്ത്രി പറഞ്ഞു.

No comments:
Post a Comment