ഇന്ത്യൻ ഭരണഘടനയേക്കാൾ ആർഎസ്‌എസ് ഉയർത്തിപ്പിടിക്കുന്നത് എന്നും മനുസ്‌മൃതിയെയാണ്. സ്ഥാപിതമായതുമുതൽ മനുസ്‌മൃതിയിലെ നിയമസംഹിതയാണ് അവരുടെ വേദവാക്യം. ഇന്ത്യൻ ഭരണഘടനയെ ഉൾക്കൊള്ളാൻ ആർഎസ്‌എസിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഏവർക്കും അറിയുന്നതാണ്. ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ച് നാല് ദിവസത്തിനകംതന്നെ അതിനെതിരെ അവർ രംഗത്തുവന്നു. 1949 നവംബർ 30ന് ഓർഗനൈസറിന്റെ മുഖപ്രസംഗം ഇതിന്റെ തെളിവാണ്. ‘‘ ഭാരതീയമായതൊന്നും ഇല്ല എന്നത് പുതിയ ഭരണഘടനയെ ഏറ്റവും മോശമാക്കുന്നു. പൗരാണിക ഭാരതത്തിലെ അതുല്യമായ ഭരണഘടനാവികാസത്തെപ്പറ്റി ഒരു പരാമർശവും ഭരണഘടനയിലില്ല. ഇക്കാലത്തും മനുസ്‌മൃതിയിൽ വിശദീകരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നിയമസംഹിത (മനുവിന്റെ) ലോകത്തെ പ്രചോദിപ്പിക്കുകയും മതിപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു. രാജ്യത്തിന് അനുയോജ്യമായ നിയമസംഹിതയാണ് മനുസ്‌മൃതിയെന്ന് ഇതിലൂടെ വെളിപ്പെടുകയണ്.’’ ഇന്ത്യൻ ഭരണഘടന വികൃതമെന്ന് വിശേഷിപ്പിച്ചുള്ള ഓർഗനൈസറിന്റെ മുഖപ്രസംഗത്തിൽ മനുസ്‌മൃതിയെ പുകഴ്‌ത്തുകയാണ്.
രണ്ടാമതും കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതോടെ ഭരണത്തിന്റെ പൂർണ നിയന്ത്രണം ആർഎസ്‌എസിന്റെ കൈകളിൽ എത്തിയിരിക്കുകയാണ്. ഇതിൽനിന്ന് ആവേശം ഉൾക്കൊണ്ട് ആർഎസ്‌എസും സംഘപരിവാരവും മനുസ്‌മൃതിയിലെ വ്യവസ്ഥകൾ നടപ്പാക്കേണ്ടതിനെപ്പറ്റി പറഞ്ഞുതുടങ്ങി. മനുസ്‌മൃതിയിലെ സ്‌ത്രീവിരുദ്ധ ആശയങ്ങളെ രൂക്ഷമായി വിമർശിച്ച തമിഴ്‌നാട്ടിലെ വിസികെ കക്ഷി നേതാവും എംപിയുമായ തിരുമാവലവനെതിരെ കൊലവിളി മുഴക്കിക്കൊണ്ട് കഴിഞ്ഞ മാസം ചെന്നൈയിൽ ബിജെപി വലിയ പൊതുയോഗംതന്നെ സംഘടിപ്പിച്ചിരുന്നു.
മനുസ്‌മൃതിക്കെതിരെ വിമർശംപോലും പാടില്ലെന്ന നിലപാടിലെത്തിയിരിക്കുകയാണ് ഇപ്പോൾ ബിജെപി. 2020 ആഗസ്‌ത് അഞ്ചിലെ സംഭവം ഈ സമീപനത്തിന്റെ തുടർച്ചയും വളരെ പ്രധാനപ്പെട്ടതുമാണ്. ജമ്മു കശ്‌മീരിലെ ജനങ്ങളുടെ ഭരണഘടനാവകാശങ്ങൾക്കുനേരെയുണ്ടായ ക്രൂരമായ കടന്നാക്രമണത്തിന്റെ ഒന്നാം വാർഷികദിനമായ ആഗസ്‌ത് അഞ്ചിനാണ് ബാബ്‌റിമസ്‌ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയത്. ഈ ചടങ്ങിൽ ആർഎസ്‌എസ് മുഖ്യൻ മോഹൻ ഭാഗവത് മനുസ്‌മൃതിയിൽനിന്നുള്ള ശ്ലോകങ്ങളാണ് ചൊല്ലിയത്. ‘ രാജ്യത്ത് ആദ്യം ജന്മമെടുത്തവരിൽ (അതായത് ബ്രാഹ്മണ)നിന്നാണ് മറ്റുള്ളവരെല്ലാം അവരവരുടെ ചുമതലകൾ അനുസരിച്ചത്’. ഈ ചടങ്ങിൽ മോഹൻ ഭാഗവത് മനുസ്‌മൃതിയിൽനിന്നുള്ള ശ്ലോകം തെരഞ്ഞെടുത്തത് കൃത്യമായ സൂചനയാണ് നൽകുന്നത്. ഹിന്ദുരാഷ്ട്രത്തിനുള്ള അടിത്തറ പാകിയെന്നും ഹിന്ദുരാഷ്ട്രത്തിന്റെ അടിസ്ഥാന നിയമങ്ങൾ മനുവിന്റെ നിയമസംഹിതയായിരിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇതിലൂടെ.
ഹിന്ദുരാഷ്ട്രം സ്ഥാപിച്ചാൽ തങ്ങൾക്കൊന്നും നഷ്ടപ്പെടില്ലെന്നാണ് ഭൂരിപക്ഷ സമുദായത്തിലെ വലിയൊരു വിഭാഗവും വച്ചുപുലർത്തുന്ന മിഥ്യാധാരണ. സംഘപരിവാർ സംഘടനകൾ തുടർച്ചയായി നടത്തുന്ന പ്രചണ്ഡപ്രചാരണമാണ് ഇത്തരമൊരു വിശ്വാസത്തിലേക്ക് നയിച്ചത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മാത്രമേ കവർന്നെടുക്കുകയുള്ളൂ. അവർക്കേ വിവേചനം നേരിടേണ്ടിവരികയുള്ളൂ. അടിച്ചമർത്തൽ നേരിടേണ്ടതും ന്യൂനപക്ഷത്തിൽപ്പെട്ടവർ മാത്രമായിരിക്കുമെന്നും ധാരണ പരത്തി. എന്നാൽ, വസ്‌തുത അതല്ല എന്നതാണ് യാഥാർഥ്യം. മനുവിന്റെ നിയമസംഹിത എല്ലാ അർഥത്തിലും മുന്നോട്ടുവയ്‌ക്കുന്ന പ്രത്യയശാസ്‌ത്രം സാമൂഹ്യ, -സാമ്പത്തിക, ലിംഗ അസമത്വമാണ്. ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള (ചാതുർവർണ്യം) അസമത്വത്തിൽനിന്ന് ആർക്കും രക്ഷപ്പെടാൻ കഴിയില്ലെന്ന ആശയത്തെ പ്രശംസിക്കുകയാണ് സംഘപരിവാർ. ഇപ്പോൾത്തന്നെ സ്‌ത്രീകൾ, ദളിതുകൾ, ആദിവാസികൾ, തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾ ദയനീയമായ രീതിയിലുള്ള അസമത്വവൂം ചൂഷണവുംമൂലം ദുരിതമനുഭവിക്കുകയാണ്. ഈവിഭാഗത്തിന്റെ ദുരിതം ഇരട്ടിയാക്കാൻ പുതിയ സംവിധാനം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
ജനിച്ചുവീഴുന്ന ജാതിയുടെ അടിസ്ഥാനത്തിലാണ് ഒരാളുടെ തൊഴിൽ നിശ്ചയിക്കുന്നതെന്നാണ് മനുസ്‌മൃതി പറയുന്നത്. ഏത് ജാതിയിലാണോ ജനിക്കുന്നത് ആ ജാതിയുടെ കുലത്തൊഴിൽ ചെയ്യാനേ അവർക്ക് അവകാശമുള്ളൂവെന്ന് സാരം. മറ്റൊരു സമൂഹത്തിൽപ്പെട്ടവരുടെ ജോലി സ്വീകരിക്കാനുള്ള ഒരു പരിശ്രമത്തെയും പാപമായിട്ടാണ് പരിഗണിക്കുന്നത്. മാത്രമല്ല, ഇത്തരം ശ്രമം നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷ നൽകണമെന്നും വ്യവസ്ഥയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പിന്നോക്കജാതിക്കാർക്കും ദളിത് വിഭാഗത്തിനും ജോലി സംരക്ഷണം ഏർപ്പെടുത്തിയതിനെ മേൽജാതിക്കാർ ശക്തമായി എതിർക്കുന്നത്. തങ്ങൾക്ക് അവകാശപ്പെട്ട ജോലി പിന്നോക്കക്കാരും ദളിതുകളും തട്ടിയെടുക്കുന്നുവെന്ന് സ്ഥാപിക്കാനാണ് സംഘപരിവാർ പിന്തുണയോടെ മേൽജാതിക്കാർ ശ്രമിക്കുന്നത്. ബിജെപി സർക്കാർ വിവിധ വഴികളിലൂടെ സംവരണം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഈ പശ്ചാതലത്തിൽ വേണം വിലയിരുത്താൻ. സംവരണത്തെ ശക്തമായി എതിർക്കുന്നതും കേന്ദ്രസർക്കാരിന്റെ സമീപനങ്ങളും മനുവാദി സംവിധാനത്തിലേക്കുള്ള താൽപ്പര്യമാണ് മുന്നോട്ടുവയ്‌ക്കുന്നത്.
പ്രധാനപ്പെട്ട എല്ലാ ജോലിയും മേൽജാതിക്കാർക്കുമാത്രം ഉറപ്പുവരുത്തുക എന്നതാണ് മനുവാദികളുടെ നീക്കം.
മനുസ്മൃതിയിലെ വിവിധ അധ്യായങ്ങളിൽ തൊഴിൽവിഭജന രീതികളും ഓരോ സമുദായത്തിൽപ്പെട്ടവരും പാലിക്കേണ്ട വ്യവസ്ഥകളും ജീവിതരീതികളും ഇത് ലംഘിച്ചാലുള്ള ശിക്ഷകളെപ്പറ്റിയും വിശദീകരിക്കുന്നുണ്ട്. ‘ശൂദ്രന്മാർ സ്വത്ത് സമ്പാദിക്കാൻ പാടില്ലെന്നാണ് മനുസ്‌മൃതിയിലെ എട്ടാം അധ്യായത്തിലെ 129–-ാം ശ്ലോകത്തിൽ പറയുന്നത്. ഇങ്ങനെ ശൂദ്രർ സ്വത്ത് സമ്പാദിച്ചാൽ അവർ ബ്രാഹ്മണരെ ദ്രോഹിക്കുമെന്നും ഇതിന് കാരണമായി പറയുന്നു.’
‘ചണ്ഡാളന്മാരും സ്വപകൻമാരും ഗ്രാമത്തിന് പുറത്ത് ജീവിക്കണം. നായയും കഴുതയും മാത്രമായിരിക്കും അവർക്ക് കൈവശം വയ്‌ക്കാവുന്ന സ്വത്ത്. മരിച്ചവരുടെ വസ്‌ത്രം മാത്രമേ ഇവർ ഉപയോഗിക്കാവൂ. പൊട്ടിയ പാത്രത്തിലേ ഭക്ഷണം കഴിക്കാവൂ. ഇരുമ്പ് ലോഹം മാത്രമേ ആഭരണമായി ധരിക്കാവൂ’ (മനുസ്‌മൃതി അധ്യായം 10, ശ്ലോകം 51 മുതൽ 56 വരെ).
ഹിന്ദുരാഷ്ട്രം സ്ഥാപിതമായാൽ തങ്ങളുടെ സാമൂഹ്യപദവി ഉയരുമെന്നാണ് ഉന്നതജാതിയിൽപ്പെട്ടവർ വിശ്വസിക്കുന്നത്. ജാതിവ്യവസ്ഥ നിലനിർത്താൻ സ്‌ത്രീകളുടെ അസമത്വവും അവരെ അകറ്റിനിർത്തേണ്ടതും അനിവാര്യമായി മേൽജാതിക്കാർ കാണുന്നു. സ്‌ത്രീകളടെ സാമൂഹ്യജീവിതം നിയന്ത്രിക്കാൻ കർശനമായ നിയമം വേണമെന്ന് ഇവർ നിഷ്‌കർഷിക്കുന്നു.
പശുക്കളെ കൊല്ലുന്നത് വലിയ കുറ്റമായി കാണുന്നു. മനുവാദികളുടെ വഴിയിലൂടെ അസമത്വങ്ങളായ നിയമങ്ങൾ നടപ്പാക്കുന്നതിന് ബിജെപി സർക്കാർ ഇപ്പോൾത്തന്നെ തുടക്കമിട്ടിരിക്കുകയാണ്. യുപിയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് ക്ഷത്രിയ യുവാക്കളെ സംരക്ഷിക്കാൻ യോഗി സർക്കാർ ശ്രമിച്ചത് ഇതിന് ഉദാഹരണമാണ്. ഹിന്ദുരാഷ്ട്രത്തിന്റെ നിയമസംഹിത മനുസ്‌മൃതിയെ അടിസ്ഥാനമാക്കിയായിരിക്കുമെന്നതിന്റെ ഉദാഹരണങ്ങളാണ് മുകളിൽ ചൂണ്ടിക്കാട്ടിയത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ഇത് മനസ്സിലാക്കണം. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള നമ്മുടെ അവകാശത്തെ കവർന്നെടുക്കുന്ന ഈ ഭീഷണിയെ എല്ലാവരും യോജിച്ച് എതിർക്കുകയാണ് വേണ്ടത്.
സുഭാഷിണിഅലി
No comments:
Post a Comment