കൊല്ലം: ആർഎസ്‌എസുകാർ ജില്ലയിൽ കൊലപ്പെടുത്തിയവരിൽ സംഘടനാനേതാക്കൾ മുതൽ സാധാരണപ്രവർത്തകർ വരെയുണ്ട്. ശ്രീകുമാർ, സുനിൽകുമാർ, അജയപ്രസാദ്, ശ്രീരാജ്, കാരിക്കൽ ബാബു, അബ്ദുൽമജീദ്, മുഹമ്മദ് ഷെരീഫ്, എഡ്വേർഡ്, വടമൺ ഭാസി എന്നിവരുടെ നിരയിൽ ഞായറാഴ്‌ച ആർഎസ്‌എസ് ഗൂഢാലോചനയിൽ കൊല്ലപ്പെട്ട വില്ലിമംഗലം നിഥി പാലസിൽ മണിലാൽ ആണ് അവസാന ആൾ. കൊലപാതകത്തിന് സുനിൽകുമാർ രക്‌തസാക്ഷിദിനം തെരഞ്ഞെടുത്തതും ആസൂത്രിതം.
സിപിഐ എം പ്രവർത്തകൻ മണിലാലിന്റെ മൃതദേഹം കാണാനെത്തിയ ജനക്കൂട്ടം
കൊട്ടാരക്കര താലൂക്കിൽ തൊഴിലാളിവർഗ പ്രസ്ഥാനവും വർഗ ബഹുജനസംഘടനകളും കെട്ടിപ്പടുക്കുന്നതിൽ ഉജ്വല നേതൃത്വം വഹിച്ച എം കെ അബ്ദുൽ മജീദ് രക്തസാക്ഷിയായത് 1981 ജനുവരി ഒമ്പതിനാണ്. സിപിഐ എം താലൂക്ക്കമ്മിറ്റിഅംഗം, തൊഴിലാളി യൂണിയൻ ഭാരവാഹി, കൊട്ടാരക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രഗത്ഭനായ അഭിഭാഷകൻ എന്നീ നിലകളിൽ തിളങ്ങിനിന്ന അബ്ദുൽമജീദിനെ ആർഎസ്എസ് സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം എസ്എൻ കോളേജ് ക്യാമ്പസിൽ 1982 ജനുവരി നാലിന് ആർഎസ്എസ് –- എബിവിപി സംഘം എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശ്രീകുമാറിനെ കുത്തിക്കൊലപ്പെടുത്തി.
ഓട്ടോറിക്ഷാത്തൊഴിലാളി നേതാവും സിപിഐ എമ്മിന്റെ സജീവപ്രവർത്തകനുമായിരുന്ന മുഹമ്മദ് ഷെരീഫിനെ 1982 മെയ് ആറിന് ആർഎസ്എസുകാർ കൊലപ്പെടുത്തി. വടമൺ സിഐടിയു യൂണിറ്റ് കൺവീനറും സിപിഐ എം ബ്രാഞ്ച്അംഗവുമായിരുന്ന വടമൺ ഭാസിയെ 1984 സെപ്തംബർ 26ന് ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തി. സിപിഐ എം പേരയം ലോക്കൽ സെക്രട്ടറിയായിരുന്ന എഡ്വേർഡിനെ 1993 ആഗസ്ത് 16ന് ബിജെപി സംഘം കുത്തിക്കൊലപ്പെടുത്തി. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന സുനിൽകുമാറിനെ 1996 ഡിസംബർ ആറിന് ആർഎസ്എസ് സംഘം വീട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും പിഞ്ചുകുഞ്ഞിന്റെയും കൺമുന്നിലാണ് അക്രമിസംഘം സുനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമികൾ സുനിൽകുമാറിന്റെ ഒരു കൈ വെട്ടിമാറ്റി കൊടിമരത്തിൽ തൂക്കി.
വർഗീയശക്തികൾക്കെതിരെ ധീരമായ ചെറുത്തുനിൽപ്പ് നടത്തിയ പുത്തൂർ കാരിക്കൽ ബാബുവിനെ ആർഎസ്എസുകാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അരിശം തീരാത്ത ആർഎസ്എസുകാർ 2000 ജൂലൈ 11ന് താലൂക്കാശുപത്രിയിൽ കയറി ബാബുവിനെ വെട്ടിക്കൊലപ്പെടുത്തി.
എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയജോയിന്റ് സെക്രട്ടറി അജയപ്രസാദ് (23) ആർഎസ്എസുകാരുടെ കൊലക്കത്തിക്കിരയായത് 2007 ജൂലൈ 19 നാണ്.
2014 ഏപ്രിൽ 15ന് വിഷു നാളിലാണ് നെടുവത്തൂർ ഏരിയയിലെ ഡിവൈഎഫ്ഐ നെടുമൺകാവ് പിഎച്ച്സി യൂണിറ്റ് പ്രസിഡന്റും സിപിഐ എം പിഎച്ച്സി ബ്രാഞ്ച് അംഗവുമായ ആശുപത്രിമുക്ക് സ്മിതാ നിവാസിൽ ശ്രീരാജി (30)നെ അച്ഛന്റെ മുന്നിലിട്ട് ആർഎസ്എസുകാർ അടിച്ചുകൊന്നത്.
മണിലാലിന്റെ ഭാര്യയെ എൻഡിഎ സ്ഥാനാർഥിയും കൂട്ടരും തടഞ്ഞു
ആർഎസ്‌എസ്–- ബിജെപി പ്രവർത്തകർ കുത്തിക്കൊന്ന മൺറോതുരുത്തിലെ സിപിഐ എം പ്രവർത്തകൻ മണിലാലിന്റെ ഭാര്യയെ വോട്ട് ചെയ്യാൻ എത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥിയും കൂട്ടരും തടഞ്ഞു. മൺറോതുരുത്ത് വില്ലിമംഗലം അഞ്ചാം വാർഡിലെ ഒന്നാം ബൂത്തിൽ പകൽ 3.30നാണ് മണിലാലിന്റെ ഭാര്യ രേണുകയെയും മകൾ നിധിയെയും സംഘപരിവാറുകാർ തടഞ്ഞത്.
ജില്ലാ പഞ്ചായത്ത് കുണ്ടറ ഡിവിഷൻ എൻഡിഎ സ്ഥാനാർഥിയോടൊപ്പം വന്ന സംഘപരിവാറുകാർ രേണുകയെയും മകളെയും തടയുകയും തട്ടിക്കയറുകയുമായിരുന്നു. മണിലാലിന്റെ കൊലയ്ക്കുപിന്നിൽ സംഘപരിവാരാണെന്ന് രേണുക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എൽഡിഎഫ് പ്രവർത്തകർ സംഘടിച്ചതോടെ സ്ഥാനാർഥിയും പ്രവർത്തകരും വാഹനത്തിൽ കയറി സ്ഥലംവിട്ടു. എൽഡിഎഫ് പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് പിരിച്ചുവിട്ടു.
No comments:
Post a Comment