Wednesday, August 5, 2020

അഭിനന്ദിച്ച്‌‌ എൻഐഎ; സർക്കാർ സമീപനം ശരിവച്ചു

അഭിനന്ദിച്ച്‌‌ എൻഐഎ; സർക്കാർ സമീപനം ശരിവച്ചു ; അഡീഷണൽ സോളിസിറ്റർ ജനറൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നടപടികളെ പ്രകീർത്തിച്ചു

സ്വർണക്കടത്ത്‌ കേസിന്റെ സമഗ്രാന്വേഷണത്തിന്‌ ഗൗരവപൂർവം ഇടപെട്ട സംസ്ഥാന സർക്കാരിന്‌ എൻഐഎയുടെ അഭിനന്ദനം. കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി പരിഗണിക്കവെ എൻഐഎക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി വിജയകുമാറാണ്‌ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നടപടികളെ അനുമോദിച്ചത്‌. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്‌ അയച്ച കത്ത്‌ അഭിഭാഷകൻ കോടതിയിൽ വായിച്ചു.

തീവ്രവാദ ബന്ധമുണ്ട്‌

സ്വർണക്കടത്തിന്‌ തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം തെളിയിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കേസ്‌  ഡയറിയിലുണ്ടെന്ന്‌ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.  തീവ്രവാദ ബന്ധത്തിന്റെ തെളിവുകൾ കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടിരുന്നു‌. 

രണ്ടുകോടിയോളം രൂപയുടെ സ്വർണവും പണവും സാമ്പത്തിക ഇടപാട്‌ രേഖകളും പ്രതികളിൽനിന്ന്‌ പിടിച്ചു. സ്വപ്നയുടെ ബാങ്ക്‌ ലോക്കറുകളിൽനിന്ന്‌ ഒരുകോടി രൂപയും ഒരുകിലോ സ്വർണവും പിടിച്ചെടുത്തു. ഇതിനുപുറമെ രണ്ട്‌ സഹകരണ ബാങ്കുകളിലായി 35 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഫെഡറൽ ബാങ്കിൽ 25.5 ലക്ഷം രൂപയും 8034 യുഎസ്‌ ഡോളറും 711 ഒമാൻ റിയാലും കണ്ടെത്തി. ഇതെല്ലാം സ്വപ്‌ന കള്ളക്കടത്തിൽനിന്ന്‌ സമ്പാദിച്ചതാണ്‌.  ജാമ്യഹർജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.

സർക്കാർ സമീപനം ശരിവച്ചു

സ്വപ്‌നയെ കേസിൽ കുരുക്കിയത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്ന സ്വപ്‌നയുടെ അഭിഭാഷകന്റെ വാദത്തിന്‌ മറുപടിയായാണ്‌ അഡീഷണൽ സോളിസിറ്റർ ജനറലിന്റെ പരാമർശം. കേസിൽ രാഷ്‌ട്രീയ ഇടപെടലില്ല. സംസ്ഥാന സർക്കാരാണ്‌ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടത്‌. തുടർന്നാണ്‌ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും കസ്‌റ്റംസുമെല്ലാം അന്വേഷണമാരംഭിച്ചത്‌. സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുയർന്നപ്പോൾത്തന്നെ അദ്ദേഹത്തെ  സ്ഥാനത്തുനിന്ന്‌ നീക്കി. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിലുള്ള സമീപനം അതിൽനിന്ന്‌ വ്യക്തമാണെന്നും രാഷ്‌ട്രീയ ഇടപെടലുണ്ടായാൽ ചുണ്ടിക്കാണിക്കുമായിരുന്നെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

No comments:

Post a Comment