Tuesday, August 4, 2020

രാമക്ഷേത്രത്തിന്റെ പങ്ക്‌ പറ്റാൻ കോൺഗ്രസും

‘ഹിന്ദുരാജ്യത്തിനുവേണ്ടി വാദിക്കുന്നവർ, ഹിന്ദുക്കളിൽവച്ച്‌ ഏറ്റവും മഹാനായ മനുഷ്യനെത്തന്നെ കൊന്നുകളഞ്ഞിരിക്കുന്നു’ –-മഹാത്മജിയുടെ കൊലപാതകത്തെക്കുറിച്ചുള്ള പണ്ഡിറ്റ്‌ ജവാഹർലാൽ നെഹ്‌റുവിന്റെ ഈ വാക്കുകൾ ഹിന്ദുത്വരാഷ്ട്രീയത്തിനുനേരെ എറിഞ്ഞ ചാട്ടുളിയായിരുന്നു. തുടർന്നുണ്ടായ ആർഎസ്‌എസ്‌ നിരോധനവും ഗാന്ധിഘാതകർക്ക്‌ ലഭിച്ച വധശിക്ഷയും ഹിന്ദുത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കി. ഗോഡ്‌സെയും ആപ്‌തെയും തൂക്കിലേറ്റപ്പെട്ട്‌  ആറാഴ്‌ച കഴിയുമ്പോൾ, 1949 ഡിസംബറിൽ വീണ്ടും വിഭജനത്തിന്റെ വിത്തെറിയപ്പെട്ടു. ബാബ്‌റി പള്ളിയിൽ രാമ–- സീതാ വിഗ്രഹങ്ങൾ കൊണ്ടുവച്ച, ആ വിദ്വേഷ പ്രവൃത്തിയുടെ അനന്തരഫലങ്ങൾ ഏഴുപതിറ്റാണ്ടിനിപ്പുറവും ഇന്ത്യൻ രാഷ്ട്രീയത്തെ വിഷലിപ്‌തമാക്കുന്നു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട രാജ്യത്ത്,‌ മനസ്സുകൾ വീണ്ടും വീണ്ടും വെട്ടിമുറിക്കപ്പെടുന്നു. മതനിരപേക്ഷത ജീവശ്വാസമാക്കിയ നെഹ്‌റു തടയിട്ട ഹിന്ദുത്വ അജൻഡയ്‌ക്ക്‌ വീണ്ടും വാതിൽ തുറന്നുകൊടുത്തതും ഇപ്പോഴും പിൻബലം നൽകുന്നതും കോൺഗ്രസ്‌ ആണെന്നത്‌ ചരിത്രത്തിലെ വിരോധാഭാസം.

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളർച്ചയ്‌ക്ക്‌ ഇന്ധനംപകർന്ന ബാബ്‌റി മസ്‌ജിദ്–- അയോധ്യഭൂമി തർക്കത്തിന്‌ സുപ്രീംകോടതി വിധിയിലൂടെ തീർപ്പായെങ്കിലും രാമക്ഷേത്രനിർമാണം പുതിയ ചർച്ചകൾക്ക്‌ വഴിതുറന്നു. ബാബ്‌റി പള്ളി തകർത്തത്‌ നിയമവാഴ്‌ചയുടെ കടുത്ത ലംഘനമാണെന്ന്‌ നിരീക്ഷിച്ച സുപ്രീംകോടതി, തർക്കസ്ഥലം രാമക്ഷേത്രം പണിയാൻ ട്രസ്റ്റിന്‌ കൈമാറാനും മറ്റൊരിടത്ത്‌ പള്ളി പണിയാനുമാണ്‌ വിധിച്ചത്‌. എന്നാൽ, ഒരു പാർടി പരിപാടിയാക്കി ക്ഷേത്രനിർമാണത്തെ മാറ്റാനാണ്‌ ബിജെപി നീക്കം. ആഗസ്‌ത്‌ അഞ്ചിന്‌  നിശ്ചയിച്ച രാമക്ഷേത്ര ഭൂമിപൂജയ്‌ക്ക്‌ വിളിച്ചില്ലെന്ന കോൺഗ്രസിന്റെ പരിഭവം, ചില തുറന്നുപറച്ചിലുകൾക്കും വെളിപ്പെടുത്തലുകൾക്കും ഇടയാക്കി. രാമക്ഷേത്ര നിർമാണത്തിന്റെ ക്രെഡിറ്റ്‌ ബിജെപിക്കുമാത്രമായിപ്പോകുമോ എന്ന വേവലാതിയാണ്‌ മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ അലട്ടുന്നത്‌. മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിമാരായ കമൽനാഥും ‌ ദിഗ്‌വിജയ്‌ സിങ്ങുമാണ്‌ രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം, കോൺഗ്രസിനെ ക്ഷണിക്കാഞ്ഞതിൽ ‌ പ്രയാസം അറിയിച്ചത്‌. രാമക്ഷേത്രം ജനകീയപ്രസ്ഥാനമാണെന്നും  ട്രസ്റ്റിൽ വിഎച്ച്‌പിക്കാരെമാത്രം ഉൾപ്പെടുത്തിയത്‌ ശരിയായില്ലെന്നും ദിഗ്‌വിജയ്‌ സിങ്‌‌ തുറന്നടിച്ചു. ഭൂമിപൂജയ്‌ക്ക്‌  മുന്നോടിയായി മധ്യപ്രദേശിൽ ആഗസ്‌ത്‌ നാലിന്‌ ‘ഹനുമാൻ ചാലിസ’ സംഘടിപ്പിക്കാൻ കമൽനാഥ്‌ ആഹ്വാനംചെയ്‌തു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയാണ്‌ രാമക്ഷേത്രത്തിനുവേണ്ടി പരസ്യനിലപാടെടുത്ത മറ്റൊരു നേതാവ്‌.

ബിജെപിക്ക്‌ അനുകൂലമായി ഹിന്ദു വോട്ടുബാങ്ക്‌ രൂപപ്പെടുമെന്ന്‌ ഭയക്കുന്ന കോൺഗ്രസ്‌ രാമക്ഷേത്രത്തിന്മേലുള്ള ചരിത്രപരമായ അവകാശം പരസ്യമായി ഉന്നയിക്കാൻ മടിക്കുന്നില്ല. അയോധ്യയിൽ രാമക്ഷേത്രനിർമാണം രാജീവ്‌ ഗാന്ധി ആഗ്രഹിച്ചതാണെന്ന്‌ ദിഗ്‌വിജയ്‌ സിങ്‌ ട്വിറ്ററിൽ കുറിച്ചു. ഇതിനു പിന്നാലെയാണ്‌ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ സ്വീകരിച്ച നിലപാടുകളുടെയും നടപടികളുടെയും തെളിവുകൾ പുറത്തുവന്നത്‌. 1949ൽ വിഗ്രഹങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന്‌ അടച്ചിട്ട ബാബ‌്‌റി മസ്‌ജിദ്,‌ ഹിന്ദു ആരാധനയ്‌ക്കും പിന്നീട്‌ ക്ഷേത്രശിലാന്യാസത്തിനും തുറന്നുകൊടുത്തത്‌ കോൺഗ്രസ്‌ താൽപ്പര്യപ്രകാരമായിരുന്നു. 1992ൽ സംഘപരിവാർ ബാബ‌്‌റി മസ്‌ജിദ്‌ തകർത്തപ്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ്‌ ഗൊഡ്‌ബൊളെയുടെ പുസ്‌തകത്തിലാണ്‌  രാജീവ്‌ ഗാന്ധിയുടെ പങ്ക്‌ വിവരിക്കുന്നത്‌. രാജീവ്‌ ഗാന്ധിയെ രണ്ടാം കർസേവകൻ എന്നാണ്‌ പുസ്‌തകത്തിൽ വിശേഷിപ്പിക്കുന്നത്‌. ഒന്നാമൻ 1949ൽ രാമവിഗ്രഹം ഒളിച്ചുകടത്താൻ സഹായിച്ച ഫൈസാബാദ്‌ ജില്ലാ മജിസ്‌ട്രേട്ട്‌ കെ കെ നായർ. പള്ളി പൊളിച്ചപ്പോൾ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്‌‌‌ മൂന്നാമൻ. നാലാംസ്ഥാനത്തിന്‌ അന്നത്തെ‌ പ്രധാനമന്ത്രി നരസിംഹ റാവു അടക്കം നിരവധിപേർക്ക് അർഹതയുണ്ടെന്നും മാധവ്‌ പറയുന്നു. 1989ലെ തെരഞ്ഞെടുപ്പ്‌ പ്രചാരണം രാജീവ്‌ ആരംഭിച്ചതും അയോധ്യയിൽനിന്നായിരുന്നു.

മാധ്യമപ്രവർത്തകനായ ദിനേഷ്‌ നാരായണൻ രചിച്ച ‘ദ ആർഎസ്‌എസ്‌ ആൻഡ്‌ ദ മേക്കിങ്‌ ഓഫ്‌ ദ ഡീപ്‌ നേഷൻ’ എന്ന പുസ്‌തകത്തിൽ സർസംഘ്‌ ചാലക്‌ ദേവ്‌റസുമായി രാജീവ്‌ ഗാന്ധി ദൂതൻ മുഖാന്തരം നടത്തിയ ചർച്ചയുടെ വിശദാംശങ്ങളുണ്ട്‌. ശിലാന്യാസ് അനുവദിക്കുന്നതിന്‌ തെരഞ്ഞെടുപ്പിൽ ആർഎസ്‌എസിന്റെ പിന്തുണയാണ്‌ രാജീവ്‌ ആവശ്യപ്പെട്ടത്‌. ബൊഫോഴ്‌സ്‌ വിവാദമാണ്‌ ആർഎസ്‌എസ്‌ പിന്തുണ തേടാൻ രാജീവിനെ പ്രേരിപ്പിച്ചത്‌. നാഗ്‌പുരിലെ ചർച്ചകൾക്കു‌ശേഷം ഡൽഹിയിൽ ആർഎസ്‌എസ്‌ നേതാവ്‌ രാജേന്ദ്ര സിങ്‌ ആഭ്യന്തരമന്ത്രി ബൂട്ടാ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തി ധാരണ ഉറപ്പിക്കുകയായിരുന്നു. വിശ്വാസത്തെ രാഷ്ട്രീയനേട്ടത്തിന്‌ ഉപയോഗിക്കുന്നതിൽ‌ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപ്പക്ഷികളാണെന്ന്‌ തെളിയിക്കുന്ന നിരവധി തെളിവുകളാണ്‌ പുറത്തുവന്നത്‌.

മതനിരപേക്ഷ പാരമ്പര്യം അവകാശപ്പെടുമ്പോൾത്തന്നെ ഭൂരിപക്ഷവർഗീയതയുമായി ഏതറ്റംവരെ സന്ധിചെയ്യാനും ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ സ്വീകരിക്കാനും കോൺഗ്രസിന്‌ ഒരു മടിയുമില്ല. ചരിത്രത്തിൽമാത്രമല്ല, വർത്തമാന രാഷ്ട്രീയത്തിലും കോൺഗ്രസിന്‌‌ ഈ നിലപാടുതന്നെയാണെന്ന്‌ വ്യക്തമാക്കുന്ന പ്രസ്‌താവനകളുമായി കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ രംഗത്തുവരികയാണ്‌. സുപ്രീംകോടതി വിധിപ്രകാരമുള്ള രാമക്ഷേത്രനിർമാണം ബിജെപിയുടെ  വർഗീയ അജൻഡയ്‌ക്ക്‌ അനുഗുണമാക്കി നടത്തുന്നതിനെതിരായ വികാരം എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾക്കുമുണ്ട്‌. എന്നാൽ, കോൺഗ്രസ്‌ ഹൈക്കമാൻഡിൽനിന്ന്‌ ഇത്തരത്തിലുള്ള ഒരു പ്രതികരണവും ഇല്ലെന്നുമാത്രമല്ല, രാമക്ഷേത്ര നിർമാണത്തിന്റെ പങ്കുപറ്റാൻ രംഗത്തുണ്ടുതാനും. തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിംപള്ളിയാക്കി മാറ്റിയതിനെതിരെ കോൺഗ്രസ്‌ ഉരിയാടാത്തതും ഇതുമായി ചേർത്തുവായിക്കാവുന്നതാണ്‌.

deshabhimani editorial 04082020

No comments:

Post a Comment