സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി രാഘവന്റെ ജില്ലയായ കണ്ണൂരിലും സിഎംപിയെ 'തുടച്ചുനീക്കി'. അനുവദിച്ച ധര്‍മടം സീറ്റും ഒടുവില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതോടെയാണ് സിഎംപി ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പൂര്‍ണമായി ഇല്ലാതായത്. ധര്‍മടത്ത് സിഎംപി സ്ഥാനാര്‍ഥിയായി ശനിയാഴ്ച ചൂര്യായി ചന്ദ്രന്‍ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തതായി വിവരം ലഭിച്ചത്. കോണ്‍ഗ്രസിലെ മമ്പറം ദിവാകരനാണ് ധര്‍മടത്ത് പത്രിക നല്‍കിയത്.
സിഎംപിക്ക് ആദ്യം ജില്ലയില്‍ രണ്ടു സീറ്റുണ്ടായിരുന്നു. പിന്നീട് ഇത് ഒന്നായി ചുരുക്കി. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാര്‍ഥിപ്പട്ടികയില്‍ സിഎംപിക്ക് പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാല്‍ അവസാനനിമിഷംവരെ അനിശ്ചിതത്വം തുടര്‍ന്ന ഇക്കുറി അര്‍ഹമായ പ്രാതിനിധ്യം കിട്ടാതെ സിഎംപി കീഴടങ്ങി. അണികളില്ലാത്തതും വിലപേശല്‍ ശേഷി നഷ്ടപ്പെട്ടതുമാണ് ഈ ദുരവസ്ഥയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് നേതൃത്വവുമായുണ്ടാക്കിയ ധാരണ അണികള്‍ അംഗീകരിച്ചിട്ടില്ല. കണ്ണൂരില്‍ പേരിനുപോലും സീറ്റ് ഇല്ലാതെ പോയതില്‍ പ്രവര്‍ത്തകര്‍ നിരാശരും രോഷാകുലരുമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ഇവരുടെ തീരുമാനം.
കണ്ണൂരില്‍ വിവിധ സീറ്റുകള്‍ക്ക് സിഎംപി അവകാശവാദമുന്നയിച്ചിരുന്നു. 1987 മുതല്‍ സിഎംപി സ്ഥിരമായി മത്സരിച്ചിരുന്ന അഴീക്കോട് സീറ്റ് പിടിച്ചെടുത്ത് മുസ്ളിംലീഗിന് നല്‍കിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി. അഴീക്കോട് സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സര രംഗത്തുനിന്ന് വിട്ടുനില്‍ക്കുമെന്നും ഭീഷണി മുഴക്കി. എന്നാല്‍ സിഎംപിയുടെ ഭീഷണി ആരും കണക്കിലെടുത്തില്ല. കല്യാശേരി മണ്ഡലമെങ്കിലും വേണമെന്ന അപേക്ഷയും പരിഗണിച്ചില്ല. ഒടുവിലാണ് ധര്‍മടം നല്‍കിയത്.
ധര്‍മടത്ത് സ്ഥാനാര്‍ഥിയായി സിഎംപി നിശ്ചയിച്ച ചൂര്യായി ചന്ദ്രന്‍ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നു. സിഎംപിയെ സഹായിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്ലെങ്കില്‍ പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഈ സാഹചര്യത്തില്‍ മത്സരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ സിഎംപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് നാട്ടിക സ്വീകരിച്ചത്.
ധര്‍മടത്തെ സര്‍വതന്ത്ര സ്വതന്ത്രന്‍
ധര്‍മടത്തെ സങ്കടക്കടല്‍ നീന്തിക്കയറാന്‍ യുഡിഎഫിന് ഒരുപാട് കാലം പിടിക്കും. സ്ഥാനാര്‍ഥിയായി മുഖം കാണിക്കാന്‍ അരഡസന്‍ ചുണക്കുട്ടികള്‍ നീണ്ട ബയോഡാറ്റ ചാര്‍ത്ത് കെപിസിസിക്ക് സമര്‍പ്പിച്ച് രംഗത്തുണ്ടായിരുന്നു. ഇത് മിനുക്കി അവസാനം മൂന്നായി ചുരുക്കി. ഇതിനിടയിലായിരുന്നു സിഎംപിയുടെ രംഗപ്രവേശം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് സിഎംപിയുടെ ബോധം തെളിഞ്ഞത്. സ്ഥാനാര്‍ഥിയായി നിശ്ചയിച്ച വ്യക്തി പേടിപ്പനി ബാധിച്ച് കിടപ്പിലായി. വെറുത മത്സരിച്ച് നാണംകെടാന്‍ ഒരു വകപ്പെട്ടവരെയൊന്നും കിട്ടില്ല. മത്സരിക്കുകയെന്നത് ജീവിതാഭിലാഷമായി കരുതുന്നവര്‍ക്ക് ജയവും തോല്‍വിയൊന്നും പ്രശ്നമല്ല. അങ്ങനെയാണ് മമ്പറത്ത് നിന്നൊരു ദിവാകരന്‍ സര്‍വതന്ത്ര സ്വതന്ത്രനായി ധര്‍മടത്ത് എത്തിയത്.
കെപിസിസി നിര്‍വാഹകസമിതി അംഗമായ ദിവാകര്‍ജി സ്വതന്ത്രനാവേണ്ടി വന്നതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. കോണ്‍ഗ്രസിന്റെ പട്ടികയില്‍ മുമ്പനായിരുന്നു ദിവാകരന്‍. സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി ഹൈക്കമാന്‍ഡ് മുതല്‍ ഡിസിസി ഓഫീസ് വരെ എല്ലാവാതിലുകളും മുട്ടി. എന്നിട്ടും കനിഞ്ഞിട്ടില്ല. ഗോഡ് ഫാദറായ വയലാര്‍ജിക്കും രക്ഷിക്കാനായില്ല. സ്വന്തം മകള്‍ക്ക് പോലും സീറ്റ് ഒപ്പിച്ചു കൊടുക്കാന്‍ കഴിയാത്ത വയലാര്‍ജിയുടെ സങ്കടം നാട്ടാരെല്ലാം കണ്ടതാണ്. എന്നാല്‍ സിഎംപി ഉപേക്ഷിച്ച സമയത്തെങ്കിലും വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ഈ സ്വതന്ത്ര വേഷം കെട്ടേണ്ടി വരുമായിരുന്നില്ല. കെപിസിസി പ്രസിഡന്റിന്റെ രേഖ കൃത്യസമയത്ത് എത്തിയില്ലെന്ന വിശദീകരണം ഒന്നുമറിയാത്ത ഡിസിസി പ്രസിഡന്റ് പി ആര്‍ പോലും വിശ്വസിക്കില്ല. 'സ്വതന്ത്രന്‍' കത്തും രേഖയും എത്തിക്കാന്‍ ഹെലികോപ്ടര്‍ വരെ ബുക്ക് ചെയ്തതായാണ് സംസാരം. ധര്‍മടത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഒരാളെയും കിട്ടിയില്ലേയെന്ന് ജനം ചോദിക്കുമ്പോള്‍ ഉത്തരം കൊഞ്ഞനംകുത്തലായിരിക്കും.
അങ്ങനെ ജില്ലയില്‍ സിഎംപിയെന്ന പവനായി ശവമായി. രൂപം കൊണ്ടപ്പോള്‍ എന്തെല്ലാം പുകിലായിരുന്നു. സിപിഐ എം രണ്ട് കഷണമായി. യുവാക്കളെല്ലാം രാഘവനൊപ്പം. ഇനി മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് രക്ഷയില്ല. തുടങ്ങിയ നെടുങ്കന്‍ പ്രവചനങ്ങള്‍... അതെല്ലാം കാറ്റില്‍ പറന്നു. മത്സരിക്കാന്‍ ആവശ്യപ്പെട്ട സീറ്റൊന്നും കോണ്‍ഗ്രസ് കൊടുത്തില്ല. കാലാകാലമായി മത്സരിച്ച അഴീക്കോടുനിന്ന് കുടിയിറക്കി. വേണമെങ്കില്‍ മൂന്ന് സീറ്റില്‍ മത്സരിച്ചോ, ജയിക്കുന്നതൊന്നും തരില്ല. ഒരു ഘട്ടത്തില്‍ ഒന്നിലും മത്സരിക്കുന്നില്ലെന്ന ഭീഷണി ഉയര്‍ത്തി. എന്നാല്‍ പാര്‍ടിയില്‍ രാഘവനെക്കാള്‍ വളര്‍ന്ന ജോണ്‍ പത്തിതാഴ്ത്താന്‍ പറഞ്ഞു. യുഡിഎഫ് വിട്ടാല്‍ മറ്റാരും സ്വീകരിക്കില്ലെന്ന തിരിച്ചറിവാണ് ജോണിനെ വിനയാന്വിതനാക്കിയത്. ഇതിന് പ്രത്യുപകാരമായി ജയിക്കുന്ന സീറ്റ് രാഘവന് കൊടുക്കില്ലെന്ന ഉറപ്പും കിട്ടി. ധര്‍മടത്ത് മത്സരിക്കാന്‍ നിശ്ചയിച്ചയാള്‍ കെട്ടിവച്ച കാശ് ഖജനാവില്‍ ഒടുങ്ങുമെന്ന ഭയത്തില്‍ ഓടിരക്ഷപ്പെട്ടു. ഒടുവില്‍ എല്ലാവരുംകൂടി 'ശക്തി കേന്ദ്ര'മായ കണ്ണൂരില്‍നിന്നു സിഎംപിയെ നാടുകടത്തി.
ദേശാഭിമാനി 280311
സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി രാഘവന്റെ ജില്ലയായ കണ്ണൂരിലും സിഎംപിയെ 'തുടച്ചുനീക്കി'. അനുവദിച്ച ധര്‍മടം സീറ്റും ഒടുവില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതോടെയാണ് സിഎംപി ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പൂര്‍ണമായി ഇല്ലാതായത്.
ReplyDeleteമമ്പറം: അടിയന്തരാവസ്ഥയുടെ ഭീകരനാളുകളില്‍ ഗുണ്ടകളുടെയും പൊലീസിന്റെയും മൃഗീയ അക്രമത്തിന് ഇരകളായവരുടെയും പൗരാവകാശ ലംഘനത്തിനെതിരെ ചെറുത്തുനിന്നവരുടെയും സംഗമം ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മമ്പറത്ത് നടന്നു. സിപിഐ എം ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി പ്രദീപന്‍ അധ്യക്ഷനായി. എം കെ മുരളി, കാരായി രാജീവന്‍ എന്നിവര്‍ സംസാരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മമ്പറം ദിവാകരന്‍ രണ്ട് ജീപ്പില്‍ ഗുണ്ടകളുമായെത്തി പിണറായി പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിയില്‍ ബോംബെറിഞ്ഞ് ഭീതിയുണ്ടാക്കി പണിയെടുക്കുന്ന തൊഴിലാളികളെ കൊടുവാള്‍കൊണ്ടു വെട്ടി നുറുക്കി 17 പേര്‍ക്ക് ഗുരുതരപരിക്കേറ്റു. കൊളങ്ങരേത്ത് രാഘവന്‍ ബോംബേറിലും കൊടുവാള്‍കൊണ്ടുള്ള വെട്ടേറ്റും രക്തസാക്ഷിയായി. കേരളത്തില്‍ ആദ്യമായി ബോംബെറിഞ്ഞും. ഫാക്ടറി ആക്രമിച്ചും കൊലപാതകം നടത്തിയ ദിവാകരന്‍ ഏഴു കൊല്ലം കൊലക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചു. പന്തക്കപ്പാറ കമ്പനിയില്‍ കൈകള്‍ക്ക് വെട്ടേറ്റ് അംഗഭംഗം വന്ന കക്കോത്ത് കുമാരന്‍, പരപ്രത്ത് രാജു, കെ വി ശ്രീധരന്‍ എന്നിവര്‍ പങ്കാളികളായി. ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട വികലാംഗനായ എ പി ലക്ഷ്മണനും മാവിലായിയിലെ ഇ കുഞ്ഞികൃഷ്ണനും ആര്‍ കെ കുഞ്ഞിക്കണ്ണനും പീഡന കഥ അവതരിപ്പിച്ചു. ബോംബേറില്‍ പരിക്കേറ്റ എന്‍ രോഹിണി, അക്രമത്തിനിരയായ പരപ്രത്ത് രാജു, മര്യോട്ട് നാണു, കെ ഗോപാലന്‍, ടി കുഞ്ഞിരാമന്‍, എ നാണു, മോഹനന്‍, കെ വി ശ്രീധരന്‍, കെ പി രോഹിണി, എം ഭാസ്കരന്‍, യു കെ രാമകൃഷ്ണന്‍, കെ ചന്ദ്രന്‍, കോങ്കി രവീന്ദ്രന്‍, ആര്‍ കെ കുഞ്ഞിക്കണ്ണന്‍ എന്നിവരും സംഗത്തില്‍ പങ്കെടുത്തു. വികാരം മുറ്റുന്ന സംഗമത്തില്‍ പങ്കെടുക്കാന്‍ വന്‍ജനാവലി മമ്പറത്തെത്തി.
ReplyDelete