അതിര്‍ത്തികള്‍ മാറിയപ്പോള്‍ കൂടുതല്‍ ഇടത്തോട്ടേക്ക് നീങ്ങിയ മണ്ഡലമാണ് തലശേരി. കമ്യൂണിസ്റ്റ് ശക്തിദുര്‍ഗങ്ങളായ കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ളി, എരഞ്ഞോളി, ന്യൂമാഹി പഞ്ചായത്തുകളും തലശേരി നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 27,663. എതിരില്ലാതെ ജയിച്ച വാര്‍ഡുകളിലെ വോട്ടുകൂടി ചേര്‍ത്താല്‍ ഭൂരിപക്ഷം കൂടും. എല്‍ഡിഎഫ് ഭരണത്തിലെ ക്ഷേമ പദ്ധതികളും വികസനമുന്നേറ്റവും ഇത്തവണ വിജയം കൂടുതല്‍ തിളക്കമുള്ളതാക്കുമെന്ന് തീര്‍ച്ച. മുന്‍മുഖ്യമന്ത്രി ഇ കെ നായനാര്‍, വി ആര്‍ കൃഷ്ണയ്യര്‍, കെ പി ആര്‍ ഗോപാലന്‍, പാട്യം ഗോപാലന്‍, എന്‍ ഇ ബാലറാം, എം വി രാജഗോപാലന്‍, കെ പി മമ്മു എന്നിവര്‍ നിയമസഭയിലേക്ക് ജയിച്ചുകയറിയ മണ്ഡലം. 1996ലെ ഉപതെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ സൃഷ്ടിച്ച 24,501 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം ഇളക്കമില്ലാതെ തുടരുന്നു. 1982ലാണ് കോടിയേരി ആദ്യം അങ്കത്തട്ടിലിറങ്ങിയത്. കെ സി നന്ദനനെ 17,100 വോട്ടിന് മലര്‍ത്തിയടിച്ച് അരങ്ങേറ്റം. '87ല്‍ കെ സുധാകരനെയും 2001ല്‍ സജീവ് മാറോളിയെയും വീഴ്ത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താനെ 10,055 വോട്ടിന് തറപറ്റിച്ചു. അഞ്ചാംതവണയെത്തുന്ന കോടിയേരി ബാലകൃഷ്ണ(57)നെ നാട് ഒറ്റക്കെട്ടായി ഹൃദയത്തിലേറ്റുവാങ്ങുന്നു.
ക്രമസമാധാനപാലനത്തില്‍ രാജ്യത്തിന് മാതൃകസൃഷ്ടിച്ച ഭരണനൈപുണ്യത്തെ ഏവരും വാഴ്ത്തുകയാണ്. കിടയറ്റ സംഘാടകന്‍, ഉജ്വലവാഗ്മി, ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി, വിട്ടുവീഴ്ചയില്ലാത്ത പോരാളി എന്നീ വിശേഷണങ്ങളെല്ലാം രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യമായ കോടിയേരിക്ക് സ്വന്തം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയിലില്‍. സിപിഐ എം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റംഗം, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കോടിയേരി കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിലാണ് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കര്‍ഷകസംഘം സംസ്ഥാന ട്രഷററും കിസാന്‍സഭ കേന്ദ്രകമ്മിറ്റി അംഗവുമാണ്. മാഹി കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിലും വിദ്യാഭ്യാസം. കൂത്തുപറമ്പ് ആയിത്തറ സ്വദേശിയും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമായ റിജില്‍ മാക്കുറ്റി(28)യാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. വി രത്നാകരനും രംഗത്തുണ്ട്.
(പി ദിനേശന്‍)
ദേശാഭിമാനി 310311
സാഹിത്യത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും കേരളത്തിന് വഴികാട്ടിയ നാടാണ് തലശേരി. സാമ്രാജ്യവിരുദ്ധപോരാട്ടത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും വിളനിലം. ചെങ്കൊടിത്തണലില്‍ വികസനത്തിന്റെ പടവുകള്‍ ഒന്നൊന്നായി പിന്നിടുന്ന തലശേരിയുടെ മനസ് എന്നും ഇടതുപക്ഷത്താണ്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തലശേരിയില്‍ ജനവിധി തേടുമ്പോള്‍ നാടിന്റെ മനസില്‍ സന്ദേഹമില്ല. ഇടതുകോട്ടയില്‍ വിള്ളല്‍വീഴ്ത്താന്‍ അവതരിച്ച വമ്പന്മാര്‍ പലരും അടിതെറ്റി വീണ മണ്ണില്‍ ഇത്തവണയും അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. റെക്കോഡ് ഭൂരിപക്ഷമെന്ന ലക്ഷ്യവുമായി ഇടതുപക്ഷം മുന്നേറുമ്പോള്‍ സ്വന്തം വോട്ടുകളെങ്കിലും പെട്ടിയില്‍ വീഴ്ത്താനായാല്‍ മാനക്കേട് ഒഴിവാക്കാമെന്നതാണ് യുഡിഎഫ് ചിന്ത.
ReplyDelete