Wednesday, March 30, 2011

തൊഴിലാളികളുടെ ഗുരു മണ്ഡലത്തിന്റെ ദാസന്‍


കൊല്ലം: പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ളതാണ് കൊല്ലം മണ്ഡലം. സുദീര്‍ഘമായ തൊഴിലാളി സംഘടനാപരിചയവും തൊഴില്‍ മന്ത്രിയെന്ന നിലയിലുള്ള മികവുറ്റ പ്രവര്‍ത്തന പാരമ്പര്യവുമായി വോട്ടര്‍മാര്‍ക്ക് മുമ്പിലെത്തുന്ന പി കെ ഗുരുദാസന് ഇവിടെ മുഖവുരയുടെ ആവശ്യമില്ല. മണ്ഡലത്തിലെ ജനങ്ങളുമായി പതിറ്റാണ്ടുകളുടെ ബന്ധം. വോട്ടര്‍മാരെ പേര്ചൊല്ലി വിളിക്കാവുന്ന ആത്മബന്ധം. പ്രചാരണം ആദ്യഘട്ടം പിന്നിടുമ്പോള്‍ ഗുരുദാസനും എല്‍ഡിഎഫും വിജയം സുനിശ്ചിതമാക്കിയാണ് മുന്നേറുന്നത്. ഗ്രൂപ്പ് പോരിനും സീറ്റ് തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ വൈകിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ സി രാജന്‍ രംഗത്തെത്തുന്നത്.
 വികസന പ്രവര്‍ത്തനങ്ങളുടെ മികച്ച ട്രാക്ക് റെക്കോഡുമായാണ് സിറ്റിങ്ങ് എംഎല്‍എയായ ഗുരുദാസന്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. കൊല്ലത്തെ പ്രധാന വ്യവസായങ്ങളായ കശുവണ്ടി, കയര്‍ മേഖലയിലും മത്സ്യബന്ധന രംഗത്തും എല്‍ഡിഎഫ് ഭരണത്തില്‍ കൈവരിച്ച ശ്രദ്ധേയ നേട്ടങ്ങള്‍ എല്‍ഡിഎഫിന് നിരത്താനുണ്ട്. തിരുവോണനാളില്‍പ്പോലും കൂലിക്കും ബോണസിനും സമരം ചെയ്യേണ്ടിവന്ന അനുഭവമാണ് യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്നത്. എന്നാല്‍ പരമ്പരാഗത തൊഴിലാളികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താനായി എന്നത് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നു. കശുവണ്ടി വികസന കോര്‍പറേഷനിലെയും കാപ്പക്സിലെയും തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 280 ദിവസം തൊഴില്‍ നല്‍കാനായി. പുതുതായി 7000 തൊഴിലാളികളെ നിയമിച്ചു. മണ്ഡലത്തില്‍ കുടിവെള്ളവിതരണം ഏറെക്കുറെ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു്വന്നതാണ് മറ്റൊരു പ്രധാന നേട്ടം. സുനാമി പുനരധിവാസപദ്ധതിയില്‍ മൂതാക്കരയില്‍ പൂര്‍ത്തിയായ 168 ഫ്ളാറ്റുകള്‍ക്ക് 4,56,000 രൂപ ചെലവില്‍ വാട്ടര്‍ കണക്ഷന്‍, മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം, കൊല്ലം തുറമുഖം നവീകരണം, ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന കൊല്ലം തോടിന്റെ നവീകരണം എന്നിവ എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം.

ശൂരനാട് രാജശേഖരന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധമടങ്ങിയിട്ടില്ല. ശൂരനാടിന് വേണ്ടി ചുവരെഴുത്തുകള്‍ പോലും നടത്തിയതിനുശേഷമാണ് സീറ്റ് അട്ടിമറി നടന്നത്. ഇതിന് പിന്നില്‍ ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസനും കെ സി രാജനുമാണെന്ന് ശൂരനാട് വിഭാഗം ആരോപിക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയായി ജി ഹരിയും മത്സരരംഗത്തുണ്ട്.
(എ വിജയന്‍)

ദേശാഭിമാനി 300311

1 comment:

  1. പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ളതാണ് കൊല്ലം മണ്ഡലം. സുദീര്‍ഘമായ തൊഴിലാളി സംഘടനാപരിചയവും തൊഴില്‍ മന്ത്രിയെന്ന നിലയിലുള്ള മികവുറ്റ പ്രവര്‍ത്തന പാരമ്പര്യവുമായി വോട്ടര്‍മാര്‍ക്ക് മുമ്പിലെത്തുന്ന പി കെ ഗുരുദാസന് ഇവിടെ മുഖവുരയുടെ ആവശ്യമില്ല. മണ്ഡലത്തിലെ ജനങ്ങളുമായി പതിറ്റാണ്ടുകളുടെ ബന്ധം. വോട്ടര്‍മാരെ പേര്ചൊല്ലി വിളിക്കാവുന്ന ആത്മബന്ധം.

    ReplyDelete