Monday, March 28, 2011

വൈദ്യശാസ്ത്രരംഗത്തെ പ്രകാശഗോപുരം

ആതുരസേവനവും രാഷ്ട്രീയപ്രവര്‍ത്തനവും സമന്വയിപ്പിച്ച് നാലഞ്ചു തലമുറ ഡോക്ടര്‍മാരെ വൈദ്യശാസ്ത്രത്തിന്റെ നൈതികതയും ധാര്‍മികതയും പഠിപ്പിച്ച പ്രകാശഗോപുരമായിരുന്നു ഡോ. പി കെ ആര്‍ വാര്യര്‍. വിശ്വസിച്ച പ്രത്യയശാസ്ത്ര നിലപാടുകളില്‍നിന്ന് അണുകിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കമ്യൂണിസത്തിലുള്ള വിശ്വാസം, ഭാവിപോലും അനിശ്ചിതത്വത്തിലാക്കുമെന്ന സ്ഥിതിവന്നിട്ടും മറ്റൊന്ന് ചിന്തിക്കാനുണ്ടായില്ല. ശരിമാത്രം ചിന്തിക്കാനും ശരിയില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കാനും ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന് ധൈര്യം നല്‍കിയത് ഈ കര്‍ക്കശ നിലപാടുകളായിരുന്നു. രോഗം മാറ്റാന്‍ രോഗികള്‍ പ്രതിഫലം നല്‍കേണ്ടെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. ചെയ്യുന്ന സേവനത്തിന് സര്‍ക്കാര്‍ പ്രതിഫലം നല്‍കുന്നുണ്ട്. ജോലിക്ക് തക്കപ്രതിഫലം തന്നില്ലെങ്കില്‍ സര്‍ക്കാരിനെതിരെ സമരംചെയ്യുമെന്നും അദ്ദേഹം രോഗികളോട് പറയുമായിരുന്നു.

1940-46ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് ബിരുദം നേടിയ അദ്ദേഹം സര്‍ജറിയില്‍ ബിരുദാനന്തരബിരുദത്തിന് മൂന്നുതവണ മദ്രാസ് സര്‍വകലാശാലയില്‍ അപേക്ഷിച്ചെങ്കിലും കമ്യൂണിസ്റുകാരനായതിനാല്‍ നിരസിച്ചു. 1946ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തില്‍ ഡെമോസ്ട്രേറ്ററായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറി. കമ്യൂണിസ്റ് പാര്‍ടിയുമായുള്ള ബന്ധത്തിന്റെപേരില്‍ 1952ല്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പ്രതിഷേധത്തെതുടര്‍ന്ന് രണ്ടുവര്‍ഷത്തിനുശേഷം തിരിച്ചെടുത്തു. 1960ല്‍ ഇംഗ്ളണ്ടില്‍നിന്ന് തൊറാസിക് സര്‍ജറിയില്‍ എഫ്ആര്‍സിഎസും നേടി. 1962ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ അസോസിയറ്റ് പ്രൊഫസറായി. മൂന്നു ദശാബ്ദക്കാലത്തെ സര്‍വീസിനുശേഷം 1977ലാണ് വിരമിച്ചത്. തുടര്‍ന്ന് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എകെജി ആശുപത്രി, വര്‍ക്കല എസ്എന്‍ മിഷന്‍ ആശുപത്രി, ഒറ്റപ്പാലം സെമാള്‍ക്ക് ആശുപത്രി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു.

1969ല്‍ ഇ എം എസിനെ ചികിത്സയ്ക്കായി ബര്‍ലിനില്‍ അയച്ചപ്പോള്‍ പാര്‍ടി നിര്‍ദേശപ്രകാരം വാര്യരും അനുഗമിച്ചു. മദിരാശി മെഡിക്കല്‍ കോളേജിലെ സഹപാഠികളാണ് വാര്യരിലെ കമ്യൂണിസ്റുകാരനെ ഉണര്‍ത്തിയത്. അക്കാലത്തെ സഹപാഠിയും വിദ്യാര്‍ഥി ഫെഡറേഷനില്‍ സഹപ്രവര്‍ത്തകയുമായിരുന്ന ദേവകി വാര്യരാണ് പിന്നീട് വാര്യരുടെ ജീവിതസഖിയായത്. പ്രത്യയശാസ്ത്രനിബദ്ധമായിരുന്നു വാര്യരുടെ ജീവിതം. ജീവിതത്തില്‍ മുഴുവന്‍ താന്‍ വിശ്വസിച്ചുപോന്ന തത്വസംഹിതകള്‍, അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് അവസാനിപ്പിക്കുക, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ റഫറല്‍ ആക്കുക, മെഡിക്കല്‍ സര്‍വകലാശാല രൂപീകരണം എന്നിവ അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളായിരുന്നു. ഇതു പ്രാവര്‍ത്തികമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. ഡോ. വാര്യരുടെ വിയോഗം ദേശാഭിമാനിക്കും അതീവ ദുഃഖകരമാണ്. ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ ബദ്ധശ്രദ്ധനായ അദ്ദേഹം, തന്റെ ജീവിതകഥ ദേശാഭിമാനി വാരികയിലൂടെയാണ് ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത്. ദീപ്തമായ ആ ഓര്‍മയ്ക്കുമുന്നില്‍ ഞങ്ങള്‍ ശിരസ്സുകുനിക്കുന്നു.

deshabhimani editorial 280311

1 comment:

  1. ആതുരസേവനവും രാഷ്ട്രീയപ്രവര്‍ത്തനവും സമന്വയിപ്പിച്ച് നാലഞ്ചു തലമുറ ഡോക്ടര്‍മാരെ വൈദ്യശാസ്ത്രത്തിന്റെ നൈതികതയും ധാര്‍മികതയും പഠിപ്പിച്ച പ്രകാശഗോപുരമായിരുന്നു ഡോ. പി കെ ആര്‍ വാര്യര്‍. വിശ്വസിച്ച പ്രത്യയശാസ്ത്ര നിലപാടുകളില്‍നിന്ന് അണുകിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കമ്യൂണിസത്തിലുള്ള വിശ്വാസം, ഭാവിപോലും അനിശ്ചിതത്വത്തിലാക്കുമെന്ന സ്ഥിതിവന്നിട്ടും മറ്റൊന്ന് ചിന്തിക്കാനുണ്ടായില്ല. ശരിമാത്രം ചിന്തിക്കാനും ശരിയില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കാനും ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന് ധൈര്യം നല്‍കിയത് ഈ കര്‍ക്കശ നിലപാടുകളായിരുന്നു. രോഗം മാറ്റാന്‍ രോഗികള്‍ പ്രതിഫലം നല്‍കേണ്ടെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. ചെയ്യുന്ന സേവനത്തിന് സര്‍ക്കാര്‍ പ്രതിഫലം നല്‍കുന്നുണ്ട്. ജോലിക്ക് തക്കപ്രതിഫലം തന്നില്ലെങ്കില്‍ സര്‍ക്കാരിനെതിരെ സമരംചെയ്യുമെന്നും അദ്ദേഹം രോഗികളോട് പറയുമായിരുന്നു

    ReplyDelete