വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുകയും അത് പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ പ്രയോഗിക്കാന്‍ ആയുധങ്ങള്‍ ഒന്നും കിട്ടാതിരിക്കെ, സ്വയമൊരു വാര്‍ത്തയാകാന്‍ ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ തയ്യാറായിരിക്കുന്നു. നാവില്‍ ബോംബ് വച്ചുകെട്ടി സ്വയം പൊട്ടിത്തെറിക്കുന്ന ഇയാളുടെ ചാവേര്‍ പ്രവര്‍ത്തനം ഇത് ആദ്യമല്ല. റൌഫിനുമുന്നില്‍ പുലിയായി ചാടുകയും കുഞ്ഞാലിക്കുട്ടിക്കുമുന്നില്‍ പൂച്ചയായി ചുരുങ്ങുകയും മാര്‍ക്സിസ്റ്വിരുദ്ധര്‍ക്കുവേണ്ടി മയിലായി ആടുകയും ചെയ്യുന്ന ഈ ചാനല്‍കുഞ്ഞിന് പണ്ട് മലപ്പുറത്തുനിന്ന് ചികിത്സ കിട്ടിയതാണ്. ഇത്തവണത്തെ പ്രകടനത്തിന് നന്നായി ചിട്ടപ്പെടുത്തിയ ഒരു തിരക്കഥ കൂടിയുണ്ട്. എല്ലാ ചാനലുകളും എല്ലാ മണ്ഡലത്തിലും പല പേരിലായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പലയിടത്തും വാക്കേറ്റവും രോഷപ്രകടനവും ഒക്കെ ഉണ്ടായി. എന്നാല്‍, കണ്ണൂരില്‍ മാത്രമെന്തേ അവതാരകന്‍ സ്വയം വാര്‍ത്തയായി. അവിടെയാണ് ഷാജഹാനെ കണ്ണൂരില്‍ അയച്ച് വാര്‍ത്ത സൃഷ്ടിച്ചതിനുപിന്നിലെ ഗൂഢാലോചന.
കണ്ണൂരില്‍ ഏഷ്യാനെറ്റ് പോര്‍ക്കളം പരിപാടി സാധാരണ നിലയില്‍ത്തന്നെയാണ് മുന്നോട്ടുനീങ്ങിയത്. വ്യത്യസ്ത അഭിപ്രായക്കാര്‍ക്ക് വാദമുഖങ്ങള്‍ നിരത്തുന്നതിന് അവിടെ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഒട്ടനവധി കാര്യങ്ങള്‍ക്കൊപ്പം പി ശശി പ്രശ്നവും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. ബന്ധപ്പെട്ടവര്‍ മറുപടിയും നല്‍കി. അവിടെയെന്നും ഇല്ലാതിരുന്ന പ്രകോപനം ക്ഷണിച്ചുവരുത്തിയത് അവതാരകനായിരുന്നു. ഇവിടെ നടന്ന ചര്‍ച്ചകളെന്തായാലും കണ്ണൂര്‍ ജില്ലയില്‍ ജനവിധി നിര്‍ണയിക്കുക പി ശശി പ്രശ്നവും കണ്ടല്‍ക്കാടുമായിരിക്കുമെന്ന ഷാജഹാന്റെ ഉപസംഹാരമാണ് ജനങ്ങള്‍ ചോദ്യംചെയ്തത്. അത് തന്റെ അവകാശമാണെന്ന ധിക്കാരവും സഹിച്ചു ജനങ്ങള്‍. അതും കടന്ന് ലേഖകന്‍ മെക്കിട്ടുകയറാന്‍ ചെന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഉന്തുംതള്ളും പിടിവലിയുമൊക്കെ ഏഷ്യാനെറ്റ് ദൃശ്യങ്ങളില്‍ കാണാം. അതിനപ്പുറം, തന്നെ പി ജയരാജന്‍ മര്‍ദിച്ചെന്ന് ഷാജഹാന്‍ പറഞ്ഞപ്പോള്‍, ജനങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പി ജയരാജന്‍ വിശദീകരിച്ചത്. ഷാജഹാന്റെ പരാതി പ്രകാരം ജയരാജനും 30 പേര്‍ക്കുമെതിരെ പൊലീസ് കേസുമെടുത്തു. 'കൈയില്ലാത്ത ഞാന്‍ എങ്ങനെ മര്‍ദിക്കാന്‍' എന്ന ജയരാജന്റെ ചോദ്യം ഏഷ്യാനെറ്റ് അവഗണിച്ചെങ്കിലും ജനങ്ങള്‍ക്ക് അവഗണിക്കാനാകില്ല. അതാണല്ലോ സത്യം.
ജയരാജന്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നപേരില്‍ ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന ഫോണ്‍സംഭാഷണത്തിലാണ് മാധ്യമധാര്‍മികതയുടെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നത്. യുഡിഎഫില്‍നിന്ന് പണംവാങ്ങി അവര്‍ക്കുവേണ്ടി പക്ഷപാതം കാട്ടുന്നുവെന്ന കുറ്റാരോപണത്തിന് വിധേയനാണ് ഷാജഹാന്‍. ഒടുവിലത്തെ കുഞ്ഞാലിക്കുട്ടി വിവാദത്തിലും മറ്റനേകം സന്ദര്‍ഭങ്ങളിലും ഇദ്ദേഹം തുറന്നുകാട്ടപ്പെട്ടിട്ടുണ്ടെന്ന് പറയുന്നത് സഹപത്രപ്രവര്‍ത്തകര്‍ തന്നെയാണ്. ഇങ്ങനെയൊരാളെ കയറൂരി പുറത്തുവിട്ടിട്ട് മാധ്യമസ്വാതന്ത്ര്യമെന്നൊക്കെ വലിയവായില്‍ നിലവിളിച്ചാല്‍ ജനം പേടിച്ചുപോകുമെന്ന് കരുതുന്നവര്‍ ഒരുകാര്യം മനസ്സിലാക്കണം- സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുമാത്രമുള്ളതല്ല. ഷാജഹാനെ മര്‍ദിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റ് മാധ്യമങ്ങളും കള്ളക്കളി തന്നെയാണ് നടത്തുന്നത്. പോര്‍ക്കളം പരിപാടിക്കിടയില്‍ പി ശശിയെ കുറിച്ചുള്ള ചോദ്യം വന്നപ്പോഴാണ് തല്ലിയത് എന്നൊക്കെ എഴുതിയവര്‍ ഏഷ്യാനെറ്റിന്റെ തിരക്കഥ അറിഞ്ഞുതന്നെ ആട്ടം കണ്ടവരാണ്. പരിപാടി കഴിഞ്ഞശേഷം കാട്ടിയ ധിക്കാരമാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്ന സത്യത്തെ മറച്ചുവയ്ക്കുന്നതും മാധ്യമസ്വാതന്ത്ര്യമാണോ?
എന്തിന്റെ പേരിലായാലും ഒരു മാധ്യമപ്രവര്‍ത്തകന്‍ കൈയേറ്റത്തിനിരയാകുന്നത് നിര്‍ഭാഗ്യകരമാണ്. അതുമായി ബന്ധപ്പെട്ടവരുടെപേരില്‍ നിയമനടപടികളും സ്വീകരിച്ചുകഴിഞ്ഞു. ആവശ്യത്തിന് പ്രതിഷേധവുമായി.
പ്രതിഷേധിക്കാന്‍ ഓര്‍ക്കാതെ പോയ ചില സത്യങ്ങളുണ്ട്. കുറച്ചുനാള്‍ മുമ്പ് കൊച്ചിയില്‍ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ വീട്ടില്‍ ഇന്ത്യാവിഷന്‍ ക്യാമറാമാനെ കെട്ടിയിട്ടാണ് മര്‍ദിച്ചത്. കോഴിക്കോട് മുക്കത്ത് മൂന്ന് പത്രക്കാര്‍ക്കാണ് ലീഗുകാരുടെ തല്ല് കിട്ടിയത്. അതിനൊന്നുമില്ലാത്ത വികാരം ഷാജഹാന്റെ കാര്യത്തിലുണ്ടാകുന്നത് അതും ഇടതുപക്ഷത്തിനുനേരെ ഓങ്ങാം എന്നതുകൊണ്ടുമാത്രം.
ദേശാഭിമാനി 300311
പ്രതിഷേധിക്കാന്‍ ഓര്‍ക്കാതെ പോയ ചില സത്യങ്ങളുണ്ട്. കുറച്ചുനാള്‍ മുമ്പ് കൊച്ചിയില്‍ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ വീട്ടില്‍ ഇന്ത്യാവിഷന്‍ ക്യാമറാമാനെ കെട്ടിയിട്ടാണ് മര്‍ദിച്ചത്. കോഴിക്കോട് മുക്കത്ത് മൂന്ന് പത്രക്കാര്‍ക്കാണ് ലീഗുകാരുടെ തല്ല് കിട്ടിയത്. അതിനൊന്നുമില്ലാത്ത വികാരം ഷാജഹാന്റെ കാര്യത്തിലുണ്ടാകുന്നത് അതും ഇടതുപക്ഷത്തിനുനേരെ ഓങ്ങാം എന്നതുകൊണ്ടുമാത്രം.
ReplyDelete