Monday, March 28, 2011

നാടെങ്ങും ആഹ്ളാദം കെല്‍ ഇന്നുമുതല്‍ നവരത്നം

കാസര്‍കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അക്ഷീണ പ്രയത്നത്തിലൂടെ ജില്ലയുടെ വ്യവസായ മേഖലയില്‍ തിലകക്കുറിയായ കെല്‍- ഭെല്‍ സംയുക്ത സംരംഭമായ ഭെല്‍- ഇലക്ട്രിക്കല്‍ മിഷന്‍ ലിമിറ്റഡ് തിങ്കളാഴ്ച യാഥാര്‍ഥ്യമാകുമ്പോള്‍ നാടെങ്ങും ആഹ്ളാദത്തില്‍. തൊഴിലാളികളുടെ നൈപുണ്യത്തിനും കൂട്ടായ്മക്കും അംഗീകാരമായും ജില്ല കാലമേറെയായി കാത്തിരിക്കുന്നതുമായ പുതിയ കമ്പനി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ വന്‍ ആഘോഷമാക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് നാട്ടുകാര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കി നടപടിക്രമം മാത്രമാണ് തിങ്കളാഴ്ച നടക്കുന്നത്.

നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലുമായുള്ള സംരംഭത്തിലൂടെ കെല്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോള്‍ കൂടുതല്‍ നിക്ഷേപവും നേരിട്ടും അനുബന്ധ വ്യവസായങ്ങളിലൂടെയും കൂടുതല്‍ തൊഴിലവസരങ്ങളും വരുമാന സാധ്യതകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ബദ്രടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇലക്ട്രിക്കല്‍ ആന്‍ഡ്അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡിന്റെ (കെല്‍) കാസര്‍കോട് ബ്രഷ്ലെസ് ആള്‍ട്ടര്‍നേറ്റര്‍ യൂണിറ്റിന്റെ ആസ്തി തിങ്കളാഴ്ച ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിന് (ഭെല്‍) കൈമാറും. കെല്ലിന്റെ കെട്ടിടവും സ്ഥലവും കൈമാറുന്നതിന്റെ രജിസ്ട്രേഷന്‍ രേഖകളില്‍ പുതിയ കമ്പനി എംഡി എല്‍ ഗോപാലകൃഷ്ണനും കെല്‍ എംഡി കമാന്‍ഡര്‍ കെ ഷംസുദ്ദീനും രേഖകളില്‍ ഒപ്പിടും. സംയുക്ത സംരംഭം വഴിയുള്ള നിക്ഷേപം വഴി അത്യാധുനിക യന്ത്ര സംവിധാനങ്ങളും കെല്ലിന് ലഭ്യമാകും. ക്രെയിന്‍, ലെയ്ത്ത് മെഷിന്‍, ടെസ്റ്റ് ബെഡ്, വൈന്‍ഡിങ് തുടങ്ങി വിഭാഗങ്ങളില്‍ പുതിയ സംവിധാനമുണ്ടാകും. കെല്ലിന് സ്വന്തമായുള്ള 11 ഏക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലുമായി ഭെല്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് മാത്രമാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

ഭെല്ലിന് നിലവില്‍ വിദേശത്ത് നിന്നും ഇന്ത്യയില്‍ നിന്നുമായുള്ള ഒന്നര കോടിയോളം ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ക്കാനുണ്ട്. കാറ്റില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള വിന്‍ഡ് ആള്‍ട്ടര്‍നേറ്ററും ട്രെയിന്‍ എന്‍ജിന് ഉപയോഗിക്കുന്ന ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്ററും സംയുക്ത സംരംഭത്തിന്റെ തുടക്കത്തില്‍ നിര്‍മിക്കും. നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്നക്ഷമതയുള്ളതായിരിക്കും ഇവ. കെല്ലിലുണ്ടാകുന്ന പുതിയ നിക്ഷേപം അനുബന്ധ മേഖലകളിലും വന്‍ സാധ്യതയൊരുക്കും. ഇവിടുത്തെ ജോബ് വര്‍ക്കുകള്‍ക്ക്ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളിലെ തൊഴില്‍ശാലകളെയാണ് ആശ്രയിക്കുന്നത്. പുതിയ അവസരം മുതലാക്കുന്നതിന് കാസര്‍കോടുള്ള ഇലക്ട്രിക്കല്‍ തൊഴില്‍ശാലകള്‍ തയ്യാറായാല്‍ തൊഴിലവസരങ്ങളും വരുമാന സാധ്യതകളും ഏറും.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലാഭകരമല്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടാന്‍ തീരുമാനിച്ച കാസര്‍കോട് കെല്‍ യൂണിറ്റാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ബദല്‍ നയത്തിലൂടെ ഇന്ന് അന്തര്‍ദേശീയ പ്രസിദ്ധിയിലേക്ക് ഉയരുന്നത്. നഷ്ടത്തിലായിരുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുകയും പുതിയവ തുടങ്ങുകയും ചെയ്ത് കഴിഞ്ഞ അഞ്ചുവര്‍ഷം വ്യവസായിക വിപ്ളവം സൃഷ്ടിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലാകുകയാണ് കെല്‍- ഭെല്‍ സംയുക്ത സംരംഭം.

ദേശാഭിമാനി 280311 കാസര്‍കോട് ജില്ലാ വാര്‍ത്ത

2 comments:

  1. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലാഭകരമല്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടാന്‍ തീരുമാനിച്ച കാസര്‍കോട് കെല്‍ യൂണിറ്റാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ബദല്‍ നയത്തിലൂടെ ഇന്ന് അന്തര്‍ദേശീയ പ്രസിദ്ധിയിലേക്ക് ഉയരുന്നത്. നഷ്ടത്തിലായിരുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുകയും പുതിയവ തുടങ്ങുകയും ചെയ്ത് കഴിഞ്ഞ അഞ്ചുവര്‍ഷം വ്യവസായിക വിപ്ളവം സൃഷ്ടിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലാകുകയാണ് കെല്‍- ഭെല്‍ സംയുക്ത സംരംഭം.

    ReplyDelete
  2. അന്താരാഷ്ട്ര വ്യവസായഭൂപടത്തില്‍ സ്ഥാനംപിടിക്കാന്‍ കെല്‍-ഭെല്‍ സംയുക്ത സംരംഭമായ ഭെല്‍-ഇലക്ട്രിക്കല്‍ മിഷന്‍ ലിമിറ്റഡ് യാഥാര്‍ഥ്യമായി. തിങ്കളാഴ്ച പകല്‍ പന്ത്രണ്ടിന് കാസര്‍കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഭെല്‍- ഇലക്ട്രിക്കല്‍ മിഷന്‍ ലിമിറ്റഡ് കമ്പനി എംഡി ഇന്‍-ചാര്‍ജ് എല്‍ ഗോപാലകൃഷ്ണനും കെല്‍ എംഡി കമാന്‍ഡര്‍ കെ ഷംസുദ്ദീനും രേഖകളില്‍ ഒപ്പിട്ടതോടെയാണ് ബിഎച്ച്ഇഎല്‍- ഇഎംഎല്‍ യാഥാര്‍ഥ്യമായത്. ആദ്യഘട്ടത്തില്‍ കെല്ലിന്റെ ഭൂമിയും പ്ളാന്റുമാണ് കൈമാറുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തുടര്‍നടപടി സ്വീകരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് ഭെല്‍- കെല്‍ സംയുക്ത സംരംഭം യാഥാര്‍ഥ്യമാക്കിയത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ ലാഭകരമല്ലെന്നുപറഞ്ഞ് കെല്‍ യൂണിറ്റ് പൂട്ടാന്‍ തീരുമാനിച്ചിരുന്നു. ഭെല്‍-ഇലക്ട്രിക്കല്‍ മിഷന്‍ ലിമിറ്റഡിന്റെ നിക്ഷേപത്തിലൂടെ അത്യാധുനിക യന്ത്രസംവിധാനങ്ങള്‍ ലഭ്യമാകും. ക്രെയിന്‍, ലെയ്ത്ത് മെഷിന്‍, ടെസ്റ്റ് ബെഡ്, വൈന്‍ഡിങ് തുടങ്ങിയ വിഭാഗങ്ങളില്‍ പുതിയ സംവിധാനമുണ്ടാകും. കെല്ലിന് സ്വന്തമായുള്ള 11 ഏക്കറിലും പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലുമായി വന്‍കിട പദ്ധതികള്‍ നടപ്പാക്കും. കാറ്റില്‍നിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള വിന്‍ഡ് ആള്‍ട്ടര്‍നേറ്ററും ട്രെയിന്‍ എന്‍ജിനുള്ള ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്ററും നിര്‍മിക്കും. സംയുക്ത സംരംഭത്തില്‍ ഭെല്ലിന് 51 ശതമാനവും സംസ്ഥാന സര്‍ക്കാരിന് 49 ശതമാനവുമാണ് ഓഹരി.

    ReplyDelete