Tuesday, March 29, 2011

പാര്‍ലമെന്റില്‍ ആന്റണി ഒളിച്ചുകളിച്ചു

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ തന്ത്രപ്രധാനസ്ഥലത്ത് പ്രതിരോധവകുപ്പിന്റെ ഭൂമിയും കെട്ടിടവും സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമാണോയെന്ന് ഒരുവര്‍ഷത്തിനിടെ മൂന്നുതവണ പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നിട്ടും വ്യക്തമായ മറുപടിനല്‍കാതെ എ കെ ആന്റണി ഒളിച്ചുകളിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിന് (ഐഡിഎസ്എ) പ്രതിരോധവകുപ്പ് കൈമാറിയ 0.55 ഏക്കര്‍ സ്ഥലവും കെട്ടിടവും റസിഡന്‍സി ഹോട്ടല്‍ഗ്രൂപ്പിന് മറിച്ചുനല്‍കിയതില്‍ വലിയ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് സിഎജി കണ്ടെത്തിയിരുന്നു.

പ്രതിരോധവകുപ്പില്‍നിന്ന് ഐഡിഎസ്എയ്ക്ക് ലഭിച്ച ഭൂമി കൈമാറിയത് നിയമാനുസൃതമാണോയെന്ന് ജെഡിയു നേതാക്കളായ ശരത്യാദവ്, ശിവ്രാജ്സിങ്, സഞ്ജയ്ദിനാ പാട്ടീല്‍, ജി എസ് ബസവ്രാജ് എന്നീ എംപിമാരാണ് 2010 മാര്‍ച്ച്, ഏപ്രില്‍, നവംബര്‍ മാസങ്ങളിലായി ചോദ്യമുന്നയിച്ചത്. ഐഡിഎസ്എയുടെ കെട്ടിടവും ഭൂമിയും റസിഡന്‍സി ഹോട്ടല്‍ഗ്രൂപ്പിന് കൈമാറിയിട്ടുണ്ടെന്ന് മാത്രമാണ് കഴിഞ്ഞ മാര്‍ച്ചില്‍ ആന്റണി നല്‍കിയ മറുപടി. പ്രതിരോധവകുപ്പിന്റെ പല സുപ്രധാന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാനമേഖലയില്‍ സര്‍ക്കാര്‍ ഭൂമിയും കെട്ടിടവും സ്വകാര്യഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമാണോയെന്ന ചോദ്യത്തോട് ആന്റണി പ്രതികരിച്ചില്ല. ഏപ്രിലില്‍ ലോക്സഭയില്‍ വീണ്ടും ചോദ്യമുയര്‍ന്നപ്പോഴും ആന്റണി ഈ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍, കഴിഞ്ഞ നവംബറില്‍ ഈ വിഷയം പരിശോധിച്ച് വരികയാണെന്ന തരത്തില്‍ മറുപടിയില്‍ നേരിയ മാറ്റംവരുത്തി. എന്നാല്‍, ഒരുഘട്ടത്തിലും ഇടപാടില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ആന്റണി സമ്മതിച്ചില്ല.

പ്രതിരോധവകുപ്പിന്റെ ഭൂമി ഉപപാട്ടത്തിന് നല്‍കരുതെന്ന വ്യവസ്ഥ ഐഡിഎസ്എ ലംഘിച്ചെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നിട്ട് കൂടി ഇത്ര സുപ്രധാനമായ നിയമലംഘനം പ്രതിരോധവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. വിദേശ ഗവേഷകര്‍ക്ക് താമസസൌകര്യം ഒരുക്കുന്നതിനാണ് ഭൂമിയും കെട്ടിടവും കൈമാറിയതെന്നാണ് ഐഡിഎസ്എയുടെ അവകാശവാദം.

എന്നാല്‍, ഉയര്‍ന്ന വാടക നല്‍കാന്‍ പ്രാപ്തിയുള്ള ആര്‍ക്കും താമസിക്കാവുന്ന വിധത്തില്‍ ഹോട്ടല്‍ കച്ചവടമാണ് ഇവിടെ നടക്കുന്നതെന്ന് ജെഡിയു എംപി ശിവ്രാജ്സിങ് പറയുന്നു. ഇത് തെളിയിക്കുന്നതിന് ശിവ്രാജ്സിങ് കള്ളപ്പേരില്‍ ഇവിടെ താമസിക്കുകയും ചെയ്തു. റോഹ്താസ് ജങു എന്ന പേരില്‍ 2010 മാര്‍ച്ച് 29-30 ദിവസങ്ങളിലാണ് എംപി ഹോട്ടല്‍സൌകര്യം ഉപയോഗിച്ചത്. നാലായിരംരൂപയാണ് പ്രതിദിനവാടകയായി റസിഡന്‍സി ഗ്രൂപ്പുകാര്‍ വാങ്ങിയത്. ഒരു തിരിച്ചറിയല്‍രേഖയും നല്‍കാതെ എംപി കള്ളപ്പേരില്‍ രണ്ടുദിവസം ഇവിടെ താമസിച്ചു. ഇതിന്റെ ബില്ലടക്കമുള്ള തെളിവുകള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് എംപി പറഞ്ഞു. എംപി കത്ത് നല്‍കിയിട്ട് മാസങ്ങളായെങ്കിലും ഐഡിഎസ്എ ക്യാമ്പസില്‍ ഹോട്ടല്‍കച്ചവടം തടസ്സമില്ലാതെ പുരോഗമിക്കുകയാണ്. പ്രതിരോധവകുപ്പിലെ ഉന്നതര്‍ തന്നെയാണ് കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നതെന്ന് ഐഡിഎസ്എ വൃത്തങ്ങള്‍ പറയുന്നു.

എം പ്രശാന്ത് ദേശാഭിമാനി 290311

1 comment:

  1. തലസ്ഥാന നഗരിയിലെ തന്ത്രപ്രധാനസ്ഥലത്ത് പ്രതിരോധവകുപ്പിന്റെ ഭൂമിയും കെട്ടിടവും സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമാണോയെന്ന് ഒരുവര്‍ഷത്തിനിടെ മൂന്നുതവണ പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നിട്ടും വ്യക്തമായ മറുപടിനല്‍കാതെ എ കെ ആന്റണി ഒളിച്ചുകളിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിന് (ഐഡിഎസ്എ) പ്രതിരോധവകുപ്പ് കൈമാറിയ 0.55 ഏക്കര്‍ സ്ഥലവും കെട്ടിടവും റസിഡന്‍സി ഹോട്ടല്‍ഗ്രൂപ്പിന് മറിച്ചുനല്‍കിയതില്‍ വലിയ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് സിഎജി കണ്ടെത്തിയിരുന്നു.

    ReplyDelete