Thursday, March 31, 2011

പടനയിക്കാന്‍ മന്ത്രി പൊരുതിനോക്കാന്‍ ഗ്രൂപ്പുനേതാവ്

കൊച്ചി: ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപും ജില്ലയിലെ അവികസിത കേന്ദ്രവുമായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ വൈപ്പിനെങ്കില്‍ ഇപ്പോഴത് ആഗോളശ്രദ്ധ നേടിയ വികസിത പ്രദേശമാണ്. കൂറ്റന്‍ മദര്‍ഷിപ്പുകളുടെ ഹബ്ബായി വളര്‍ന്ന ഇന്ത്യയുടെ ആദ്യ രാജ്യാന്തര ട്രാന്‍ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലായ വല്ലാര്‍പാടം, പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍, റിഫൈനറിയുടെ സിംഗിള്‍ ബോയ് മൂറിങ് കേന്ദ്രം, ടൂറിസം ഭൂപടത്തില്‍ അനന്തസാധ്യത തുറക്കുന്ന ഓഷ്യനേറിയം... ഞൊടിയിടയ്ക്കുള്ളില്‍ ഈ പ്രദേശം എത്തിപ്പിടിച്ച വികസനനേട്ടങ്ങള്‍ നിരവധി. ഈ നേട്ടത്തിന്റെ തുടര്‍ച്ചയ്ക്കായാണ് ജില്ലയുടെ മന്ത്രി എസ് ശര്‍മ ഇവിടെ എല്‍ഡിഎഫിന്റെ പടനയിക്കുന്നത്. കോണ്‍ഗ്രസിലെ വയലാര്‍ രവി വിഭാഗക്കാരനായ അജയ് തറയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
കടലും കായലും പുഴയും അതിരിടുന്ന, സഹോദരന്‍ അയ്യപ്പന്റെ നാടായ ഈ തീരദേശം ജില്ലയിലെ സമരപോരാട്ടങ്ങളാല്‍ ചുവന്ന മണ്ണാണ്. നഗരവുമായി ബന്ധിപ്പിക്കുന്ന പാലത്തിനുവേണ്ടി, കുടിവെള്ളത്തിനുവേണ്ടി എറണാകുളം നഗരത്തെപ്പോലും സ്തംഭിപ്പിച്ച ചരിത്രമാണ് വൈപ്പിന്‍കാര്‍ക്കുള്ളത്. പ്രതികരണശേഷിയില്‍ സമ്പന്നരായ വൈപ്പിന്‍കരക്കാര്‍ക്ക് പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാര്യമായ സമരത്തിന് ഇറങ്ങേണ്ടിവന്നില്ല. പ്രദേശത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള എല്‍ഡിഎഫ് ജനപ്രതിനിധിയുടെ ഇടപെടലാണ് ഇതിനു സഹായകമായത്. എങ്കിലും രാഷ്ട്രീയാവേശം ഏറിയ ഇവിടത്തെ തെരഞ്ഞെടുപ്പു പോരിന് ചൂടേറെ.

ഇരുമുന്നണിയെയും തുണച്ച മണ്ഡലത്തില്‍ അഞ്ചു വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കിയ വികസനനേട്ടങ്ങളും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശര്‍മയുടെ സ്ഥാനാര്‍ഥിത്വവും എല്‍ഡിഎഫിന് അനുകൂല ഘടകങ്ങളാണ്. മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള ഇവിടം ഫിഷറീസ് മന്ത്രിയെന്ന നിലയില്‍ ശര്‍മ നടപ്പാക്കിയ വിവിധ പദ്ധതിയുടെ നേട്ടം അനുഭവിച്ചറിഞ്ഞവരാണ്. ജില്ലയില്‍ മത്സ്യമേഖലയില്‍ 250 കോടി രൂപയുടെ വികസനപദ്ധതികളാണ് ശര്‍മയുടെ നേതൃത്വത്തില്‍ നടപ്പാക്കിയത്. യുഡിഎഫ് ഭരണകാലത്തെത്തിയ സുനാമി ജില്ലയില്‍ കനത്ത നാശം വിതച്ചത് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണെങ്കിലും പുനരധിവാസത്തിനു കാര്യമായ നടപടിയൊന്നും അന്നുണ്ടായില്ല. എന്നാല്‍, ഈ മേഖലയിലും എല്‍ഡിഎഫ് ജനങ്ങള്‍ക്ക് ആശ്വാസമായി. കോടികളുടെ ബഹുമുഖ പദ്ധതികളാണ് ഈ മേഖലയിലും സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതും ഏറ്റുവാങ്ങിയവരാണ് മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരും.

മുളവുകാട് പഞ്ചായത്തുകൂടി കൂട്ടിച്ചേര്‍ത്ത് മുഖംമാറ്റിയ പഴയ ഞാറയ്ക്കല്‍ മണ്ഡലമാണ് വൈപ്പിന്‍. കഴിഞ്ഞതവണ പി വി ശ്രീനിജനെ തോല്‍പ്പിച്ച് എം കെ പുരുഷോത്തമനാണ് മണ്ഡലം വീണ്ടും ഇടത്തോട്ടു തിരിച്ചത്. ഇവിടെ ചിരപരിചിതത്വം തുണയാക്കിയാണ് ശര്‍മയുടെ തേരോട്ടം. പ്രചാരണത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലുമാണ്. മത്സരിച്ച തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വിജയിച്ച ചരിത്രമുള്ള ശര്‍മയുടെ നിയസഭയിലേക്കുള്ള അഞ്ചാം അങ്കമാണ് വൈപ്പിനില്‍. 87, 91, 96, 2006 തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വടക്കേക്കരയില്‍നിന്നു നിയമസഭയിലെത്തി. രണ്ടുതവണ മന്ത്രിയുമായി. യുഡിഎഫ് സ്ഥാനാര്‍ഥി കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയിലിന് പാളയത്തിലെ പടയും ഭീഷണിയാകുന്നു. ഐഎന്‍ടിയുസി നേതാവ് കെ പി ഹരിദാസിന് സീറ്റ് നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഒരുവിഭാഗത്തിന്. ഇതും പ്രചാരണത്തില്‍ പ്രതിഫലിക്കുന്നു. കഴിഞ്ഞതവണ കോട്ടയത്ത് പരാജയപ്പെട്ട അജയ് തറയിലിന്റെ രണ്ടാം മത്സരമാണ് ഇത്. ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറിയും സംസ്ഥാന കൌണ്‍സില്‍ അംഗവുമായ ടി ജി സുരേന്ദ്രനും മത്സരരംഗത്തുണ്ട്.
(ഷഫീഖ് അമരാവതി)

ദേശാഭിമാനി 310311

1 comment:

  1. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപും ജില്ലയിലെ അവികസിത കേന്ദ്രവുമായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ വൈപ്പിനെങ്കില്‍ ഇപ്പോഴത് ആഗോളശ്രദ്ധ നേടിയ വികസിത പ്രദേശമാണ്. കൂറ്റന്‍ മദര്‍ഷിപ്പുകളുടെ ഹബ്ബായി വളര്‍ന്ന ഇന്ത്യയുടെ ആദ്യ രാജ്യാന്തര ട്രാന്‍ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലായ വല്ലാര്‍പാടം, പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍, റിഫൈനറിയുടെ സിംഗിള്‍ ബോയ് മൂറിങ് കേന്ദ്രം, ടൂറിസം ഭൂപടത്തില്‍ അനന്തസാധ്യത തുറക്കുന്ന ഓഷ്യനേറിയം... ഞൊടിയിടയ്ക്കുള്ളില്‍ ഈ പ്രദേശം എത്തിപ്പിടിച്ച വികസനനേട്ടങ്ങള്‍ നിരവധി. ഈ നേട്ടത്തിന്റെ തുടര്‍ച്ചയ്ക്കായാണ് ജില്ലയുടെ മന്ത്രി എസ് ശര്‍മ ഇവിടെ എല്‍ഡിഎഫിന്റെ പടനയിക്കുന്നത്. കോണ്‍ഗ്രസിലെ വയലാര്‍ രവി വിഭാഗക്കാരനായ അജയ് തറയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

    ReplyDelete