Thursday, March 31, 2011

രണ്ട് മുന്നണികള്‍, രണ്ട് നയങ്ങള്‍ മൂന്നാം ഭാഗം

ഒന്നാം ഭാഗം, രണ്ടാം ഭാഗം

അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസും ആദര്‍ശഭരിതമായ ഇടതുമുന്നണിയും വിധി നിര്‍ണയിക്കുമ്പോള്‍:

ജനദ്രോഹ നടപടികളുടെ മുന്നണിക്കാരാണ് തങ്ങളെന്ന് യു ഡി എഫ് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് രൂപ നിരക്കില്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് അരി ലഭിക്കുന്ന പദ്ധതിക്കെതിരായി നിലപാട് കൈക്കൊള്ളാന്‍ തുനിഞ്ഞ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി ജനവിരുദ്ധപക്ഷത്താണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേരളീയ ജനതയ്ക്കാകെ രണ്ട് രൂപയ്ക്ക് അരി എന്ന തീരുമാനത്തിന് വിഘാതമുണ്ടായത്. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും നിയമസഭാ സാമാജികനുമായ രാജാജി മാത്യു തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പാവപ്പെട്ടവരുടെ അന്നം മുടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി വിധിക്കുകയും എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്ക്ക് അരി എന്ന പദ്ധതി നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിഷേധസമീപനം കൈക്കൊണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതി വിധിക്കെതിരായി സുപ്രിംകോടതിയെ സമീപിക്കുകയാണ്. അതിനെതിരായ തടസ്സവാദ ഹര്‍ജി രാജാജിമാത്യു തോമസ് തന്നെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേരളീയരുടെ അന്നം മുട്ടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച യു ഡി എഫ് അവരുടെ നടപടിക്കെതിരായ ജനങ്ങളുടെ പ്രതികരണം ശക്തിപ്പെട്ടപ്പോള്‍ പത്രസമ്മേളനങ്ങളിലൂടെ നിലപാട് മാറ്റം നടത്താന്‍ തുടങ്ങി എല്ലാപേര്‍ക്കും രണ്ട് രൂപയ്ക്ക് അരി എന്ന പദ്ധതിയെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അഭയം പ്രാപിച്ച ഐക്യജനാധിപത്യമുന്നണി പാഴ്‌വാക്കുകള്‍ നിറഞ്ഞ തങ്ങളുടെ പ്രകടനപത്രികയിലൂടെ ഒരു രൂപയ്ക്ക് അരി എന്ന വാഗ്ദാനം നല്‍കുന്നത് തികഞ്ഞ ഫലിതമായി മാത്രമേ ജനങ്ങള്‍ കാണുകയുള്ളൂ.
പാവപ്പെട്ടവര്‍ക്ക് അരി നല്‍കാന്‍ പണമില്ലെന്നും 84 ശതമാനം മനുഷ്യര്‍ക്ക് മൂന്ന് രൂപാ നിരക്കില്‍ 35 കിലോ അരി ലഭ്യമാക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസ് അത് സൗകര്യപൂര്‍വം വിസ്മരിച്ചു. പാവപ്പെട്ടവന് അന്നം നല്‍കാന്‍ പണമില്ലെന്നു പറയുന്ന കോണ്‍ഗ്രസാണ് ലോകത്തെ ആകെ അതിശയിപ്പിക്കുന്ന അഴിമതികളില്‍ ഏര്‍പ്പെടുന്നത്. 2 ജി സ്‌പെക്ട്രം ഇടപാടില്‍ ഒരു ലക്ഷത്തിഎഴുപത്തിആറായിരം കോടിയുടെ അഴിമതി നടന്നുവെന്ന് കണ്ടെത്തിയത് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആണ്. അഴിമതിയേ നടന്നിട്ടില്ല, ഖജനാവിനു നഷ്ടവുമില്ല എന്നായിരുന്നൂ മന്‍മോഹന്‍സിംഗിന്റെയും കപില്‍ സിബലിന്റെയും വാദം. സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ശരിയായ അന്വേഷണം ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തോട് പ്രധാനമന്ത്രിയും സര്‍ക്കാരും വൈമുഖ്യം പ്രകടിപ്പിക്കുകയായിരുന്നു. ഒരു പാര്‍ലമെന്റ് സമ്മേളനം ആകെ അലങ്കോലമായതും കൂടാതെപോയതും ഈ പശ്ചാത്തലത്തിലായിരുന്നു.

എന്നാല്‍ സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് ജനകീയരോഷം അതിശക്തമായി ഉയര്‍ന്നുവന്നപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കുവാന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. രാജ്യത്തിലെ പരമോന്നത നീതിപീഠമായ സുപ്രിംകോടതി തന്നെ പലയാവര്‍ത്തി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മുഖത്തേയ്ക്ക് വിരല്‍ചൂണ്ടുന്ന മട്ടില്‍ ചോദിച്ചത് ഈ കൊടിയ അഴിമതിയെ മറച്ചുവെയ്ക്കുവാന്‍ നിങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണ് എന്നാണ്. ഒടുവില്‍ സുപ്രിംകോടതിയുടെ വിധി പ്രസ്താവന അനുസരിച്ചാണ് സി ബി ഐ അന്വേഷണം ഉറപ്പാക്കപ്പെട്ടത്. സമ്മര്‍ദങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെ തന്ത്രങ്ങളുടെയും ഫലമായി മന്ത്രി സഭയില്‍ അംഗമാക്കപ്പെട്ടു എന്ന് വ്യക്തമാക്കപ്പെട്ട എ രാജ ഇപ്പോള്‍ ജയിലില്‍ വസിക്കുകയാണ്.

ഒരു ലക്ഷത്തിഎഴുപത്തിആറായിരം കോടി രൂപയുടെ രാജയുടെ നേതൃത്വത്തില്‍ നടന്ന സ്‌പെക്ട്രം  കുംഭകോണത്തിനു പിന്നാലെ രണ്ട് ലക്ഷം കോടി രൂപയുടെ എസ് ബാന്‍ഡ് അഴിമതിയും പുറത്തുവന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ശാസ്ത്രസാങ്കേതികവകുപ്പിലാണ് ഈ കൊടിയ അഴിമതി അരങ്ങേറിയത്. കുംഭകോണത്തിലൂടെ സമാഹരിച്ച കോടാനുകോടി രൂപയുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ലാത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും ഇന്ന് ജനതയ്ക്കു മുന്നില്‍ സജീവ ചര്‍ച്ചാവിഷയമാണ്.

വി.പി. ഉണ്ണികൃഷ്ണന്‍ ജനയുഗം

നാലാം ഭാഗം

1 comment:

  1. ജനദ്രോഹ നടപടികളുടെ മുന്നണിക്കാരാണ് തങ്ങളെന്ന് യു ഡി എഫ് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് രൂപ നിരക്കില്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് അരി ലഭിക്കുന്ന പദ്ധതിക്കെതിരായി നിലപാട് കൈക്കൊള്ളാന്‍ തുനിഞ്ഞ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി ജനവിരുദ്ധപക്ഷത്താണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേരളീയ ജനതയ്ക്കാകെ രണ്ട് രൂപയ്ക്ക് അരി എന്ന തീരുമാനത്തിന് വിഘാതമുണ്ടായത്. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും നിയമസഭാ സാമാജികനുമായ രാജാജി മാത്യു തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പാവപ്പെട്ടവരുടെ അന്നം മുടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി വിധിക്കുകയും എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്ക്ക് അരി എന്ന പദ്ധതി നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിഷേധസമീപനം കൈക്കൊണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതി വിധിക്കെതിരായി സുപ്രിംകോടതിയെ സമീപിക്കുകയാണ്. അതിനെതിരായ തടസ്സവാദ ഹര്‍ജി രാജാജിമാത്യു തോമസ് തന്നെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

    ReplyDelete