Wednesday, March 30, 2011

ചതിക്കുഴികള്‍ ഭയന്ന് ഗൌരിയമ്മ

പഴിപറഞ്ഞും പരാതിപ്പെട്ടും കോണ്‍ഗ്രസില്‍ നിന്ന് നേടിയെടുത്ത ചേര്‍ത്തല മണ്ഡലത്തിലെ ചതിക്കുഴികളാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ ആര്‍ ഗൌരിയമ്മയെ പ്രായാധിക്യത്തെക്കാളേറെ വിഷമിപ്പിക്കുന്നത്. കോണ്‍ഗ്രസിലെ പടലപ്പിണക്കവും മുതിര്‍ന്ന നേതാക്കള്‍ മാത്രം മത്സരിച്ച പാരമ്പര്യമുള്ള ചേര്‍ത്തല ജെഎസ്എസിന്റെ കൈയിലെത്തിക്കുന്നതില്‍ കാരണമായി. എ ഗ്രൂപ്പിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം ചെന്നിത്തല- വയലാര്‍ രവി ഗ്രൂപ്പുകള്‍ തന്ത്രപരമായ നീക്കത്തിലൂടെ ജെഎസ്എസിന് നല്‍കുകയായിരുന്നുെവെന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരാണ് ഗൌരിയമ്മയ്ക്ക് ഏറെ തലവേദനയായിട്ടുള്ളത്. പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസുകള്‍ കയറിയിറങ്ങി പ്രവര്‍ത്തകരുടെ പ്രത്യേക യോഗം വിളിച്ച് 'എന്നെ അംഗീകരിക്കണം' എന്നു യാചിക്കേണ്ട ഗതികേടിലാണ് അവര്‍. അതേസമയം മണ്ഡലത്തില്‍ വികസനവിസ്മയം തീര്‍ത്തതിന്റെ ആത്മവിശ്വാസത്തോടെയാണ് സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി തിലോത്തമന്‍ പ്രചാരണരംഗത്ത് മുന്നേറുന്നത്.

1996, 2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ എ കെ ആന്റണി ജയിച്ച മണ്ഡലമാണിത്. 2001ല്‍ ആന്റണി മുഖ്യമന്ത്രിയായി. വയലാര്‍ രവിയും ഇവിടെ നിന്ന് ജനവിധി തേടിയിട്ടുണ്ട്. സീറ്റ് ജെഎസ്എസിന് വിട്ടുനല്‍കുന്നതിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞതവണ മത്സരിച്ച ഷാജിമോഹന്റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടിരുന്നത്. ഗ്രൂപ്പുപോരിനൊടുവില്‍ ഷാജിമോഹന്‍ പുറത്തായി. എ ഗ്രൂപ്പ് ഇടഞ്ഞതോടെ ചെന്നിത്തല-വയലാര്‍ രവി ഗ്രൂപ്പ് ഗൌരിയമ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍ പ്രവര്‍ത്തകരുടെ പിന്തുണയില്ലാത്തതിനാല്‍ പ്രവര്‍ത്തനരംഗത്ത് കാര്യമായ മാറ്റമുണ്ടായില്ല. പരാതി ഉയര്‍ന്നതോടെ എ ഗ്രൂപ്പ് നേതാക്കളില്‍ ചിലര്‍മാത്രം ഗൌരിയമ്മയ്ക്കൊപ്പം പ്രചാരണത്തിനിറങ്ങുന്നു.

സര്‍ക്കാര്‍ നടപ്പാക്കിയ ഐടി, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ വികസനവും കയര്‍ത്തൊഴിലാളി ക്ഷേമ പദ്ധതികളും റോഡ് വികസനവും വിധിനിര്‍ണയത്തില്‍ പ്രതിഫലിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇടതുമുന്നണി. 20,000 പേര്‍ക്ക് ജോലി ലഭിക്കുന്ന ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ യാഥാര്‍ഥ്യമാകുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രി ദേശീയ നിലവാരത്തിലേക്കുയര്‍ത്തി. ജപ്പാന്‍ കുടിവെള്ള പദ്ധതിയനുസരിച്ച് 20 വാട്ടര്‍ ടാങ്കുകളും തൈക്കാട്ടുശ്ശേരിയില്‍ ജല ശുദ്ധീകരണ പ്ളാന്റും സ്ഥാപിച്ചു. അഞ്ചുകോടി ചെലവിട്ട് മത്സ്യബന്ധന തുറമുഖം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. കൊച്ചിയുടെ ഉപഗ്രഹനഗരമായി വികസിക്കുന്ന ചേര്‍ത്തലയ്ക്ക് ആവശ്യമായ പശ്ചാത്തല സൌകര്യവും സര്‍ക്കാര്‍ നടപ്പാക്കി. കയര്‍തൊഴിലാളികളുടെ കൂലി 200 രൂപയാക്കി ഉയര്‍ത്തി. ഈ വികസന മുന്നേറ്റം നിലനിര്‍ത്താന്‍ തിലോത്തമനെ ഒരുവട്ടം കൂടി നിയമസഭയിലെത്തിക്കണമെന്നാണ് എല്‍ഡിഎഫ് അഭ്യര്‍ഥിക്കുന്നത്. അഡ്വ. പി കെ ബിനോയിയാണ് ബിജെപി സ്ഥാനാര്‍ഥി.

ദേശാഭിമാനി 300311

1 comment:

  1. പഴിപറഞ്ഞും പരാതിപ്പെട്ടും കോണ്‍ഗ്രസില്‍ നിന്ന് നേടിയെടുത്ത ചേര്‍ത്തല മണ്ഡലത്തിലെ ചതിക്കുഴികളാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ ആര്‍ ഗൌരിയമ്മയെ പ്രായാധിക്യത്തെക്കാളേറെ വിഷമിപ്പിക്കുന്നത്. കോണ്‍ഗ്രസിലെ പടലപ്പിണക്കവും മുതിര്‍ന്ന നേതാക്കള്‍ മാത്രം മത്സരിച്ച പാരമ്പര്യമുള്ള ചേര്‍ത്തല ജെഎസ്എസിന്റെ കൈയിലെത്തിക്കുന്നതില്‍ കാരണമായി. എ ഗ്രൂപ്പിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം ചെന്നിത്തല- വയലാര്‍ രവി ഗ്രൂപ്പുകള്‍ തന്ത്രപരമായ നീക്കത്തിലൂടെ ജെഎസ്എസിന് നല്‍കുകയായിരുന്നുെവെന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരാണ് ഗൌരിയമ്മയ്ക്ക് ഏറെ തലവേദനയായിട്ടുള്ളത്. പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസുകള്‍ കയറിയിറങ്ങി പ്രവര്‍ത്തകരുടെ പ്രത്യേക യോഗം വിളിച്ച് 'എന്നെ അംഗീകരിക്കണം' എന്നു യാചിക്കേണ്ട ഗതികേടിലാണ് അവര്‍. അതേസമയം മണ്ഡലത്തില്‍ വികസനവിസ്മയം തീര്‍ത്തതിന്റെ ആത്മവിശ്വാസത്തോടെയാണ് സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി തിലോത്തമന്‍ പ്രചാരണരംഗത്ത് മുന്നേറുന്നത്.

    ReplyDelete