പൊന്നാനി കണ്ടകുറുമ്പക്കാവില്‍ നാട്ടുതാലപ്പൊലി. വൈകിട്ട് അഞ്ചരയോടെ തുടങ്ങുന്ന വെടിക്കെട്ട് കാണാനെത്തിയ ആയിരങ്ങള്‍. കാവില്‍ വാദ്യമേളം. കൊടിക്കൂറയ്ക്കുതാഴെ ഗജവീരന്മാര്‍. വഴിനീളെ തോരണങ്ങള്‍. ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ മതേതരസ്വഭാവം വിളിച്ചറിയിക്കുന്ന നാടിന്റെ സ്വന്തം ഉത്സവം കാണാനെത്തിയവര്‍ക്കിടയിലേക്ക് ചുറുചുറുക്കോടെ സ്ഥാനാര്‍ഥിയെത്തി. ചമ്രവട്ടത്ത് വാഹനം നിര്‍ത്തി പൂരപ്പറമ്പിലേക്കു നടന്നുനീങ്ങിയ പി ശ്രീരാമകൃഷ്ണനിലേക്ക് നാടിന്റെ സ്നേഹം വേനല്‍മഴപോലെപെയ്തു.
അറബിക്കടലിന്റെ അരികുപറ്റി, ഭാരതപ്പുഴയുടെ ലാളനയേറ്റ് കിടക്കുന്ന ഈ പുരാതന പട്ടണത്തിന് ശ്രീരാമകൃഷ്ണന്‍ എന്ന യുവജനനേതാവിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. സമരമുഖങ്ങളില്‍ തോളോടുതോള്‍ ചേര്‍ന്നവര്‍, ഒപ്പംനിന്ന് മുദ്രാവാക്യം വിളിച്ചവര്‍ ഒക്കെ പ്രിയനേതാവിനെ കണ്ട് ഓടിയെത്തി. കൈപിടിച്ചു കുലുക്കിയും ചേര്‍ത്തുപിടിച്ചും സ്നേഹം പ്രകടിപ്പിച്ചു.
സുനാമിത്തിരകള്‍ ആര്‍ത്തലച്ച ദുരിതനാളുകളില്‍ കൈത്താങ്ങായ യുവജന പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവിനോട് നന്ദിപറയാന്‍ എഴുപതുകാരി ലക്ഷ്മിയമ്മ തിരക്ക് വകഞ്ഞുമാറ്റി മുന്നോട്ടു വന്നു. ഇരുകൈകളും കൂട്ടിപ്പിടിച്ച് ഉമ്മവച്ച് 'ഇത്തവണയും നമ്മള്‍തന്നെ വരണം' എന്ന് നെറുകയില്‍ തൊട്ട് പറഞ്ഞ ലക്ഷ്മിയമ്മയുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ നനവ്. തീപാറുന്ന വാക്കുകള്‍കൊണ്ട് എതിരാളിയെ തളച്ചിടുന്ന വാഗ്മിയെ സ്വീകരണമുറിയില്‍ ആരാധനയോടെ കണ്ടവര്‍ നേരിട്ട് കാണാനായി വീട്ടുമുറ്റത്തേക്ക് ഇറങ്ങിവന്നു. സ്ത്രീകള്‍ വീട്ടുമുറ്റത്തും കെട്ടിടങ്ങള്‍ക്ക് മുകളിലുംനിന്ന് പുഞ്ചിരിച്ചും കൈവീശിയും സ്നേഹവും ആദരവും അറിയിച്ചു. നടന്നുനീങ്ങിയ ശ്രീരാമകൃഷ്ണനോട് വിശേഷങ്ങള്‍ പറഞ്ഞും വിജയം ആശംസിച്ചും പലരും ഒപ്പം ചേര്‍ന്നു. വീട്ടുകാര്യങ്ങളും രാഷ്ട്രീയവും പറഞ്ഞ് ഇടയ്ക്ക് ആരുടെയോ സ്നേഹസമ്മാനമായ നിലക്കടല പങ്കുവച്ചും ചെറുജാഥയായി മുന്നോട്ട്.
പേരെടുത്തുവിളിച്ചും കുശലം ചോദിച്ചും ശ്രീരാമകൃഷ്ണന്‍ പൂരത്തിരക്കിലലിഞ്ഞു. തിരക്ക് കടന്ന് വരാനാകാത്തവരുടെ ദൂരെ നിന്നുള്ള 'സഖാവേ', 'ശ്രീരാമേട്ടാ' വിളികള്‍, മുഷ്ടി ചുരുട്ടി അഭിവാദ്യങ്ങള്‍. 'ഉഷാറാക്കണം. ഞങ്ങളൊക്കെ കൂടെയുണ്ട്' എന്ന് പറയാന്‍മാത്രം തിരക്കിനുമുകളിലൂടെ ഒരു സാഹസികന്‍ ശ്രീരാമകൃഷ്ണന്റെയടുത്തേക്ക് പറന്നുവന്നു. 'മോനേ, സുനാമി വന്നപ്പോ നമ്മടെ കൂടെ നിങ്ങള് മാത്രേയുണ്ടായുള്ളൂ'വെന്ന് ശ്രീരാമകൃഷ്ണനെ ചേര്‍ത്തുപിടിച്ച് നാരായണേട്ടന്‍. 'പാര്‍ടിയൊന്നും നമ്മക്കില്ല. എന്നാലും ഇത്രേം വികസനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഈ പാര്‍ടിതന്നെ ഇനീം വരണ'മെന്ന് ചമ്രവട്ടം പാലത്തിനടുത്തുനിന്ന് പൂരം കാണാനെത്തിയ ഷമീനയും കുടുംബവും. സ്നേഹം പ്രകടിപ്പിക്കാനാറിയാതെ ചിലര്‍ നിറഞ്ഞുചിരിച്ചു. 'എന്ത് പറയണമെന്നറിയില്ല. ഉറപ്പായും ജയിക്കും. ഞങ്ങളെല്ലാവരുമുണ്ട് എപ്പോഴു'മെന്ന് കുഞ്ഞാലിക്ക. എല്ലാവരോടുമായി വികസനത്തിന്റെ കണക്കുകള്‍ വിരല്‍മടക്കി എണ്ണിപ്പറയാനും കുഞ്ഞാലിക്കയ്ക്ക് സന്തോഷം- ചമ്രവട്ടം, ബിയ്യം കായല്‍, ഫിഷിങ് ഹാര്‍ബര്‍...
വെടിക്കെട്ട് തുടങ്ങിയപ്പോഴേക്കും തിരക്ക് കൂടി. മടങ്ങാന്‍ തുടങ്ങിയ ശ്രീരാമകൃഷ്ണനെ വഴിയിലൊക്കെ പിടിച്ചുനിര്‍ത്തി സ്നേഹം പങ്കുവച്ചു നാട്ടുകാര്‍. ബൈക്കിലും ഓട്ടോറിക്ഷയിലും പോകുന്നവര്‍ സ്ഥാനാര്‍ഥിയെ കാണാന്‍ വാഹനം നിര്‍ത്തി ഇറങ്ങിവന്നു. ഇമ്പിച്ചിബാവയുടെയും പാലോളി മുഹമ്മദ്കുട്ടിയുടെയും പിന്‍ഗാമിയായ സ്ഥാനാര്‍ഥി പൊന്നാനിക്കാരുടെ നിറഞ്ഞുതുളുമ്പുന്ന സ്നേഹം ഇടനെഞ്ചില്‍ ഏറ്റുവാങ്ങി അടുത്ത കേന്ദ്രത്തിലേക്ക്, വിജയസ്മിതത്തോടെ...
(ഡെസ്നി സുല്‍ഹ്)
deshabhimani 270311
പൊന്നാനി കണ്ടകുറുമ്പക്കാവില്‍ നാട്ടുതാലപ്പൊലി. വൈകിട്ട് അഞ്ചരയോടെ തുടങ്ങുന്ന വെടിക്കെട്ട് കാണാനെത്തിയ ആയിരങ്ങള്‍. കാവില്‍ വാദ്യമേളം. കൊടിക്കൂറയ്ക്കുതാഴെ ഗജവീരന്മാര്‍. വഴിനീളെ തോരണങ്ങള്‍. ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ മതേതരസ്വഭാവം വിളിച്ചറിയിക്കുന്ന നാടിന്റെ സ്വന്തം ഉത്സവം കാണാനെത്തിയവര്‍ക്കിടയിലേക്ക് ചുറുചുറുക്കോടെ സ്ഥാനാര്‍ഥിയെത്തി. ചമ്രവട്ടത്ത് വാഹനം നിര്‍ത്തി പൂരപ്പറമ്പിലേക്കു നടന്നുനീങ്ങിയ പി ശ്രീരാമകൃഷ്ണനിലേക്ക് നാടിന്റെ സ്നേഹം വേനല്‍മഴപോലെപെയ്തു.
ReplyDeleteഅറബിക്കടലിന്റെ അരികുപറ്റി, ഭാരതപ്പുഴയുടെ ലാളനയേറ്റ് കിടക്കുന്ന ഈ പുരാതന പട്ടണത്തിന് ശ്രീരാമകൃഷ്ണന്‍ എന്ന യുവജനനേതാവിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. സമരമുഖങ്ങളില്‍ തോളോടുതോള്‍ ചേര്‍ന്നവര്‍, ഒപ്പംനിന്ന് മുദ്രാവാക്യം വിളിച്ചവര്‍ ഒക്കെ പ്രിയനേതാവിനെ കണ്ട് ഓടിയെത്തി. കൈപിടിച്ചു കുലുക്കിയും ചേര്‍ത്തുപിടിച്ചും സ്നേഹം പ്രകടിപ്പിച്ചു.