കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍നിന്ന് 100 കോടി
നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി ഒരുകോടി രൂപവീതം നല്‍കും. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന 82 സ്ഥാനാര്‍ഥികള്‍ക്കാണ് തുക വിതരണംചെയ്യുന്നത്. ആദ്യഗഡുവായി 60 ലക്ഷം വീതം തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിയതായി സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. ഈ തുക പ്രത്യേക ദൂതന്മാര്‍ മുഖേന അതത് സ്ഥാനാര്‍ഥികള്‍ക്ക് ഉടനെ എത്തിക്കും. അതീവ രഹസ്യമായി പ്രത്യേക കേന്ദ്രങ്ങളില്‍ വച്ചാണ് തുക കൈമാറുന്നത്. പണം ഏറ്റുവാങ്ങിയ കെപിസിസി നേതൃത്വംതന്നെയാണ് സ്ഥാനാര്‍ഥികള്‍ക്ക് പണം എത്തിക്കുന്നതിന് ഏര്‍പ്പാട് ചെയ്യുന്നത്. മൊത്തം നൂറുകോടിയാണ് ഇത്തവണ ദേശീയനേതൃത്വം കേരള ഘടകത്തിന് കൈമാറുന്നതെന്നാണ് സൂചന. ചില പ്രമുഖ സ്ഥാനാര്‍ഥികള്‍ക്ക് ഒരുകോടിയിലധികം നല്‍കും. ഇതു കൂടി കണക്കിലെടുത്താണ് 100 കോടി രൂപ അനുവദിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം വീതമാണ് എഐസിസി നല്‍കിയത്. ഇത് ഒരുകോടിയാക്കിയത് പണമൊഴുക്കി ഏത് വിധേനയും ഭരണം പിടിച്ചെടുക്കണമെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ്. എഐസിസി വിഹിതത്തിന് പുറമെ കെപിസിസിയും സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേകം പണം നല്‍കും. കൂടാതെ സ്ഥാനാര്‍ഥികള്‍ സ്വന്തം നിലക്ക് വലിയ തോതില്‍ പിരിവും നടത്തുന്നുണ്ട്.
നിയമസഭാതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്ര ഭീമമായ തുക സംസ്ഥാനത്ത് ഒഴുക്കുന്നത് ഇതാദ്യമാണ്. മുന്‍കാലങ്ങളില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റികള്‍ മുഖാന്തരം പണം കൈമാറിയപ്പോള്‍ ചിലയിടങ്ങളില്‍ പണം കാണാതായ അവസ്ഥയുണ്ടായിരുന്നു. രേഖയിലില്ലാത്ത പണമായതിനാല്‍ ഇതുസംബന്ധിച്ച് പൊലീസ് കേസിനും സാധ്യമല്ല. ഇത് കണക്കിലെടുത്താണ് ഇത്തവണ സ്ഥാനാര്‍ഥികള്‍ക്ക് പണം നേരിട്ട് എത്തിക്കുന്നത്. പണത്തിനുപുറമെ രണ്ട് ഹെലികോപ്റ്ററും കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ കയറി രമേശ് ചെന്നിത്തല പ്രചാരണവും തുടങ്ങിയിരുന്നു. ഒരുദിവസം ചുരുങ്ങിയത് കാല്‍ക്കോടി രൂപയാണ് ഒരു ഹെലികോപ്റ്ററിന്റെ വാടക. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം കഴിയുന്നതുവരെ രണ്ട് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിന് പത്ത് കോടിയിലേറെ രൂപ ചെലവാകും. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് കോടി വീതമാണ് എഐസിസി നല്‍കിയത്. ഈ തുക കൊണ്ടുവരുന്നതിനിടയില്‍ വടകര ലോക്സഭാസ്ഥാനാര്‍ഥിയായിരുന്ന ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ദൂതന്‍ ഒരു പങ്ക് തട്ടിയെടുത്തത് കോണ്‍ഗ്രസില്‍ വന്‍ കോലാഹലം സൃഷ്ടിച്ചിരുന്നു. എഐസിസിയുടെ വിഹിതം ആവശ്യമില്ലാത്ത ചില സമ്പന്ന സ്ഥാനാര്‍ഥികളും ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അവരുടെ വിഹിതം കെപിസിസി നേതൃത്വം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
(എം രഘുനാഥ്)
പണം പറന്നിറങ്ങുന്ന പ്രചാരണം
കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് പറന്നിറങ്ങുകയാണ്. മൂന്ന് ഹെലികോപ്റ്ററാണ് എഐസിസി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി തയ്യാറാക്കി നല്‍കിയത്. എന്തിന് പരാതി പറയണമെന്നാണ് വിമര്‍ശിക്കുന്നവരോട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചോദിക്കുന്നത്. പക്ഷേ, ഇതിനുള്ള പണം എവിടെനിന്ന് വന്നുവെന്നും എങ്ങനെ വന്നുവെന്നും അറിയാനുള്ള അവകാശം നിശ്ചമായും ജനങ്ങള്‍ക്കില്ലേ. മണിക്കൂറിന് ലക്ഷങ്ങളാണ് ഹെലികോപ്റ്റര്‍ വാടക. രണ്ടാഴ്ചത്തേക്ക് ഒരു ഹെലികോപ്റ്ററിന് വാടകയും ഇന്ധനച്ചെലവും പൈലറ്റുമാരുടെ ശമ്പളവും മറ്റുമായി കോടികള്‍വരും. ഇത് എഐസിസി കൊടുത്തുകൊള്ളുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. സ്പെക്ട്രം, എസ് ബാന്‍ഡ് അഴിമതികളിലെ കോഴപ്പണം ഉപയോഗിച്ചാണ് കോണ്‍ഗ്രസിന്റെ പറക്കും പ്രചാരണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തുറന്നടിച്ചിട്ടുണ്ട്. ഏതു പണം ഉപയോഗിക്കുന്നുവെന്നതുമാത്രമല്ല, പണമൊഴുക്കുന്ന രീതി ശരിയാണോ എന്ന ചോദ്യവും ഉയരുന്നു. പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസ് പരിപാടിയുടെ ഭാഗമാണിതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായിയും വിമര്‍ശിച്ചിട്ടുണ്ട്. ഈ പണം സ്ഥാനാര്‍ഥികളുടെ പ്രചാരണച്ചെലവില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ കോഴപ്പണവും കള്ളപ്പണവും ഇറക്കുന്നത് കോണ്‍ഗ്രസിന് പുത്തരിയല്ലെന്നതിന് സമീപകാല അനുഭവങ്ങള്‍തന്നെ ധാരാളം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത് വ്യാപകമായി. 2009 മാര്‍ച്ച് 30ന് കൊച്ചിയില്‍ ഇറങ്ങിയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 465 വിമാനത്തിലെത്തിയ നാല് യാത്രക്കാരില്‍നിന്ന് ഒരുകോടി രൂപ പിടികൂടിയിരുന്നു. മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കളും കസ്റംസിലെ ഉയര്‍ന്ന ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് കേസ് തേച്ചുമാച്ചു. മധ്യകേരളത്തിലെ ഒരു സ്ഥാനാര്‍ഥിക്കായി ഡല്‍ഹിയില്‍നിന്ന് കൊണ്ടുവന്നതായിരുന്നു ഈ തുക. ഓരോ പാര്‍ലമെന്റ് സ്ഥാനാര്‍ഥിക്കും ഒരുകോടിവീതം 20 കോടി രൂപയാണ് ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് ഒഴുകിയത്. ഇതിനുപുറമെ മൂന്നുകോടി കെപിസിസിക്കും എഐസിസി കൊടുത്തയച്ചിരുന്നു. അതിനിടയിലാണ് വടകരയിലെ സ്ഥാനാര്‍ഥി മുല്ലപ്പള്ളിക്കുവേണ്ടി കൊണ്ടുവരികയായിരുന്ന 50 ലക്ഷത്തില്‍ 25 ലക്ഷം വഴിയില്‍ നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നത്. ഡല്‍ഹിയില്‍നിന്ന് പണവുമായി വന്ന വടകരയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പണം അപഹരിച്ചതായി പറഞ്ഞതും പരാതി ഉന്നയിച്ചതുമെല്ലാം കോണ്‍ഗ്രസുകാര്‍തന്നെ. ഏറ്റവുമൊടുവില്‍ കഴിഞ്ഞമാസം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എത്തിക്കാനായി കൊണ്ടുവരികയായിരുന്ന കോടികള്‍ കോയമ്പത്തൂരില്‍വച്ച് പിടികൂടിയതായും വാര്‍ത്ത വന്നു.
തെരഞ്ഞെടുപ്പില്‍ പണം കൊടുത്ത് വോട്ടുവാങ്ങുകമാത്രമല്ല, പാര്‍ലമെന്റില്‍ എംപിമാര്‍ക്ക് കോഴകൊടുത്ത് വിശ്വാസവോട്ട് നേടിയ പാരമ്പര്യവും കോണ്‍ഗ്രസിനുണ്ട്. ചാനലുകളില്‍ ഇത് തത്സമയം ജനങ്ങള്‍ കണ്ടതാണ്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിക്കിലീക്സ് രേഖകള്‍ ഈ കാര്യം ശരിവയ്ക്കുകയും ചെയ്തു. ഇതിനെല്ലാം അപ്പുറം, തെരഞ്ഞെടുപ്പില്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുണ്ടെന്നുവച്ച് ഒരു പാര്‍ടിക്കോ സ്ഥാനാര്‍ഥിക്കോ അങ്ങനെ ചെയ്യാമോ. പറ്റില്ലെന്നുതന്നെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പറയുന്നത്. അതുകൊണ്ടാണ് ഓരോ സ്ഥാനാര്‍ഥിക്കും ചെലവഴിക്കാവുന്ന തുക നിജപ്പെടുത്തി വ്യവസ്ഥ ചെയ്തിട്ടുള്ളത്. അല്ലെങ്കില്‍ ജനാധിപത്യം പണമുള്ളവര്‍ക്കുമാത്രം പ്രാപ്യമാകുമെന്ന അപകടകരമായ നില വരും. മത്സരക്കളത്തില്‍ എല്ലാവര്‍ക്കും തുല്യസാഹചര്യം ഉറപ്പാക്കുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം. അത് ജനാധിപത്യത്തിന്റെയും അടിസ്ഥാനപ്രമാണവുമാണ്. അധികാരമുപയോഗിച്ച് പണമുണ്ടാക്കുക, ആ അഴിമതിപ്പണംകൊണ്ട് അധികാരം നിലനിര്‍ത്തുക. ഇതാണ് സമീപകാലത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്ന രീതി. ജനവികാരത്തെ പണംകൊണ്ട് മാറ്റിമറിക്കുന്ന ഈ തന്ത്രം ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കുന്നതാണെന്ന് തിരിച്ചറിയാതെ പോകരുത്.
പൊടിക്കുന്നത് കോടികള്‍
തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്ന ദേശീയ നേതാക്കള്‍ക്ക് ഉപയോഗിക്കാന്‍ എഐസിസി അയച്ചുകൊടുത്ത, വെറുതെ കിടന്ന ഹെലികോപ്റ്ററിലാണ് തന്റെ പ്രചാരണയാത്രയെന്നാണ് കെപിസിസി പ്രസിഡന്റും ഹരിപ്പാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രമേശ് ചെന്നിത്തലയുടെ വാദം. എന്നാല്‍, ഈ 'വെറുതെ കിടന്ന' ഹെലികോപ്റ്റര്‍ പറക്കുന്നതിന് കോടികളാണ് മുടക്കുന്നത്. സ്വകാര്യ കമ്പനിയില്‍നിന്ന് വാടകയ്ക്കെടുത്ത കോപ്റ്ററിലാണ് ചെന്നിത്തല പറന്നുനടക്കുന്നത്.
ഉമ്മന്‍ചാണ്ടിക്കുവേണ്ടിയും കോപ്റ്റര്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ പ്രചാരണത്തിനായി മൂന്ന് ഹെലികോപ്റ്ററാണ് എഐസിസി നല്‍കിയത്. നാലു ലക്ഷത്തിനു മുകളിലാണ് മണിക്കൂറിന് ഹെലികോപ്റ്ററിന് കമ്പനികള്‍ വാടക ഈടാക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് ഇത് ഉയരും. എട്ട് മണിക്കൂറെങ്കിലും ഉപയോഗിച്ചാല്‍ ഒരു ഹെലികോപ്റ്ററിന് ദിവസം 32 ലക്ഷത്തിലേറെ രൂപ വരും. 15 ദിവസം ചെന്നിത്തല ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ മൂന്ന് ഹെലികോപ്റ്റിനുമായി പതിനാലര കോടി വരും. വെയ്റ്റിങ്ങ് ചാര്‍ജും മറ്റ് ചെലവുകളും ഇതിനുപുറമെയാണ്.
ഉത്തരേന്ത്യയില്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള വിദൂര ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. കോണ്‍ഗ്രസും ബിജെപിയുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍, 38,863 ചതുരശ്ര കിലോമീറ്റര്‍മാത്രമുള്ള കേരളത്തില്‍ എന്തിനാണ് ഹെലികോപ്റ്ററില്‍ പ്രചാരണം നടത്തുന്നതെന്നതിന് ഉത്തരമില്ല. 2000 രൂപ മുടക്കിയാല്‍ ആഭ്യന്തര വിമാന സര്‍വീസില്‍ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടും കൊച്ചിയിലുമെത്താം. ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണത്തിന്റെ ഒഴുക്കുതന്നെയുണ്ടാകുമെന്നതിന്റെ ആദ്യ സൂചന തരികയാണ് ഹെലികോപ്റ്റര്‍ പ്രചാരണം.
കോപ്റ്റര്‍ ഉപയോഗം: കമീഷന്‍ വിശദീകരണത്തില്‍ അവ്യക്തത
കോണ്‍ഗ്രസ് നേതാക്കളുടെ ഹെലികോപ്റ്റര്‍ ഉപയോഗത്തെ ശരിവച്ചുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണത്തില്‍ അവ്യക്തതകള്‍ ഏറെ. ഹെലികോപ്റ്റര്‍ ഉപയോഗത്തിന്റെ ചെലവ് ബന്ധപ്പെട്ട പാര്‍ടികളുടെ ചെലവില്‍ ഉള്‍ക്കൊള്ളിച്ചാല്‍ മതിയെന്നാണ് കമീഷന്റെ വിശദീകരണം. എന്നാല്‍, സ്ഥാനാര്‍ഥികള്‍ കോപ്റ്റര്‍ ഉപയോഗിച്ചാല്‍ ചെലവ് ആരുടെ കണക്കില്‍ കൊള്ളിക്കുമെന്ന് കമീഷന്‍ വിശദമാക്കിയില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടങ്ങള്‍ പ്രകാരം സ്ഥാനാര്‍ഥികള്‍ കോപ്റ്റര്‍ ഉപയോഗിച്ചാല്‍ അത് സ്ഥാനാര്‍ഥിയുടെ ചെലവിലാണ് വരിക. ഹരിപ്പാട് യുഡിഎഫ് സ്ഥാനാര്‍ഥിയായ രമേശ് ചെന്നിത്തല രണ്ടുവട്ടം മണ്ഡലത്തില്‍ ഹെലികോപ്റ്ററിലെത്തി പ്രചാരണം നടത്തി. സ്വാഭാവികമായും ഈ ചെലവ് ചെന്നിത്തലയുടെ കണക്കില്‍ വരും. താരപ്രചാരകര്‍ കോപ്റ്റര്‍ ഉപയോഗിച്ചാല്‍ മാത്രമാണ് പാര്‍ടിയുടെ ചെലവില്‍ വരിക. ആരൊക്കെയാണ് താരപ്രചാരകരെന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ഒരാഴ്ചയ്ക്കം പാര്‍ടികള്‍ തെരഞ്ഞെടുപ്പ് കമീഷനെയോ ചീഫ് ഇലക്ടറല്‍ ഓഫീസറെയോ അറിയിക്കണം. എന്നാല്‍, താരപ്രചാരകര്‍ സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിന് കോപ്റ്ററില്‍ വന്നാല്‍ ചെലവ് സ്ഥാനാര്‍ഥിയുടെ പേരിലാകും. മാത്രമല്ല താരപ്രചാരകനൊപ്പം മറ്റ് നേതാക്കള്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാല്‍ ചെലവിന്റെ പകുതി സ്ഥാനാര്‍ഥിയുടെ ചെലവില്‍ വരും.
കേരളത്തില്‍ പ്രചാരണത്തിന് രണ്ട് ഹെലികോപ്റ്ററുകളാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. ഒന്നിന് പ്രതിദിനം നാലരലക്ഷത്തോളം രൂപ ചെലവാകും. പറക്കുന്നതിന് മണിക്കൂറില്‍ ഒന്നരലക്ഷം, പ്രതിദിനവാടക രണ്ടുലക്ഷം, പൈലറ്റിന്റെ ചെലവ് നാല്‍പ്പതിനായിരം, ഹെലിപ്പാഡ് ഉപയോഗത്തിന് അമ്പതിനായിരം എന്നിങ്ങനെയാണ് ചെലവുകണക്ക്. സ്ഥാനാര്‍ഥികള്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചാല്‍ അതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ അക്കൌണ്ടില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ഇടതുപക്ഷ നേതാക്കള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷനെ കണ്ട് ആവശ്യപ്പെട്ടു.
എതിര്‍പ്പ് രൂക്ഷം; കോപ്റ്റര്‍ പ്രചാരണം വേണ്ടെന്നുവച്ചു
എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രചാരണം കോണ്‍ഗ്രസ് തല്‍ക്കാലം ഉപേക്ഷിച്ചു. കെപിസിസി പ്രസഡിന്റ് രമേശ് ചെന്നിത്തല ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് വിവാദമായതിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന കെപിസിസി ക്യാമ്പയിന്‍ കമ്മിറ്റി യോഗത്തില്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. കൊച്ചു സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിനെ ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പ്രമുഖ നേതാവ് യോഗത്തില്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിനെ ശക്തമായി ന്യായീകരിച്ചതിന് പിറകെയാണ് തല്‍ക്കാലം കോപ്റ്റര്‍ വേണ്ടെന്ന് നിശ്ചയിച്ചത്. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ വരുമ്പോള്‍ മാത്രം ഹെലികോപ്റ്ററില്‍ സംസ്ഥാന നേതാക്കള്‍ കയറിയാല്‍ മതിയെന്നാണ് ഇപ്പോഴുള്ള ധാരണ.
തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള ഹെലികോപ്ടര്‍ സഞ്ചാരം വേണ്ടെന്നുവച്ചത് വി എസ് അച്യുതാനന്ദനെ പേടിച്ചല്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. വേണമെങ്കില്‍ ഇനിയും ഹെലികോപ്ടറില്‍ സഞ്ചരിക്കും. കാളവണ്ടിയുഗത്തിലാണ് സിപിഐ എം എന്നാണ് ഇതിനെ ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞത്. ആവശ്യംവന്നാല്‍ താനും കോപ്റ്റര്‍ ഉപയോഗിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിന് വരുന്ന ചെലവ് സ്ഥാനാര്‍ഥികളുടെ വരവ്-ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തലശേരിയില്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി 290311
കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് പറന്നിറങ്ങുകയാണ്. മൂന്ന് ഹെലികോപ്റ്ററാണ് എഐസിസി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി തയ്യാറാക്കി നല്‍കിയത്. എന്തിന് പരാതി പറയണമെന്നാണ് വിമര്‍ശിക്കുന്നവരോട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചോദിക്കുന്നത്. പക്ഷേ, ഇതിനുള്ള പണം എവിടെനിന്ന് വന്നുവെന്നും എങ്ങനെ വന്നുവെന്നും അറിയാനുള്ള അവകാശം നിശ്ചമായും ജനങ്ങള്‍ക്കില്ലേ. മണിക്കൂറിന് ലക്ഷങ്ങളാണ് ഹെലികോപ്റ്റര്‍ വാടക. രണ്ടാഴ്ചത്തേക്ക് ഒരു ഹെലികോപ്റ്ററിന് വാടകയും ഇന്ധനച്ചെലവും പൈലറ്റുമാരുടെ ശമ്പളവും മറ്റുമായി കോടികള്‍വരും. ഇത് എഐസിസി കൊടുത്തുകൊള്ളുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. സ്പെക്ട്രം, എസ് ബാന്‍ഡ് അഴിമതികളിലെ കോഴപ്പണം ഉപയോഗിച്ചാണ് കോണ്‍ഗ്രസിന്റെ പറക്കും പ്രചാരണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തുറന്നടിച്ചിട്ടുണ്ട്. ഏതു പണം ഉപയോഗിക്കുന്നുവെന്നതുമാത്രമല്ല, പണമൊഴുക്കുന്ന രീതി ശരിയാണോ എന്ന ചോദ്യവും ഉയരുന്നു. പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസ് പരിപാടിയുടെ ഭാഗമാണിതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായിയും വിമര്‍ശിച്ചിട്ടുണ്ട്.
ReplyDeleteഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രചാരണം ? what is the wrong with it? are you guys using car? are you guys using auto? if yes, they can use helicopter. what is your problem? yea.. another *NO COMPUTER* rule... CPM will move to helicopter after few years.. then it will be mean for leaders :)
ReplyDelete