Tuesday, March 29, 2011

നിളാപുളിനങ്ങളില്‍ രാഷ്ട്രീയസംശുദ്ധിയുടെ ഓളങ്ങള്‍

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ 'പുലി'യെ കുറ്റിപ്പുറമെന്ന അതിന്റെ മടയില്‍ ചെന്ന് മലയര്‍ത്തിയടിച്ച ഡോ. കെ ടി ജലീല്‍ വീണ്ടും ജനവിധിതേടുന്ന മണ്ഡലമെന്ന നിലയിലാണ് തവനൂര്‍ ശ്രദ്ധനേടുന്നത്. സംശുദ്ധമായ പൊതുജീവിതത്തിന്റെ, സേവനോത്സുകതയുടെ, സൌമ്യതയുടെ നിറസാമീപ്യമായ ജലീല്‍ നിളാതീരത്തെ പുതിയ മണ്ഡലമായ തവനൂരിന്റെ മനസ്സില്‍ ഇതിനകം ഇടം നേടിക്കഴിഞ്ഞു. 2006ലെ തെരഞ്ഞെടുപ്പില്‍ കേരളക്കരയെ ത്രസിപ്പിച്ച വിജയവുമായാണ് കെ ടി ജലീല്‍ ആദ്യമായി നിയമസഭയിലെത്തിയത്. മുസ്ളിംലീഗിന്റെ സര്‍വാധികാരിയായ പി കെ കുഞ്ഞാലിക്കുട്ടിയെയാണ് യുഡിഎഫ് കോട്ടയില്‍ ജലീല്‍ മലര്‍ത്തിയടിച്ചത്. കേരളം അന്ന് ഏറെ കൊണ്ടാടിയ വിജയവും അതുതന്നെ.
മണ്ഡലം പുനര്‍ നിര്‍ണയത്തില്‍ കുറ്റിപ്പുറം ഇല്ലാതായി. പൊന്നാനിയില്‍നിന്ന് എടപ്പാളും തിരൂരിലെ മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍, തവനൂര്‍, കാലടി പഞ്ചായത്തുകളും ഉള്‍പ്പെട്ട് തവനൂര്‍ മണ്ഡലം പിറന്നു. കുറ്റിപ്പുറത്തിന്റെ മണവും മനസ്സും നിറഞ്ഞുനില്‍ക്കുന്ന തവനൂരില്‍തന്നെ കെ ടി ജലീല്‍ രണ്ടാമതും അങ്കംകുറിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി സുരക്ഷിതമണ്ഡലം തേടി വേങ്ങരയിലേക്ക് മാറി.

മുസ്ളിംലീഗിന്റെ ജീര്‍ണതക്കെതിരെ പടനയിച്ചാണ് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ജലീല്‍ പാര്‍ടി വിട്ടത്. സംസ്ഥാനത്താകെ അത് വന്‍ ഇളക്കമുണ്ടാക്കി. മുന്‍ യുഡിഎഫ് ഭരണത്തിലെ അഴിമതിയും കൊള്ളരുതായ്മകളുടെയും കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനായി പോരാട്ടംനയിക്കാന്‍ കരുത്തേകണമെന്ന അഭ്യര്‍ഥനയുമായാണ് ജലീല്‍ വോട്ടുതേടുന്നത്. അതിരറ്റ വാത്സല്യത്തോടെയാണ് തവന്നൂര്‍കാര്‍ തന്നെ സ്വീകരിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു.

കെപിസിസി സെക്രട്ടറി വി വി പ്രകാശാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പ്രകാശിന്റെ വരവ് ബോധിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പടലപ്പിണക്കവും അവസാനിച്ചിട്ടില്ല. മുന്‍ എംപി സി ഹരിദാസിനെ തഴഞ്ഞാണ് എ ഗ്രൂപ്പുകാരനായ പ്രകാശിനെ സ്ഥാനാര്‍ഥിയാക്കിയത്. ബിജെപിക്കുവേണ്ടി നിര്‍മല കുട്ടിക്കൃഷ്ണനും എസ്ഡിപിഐയുടെ പി നൂറുല്‍ഹഖും മത്സരരംഗത്തുണ്ട്.

കുറ്റിപ്പുറം മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസനപദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ മികച്ച ജനപ്രതിനിധിയെന്ന പെരുമകൂടിയുണ്ട് ജലീലിന്. സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന 'നിളാ പൈതൃക ടൂറിസം പദ്ധതി' തന്നെ അഭിമാനകരമായ നേട്ടം. ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള മേഖലയാണ് തവനൂര്‍. പരമ്പരാഗത തൊഴിലാളികളാണ് മണ്ഡലത്തിലേറെ. കയര്‍-കര്‍ഷക-മത്സ്യ തൊഴിലാളികളാണ് ഇവിടത്തെ ജയപരാജയങ്ങള്‍ നിശ്ചയിക്കുക. വികസനത്തിനൊപ്പം രാഷ്ട്രീയവും സജീവചര്‍ച്ചയാണ്
(റഷീദ് ആനപ്പുറം)

ദേശാഭിമാനി 290311

1 comment:

  1. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ 'പുലി'യെ കുറ്റിപ്പുറമെന്ന അതിന്റെ മടയില്‍ ചെന്ന് മലയര്‍ത്തിയടിച്ച ഡോ. കെ ടി ജലീല്‍ വീണ്ടും ജനവിധിതേടുന്ന മണ്ഡലമെന്ന നിലയിലാണ് തവനൂര്‍ ശ്രദ്ധനേടുന്നത്. സംശുദ്ധമായ പൊതുജീവിതത്തിന്റെ, സേവനോത്സുകതയുടെ, സൌമ്യതയുടെ നിറസാമീപ്യമായ ജലീല്‍ നിളാതീരത്തെ പുതിയ മണ്ഡലമായ തവനൂരിന്റെ മനസ്സില്‍ ഇതിനകം ഇടം നേടിക്കഴിഞ്ഞു. 2006ലെ തെരഞ്ഞെടുപ്പില്‍ കേരളക്കരയെ ത്രസിപ്പിച്ച വിജയവുമായാണ് കെ ടി ജലീല്‍ ആദ്യമായി നിയമസഭയിലെത്തിയത്. മുസ്ളിംലീഗിന്റെ സര്‍വാധികാരിയായ പി കെ കുഞ്ഞാലിക്കുട്ടിയെയാണ് യുഡിഎഫ് കോട്ടയില്‍ ജലീല്‍ മലര്‍ത്തിയടിച്ചത്. കേരളം അന്ന് ഏറെ കൊണ്ടാടിയ വിജയവും അതുതന്നെ

    ReplyDelete