Sunday, March 27, 2011

തോട്ടം തുറക്കുമെന്ന് യുഡിഎഫ് പ്രകടന പത്രിക; പ്രഖ്യാപനം അപഹാസ്യമാകുന്നു

ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങിത്തരുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ കണ്ടാലും അത്ഭുതപ്പെടരുത്. :)

കുമളി:

കേരളത്തില്‍ പൂട്ടിക്കിടക്കുന്ന മുഴുവന്‍ തേയില തോട്ടങ്ങളും തുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിലൂടെ യുഡിഎഫ് സ്വയം പരിഹാസ്യമാകുന്നു. കേരളത്തില്‍ 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 22 തേയില തോട്ടങ്ങളാണ് പൂട്ടിക്കിടന്നത്. ഇതില്‍ 21ഉം ഇടുക്കി ജില്ലയിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് പീരുമേട് ടീ കമ്പനി ഒഴികെ മുഴുവന്‍ തോട്ടങ്ങളും തുറക്കാന്‍ കഴിഞ്ഞു. പീരുമേട് ടീ കമ്പനി ഏറ്റെടുക്കാനുള്ള നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ട് പോകുകയാണ്. ഇങ്ങനെയിരിക്കെയാണ് പൂട്ടിയ തോട്ടങ്ങള്‍ മുഴുവന്‍ തുറക്കുമെന്ന് പ്രഖ്യാപനം നടത്തി യുഡിഎഫും കോണ്‍ഗ്രസും അപഹാസ്യമായിരിക്കുന്നത്.

2001ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പോകുമ്പോള്‍ പീരുമേട് ടീ കമ്പനി മാത്രമാണ് പൂട്ടിയിരുന്നത്. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് നേതാക്കളായ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെയും ധനകാര്യമന്ത്രി മന്‍മോഹന്‍സിങിന്റെയും തലതിരിഞ്ഞ ഇറക്കുമതി നയങ്ങളാണ് തോട്ടങ്ങള്‍ പൂട്ടുന്നതിന് കാരണമായത്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പീരുമേട്ടില്‍ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം എല്‍ഡിഎഫ് സര്‍ക്കാരാണ് തോട്ടം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്നും യുഡിഎഫ് വന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്നുമായിരുന്നു. യുഡിഎഫ് വന്നതോടെ പീരുമേട്ടിലെ പ്രബല തോട്ടമായ ആര്‍ബിടി ഉള്‍പ്പെടെ മുഴുവന്‍ തോട്ടങ്ങളും പൂട്ടി.

2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പൂട്ടിയ തോട്ടങ്ങള്‍ തുറക്കുകയോ പകരം ഉടമകളെ ഏല്‍പിക്കുകയോ ചെയ്യണമെന്ന് ഗവണ്‍മെന്റ് ഉടമകളോട് ആവശ്യപ്പെട്ടു. പിന്നീട് തൊഴില്‍വകുപ്പും മന്ത്രി പി കെ ഗുരുദാസനും നടത്തിയ നിരന്തര ഇടപെടല്‍ മൂലമാണ് തോട്ടങ്ങള്‍ ഒന്നൊന്നായി തുറന്നത്. ഇക്കാര്യത്തില്‍ തോട്ടം തുറക്കുന്നതിന് സഹായകരമായ നിലപാടായിരുന്നില്ല കേന്ദ്രത്തിന്റേത്. തോട്ടം വ്യവസായത്തില്‍ ഏര്‍പ്പെട്ടവരും നിശ്ചിത തുക ടേണ്‍ ഓവര്‍ ഉള്ളവരേയും മാത്രമേ തോട്ടങ്ങള്‍ ഏല്‍പിക്കു എന്ന നിലപാടിലായിരുന്നു കേന്ദ്രത്തിന്റേത്. അവശേഷിച്ച പീരുമേട് ടീ കമ്പനിയുടെ തോട്ടം ഏറ്റെടുക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 30ന് മുമ്പ് തോട്ടം തുറക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനവും നല്‍കി. കേന്ദ്ര ടീ ബോര്‍ഡ് ആക്ട് അനുസരിച്ച് തോട്ടം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
(കെ എ അബ്ദുള്‍ റസാഖ്)

ദേശാഭിമാനി 270311

3 comments:

  1. ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങിത്തരുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ കണ്ടാലും അത്ഭുതപ്പെടരുത്.

    ReplyDelete
  2. “ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങിത്തരുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ കണ്ടാലും അത്ഭുതപ്പെടരുത്. “

    അങ്ങനെ പറയരുത്. കേന്ദ്രത്തിൽ പ്രധാനമന്ത്രിയും കൂട്ടരും ഇപ്പോഴും വെള്ളക്കാരുടെ ഭരണത്തിൻ കീഴിൽ തന്നെ അല്ലേ? :)

    ReplyDelete