കുഴല്‍മന്ദം, ആലത്തൂര്‍ മണ്ഡലങ്ങളിലായിരുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് തരൂര്‍ രൂപംകൊണ്ടത്. ഇവിടെ എ കെ ബാലന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. കഴിഞ്ഞ രണ്ടു തവണയും കുഴല്‍മന്ദത്തെ പ്രതിനിധാനംചെയ്തത് എ കെ ബാലനാണ്.
കേരളപ്പിറവിമുതല്‍ ഇടതുപ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് തെല്ലും ആശങ്കയില്ല. തരൂരിന്റെ ചുവന്ന മണ്ണില്‍ ഭൂരിപക്ഷം എത്രകണ്ട് വര്‍ധിപ്പിക്കാന്‍ കഴിയും എന്നുമാത്രമാണ് ചിന്ത. 1957ല്‍ തുടങ്ങിയതാണ് ചുവപ്പിന്റെ അശ്വമേധം. എട്ടു പഞ്ചായത്തില്‍ അഞ്ചും ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങള്‍. ഈ മണ്ഡലം എന്നും യുഡിഎഫിന് ബാലികേറാമല തന്നെ. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് നല്‍കിയ സീറ്റില്‍ എന്‍ വിനേഷാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കിട്ടാക്കനിയായ മണ്ഡലം ഘടകകക്ഷിയുടെ തലയില്‍ കോണ്‍ഗ്രസ് കെട്ടിവയ്ക്കുകയായിരുന്നു.
അസാധ്യമെന്ന് പലരും വിധിയെഴുതിയ സമ്പൂര്‍ണ വൈദ്യുതീകരണം യാഥാര്‍ഥ്യമാക്കുകയെന്ന അത്ഭുതം കാട്ടിയാണ് ബാലന്റെ വരവ്. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ എല്ലാ വീടുകള്‍ക്കും വൈദ്യുതി നല്‍കി ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകരിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് എ കെ ബാലന്റെ പ്രധാന പ്രചാരണ വിഷയം. ജില്ലയില്‍ നടപ്പാക്കിയ 5000 കോടി രൂപയുടെ വികസനത്തില്‍ 650 കോടിയും വൈദ്യുതിമേഖലയിലായിരുന്നെന്ന് മന്ത്രി ഓര്‍മിപ്പിക്കുന്നു. ആദിവാസികള്‍ക്ക് റോഡും വെള്ളവും വെളിച്ചവും വീടും നല്‍കി. ഈ മേഖലയില്‍ 98 ശതമാനം ഫണ്ടും വിനിയോഗിച്ച് അവശവിഭാഗങ്ങള്‍ക്ക് താങ്ങും തണലുമേകിയ മന്ത്രിയെ കാണാനും പ്രസംഗം കേള്‍ക്കാനും ഒരോ സ്വീകരണകേന്ദ്രത്തിലും മണ്ണിന്റെ മക്കള്‍ തടിച്ചുകൂടുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എ കെ ബാലന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ട്രേഡ് യൂണിയന്‍രംഗത്തും സജീവമായ അദ്ദേഹം തൊഴിലാളികള്‍ക്കും ഏറെ പ്രിയങ്കരന്‍. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ്.
ചെങ്കോട്ടയായി അറിയപ്പെടുന്ന ആലത്തൂരില്‍നിന്ന് വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശേരി പഞ്ചായത്തുകളും കുഴല്‍മന്ദത്തുനിന്ന് തരൂര്‍, കുത്തന്നൂര്‍, കോട്ടായി, പെരിങ്ങോട്ട് കുറുശി എന്നീ പഞ്ചായത്തുകളുമാണ് തരൂര്‍ മണ്ഡലത്തിലുള്ളത്.
കുഴല്‍മന്ദത്ത് 1957ല്‍ ഇടതുപിന്തുണയോടെ ജോണ്‍കൊടുവക്കോടാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചത്. 1960ല്‍ കമ്യൂണിസ്റ് സ്ഥാനാര്‍ഥിയായി ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.1965ലും 69ലും ഒ കോര ഇടതു പിന്തുണയോടെ ജയിച്ചു. 1970ല്‍ സിപിഐ എമ്മിലെ പി കുഞ്ഞനാണ് വിജയിച്ചത്. 1980 മുതല്‍ 87 വരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും സിപിഐ എമ്മിലെ ടി കെ ആറുമുഖം വെന്നിക്കൊടി പാറിച്ചു. 1991ലും 96ലും എം നാരായണന്‍ മണ്ഡലം നിലനിര്‍ത്തി. 2001ലും 2006ലും എ കെ ബാലന്‍ ഇവിടെനിന്ന് നിയമസഭയിലെത്തി. 2006ല്‍ ഇവിടെ 13,670 ആണ് എ കെ ബാലന്റെ ഭൂരിപക്ഷം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11,423 വേട്ടും ഭൂരിപക്ഷമുണ്ട്.
പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിപിഐ എം പുറത്താക്കിയ വിനേഷിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കേണ്ട ദുരവസ്ഥയാണ് യുഡിഎഫിന്.
(വി കെ സുധീര്‍കുമാര്‍)
ദേശാഭിമാനി 270311
തരൂര്‍ മണ്ഡലത്തില്‍ എ കെ ബാലന്‍ എത്തുന്നത് 1000 സൂര്യന്മാരുടെ പ്രകാശവുമായാണ്. കേരളത്തില്‍ പ്രകാശം പരത്തിയ വൈദ്യുതിമന്ത്രിയെന്ന അംഗീകാരവും പ്രദേശവുമായുള്ള ചിരപരിചയവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മണ്ഡലത്തിന് ഏറെ സ്വീകാര്യനാക്കുന്നു.
ReplyDelete