Sunday, March 27, 2011

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു പ്രകടനപത്രിക

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് വോട്ടെടുപ്പുദിനം വരെ മാത്രമേ ആയുസ്സുള്ളൂവെന്ന് അനുഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. പ്രകടനപത്രികയില്‍ പറയുന്നതൊന്നും നടപ്പാക്കാനുള്ളതല്ലെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രകടനപത്രിക ചവറ്റുകൊട്ടയിലെറിയും. അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് അറിയുന്നതു കൊണ്ട് ഇത്തവണ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യു ഡി എഫ് മോഹനസുന്ദരവാഗ്ദാനങ്ങളുടെ നീണ്ട പട്ടികയാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച യു ഡി എഫ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനം ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരുരൂപ നിരക്കില്‍ 25 കിലോ അരി നല്‍കുമെന്നതാണ്. ബി പി എല്‍ ഇതര കുടുംബങ്ങള്‍ക്ക് രണ്ടുരൂപ നിരക്കിലും അരി നല്‍കും. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പ്രകടനപത്രിക വാഗ്ദാനം ചെയ്തത് മൂന്നുരൂപയ്ക്ക് 35 കിലോ അരി ബി പി എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ്സ് പ്രകടനപത്രിക ഉറപ്പുനല്‍കി. തിരഞ്ഞെടുപ്പില്‍ വിജയിച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യു പി എ അധികാരത്തില്‍ വന്നു. രണ്ടുവര്‍ഷമായി. മൂന്നുരൂപയ്ക്ക് അരി നല്‍കാനുള്ള വാഗ്ദാനം കടലാസില്‍ ഒതുങ്ങി. ഭക്ഷ്യ സുരക്ഷാപദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ തുടരുന്നതല്ലാതെ പദ്ധതി വരുന്നില്ല.

കേരളത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെല്ലാം രണ്ടുരൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതി ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍, കോണ്‍ഗ്രസ്സിന്റെയും യു ഡി എഫിന്റെയും തനിനിറം പുറത്തുവന്നു. തുടക്കത്തില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതി പിന്നീട് ബി പി എല്‍-എ പി എല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും ബാധകമാക്കിയപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ അമര്‍ഷവും അസൂയയും അണപൊട്ടിയൊഴുകി. പദ്ധതി നടപ്പാക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് കമ്മിഷനെ കൂട്ടുപിടിച്ച് പദ്ധതിക്ക് താല്കാലികമായി തടയിടുന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വം വിജയിച്ചെങ്കിലും നടന്നുകൊണ്ടിരിക്കുന്ന ഒരു ജനക്ഷേമ പദ്ധതി കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയുന്നത് ജനദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടി, ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി. രണ്ടുരൂപയ്ക്ക് അരി പദ്ധതി തുടരാന്‍ അനുവദിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. രണ്ടുരൂപ അരി പദ്ധതിയെ എതിര്‍ക്കുന്നില്ലെന്ന് ഇപ്പോള്‍ പറയുന്ന കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിന് എതിരെ ശബ്ദമുയര്‍ത്തുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്ന ന്യായമായ സംശയമാണ് ഇത് ഉയര്‍ത്തുന്നത്.

രണ്ടുരൂപ അരി പദ്ധതി തടയാന്‍ ശ്രമിച്ചവര്‍ പ്രകടനപത്രികയില്‍ ഒരുരൂപയ്ക്ക് അരി നല്‍കണമെന്ന് വാഗ്ദാനം ചെയ്യുന്നതിലെ കാപട്യം ജനങ്ങള്‍ തിരിച്ചറിയും.

കാര്‍ഷിക-വ്യാവസായികരംഗങ്ങളുടെ വികസനം, 36 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമൂഹ്യ ക്ഷേമപദ്ധതികള്‍ വിപുലീകരിക്കല്‍ തുടങ്ങി യു ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ആത്മാര്‍ത്ഥതയുടെ കണിക പോലുമില്ലെന്ന് യു ഡി എഫ് ഭരണകാലത്തെ അനുഭവങ്ങള്‍ മറക്കാത്ത ജനങ്ങള്‍ക്കറിയാം. 2001 മുതല്‍ 2006 വരെയുള്ള അഞ്ചു വര്‍ഷക്കാലം കേരളം ഭരിച്ചത് യു ഡി എഫ് ആണ്. 2001 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലെ വികസനമായിരുന്നു. ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിലക്കയറ്റം തടയുമെന്നും ഉറപ്പുനല്‍കി അധികാരത്തിലെത്തിയ യു ഡി എഫിന്റെ ഭരണത്തില്‍ കാര്‍ഷിക-വ്യാവസായിക രംഗങ്ങള്‍ തകര്‍ന്നു. കൃഷിക്കാരുടെ ആത്മഹത്യ നിത്യസംഭവമായി. കാര്‍ഷികരംഗത്ത് ഉത്പാദനവും ഉത്പാദനക്ഷമതയും ഇടിഞ്ഞു. കയര്‍-കശുഅണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ പ്രതിസന്ധിയിലായി. വിലക്കയറ്റം അതിരൂക്ഷമായി. പൊതുവിതരണ സംവിധാനം താറുമാറായി. നിയമനനിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ സര്‍വ്വീസില്‍ പതിനാലായിരത്തോളം തസ്തികകള്‍ വെട്ടിക്കുറച്ചു. വിദ്യാഭ്യാസ-ആരോഗ്യമേഖലകളുടെ വാണിജ്യവല്കരണം ഈ മേഖലകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് കടകവിരുദ്ധമായ നടപടികളാണ് യു ഡി എഫ് ഭരണത്തിലിരുന്നു കൊണ്ട് കൈക്കൊണ്ടത്. ഇതൊന്നും മറക്കാന്‍ സമയമായിട്ടില്ല. അതുകൊണ്ടുതന്നെ യു ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ കണ്ണില്‍ പൊടിയിടലായി മാത്രമേ ജനങ്ങള്‍ കാണുകയുള്ളൂ.

ജനയുഗം മുഖപ്രസംഗം 270311

പറഞ്ഞതില്‍ പാതി പതിരായി യു ഡി എഫ് പ്രകടനപത്രിക

കൊച്ചി: ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞകാര്യങ്ങള്‍ വികസിപ്പിക്കുകയും കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ഇടതുസര്‍ക്കാര്‍ തുടര്‍ന്ന നയങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്ത് യു ഡി എഫിന്റെ പ്രകടനപത്രിക. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൈത്തറി ഉപയോഗം വര്‍ധിപ്പിക്കും, മലപ്പുറത്ത് പുതിയ നോളഡ്ജ് ഹബ്ബ് സ്ഥാപിക്കും തുടങ്ങിയ ഉപരിപ്ലവമായ പ്രഖ്യാപനങ്ങളാണ് പത്രികയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പത്രികയുടെ നിര്‍മാണത്തില്‍ മുഖ്യപങ്ക്‌വഹിച്ച എം എം ഹസന്‍ സീറ്റ് നിര്‍ണയത്തില്‍ തന്നെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരി വാഗ്ദാനം ചെയ്യുന്ന യു ഡി എഫ് പ്രകടനപത്രിക എ പി എല്‍ വിഭാഗക്കാര്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരി നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു. കേരളീയ സാഹചര്യങ്ങളെ ആഴത്തില്‍ മനസ്സിലാക്കാതെയും അപഗ്രഥിക്കാതെയും നിരവധി വാഗ്ദാനങ്ങള്‍ നിരത്തുന്നതാണ് പ്രകടനപത്രിക. പലപദ്ധതികളും എല്‍ ഡി എഫ് നടപ്പാക്കി ജനപ്രീതി നേടിയവയുടെ പിന്തുടര്‍ച്ചയും. തെരുവ് പ്രസംഗത്തില്‍ എന്നപോലെ ഒഴുക്കന്‍ മട്ടില്‍ പലതും നിരത്തുന്നുവെങ്കിലും ഇവ നടപ്പാക്കുന്നതെങ്ങിനെയെന്ന് വ്യക്തമല്ല. പുസ്തകത്തിന്റെ പുറംചട്ടയില്‍ ഒരു രൂപയ്ക്ക് 25 കിലോ അരി വാഗ്ദാനം നല്‍കുന്നവര്‍ ഉള്ളില്‍ അത് 35 കിലോഗ്രാമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് നേതാക്കള്‍ തെറ്റ് തിരിച്ചറിഞ്ഞത്.

കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊച്ചി മെട്രോ പദ്ധതിക്ക് പാരവച്ചുവെങ്കിലും കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റയില്‍ യു ഡി എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കുന്നു. കൊച്ചിയില്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും മറ്റ് രണ്ടിടങ്ങളില്‍ സാധ്യതാപഠനം നടത്തുമെന്നുമാണ് വാഗ്ദാനം. വിവിധ മേഖലകളിലായി 36.6 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വാഗ്ദാനമുണ്ട്.

ജനയുഗം 270311

പ്രകടനപത്രികയിലെ മറ്റൊരു തമാശ 
തുറന്ന തോട്ടം വീണ്ടും തുറക്കുമെന്ന് യുഡിഎഫ് പ്രകടന പത്രിക

1 comment:

  1. പുസ്തകത്തിന്റെ പുറംചട്ടയില്‍ ഒരു രൂപയ്ക്ക് 25 കിലോ അരി വാഗ്ദാനം നല്‍കുന്നവര്‍ ഉള്ളില്‍ അത് 35 കിലോഗ്രാമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് നേതാക്കള്‍ തെറ്റ് തിരിച്ചറിഞ്ഞത്.

    ReplyDelete