Tuesday, March 29, 2011

കണ്ണൂരിലേത് കാലേറ്റമോ?

പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്.

ഷാജഹാനെ മറ്റൊരെങ്കിലും തല്ലിയോ ഇല്ലയോ എന്ന കാര്യമാണ് പിന്നത്തേത്. ചിലപ്പോള്‍ തല്ലും ഒരു ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് കണ്ടല്‍പാര്‍ക്കും പി ശശിക്കെതിരായ നടപടിയുമാണെന്ന് ഷാജഹാന്‍ വിധി കല്‍പ്പിക്കുമ്പോള്‍ എന്തേ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കുന്നില്ല എന്ന് ന്യായമായും കേള്‍വിക്കാര്‍ക്ക് ചോദിക്കാം. അതിനോട് മോശമായ ഭാഷയില്‍ ഷാജഹാന്റെ പ്രതികരണമുണ്ടായാല്‍ കേട്ടുനില്‍ക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നില്ല. അങ്ങനെ ചില്ലറ കശപിശ കണ്ണൂരില്‍ നടന്നു എന്നത് നേര്. അതിലപ്പുറം ഒന്നും ഏഷ്യാനെറ്റിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു, പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന്.

ജയരാജന്‍ ഫോണില്‍ വിളിച്ചത് റെക്കോഡ് ചെയ്ത് ഷാജഹാന്‍ കേള്‍പ്പിച്ചത് നന്നായി. കോണ്‍ഗ്രസില്‍നിന്ന് പണം വാങ്ങിയല്ലേ ഇതുപോലെ മോശമായ കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ്ചോദ്യം. റെക്കോഡ് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്ത് സംപ്രേഷണം ചെയ്യൂ എന്ന വെല്ലുവിളിയോടെ ജയരാജന്‍ പറയുന്നത് ഷാജഹാന്റെ രാഷ്ട്രീയക്കളിയെക്കുറിച്ചാണ്. അതിന് മറുപടിപറയാതെ, പണംവാങിയോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ, നിങ്ങള്‍ എന്നെ തല്ലിയില്ലേ എന്ന് ലേഖകന്റെ മറുചോദ്യം.

മാധ്യമപ്രവര്‍ത്തനത്തിന്റെ ലേബലില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആവാം. എന്നാല്‍ മാധ്യമത്തിന്റെ മറവും സൌകര്യവും ഉപയോഗിച്ച് രാഷ്ട്രീയപാര്‍ട്ടികളെ കയ്യേറ്റം ചെയ്യുന്നത് അനുവദിക്കാനാവുമോ? മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ നെറികെട്ട യുദ്ധം നടത്താനുള്ള സ്വാതന്ത്ര്യമാകുമോ? പോര്‍ക്കളം എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തുന്നത് അത്തരമൊരു കളിയാണ്. അവര്‍ യുഡിഎഫുകാരെ നേരത്ത തയാറാക്കിനിര്‍ത്തിയാണ് തെരുക്കൂത്ത് നടത്തുന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യുറോ ചീഫ് എന്നുപറയുന്ന ഷാജഹാന്റെ ഇതഃപര്യന്തമുള്ള മാധ്യമ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ ഇത്തരം ഏകപക്ഷീയമായ ഒളിയുദ്ധങ്ങളേ കാണാനാവുന്നുള്ളൂ.

ഷാജഹാനെ 'കയ്യേറ്റം'ചെയ്തു എന്ന വാര്‍ത്ത വന്നയുടനെ രംഗത്തിറങ്ങിയത് കുഞ്ഞാലിക്കുട്ടിയാണ്. 'അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല' എന്നാണദ്ദേഹം പറഞ്ഞത്. അഭിപ്രായ സ്വാതന്ത്രന്ത്ര്യം സംരക്ഷിക്കാന്‍ ഇതേ കുഞ്ഞാലിക്കുട്ടി ഇതേ ഏഷ്യാനെറ്റിലെ ഒരു പെണ്‍കുട്ടിയെ ഭ്രാന്തുപിടിച്ച ലീഗിന്‍കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തത് മാധ്യമ രംഗത്തുള്ളവരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം.

പൊതുജനങ്ങളെ വിളിച്ചുകൂട്ടി പരസ്പരം തല്ലിക്കുന്ന പരിപാടിയാണ് പേര്‍ക്കളം പോലുള്ളത്. ആരോഗ്യപരവും ക്രിയാത്മകവുമായ രാഷ്ട്രീയ പ്രശ്നങ്ങളല്ല അവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്്. പോര്‍വിളികളും അധിഷേപവുമാണ് നടക്കുന്നത്. ട്രെയിന്‍ ചെയ്ത ആളുകളെ തയാറാക്കിനിര്‍ത്തി നാടകമാടിക്കുന്ന ഏര്‍പ്പാടുമാണത്. ഷാജഹാനെപ്പോലെ പക്വതയും വിവേകവുമില്ലാത്ത മുരത്ത രാഷ്ട്രീയവും അതിന്റെ ഭാഗമായ വിരോധവും ചിലരോടുള്ള വിധേയത്വവും തലയില്‍കയറിയവര്‍(അവരുടെ നിലപാടുകള്‍ പരസ്യവുമാണ്) ഇത്തരം പരിപാടികളുടെ നടത്തിപ്പുകാരാവുകയും അജണ്ട നടപ്പാക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ പ്രകോപിതരാവില്ല എന്നുറപ്പിക്കാനാവില്ല. അങ്ങനെ പ്രകോപിതരായവരെ സമാശ്വസിപ്പിക്കുയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത പി ജയരാജനെ ഒരു തല്ലുകാരനാക്കാനാണ് ഷാജഹാന്‍ ശ്രമിച്ചുകാണുന്നത്.

ഏതായാലും കൈക്ക് സ്വാധീനമില്ലാത്ത ജയരാജന്‍ തല്ലിയിട്ടുണ്ടെങ്കില്‍ ഒരു തലോടലായേ തോന്നു. ഒരു വസ്തുവില്‍ പിടിക്കാനുള്ള ശേഷിപോലും ജയരാജന്റെ കൈകള്‍ക്കില്ല. ഒപ്പിടുന്നത് ഇടതുകൈവിരലുകള്‍ക്കിടയില്‍ പേന തിരുകിവെച്ചാണ്്. ബട്ടണ്‍സ് ഇടാനും അഴിക്കാനും പരസഹായം വേണം. ഇത്രയും സമര്‍ത്ഥനായ ഷാജഹാന് ചവിട്ടി എന്നോ കാലേറ്റം ചെയ്തു എന്നോ പറയാമായിരുന്നു.

ജനക്കൂട്ടത്തിലേക്കിറങ്ങിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണം; അവര്‍ ആക്രമിക്കപ്പെടാന്‍ പാടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹംതന്നെ. അതേസമയം, ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനംപറയാന്‍ ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വയം മര്യാദകാണിക്കണം. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ എന്ന ബോധം അവര്‍ക്കുണ്ടാകണം.

പി.എം. മനോജ്

പി.എം.മനോജിന്റെ പോസ്റ്റ് ഇവിടെ

2 comments:

  1. പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

    ReplyDelete
  2. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ എന്ന ബോധം അവര്‍ക്കുണ്ടാകണം.
    .

    that means he has beaten by the party comrades :) hmmm yep, china model rule!!!

    ReplyDelete