Tuesday, March 29, 2011

വള്ളിക്കുന്ന്, മലപ്പുറം, മങ്കട

വിളങ്ങാന്‍ എല്‍ഡിഎഫ്; വെള്ളിടിവെട്ടി യുഡിഎഫ്

വള്ളിക്കുന്ന്: കുഞ്ഞാലിക്കുട്ടിയുടെ ആശിര്‍വാദത്തോടെ വള്ളിക്കുന്ന് കയറാമെന്ന് കരുതിയ കെഎന്‍ എ ഖാദര്‍ തെരഞ്ഞെടുപ്പ് ചൂടില്‍ വിയര്‍ക്കുന്നു. നാട്ടുകാരനും മണ്ഡലത്തിലെ മുക്കിലും മൂലയിലും സുപരിചിതനുമായ കെ വി ശങ്കരനാരായണന് ലഭിക്കുന്ന സ്വീകാര്യതയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ അങ്കലാപ്പിലാക്കുന്നത്. മറിമായങ്ങള്‍ ഏറെയുണ്ടായ സ്ഥാനാര്‍ഥി പട്ടികയില്‍ അവസാന നിമിഷമാണ് മുസ്ളിംലീഗ് സ്ഥാനാര്‍ഥിയായി കെ എന്‍ എ ഖാദര്‍ കടന്നുകൂടിയത്. ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരെ തുടക്കം മുതല്‍തന്നെ മണ്ഡലത്തിലെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു. പ്രതിഷേധം അവഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ താല്‍പ്പര്യപ്രകാരം ഖാദറിനെ പരിഗണിച്ചത്. സ്ഥാനാര്‍ഥിമോഹവുമായി അവസാനംവരെ രംഗത്തുണ്ടായിരുന്ന മണ്ഡലം സെക്രട്ടറി എം എ ഖാദറിനോട് 'മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന്' എഴുതി വാങ്ങിയാണ് ഒരു മണ്ഡലം കമ്മിറ്റിക്കും വേണ്ടാത്ത വക്കീലിനെ വള്ളിക്കുന്നില്‍ കുടിയിരുത്തിയത്. ഇത് അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. കുട്ടി അഹമ്മദ്കുട്ടിക്കായി ബോര്‍ഡുകള്‍ ഉയര്‍ത്തിയതും ഫലം കണ്ടില്ല.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസിലെത്തിയ ശങ്കരനാരായണന്‍ ഏറെക്കാലം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഈ അനുഭവ സമ്പത്താണ് പോരാട്ടത്തിലെ കൈമുതല്‍. കക്ഷി-രാഷ്ട്രീയത്തിന് അതീതമായി വളര്‍ത്തിയെടുത്ത സൌഹൃദവും സേവന സന്നദ്ധതയും തുണയാകുമെന്ന പ്രതീക്ഷയിലാണ് ശങ്കരനാരായണന്‍. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കെ എന്‍ എ ഖാദര്‍ ഏറെക്കാലം സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. 1982ല്‍ തിരൂരങ്ങാടി മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. പിന്നീട് ലീഗില്‍ ചേക്കേറി. 2001ല്‍ കൊണ്ടോട്ടിയില്‍നിന്ന് എംഎല്‍എയായി. എം പ്രേമനാണ് ബിജെപി സ്ഥാനാര്‍ഥി.

മണ്ഡലത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ഇപ്പോഴും സുഖകരമല്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാലുവാരിയതിന്റെയും മുക്കിലിരുത്തിയതിന്റെയും നീറുന്ന ഓര്‍മകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറന്നിട്ടില്ല. മിക്ക പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും പരസ്പരം പോരടിച്ചു. യുഡിഎഫ് സംവിധാനംപോലും കടലാസില്‍ ഒതുങ്ങി. പത്രികാ സമര്‍പ്പണത്തിനുശേഷം നേതാക്കള്‍ രൂപപ്പെടുത്തിയ ഒത്തുതീര്‍പ്പ് ഫോര്‍മുല കോണ്‍ഗ്രസ് അണികള്‍ക്ക് ഇനിയും ദഹിച്ചിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തങ്ങള്‍ തോല്‍പ്പിക്കുമെന്ന ലീഗ് ഭീഷണിക്ക് വഴങ്ങിയാണ് നേതാക്കള്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്നാണ് ആക്ഷേപം. മണ്ഡലം കോണ്‍ഗ്രസിന് ലഭിക്കാത്തതിന്റെ അമര്‍ഷവും പ്രവര്‍ത്തകര്‍ക്കിടയില്‍ പുകയുന്നു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷിച്ച വള്ളിക്കുന്ന് ലീഗ് നേരത്തെതന്നെ കൈവശപ്പെടുത്തുകയായിരുന്നു. മുന്നണിയില്‍ ചര്‍ച്ച തുടങ്ങുംമുമ്പേതന്നെ കോണിക്ക് വോട്ട് തേടി ബോര്‍ഡുകള്‍ ഉയര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ റിബലുകളെ നിര്‍ത്തി വിജയിപ്പിച്ചതിന്റെ ബലത്തിലാണ് സീറ്റ് ലീഗ് സ്വന്തമാക്കിയത്. ഇത്തരം നീക്കങ്ങള്‍ക്ക് തിരിച്ചടിനല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

വള്ളിക്കുന്ന്, ചേലേമ്പ്ര, തേഞ്ഞിപ്പലം പഞ്ചായത്തുകളില്‍ ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടുണ്ട്. ഇപ്പോള്‍ മുഴുവന്‍ പഞ്ചായത്തുകളും യുഡിഎഫ് നിയന്ത്രണത്തിലാണ്. എക്കാലവും യുഡിഎഫിനെ തുണച്ച മണ്ഡലത്തിലെ പ്രദേശങ്ങള്‍ ഇപ്പോഴും വികസനമുരടിപ്പിലാണ്. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം. ബിലാതിരുത്തി പാലം, ചെട്ട്യാര്‍മാട് - കടലുണ്ടി റോഡ് പുനരുദ്ധാരണം, തീരദേശമേഖലക്ക് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍, മാതാപ്പുഴ, ഇരുമ്പോത്തിങ്ങല്‍ പാലങ്ങള്‍ക്ക് തുക വകയിരുത്തിയത് എന്നിവ എല്‍ഡിഎഫിന് തുണയാകും. മണ്ഡലത്തില്‍ 1,55,243 വോട്ടുകളുണ്ട്. 77,318 പേര്‍ സ്ത്രീകളാണ്. മൂന്നിയൂര്‍, തേഞ്ഞിപ്പലം, പെരുവള്ളൂര്‍, വള്ളിക്കുന്ന്, ചേലേമ്പ്ര, പള്ളിക്കല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം.
(റസാഖ് മണക്കടവന്‍)

അലിവിന്റെ ആറടിക്കാരന്‍

മലപ്പുറം: സാദിഖലി വീട്ടിലെത്തിയാല്‍ പരാതിയും പരിഭവവുമായി വീട്ടുകാര്‍ വാചാലരാകും. കുടുംബാംഗത്തെപ്പോലെ വിഷമങ്ങള്‍ പറയും, സങ്കടങ്ങള്‍ പങ്കുവയ്ക്കും. അപ്പോള്‍ സ്വതവേ ഗൌരവക്കാരനായ അതിഥിയുടെ മുഖഭാവം മാറും. വേണ്ടവിധത്തില്‍ പരിഹാരം കാണാമെന്നുപറഞ്ഞ് സമാധാനിപ്പിക്കാതെ പോകില്ല. ഇതൊക്കെ സ്ഥാനാര്‍ഥി എന്ന സാദിഖലിയുടെയല്ല, സാദിഖലി മഠത്തില്‍ എന്ന വ്യക്തിയുടെ പ്രത്യേകതകളാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നാട്ടില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എവിടെയും 'തലയെടു'പ്പോടെ കാണുന്ന ഈ ആറടിക്കാരന്‍ എല്ലാവര്‍ക്കും സുപരിചിതന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെല്ലുന്ന വീടുകളില്‍ 'സാദിക്കാ'യ്ക്ക് സര്‍വസ്വാതന്ത്യ്രമാണ്. അടുക്കളയില്‍ ഇരുന്ന് വര്‍ത്തമാനം പറഞ്ഞേ ചായ കുടിക്കൂ. 'സ്വീകരണമുറി അതിഥികള്‍ക്കാണ്. അവിടെ അതിഥികള്‍ പോയാല്‍ മതിയെന്നാണ്' സാദിഖിന്റെ പക്ഷം.

സാദിഖലിയുടെ സ്വീകാര്യതക്ക് ജാതിയും മതവുമില്ല. ഞായറാഴ്ച പന്തല്ലൂര്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കിട്ടിയ സ്വീകരണം ഏറെ ഹൃദ്യമായിരുന്നെന്ന് സാദിഖലി പറയുന്നു. കുടുംബങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രചാരണം. മണ്ഡലത്തില്‍ ബന്ധുബലം ഏറെയുണ്ട്. എല്ലാവരെയും കാണണം. കല്യാണവീടും മരണവീടും സന്ദര്‍ശിക്കുന്നതും മുടക്കില്ല. ഞായറാഴ്ച രാവിലെ പന്തല്ലൂരിലെ പ്രചാരണം കഴിഞ്ഞ് പൂക്കോട്ടൂരിലെ കുടുംബയോഗത്തില്‍ പങ്കെടുത്തു. 'ഞങ്ങള്‍ ഇതിനുമുമ്പ് ഇങ്ങനെ മുകളിലേക്ക് നോക്കിയിട്ടുള്ളത് കരിപ്പൂരില്‍നിന്ന് പോകുന്ന വിമാനം കാണാനാ കേട്ടോ' എന്ന കമന്റും സ്ഥാനാര്‍ഥി ആസ്വദിച്ചു ചിരിച്ചു. തുടര്‍ന്ന് അരിമ്പ്രയിലേക്ക്. അവിടത്തെ വഴിയോര സന്ധ്യകള്‍ ആവേശമാക്കാന്‍. പിന്നീട് മോങ്ങത്ത് കവന്‍ഷന്‍. തിങ്കളാഴ്ചയാണ് നഗര പ്രദക്ഷിണം. വള്ളുവമ്പ്രം ജന്‍മദേശമായ സാദിഖലിക്ക് നിയമസഭയിലേക്ക് ഇത് കന്നിയങ്കമാണ്. പിതാവ് മഠത്തില്‍ മുഹമ്മദ്ഹാജി 1987ല്‍ കൊണ്ടോട്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. കൊണ്ടോട്ടിയുടെ ചരിത്രത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം ഏറ്റവും കുറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു അത്. മലപ്പുറത്തെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിരവധി സാദിഖലിമാര്‍ ഉള്ളതില്‍ യാതൊരു ഉത്കണ്ഠയുമില്ലെന്ന് അദ്ദേഹം പറഞ്ഞു - 'മഠത്തില്‍ സാദിഖലി ഒന്നല്ലേ ഉള്ളൂ.'
(പി സി പ്രശോഭ്)

അനാഥമായ മണ്ഡലം പിടിക്കാന്‍ വനിത

മങ്കട: എംഎല്‍എക്ക് അധികാരമോഹം തലക്കുപിടിച്ചപ്പോള്‍ അനാഥമായ മണ്ഡലം നിലനിര്‍ത്താനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഇടതുപക്ഷത്തിന്റെ ഖദീജ സത്താറിനെ നേരിടാന്‍ യുഡിഎഫിന് എറണാകുളത്തുകാരന്‍ ടി എ അഹമ്മദ് കബീറിനെ ഇറക്കുമതി ചെയ്യേണ്ടിവന്നു. മങ്കടക്കാരെ വഞ്ചിച്ച് സ്ഥലംവിട്ട മഞ്ഞളാംകുഴി അലിക്കെതിരായ പ്രതിഷേധം വോട്ടായി മാറുമെന്ന് എല്‍ഡിഎഫ് കരുതുന്നു. നേര്‍ക്കുനേര്‍ പോരാട്ടം കനക്കുമ്പോള്‍ സാന്നിധ്യമറിയിക്കാന്‍ ബിജെപിയിലെ കെ മണികണ്ഠനും രംഗത്തുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളും സ്ത്രീവോട്ടര്‍മാരും ഭൂരിപക്ഷമായ മണ്ഡലത്തിന്റെ ഇടതുപക്ഷ പാരമ്പര്യം നിലനിര്‍ത്താനാകുമെന്ന ഉറച്ച വിശ്വാസവുമായാണ് ഖദീജ വോട്ടുതേടുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റാണ്. മങ്കടയുടെ ചരിത്രത്തില്‍ നിയമസഭാ സ്ഥാനാര്‍ഥിയായി ഒരു മുസ്ളിംവനിതയെത്തുന്നതും ഇതാദ്യം. ഖദീജ ജനിച്ചതും വളര്‍ന്നതും മങ്കടയിലെ അരിപ്രയിലാണ്. മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ടി എ അഹമ്മദ് കബീര്‍ 'ഇറക്കുമതി' സ്ഥാനാര്‍ഥിയാണെന്ന് ലീഗുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരുപോലെ അടക്കംപറയുന്നു.

2001 വരെ ലീഗിന്റെ പിടിയിലായിരുന്ന മണ്ഡലം സിപിഐ എം സ്വതന്ത്രനായി മത്സരിച്ച മഞ്ഞളാംകുഴി അലിയിലൂടെയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. 2006ല്‍ മുനീറിനെ അട്ടിമറിച്ച് എല്‍ഡിഎഫ് വിജയംകാത്തുസൂക്ഷിച്ചു. എല്‍ഡിഎഫ് സര്‍ക്കാരും എ വിജയരാഘവന്റെ എംപി ഫണ്ടും മങ്കടക്ക് വികസന വിപ്ളവത്തിന്റെ വിത്തുപാകി. എംപി പ്രാദേശിക വികസന ഫണ്ടുകളുടെ കുത്തൊഴുക്കില്‍ പത്തുവര്‍ഷത്തിനിടെ മണ്ഡലം കൈവരിച്ച അസൂയാവഹമായ വികസനനേട്ടമാണ് എല്‍ഡിഎഫിന്റെ പ്രചാരണവിഷയം. സമ്പൂര്‍ണ വൈദ്യുതീകരണം, കുടിവെള്ള പദ്ധതികള്‍, ഗ്രാമീണ റോഡുകള്‍ എന്നിവ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. സമ്പൂര്‍ണ ശുദ്ധജല ലഭ്യതയുള്ള മണ്ഡലത്തിനുവേണ്ടി മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതിയടക്കമുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയിലാക്കി 'സര്‍വതന്ത്ര സ്വതന്ത്ര എംഎല്‍എ' പുതിയ മേച്ചില്‍പുറം തേടി. ഇതിന് പ്രതികാരംചെയ്യാന്‍ അവസരം കാത്തുനില്‍ക്കയാണ് മങ്കടയിലെ വോട്ടര്‍മാര്‍. എംഎല്‍എ സ്ഥാനം രാജിവയ്ക്കുമ്പോള്‍ പറഞ്ഞിരുന്നത് വീണ്ടും ജനങ്ങളുടെ മുന്നിലെത്തുമെന്നായിരുന്നു. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരം അലി പെരിന്തല്‍മണ്ണയിലേക്ക് മാറുകയായിരുന്നു. മങ്കടയില്‍ സീറ്റ് നിഷേധിക്കപ്പെട്ട ലീഗ് മണ്ഡലം പ്രസിഡന്റ് കെ കെ ആബിദ് ഹുസൈന്‍ തങ്ങളെയും മറ്റുള്ളവരെയും പരിഗണിക്കാതെ എറണാകുളത്തുകാരന് സീറ്റ് നല്‍കിയതില്‍ പരക്കെ പ്രതിഷേധമുണ്ട്. വനിതകള്‍ക്ക് സീറ്റ് നിഷേധിച്ചതിലുള്ള അമര്‍ഷവും ചെറുതല്ല. ഇത് കദീജ സത്താറിന് ഏറെ ഗുണംചെയ്യും.
മണ്ഡലത്തില്‍ 1,62,504 വോട്ടര്‍മാരുണ്ട്. 84,349 സ്ത്രീവോട്ടര്‍മാരും. മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മൂര്‍ക്കനാട്, പുഴക്കാട്ടിരി അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മങ്കട മണ്ഡലം.
(കെ വാസുദേവന്‍)

deshabhimani 290311

1 comment:

  1. കുഞ്ഞാലിക്കുട്ടിയുടെ ആശിര്‍വാദത്തോടെ വള്ളിക്കുന്ന് കയറാമെന്ന് കരുതിയ കെഎന്‍ എ ഖാദര്‍ തെരഞ്ഞെടുപ്പ് ചൂടില്‍ വിയര്‍ക്കുന്നു. നാട്ടുകാരനും മണ്ഡലത്തിലെ മുക്കിലും മൂലയിലും സുപരിചിതനുമായ കെ വി ശങ്കരനാരായണന് ലഭിക്കുന്ന സ്വീകാര്യതയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ അങ്കലാപ്പിലാക്കുന്നത്. മറിമായങ്ങള്‍ ഏറെയുണ്ടായ സ്ഥാനാര്‍ഥി പട്ടികയില്‍ അവസാന നിമിഷമാണ് മുസ്ളിംലീഗ് സ്ഥാനാര്‍ഥിയായി കെ എന്‍ എ ഖാദര്‍ കടന്നുകൂടിയത്. ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരെ തുടക്കം മുതല്‍തന്നെ മണ്ഡലത്തിലെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു. പ്രതിഷേധം അവഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ താല്‍പ്പര്യപ്രകാരം ഖാദറിനെ പരിഗണിച്ചത്. സ്ഥാനാര്‍ഥിമോഹവുമായി അവസാനംവരെ രംഗത്തുണ്ടായിരുന്ന മണ്ഡലം സെക്രട്ടറി എം എ ഖാദറിനോട് 'മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന്' എഴുതി വാങ്ങിയാണ് ഒരു മണ്ഡലം കമ്മിറ്റിക്കും വേണ്ടാത്ത വക്കീലിനെ വള്ളിക്കുന്നില്‍ കുടിയിരുത്തിയത്. ഇത് അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. കുട്ടി അഹമ്മദ്കുട്ടിക്കായി ബോര്‍ഡുകള്‍ ഉയര്‍ത്തിയതും ഫലം കണ്ടില്ല.

    ReplyDelete