Tuesday, March 29, 2011

കള്ളപ്പണം: നടപടിയില്ലാത്തത് എന്തുകൊണ്ട്- സുപ്രീം കോടതി

കള്ളപ്പണക്കാര്‍ക്കെതിരെ കാര്യക്ഷമമായ നടപടിയെടുക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. വിദേശബാങ്കുകളില്‍ പണം നിക്ഷേപിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും ആ നിലയ്ക്കുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പുണെയിലെ വ്യവസായി ഹസന്‍ അലിയെ കുറിച്ച് മാത്രമാണ് അന്വേഷണം നടക്കുന്നത്. മറ്റ് കള്ളപ്പണക്കാരുടെ പേരുപോലും സര്‍ക്കാര്‍ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡിയും എസ് എസ് നിജ്ജറും അടങ്ങുന്ന ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് ചോദിച്ചു. വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നിയമമന്ത്രി രാം ജത്മലാനി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദംകേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.

കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ചപ്പോഴാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇത്തരത്തിലുള്ള ഒരു അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ട് ശാന്തമായും സ്വസ്ഥമായും ഇരിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് കോടതി തുറന്നടിച്ചു. 'ഇതല്ലാതെ മറ്റൊരു വിവരവും പുറത്തുവരുന്നില്ല. ഒരൊറ്റ വ്യക്തിമാത്രമേ ഉള്ളോ. മറ്റുള്ളവരെക്കുറിച്ച് എന്താണ് പറയാനുള്ളത്? 2008 മുതല്‍ ഈ അന്വേഷണ ഏജന്‍സികളെല്ലാം ഉറങ്ങുകയായിരുന്നോ? കോടതി ഇടപെട്ടപ്പോഴല്ലേ ഇവര്‍ നടപടിയെടുക്കാന്‍ തയ്യാറായത്. കള്ളപ്പണം സംബന്ധിച്ച റിട്ട് ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയതുകൊണ്ടാണ് ഇത് സംഭവിച്ചത്. അതുണ്ടായില്ലെങ്കില്‍ കള്ളപ്പണത്തിനെതിരെ ഇപ്പോഴും ഒരു നടപടിയും ഉണ്ടാകുമായിരുന്നില്ല. '- കോടതി കുറ്റപ്പെടുത്തി.

കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിക്കാനുള്ള നിര്‍ദേശം കോടതി ആവര്‍ത്തിച്ചു. ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്, സിബിഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയില്‍നിന്നുള്ള ഉദ്യോഗസ്ഥരാകണം എസ്ഐടിയില്‍ ഉണ്ടാകേണ്ടത്. മാര്‍ച്ച് 18ന് കേസ് പരിഗണിച്ചപ്പോഴും എസ്ഐടി രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്ന് കോടതി ആരാഞ്ഞിരുന്നു. ഹസന്‍ അലി ഖാനെതിരായ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചു. വ്യാജ പാസ്പോര്‍ട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസ് മാത്രമല്ല ഹസന്‍ അലിഖാന് എതിരെയുള്ളതെന്നും ഗുരുതരമായ വസ്തുതകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിജേഷ് ചൂടല്‍ ദേശാഭിമാനി 290311

1 comment:

  1. കള്ളപ്പണക്കാര്‍ക്കെതിരെ കാര്യക്ഷമമായ നടപടിയെടുക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. വിദേശബാങ്കുകളില്‍ പണം നിക്ഷേപിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും ആ നിലയ്ക്കുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പുണെയിലെ വ്യവസായി ഹസന്‍ അലിയെ കുറിച്ച് മാത്രമാണ് അന്വേഷണം നടക്കുന്നത്. മറ്റ് കള്ളപ്പണക്കാരുടെ പേരുപോലും സര്‍ക്കാര്‍ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡിയും എസ് എസ് നിജ്ജറും അടങ്ങുന്ന ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് ചോദിച്ചു. വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നിയമമന്ത്രി രാം ജത്മലാനി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദംകേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.

    ReplyDelete