Monday, March 28, 2011

കൈപ്പത്തിയറ്റ് കോണ്‍ഗ്രസ്

പത്രികാസമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ നാണം മറയ്ക്കാന്‍ ഒരു കൈപ്പത്തി പോലും ഇല്ലാത്ത സ്ഥിതിയായി കണ്ണൂരിലെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക്. വീരന്‍ ചവിട്ടിപ്പുറത്താക്കിയ നെന്മാറയെ രാഘവന്‍ ചാടിപ്പിടിച്ചപ്പോഴാണ് പൊല്ലാപ്പ് തുടങ്ങിയത്. നെന്മാറയ്ക്കുപകരം നാട്ടിക എടുത്തോളാമെന്ന് കോണ്‍ഗ്രസുംസമ്മതിച്ചു. അവിടെ രണ്ടു കോണ്‍ഗ്രസുകാര്‍ പത്രികയുമായി റെഡി. സിഎംപിക്കുവേണ്ടി ധര്‍മടത്ത് ചൂര്യായി മാഷും കുന്ദംകുളത്ത് ചതിയന്‍ ചന്തുവും അങ്കം കുറിച്ചു. അപ്പോളാണ് നാറാണത്ത് ഭ്രാന്തന്‍ ചുടല ഭദ്രകാളിയോട് ചോദിച്ച പോലെ രാഘവന്‍ കോണ്‍ഗസിനോട് മുരണ്ടത്. ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്കുമാറ്റാന്‍. ധര്‍മടത്തിനു പകരം നാട്ടികതന്നെ വേണമെന്ന്. പോരെ പൂരം.
കിടക്കപ്പായയില്‍നിന്ന് ചാനലുകാര്‍ വിളിച്ചെഴുന്നേല്‍പ്പിച്ചപ്പോഴാണ് താന്‍ സ്ഥാനാര്‍ഥിയാണെന്ന് മമ്പറം ദിവാകരന്‍തന്നെ അറിഞ്ഞത്. സുധീരനും ഹസ്സനും സിദ്ധിഖുമെല്ലാം തേരാപാര നടക്കുമ്പോള്‍, ഒന്ന് ഉറങ്ങിതെളിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥിയായെന്നത് വിശ്വസിക്കാന്‍ പോലുമായില്ല. പണ്ടെങ്ങാണ്ട് ഒരു ബയോഡാറ്റ അയച്ചിരുന്നു എന്നത് നേരുതന്നെ. എന്നാലിത് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല.

പിന്നെയെല്ലാം പെട്ടന്നൊയിരുന്നു. ഉടുമുണ്ട്വാരിച്ചുറ്റി ഒരോട്ടം.ലൈവുകാര്‍ക്ക് ബൈറ്റ് കൊടുക്കണം. ഉച്ചപത്രത്തിന് പ്രതികരണം. ഒക്കെ ഒരുവഴിക്ക് നടന്നു. റിട്ടേണിങ് ഓഫീസറുടെ മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. കിതപ്പടക്കി പത്രികയില്‍ ഒപ്പിട്ടു സത്യവാചകം ചൊല്ലിക്കൊണ്ടിരിക്കുമ്പോഴാണ് ആരോ ചോദിച്ചത്. സാറേതു പാര്‍ടിയാ! ഒരുനിമിഷം സ്ഥാനാര്‍ഥിയും അന്തിച്ചു പോയി! പരിഭ്രമമായി ബഹളമായി. അപ്പോഴേക്കും ആരോ ഇന്ദിരാഭവനില്‍ നിന്നുള്ള ഫാക്സ് സന്ദേശവുമായി ഓടിയെത്തി. സംഗതി ക്ളിയര്‍. സ്ഥാനാര്‍ഥി സാക്ഷല്‍ കോണ്‍ഗ്രസ്. ഫാക്സ് നീട്ടി ഞെളിഞ്ഞിരിക്കുമ്പോഴാണ് സംഗതി ശരിക്കും ക്ളിയര്‍ ആയത്. ഫാക്സ്പോര; ഒറിജിനല്‍ രേഖതന്നെ വേണം പാര്‍ടി സ്ഥാനാര്‍ഥിയാകാന്‍. മമ്പറത്തെ പുലിയായ ദിവാകരന്‍ അങ്ങനെ ധര്‍മടത്ത് വെറും സ്വതന്ത്രനായി. ചാലക്കുടിയില്‍ ഏതോ ഒരു ബെന്നി എന്ന് പറഞ്ഞത് പോലെ ധര്‍മടത്ത് ഏതോ ഒരു സ്വതന്ത്രന്‍! കോണ്‍ഗ്രസുകാര്‍ തലകുനിക്കുകയല്ലാതെ എന്തുചെയ്യാന്‍.

യുഡിഎഫ് ചിരിമാഞ്ഞു

വോട്ടുപുരയിലേക്ക് പോകാന്‍ 16 ദിവസംമാത്രം ശേഷിക്കെ വേനല്‍ കടുത്ത കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണവും തീച്ചൂടിലേക്ക്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് കൊടുമുടിയോളം ആശയുമായി അങ്കത്തിനെത്തിയ യുഡിഎഫ് ഇപ്പോള്‍കൊടിയ ആശങ്കയിലാണ്. വിജയപ്രതീക്ഷയുടെ ചിരി മാഞ്ഞു. ഏത് മുന്നണി ജയിച്ചാലും വിരലില്‍ എണ്ണാവുന്ന സീറ്റുകളുടെ വ്യത്യാസമേ ഉണ്ടാകൂ എന്നിടത്തേക്ക് മനോരമ, മാതൃഭൂമിയാദി യുഡിഎഫ് ജിഹ്വകള്‍പോലും എത്തുന്നവിധം പോര്‍ക്കളം എല്‍ഡിഎഫിന് അനുകൂലമായി.

ശീര്‍ഷാസനം നടത്തിയാലും എല്‍ഡിഎഫ് ജയിക്കില്ല എന്ന് പ്രവചിച്ച് ഡല്‍ഹിക്ക് മടങ്ങിയ എ കെ ആന്റണിപോലും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ആഭ്യന്തരക്കുഴപ്പങ്ങളും സംഭവഗതികളിലെ തിരിച്ചടിയും കണ്ട് അമ്പരപ്പിലും നിരാശയിലുമാണ്. അഴിമതിയും വിലക്കയറ്റവുമുള്‍പ്പെടെയുള്ള ജനകീയപ്രശ്നങ്ങളും മുന്‍ ഭരണങ്ങളുടെ ഗുണദോഷങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ വിഷയമാകുന്നത്. ഇതില്‍ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പ്രചാരണത്തിനായെത്തിയ ഹെലികോപ്റ്ററുകളും ചര്‍ച്ചയായി. 2ജി സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ്, എസ് ബാന്‍ഡ് സ്പെക്ട്രം തുടങ്ങിയ അഴിമതികളും അതുമായി ബന്ധപ്പെട്ട അഴിമതിപ്പണവും വോട്ടര്‍മാരെ ഓര്‍മപ്പെടുത്തുന്നതായി ഹെലികോപ്റ്ററുകള്‍. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെയും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും പ്രതികരണങ്ങള്‍ ഇതിന് എണ്ണപകരുന്നതായി. ഗാന്ധിജിമുതല്‍ കെ കരുണാകരന്‍ വരെയുള്ളവരെ എത്ര നിസ്സാരമായി പുറന്തള്ളിയിരിക്കുന്നുവെന്നതാണ് യുഡിഎഫിന്റെ പ്രചാരണശൈലിയും സ്ഥാനാര്‍ഥിപ്പട്ടികയും വിളംബരം ചെയ്യുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളപ്പണത്തിന്റെ ഒഴുക്കാണ് യുഡിഎഫ് സൃഷ്ടിക്കുന്നത്. മുമ്പ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഒന്നോ രണ്ടോ ദിവസം ഹെലികോപ്റ്ററില്‍ പര്യടനം നടത്തിയിട്ടുണ്ട്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നാഴ്ച തുടര്‍ച്ചയായി ഹെലികോപ്റ്റര്‍ പര്യടനം നടത്തുന്ന തെരഞ്ഞെടുപ്പ് രീതി കെ കരുണാകരനോ എ കെ ആന്റണിയോ വയലാര്‍ രവിയോ കോണ്‍ഗ്രസിനെ നയിച്ച കാലത്തൊന്നും കണ്ടതല്ല.

രാഷ്ട്രീയപോരാട്ടത്തില്‍ യുഡിഎഫ് പരുങ്ങലിലാണ്. ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, ആര്‍ ബാലകൃഷ്ണപിള്ള, എം കെ മുനീര്‍, അടൂര്‍ പ്രകാശ്, ടി എം ജേക്കബ് തുടങ്ങിയ നേതാക്കളെല്ലാം അഴിമതിക്കേസുകളില്‍ ജയിലിലോ ജയില്‍ കുപ്പായം ധരിക്കാനുള്ള പരുവത്തിലോ ആണ്. ഇത് മറികടക്കാന്‍ വര്‍ഗീയതയും സാമുദായികതയും കൂട്ടുപിടിക്കാനാണ് യുഡിഎഫിന്റെ നിഗൂഢനീക്കം. ഇതിനുവേണ്ടിയാണ് മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെതിരെ ബിജെപി സ്ഥാനാര്‍ഥി ഇല്ലെന്നും ഇത് എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള രഹസ്യ ചങ്ങാത്തമാണെന്നുമുള്ള ആക്ഷേപം. എന്നാല്‍, ബിജെപിയുമായി പതിറ്റാണ്ടുകളായി വോട്ടുകച്ചവടം നടത്തുന്ന മുന്നണിയാണ് യുഡിഎഫ്. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ ഉള്‍പ്പെടെ പലയിടത്തും ബിജെപിയുമായി രഹസ്യ-പരസ്യബന്ധത്തിലായിരുന്നു കോണ്‍ഗ്രസ്. പുതുശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ബിജെപി സംയുക്തഭരണമാണ്. കണ്ണാടി പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും പൌരമുന്നണിയായി മത്സരിച്ചു. ഈ ചങ്ങാത്തത്തിന്റെ വളര്‍ച്ചയെത്തിയ രൂപമാണ് മലമ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ഇല്ലായ്മ. എന്നാല്‍, കേരള നിയമസഭയില്‍ താമര വിരിയിക്കാതിരിക്കാന്‍ ജാഗ്രതാപൂര്‍ണമായ ജനമുന്നേറ്റം സൃഷ്ടിക്കുന്നതും സംഘപരിവാറിനെതിരെ ജീവന്‍നല്‍കി പോരാടുന്നതും കമ്യൂണിസ്റുകാരും എല്‍ഡിഎഫുമാണ്. റെക്കോഡ് ഭൂരിപക്ഷത്തില്‍ വി എസ് മലമ്പുഴയിലും നല്ല ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് എല്‍ഡിഎഫും നേടാന്‍ പോകുന്ന വിജയത്തിന്റെ മാറ്റുകുറയ്ക്കുന്നതിനുള്ള മുന്‍കൂര്‍ ജാമ്യം തേടലാണ് ബിജെപി ബന്ധമെന്ന ആക്ഷേപം.

കോണ്‍ഗ്രസും ഘടക കക്ഷികളുമായുള്ള കലഹത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതാണ് ധര്‍മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൈപ്പത്തി ചിഹ്നം നഷ്ടപ്പെട്ട ദുഃസ്ഥിതി. സ്ഥാനാര്‍ഥിനിര്‍ണയം സൃഷ്ടിച്ച പൊട്ടിത്തെറിയുടെ ആഘാതത്തില്‍നിന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കോണ്‍ഗ്രസിന്് മോചനമുണ്ടാകില്ല. കോണ്‍ഗ്രസിന്റെ ഫയര്‍ ബ്രാന്‍ഡായ ശോഭന ജോര്‍ജ് വിമതസ്ഥാനാര്‍ഥിയായി ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ കച്ചമുറുക്കി. നാട്ടിക ഉള്‍പ്പെടെ പല മണ്ഡലത്തിലും വിമതസ്ഥാനാര്‍ഥികളുണ്ട്. കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖ് തുടങ്ങിയവരെല്ലാം സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് പുറത്തായത് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി. കെ കരുണാകരന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നതായി സ്ഥാനാര്‍ഥിപ്പട്ടികയെന്ന് മകള്‍ പത്മജ പറയാന്‍ നിര്‍ബന്ധിതയായി. സ്ഥാനാര്‍ഥി പ്പട്ടികയ്ക്കെതിരെ കെപിസിസി-ഡിസിസി ആസ്ഥാനങ്ങളിലേക്ക് കലാപപ്രകടനങ്ങള്‍ നിരവധിയായിരുന്നു. കെ എം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് മുതല്‍ എം വി രാഘവന്റെ സിഎംപി വരെയുള്ള കക്ഷികളും കോണ്‍ഗ്രസുമായുള്ള ബന്ധവും ഏറെ വഷളായിരിക്കുകയാണ്.
(ആര്‍ എസ് ബാബു)

ദേശാഭിമാനി 280311

1 comment:

  1. പത്രികാസമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ നാണം മറയ്ക്കാന്‍ ഒരു കൈപ്പത്തി പോലും ഇല്ലാത്ത സ്ഥിതിയായി കണ്ണൂരിലെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക്. വീരന്‍ ചവിട്ടിപ്പുറത്താക്കിയ നെന്മാറയെ രാഘവന്‍ ചാടിപ്പിടിച്ചപ്പോഴാണ് പൊല്ലാപ്പ് തുടങ്ങിയത്. നെന്മാറയ്ക്കുപകരം നാട്ടിക എടുത്തോളാമെന്ന് കോണ്‍ഗ്രസുംസമ്മതിച്ചു. അവിടെ രണ്ടു കോണ്‍ഗ്രസുകാര്‍ പത്രികയുമായി റെഡി. സിഎംപിക്കുവേണ്ടി ധര്‍മടത്ത് ചൂര്യായി മാഷും കുന്ദംകുളത്ത് ചതിയന്‍ ചന്തുവും അങ്കം കുറിച്ചു. അപ്പോളാണ് നാറാണത്ത് ഭ്രാന്തന്‍ ചുടല ഭദ്രകാളിയോട് ചോദിച്ച പോലെ രാഘവന്‍ കോണ്‍ഗസിനോട് മുരണ്ടത്. ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്കുമാറ്റാന്‍. ധര്‍മടത്തിനു പകരം നാട്ടികതന്നെ വേണമെന്ന്. പോരെ പൂരം.
    കിടക്കപ്പായയില്‍നിന്ന് ചാനലുകാര്‍ വിളിച്ചെഴുന്നേല്‍പ്പിച്ചപ്പോഴാണ് താന്‍ സ്ഥാനാര്‍ഥിയാണെന്ന് മമ്പറം ദിവാകരന്‍തന്നെ അറിഞ്ഞത്. സുധീരനും ഹസ്സനും സിദ്ധിഖുമെല്ലാം തേരാപാര നടക്കുമ്പോള്‍, ഒന്ന് ഉറങ്ങിതെളിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥിയായെന്നത് വിശ്വസിക്കാന്‍ പോലുമായില്ല. പണ്ടെങ്ങാണ്ട് ഒരു ബയോഡാറ്റ അയച്ചിരുന്നു എന്നത് നേരുതന്നെ. എന്നാലിത് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല.

    ReplyDelete